Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചാണക്യ തന്ത്രങ്ങൾ ജനമനസ്സിൽ മന്ത്രമായി; നമോയുടെ സർജിക്കൽ സ്‌ട്രൈക്ക് വീണ്ടും; ഹിന്ദി ഹൃദയഭൂമിയായ ഗുജറാത്തിലും മഹാരാഷ്ട്രയിലും കാലുറപ്പിച്ചതിനൊപ്പം ബംഗാളിലും ഒഡീഷയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മധുരമുള്ള വിജയങ്ങൾ: 352 സീറ്റുകളുമായി 2014 നേക്കാൾ തിളങ്ങുന്ന വിജയത്തോടെ എൻഡിഎ രണ്ടാം വട്ടവും അധികാരത്തിലേക്ക്; ജയിച്ചത് താനല്ലെന്നും രാജ്യവും ജനങ്ങളുമെന്നും മോദി; സൂപ്പർ ഹീറോ മോദി തന്നെയെന്ന് അമിത്ഷാ; പരാജയം അംഗീകരിച്ച് രാഹുൽ

ചാണക്യ തന്ത്രങ്ങൾ ജനമനസ്സിൽ മന്ത്രമായി; നമോയുടെ സർജിക്കൽ സ്‌ട്രൈക്ക് വീണ്ടും; ഹിന്ദി ഹൃദയഭൂമിയായ ഗുജറാത്തിലും മഹാരാഷ്ട്രയിലും കാലുറപ്പിച്ചതിനൊപ്പം ബംഗാളിലും ഒഡീഷയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മധുരമുള്ള വിജയങ്ങൾ: 352 സീറ്റുകളുമായി 2014 നേക്കാൾ തിളങ്ങുന്ന വിജയത്തോടെ എൻഡിഎ രണ്ടാം വട്ടവും അധികാരത്തിലേക്ക്; ജയിച്ചത് താനല്ലെന്നും രാജ്യവും ജനങ്ങളുമെന്നും മോദി; സൂപ്പർ ഹീറോ മോദി തന്നെയെന്ന് അമിത്ഷാ; പരാജയം അംഗീകരിച്ച് രാഹുൽ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: അതെ രണ്ടാം വട്ടവും നമോ തന്നെ. ദേശീയത, ദേശസുരക്ഷ, ഹിന്ദു ആത്മാഭിമാനം, പുതിയഭാരതം എന്നീ മോദിയുടെ സന്ദേശങ്ങൾ നെഞ്ചിലേറ്റി വോട്ടർമാർ രണ്ടാം വട്ടവും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ രാജ്യത്തെ നയിക്കാൻ തിരഞ്ഞെടുത്തു. തനിക്ക് എതിരാളികളില്ലെന്ന് 68 കാരനായ മോദി തെളിയിച്ചപ്പോൾ, 352 സീറ്റുകൾ നേടി എൻഡിഎ 2014 ലെ പ്രകടനം മറികടന്നു. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ തിരഞ്ഞെടുപ്പിൽ 302 സീറ്റാണ് സ്വന്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകൾ വരാനിരിക്കുന്നതേയുള്ളു.

രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങൾ തൂത്തുവാരിയ ബിജെപി യുപിയിലും മഹാരാഷ്ട്രയിലും പ്രതിപക്ഷത്തിന്റെ ശക്തമായ വെല്ലുവിളികളെ ചെറുക്കുകയും ചെയതു. കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി കിട്ടാനും സാധ്യതയില്ല. മധ്യപ്രദേശിലും, രാജസ്ഥാനിലും, ഛത്തീസ്‌ഗഡിലും സമീപകാലത്ത് നേടിയ വിജയം ആവർത്തിക്കുന്നതിൽ കോൺ്ഗ്രസ് അമ്പേ പരാജയപ്പെട്ടു. പഞ്ചാബിലെയും, കേരളത്തിലെയും മികച്ച പ്രകടനം മാത്രമാണ് കോൺഗ്രസിന് ആശ്വാസം.

ഇത് ജനാധിപത്യത്തിന്റെ വിജയം-മോദി പാർട്ടി ആസ്ഥാനത്ത് ബിജെപി പ്രവർത്തകരോട് പറഞ്ഞു. ലോകത്തിന് ഭാരതത്തിന്റെ ജനാധിപത്യ ശക്തി ഇനി അംഗീകരിക്കേണ്ടി വരും. വിജയം ഇന്ത്യയുടേതാണ്, മോദിയുടേതല്ല. ഈ വിജയം രാജ്യത്ത അദ്ധ്വാനശീലരായ മധ്യവർഗ്ഗത്തിനായി സമർപ്പിക്കുന്നു. അതുപോലെ തന്നെ സത്യസന്ധരായ നികുതി ദായകരോടും. കേന്ദ്ര സർക്കാരിനെതിരെ ഒരുഅഴിമതി ആരോപണവും ഉണ്ടായിട്ടില്ലെന്ന് മോദി ആവർത്തിച്ചു. ഭരണഘടനയാണ് ഏറ്റവും പരമപ്രധാനം. ഭരണഘടനയിലെ ഓരോ വാക്കും നമ്മൾ പിന്തുടരണം. 17 ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, മതേതരത്വത്തിന്റെ പേരിൽ ഒരുപാർട്ടി രാജ്യത്തെ തെറ്റായ വഴിക്ക് നയിക്കാൻ ശ്രമിച്ചുവെന്നും പ്രതിപക്ഷ പാർട്ടികളെ ലാക്കാക്കി, പ്രത്യേകിച്ച് കോൺ്ഗ്രസിനെ ലാക്കാക്കി മോദി പറഞ്ഞു.

വാരണാസിയിൽ മോദി 4.3 ലക്ഷത്തിലേറെ വോട്ടിനും അമിത്ഷാ ഗാന്ധിനഗറിൽ 5.5 ലക്ഷം വോട്ടിനും വിജയിച്ചു. ബിജെപിയുടെ ഉജ്ജ്വല വിജയത്തിൽ സൂപ്പർ ഹീറോ മോദിയെന്ന് അമിത്ഷാ വിശേഷിപ്പിച്ചു. മോദിയുടെ പ്രശസ്തിയുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു.

അമേഠിക്കാർ ഉപേക്ഷിച്ചു; വിഷമത്തോടെ രാഹുൽ

2004 മുതൽ ജയിച്ചുവരുന്ന രാഹുലിനെ അമേഠിയിലെ ജനങ്ങൾ ഉപേക്ഷിച്ചു. കഴിഞ്ഞ തവണ ഒരുലക്ഷത്തിൽപരം വോട്ടിനു തോൽപ്പിച്ച സ്മൃതി ഇറാനിയോടാണ് ഇത്തവണ രാഹുൽ അടിയറവ് പറഞ്ഞിരിക്കുന്നത്. 38,000 ത്തിലേറെ വോട്ടിനാണ് സ്മൃതി ഇറാനിയോട് പരാജയം.
രാഹുൽ വയനാട്ടിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചപ്പോൾ ഉത്തരേന്ത്യയിൽനിന്ന് ഒളിച്ചോടുകയാണെന്നു ബിജെപി ആരോപിച്ചിരുന്നു. ബിജെപിക്ക് ഒട്ടും സ്വാധീനമില്ലാത്ത, യുഡിഎഫ് സ്ഥാനാർത്ഥികളെ മാത്രം ജയിപ്പിക്കുന്ന വയനാട്ടിൽനിന്ന് രാഹുൽ നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. ഏതായാലും രാഹുൽ സ്മൃതിയുടെ ജയത്തിൽ അഭിനന്ദനങ്ങൾ നേർന്നു.

പരാജയം അംഗീകരിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ

തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കനത്ത പരാജയവും ബിജെപിയുടെ തകർപ്പൻ വിജയവും അംഗീകരിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പിൽ നടന്നത്. അതിൽ മോദി വിജയിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ജനവിധി മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നതായി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഏഴു ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി അധികാരത്തിൽ തിരിച്ചെത്തിയ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളെ കണ്ടത്. ലീഡു നിലയിൽ ബിജെപി ഒറ്റയ്ക്ക് തന്നെ 300 പിന്നിട്ടതിനു പിന്നാലെയാണ് രാഹുൽ ജനവിധി അംഗീകരിക്കുന്നുവെന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്.

'സത്യം പറയട്ടെ, തിരഞ്ഞെടുപ്പു തോൽവിയുടെ കാരണം വിലയിരുത്താനുള്ള ദിനമാണ് ഇതെന്നു ഞാൻ കരുതുന്നില്ല. ഇന്ത്യയിലെ ജനങ്ങൾ നരേന്ദ്ര മോദിയാണ് അവരുടെ പ്രധാനമന്ത്രിയെന്ന് വിധിയെഴുതിയിരിക്കുന്നു. ആ ജനവിധിയെ ഇന്ത്യക്കാരനെന്ന നിലയിൽ ഞാനും മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നു. അവിടെ വിജയിച്ച സ്മൃതി ഇറാനിക്ക് അഭിനന്ദനങ്ങൾ. അമേഠിയിലെ ജനങ്ങളുടെ കാര്യത്തിൽ സ്‌നേഹപൂർവമുള്ള കരുതൽ വേണമെന്ന് അഭ്യർത്ഥിക്കുന്നു' രാഹുൽ പറഞ്ഞു.

ഹിന്ദി ഹൃദയഭൂമിയിൽ ആധിപത്യം സ്ഥാപിച്ച് ബിജെപി

അനുഭവങ്ങളിൽ നിന്ന് ബിജെപി പാഠം പഠിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ മൂന്നുസംസ്ഥനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങൾ പാളിപ്പോയപ്പോൾ, അതിൽ നിന്ന് അമിത് ഷായും മോദിയും കൃത്യമായ പാഠം പഠിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ 10 സംസ്ഥാനങ്ങളെ കുറിച്ചാണ് സംസാരിക്കാറുള്ളത്. ഹിമാചൽ പ്രദേശ്, ഹരിയാന, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഡൽഹി, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഛണ്ഡീഗഡ്. മധ്യപ്രദേശിലും, രാജസ്ഥാനിലും, ഛത്തീസ്‌ഗഡിലും നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയിൽ നിന്ന് ബിജെപി കരകയറിയപ്പോൾ, തിരിച്ചടി സംഭവിച്ചത് കോൺഗ്രസിന്. എക്സിറ്റ് പോൾ ഫലങ്ങളെ ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ഡിസംബറിൽ ഈ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിച്ച കോൺഗ്രസിന് എന്തുസംഭവിച്ചു എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. മൂന്നുസംസ്ഥാനങ്ങളിലെ 65 സീറ്റുകളിൽ 62 സീറ്റ് നേടിയാണ് ബിജെപി 2014 ൽ തൂത്തുവാരിയത്. 2019 ൽ 61 സീറ്റുകളിലും മുന്നിട്ട് നിൽക്കുന്നത് ബിജെപി തന്നെ.

ബിഹാർ, ഗുജറാത്ത്, മഹാരാഷ്ട്ര, ജാർഖണ്ഡ്, രാജസ്ഥാൻ യുപി എന്നീ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം 2014 ൽ നേടിയതിനേക്കാൾ ഉജ്ജ്വല ജയം നേടുന്ന കാഴ്ചയാണ് ഫലം വരുമ്പോൾ കാണുന്നത്. ബിജെപിയും, സഖ്യകക്ഷികളും ഏഴുസംസ്ഥാനങ്ങളിൽ എല്ലാ സീറ്റുകളും തൂത്തുവാരിയിരിക്കുകയാണ്. ബിഹാറിലെ 40 ൽ 38, യുപിയിലെ 80 ൽ 60, രാജസ്ഥാനിലെ 25 ൽ 24, മധ്യപ്രദേശിലെ 29 ൽ 28 , ഗുജറാത്തിലെ 26 സീറ്റുകൾ- എന്നിവിടങ്ങളിലെല്ലാം ബിജെപി തന്നെ. ഹിന്ദി ഹൃദയഭൂമിയിലെ എട്ടുസംസ്ഥാനങ്ങളിൽ നിന്നായി 216 സ്ഥാനാർത്ഥികളാണ് 2014 ൽ ജയിച്ചുകയറിയത്. അതായാത് ഹിന്ദി ഹൃദയഭൂമി തന്നെയാണ് ബിജെപി കേന്ദ്രത്തിൽ അധികാരക്കസേര വലിച്ചിട്ടിരിക്കുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന്.

40 സീറ്റുള്ള ബിഹാറിൽ 17 സ്ഥാനാർത്ഥികളെ മാത്രമാണ് ബിജെപി മത്സരിപ്പിച്ചത്്. അവശേഷിച്ച സീറ്റുകളിൽ സഖ്യകക്ഷികളാണ് മാറ്റുരച്ചത്. 16 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. ജെഡിയു 15 ലും. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ ബിജെപി 23 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ എ പ്രദേശിക കക്ഷികൾ 18 ഇടക്കും എൻ.സി.പി അഞ്ചും സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസിനാകട്ടെ ഒരു സീറ്റിലാണ് ലീഡ്. ബിഹാറിലെ 40 ഇടങ്ങളിൽ ബിജെപി 16 ഇടത്ത് ലീഡ് ചെയ്യുന്നു. ജെ.ഡി.യു 16, എൽ.ജെ.പി ആറും സീറ്റുകളിൽ മുന്നിലാണ്. ബംഗാളിലെ 16 സീറ്റുകളിലും ലീഡ് ഉണ്ട്. മധ്യപ്രദേശിൽ 29ൽ 28 സീറ്റുകൾ ബിജെപി മുന്നണിക്കാണ്. കോൺഗ്രസ് ഒരുസീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്. കർണാടകയിൽ 28ൽ 19 സീറ്റുകൾ ബിജെപി സഖ്യം പിടിച്ചെടുത്തു. 2014 ൽ മധ്യപ്രദേശിലെ ഇരുപത്തൊൻപത് സീറ്റുകളിൽ ഇരുപത്തേഴെണ്ണവും ബിജെപിക്കായിരുന്നു

ഗുജറാത്തിലെ 26ൽ 26 സീറ്റും ബിജെപി തൂത്തുവാരി. ഝാർഖണ്ഡിലെ 14ൽ 10ഉം, അസ്സമിലെ 14ൽ 9 ഉം, ഛത്തീസ്‌ഗഡിലെ 11ൽ 9ഉം ഹരിയാനയിലെ 10ൽ 9ഉം ഉത്തരാഖണ്ഡിലെ ആകെയുള്ള അഞ്ചും, ഹിമാചൽ പ്രദേശിലെ നാലും ത്രിപുരയിലെ രണ്ടും അരുണാചൽ പ്രദേശിലെ രണ്ടും സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവ കൂടി ചേരുന്ന ഈ മേഖലയിൽ ആകെയുള്ള 225 സീറ്റുകളിൽ 2014 ൽ ബിജെപിയും ഘടകകക്ഷികളും കൂടി നേടിയത് 203 സീറ്റാണ്. രാജസ്ഥാനിൽ ബിജെപി 24 സീറ്റിലും രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി ഒരുസീറ്റിലും മുന്നിലാണ്. ഛത്തീസ്‌ഗഡിൽ, ബിജെപി 9 സീറ്റിൽ മുന്നിട്ട് നിൽക്കുമ്പോൾ, കോൺഗ്രസ് രണ്ടുസീറ്റിൽ മാത്രമാണ് മുന്നിലുള്ളത്.

എക്‌സിറ്റ് പോളുകളെയും മറികടക്കുന്ന പ്രകടനം

എക്സിറ്റ് പോളുകൾ ശരിവയ്ക്കുന്ന തരത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യസൂചനകൾ ഏവരേയും ഞെട്ടിച്ചു. വെല്ലുവിളികളൊന്നും തടസ്സമാകാതെ രാജ്യത്ത് എൻഡിഎ മുന്നേറ്റം വീണ്ടും ദൃശ്യമാവുകയാണ്. രാവിലെ ഒൻപതരയോടെയുള്ള ഫലസൂചനകളിൽ പത്ത് മണിയോടെ തന്നെ 542 ൽ 250 ലേറെ സീറ്റുകളിലേക്ക് എൻഡിഎയുടെ ലീഡ് ഉയർന്നു. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ഉൾപ്പെടുന്ന യുപിഎ വളരെ പിന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമെന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയതലത്തിൽ 10 ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകളിൽ ഒൻപതിലും എൻഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു.

10 സർവേകളുടെയും പൊതുശരാശരി പ്രകാരം, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 304 സീറ്റ് നേടുമെന്നായിരുന്നു. എന്നാൽ ഇതും മറികടക്കുന്നതാണ് പ്രകടനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP