Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പല ബൂത്തുകളിലും വോട്ടിങ് തീർന്നത് രാത്രി പത്തരയോടെ; 77.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്ന് ഇതുവരെയുള്ള കണക്കുകൾ; വലിയ വോട്ടിങ് ശതമാനത്തിൽ വലിയ പ്രതീക്ഷകളോടെ ഇരു മുന്നണികളും; മൂന്നിടത്ത് വിജയം അവകാശപ്പെട്ട് ബിജെപിയും; പ്രധാനമായും പ്രതിഫലിച്ചത് ശബരിമലയെന്ന് ഉറപ്പാക്കിയ വോട്ടിങ് ട്രെൻഡ്; വോട്ടിങ് തീരാൻ കാത്തിരുന്ന രാഷ്ട്രീയ ഗുണ്ടകൾ കളത്തിലിറങ്ങിയതോടെ പലയിടത്തും സംഘർഷം; വോട്ടിങ് മെഷീൻ തർക്കവും കള്ളവോട്ട് ആരോപണങ്ങളും കൊഴുക്കുന്നു

പല ബൂത്തുകളിലും വോട്ടിങ് തീർന്നത് രാത്രി പത്തരയോടെ; 77.68 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയെന്ന് ഇതുവരെയുള്ള കണക്കുകൾ; വലിയ വോട്ടിങ് ശതമാനത്തിൽ വലിയ പ്രതീക്ഷകളോടെ ഇരു മുന്നണികളും; മൂന്നിടത്ത് വിജയം അവകാശപ്പെട്ട് ബിജെപിയും; പ്രധാനമായും പ്രതിഫലിച്ചത് ശബരിമലയെന്ന് ഉറപ്പാക്കിയ വോട്ടിങ് ട്രെൻഡ്; വോട്ടിങ് തീരാൻ കാത്തിരുന്ന രാഷ്ട്രീയ ഗുണ്ടകൾ കളത്തിലിറങ്ങിയതോടെ പലയിടത്തും സംഘർഷം; വോട്ടിങ് മെഷീൻ തർക്കവും കള്ളവോട്ട് ആരോപണങ്ങളും കൊഴുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകരയിലെ ചില ബൂത്തുകളിൽ രാത്രി പത്തരവരെ വോട്ടിങ് നീണ്ടു. പാലക്കാടും ഇതു സംഭവിച്ചു. പത്തനംതിട്ടയിലും രാത്രിയിലേക്ക് വോട്ടിങ് നീണ്ടു. വലിയ ക്യൂവാണ് കേരളത്തിലുടനീളം പോളിങ് ബൂത്തുകളിൽ കണ്ടത്. ഇതിന്റെ ഫലമായിരുന്നു റിക്കോർഡ് പോളിംഗിലേക്ക് കാര്യങ്ങളെത്തിയത്. ഇതിന് കണക്കെടുപ്പിന്റെ ദിവസങ്ങളാണ്. അനൗദ്യോഗിക കണക്കെടുപ്പിൽ രണ്ട് മുന്നണികളും എല്ലാ സീറ്റിലും വിജയം അവകാശപ്പെടുന്നു.

പാലക്കാട് മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വലിയ പ്രതീക്ഷയില്ലാത്തത്. ബാക്കിയില്ലായിടത്തും ഇടതും വലതും ഒരു പോലെ അവകാശ വാദം ഉന്നയിക്കുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ബിജെപിയും പ്രതീക്ഷയിൽ. ഇങ്ങനെ മൂന്നു കൂട്ടരും പ്രതീക്ഷകൾ പങ്കുവയ്ക്കുന്ന വോട്ടെടുപ്പാണ് കടന്നു പോയത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും വോട്ടിങ് ശതമാനം 70 കടന്നു. സംസ്ഥാനത്ത് രേഖപ്പെടുത്തിയത് കനത്ത പോളിങ്- 77.68ശതമാനം. ഇന്ന് രാവിലെ 7 മണിക്കുള്ള കണക്കാണിത്. 2014-ൽ 74.02 ശതമാനമായിരുന്നു പോളിങ്. 2009-ൽ 73.37 ശതമാനവും.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി മുപ്പത് ദിവസം കാത്തിരിക്കണം. മെയ്‌ 23-നാണ് വോട്ടെണ്ണൽ. ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകൾകൂടി എണ്ണേണ്ടതിനാൽ ഇത്തവണ ഔദ്യോഗിക ഫലപ്രഖ്യാപനം രണ്ടുമണിക്കൂറോളം വൈകും.

മണ്ഡലങ്ങളിലെ പോളിങ് ശതമാനം ചുവടെ:(ബ്രാക്കറ്റിൽ 2014ലെ വോട്ട്)

കാസർകോട്: 80.57%(78.49)
കണ്ണൂർ-83.05%(81.33)
വടകര: 82.48%(81.24)
വയനാട്: 80.31%(73.29)
കോഴിക്കോട്: 81.47%(79.81)
മലപ്പുറം: 75.43%(71.21)
പൊന്നാനി: 74.96%(73.84)
പാലക്കാട്: 77.67%(75.42)
ആലത്തൂർ: 80.33%(76.41)
തൃശൂർ: 77.86%(72.17)
ചാലക്കുടി: 80.44% (76.92)
എറണാകുളം: 77.54%(73.58)
ഇടുക്കി: 76.26%(70.76)
കോട്ടയം: 75.29%(71.7)
ആലപ്പുഴ: 80.09%(78.86)
മാവേലിക്കര: 74.09%(71.36)
പത്തനംതിട്ട: 74.19%(66.02)
കൊല്ലം: 74.36%(72.09)
ആറ്റിങ്ങൽ: 74.23%(68.71)
തിരുവനന്തപുരം:73.45%(68.69)

വയനാട് ചരിത്രം കുറിച്ചു

രാവിലെ ഏഴുമണിമുതൽ പോളിങ് ബൂത്തുകളിൽ തുടങ്ങിയ തിരക്ക് പലേടത്തും രാത്രി വൈകിയും അനുഭവപ്പെട്ടു. വോട്ടിങ് പൂർത്തിയാകാൻ വൈകിയതിനാൽ അന്തിമ കണക്കുകൾ വരുംദിവസങ്ങളിലേ കൃത്യമായി അറിയാനാകൂ. ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളിൽ ഇക്കുറി പോളിങ് ശതമാനം കൂടി. തിരുവനന്തപുരത്ത് 2014-ലെ 68.69-ൽനിന്ന് ഇത്തവണ 73.45 ശതമാനമായി. പത്തനംതിട്ടയിൽ 66.02-ൽനിന്ന് 74.04 ആയും തൃശ്ശൂരിൽ 72.17-ൽനിന്ന് 77.49 ആയും ഉയർന്നു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ 73.29-ൽ നിന്ന് 80.31 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ്ങാണിത്. രാഹുൽ ഗാന്ധിയുടെ മത്സരമാണ് വയനാട്ടിലെ പോളിംഗിനെ സ്വാധീനിച്ചത്. വലിയ ഭൂരിപക്ഷം രാഹുലിന് കിട്ടുമെന്നതിന്റെ സൂചനയാണ് ഇത്.

കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരാണ് മുന്നിൽ. പിന്നിൽ തിരുവനന്തപുരവും. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ലും 1989-ലും പോളിങ് 79 ശതമാനം കടന്നിരുന്നു. ഈ വർഷങ്ങളിലാണ് സംസ്ഥാന ചരിത്രത്തിൽ മികച്ച പോളിങ് നടന്നത്.

ശബരിമല പ്രതിഫലിച്ചു

തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും വോട്ടിങ് ഉയർന്നത് ശബരിമലയുടെ പ്രതിഫലനമാണ്. പത്തനംതിട്ടയിൽ എട്ട് ശതമാനത്തോളമാണ് കഴിഞ്ഞ വർഷത്തതിൽ നിന്നും പോളിങ് ഉയർന്നത്. തിരുവനന്തപുരത്ത് ആറു ശതമാനത്തോളവും. തെക്കൻ കേരളത്തിലെ എള്‌ലാ മണ്ഡലത്തിലും നല്ല പോളിങ് നടന്നു. ഇതിന് കാരണം ശബരിമലയാണ്. എന്നാൽ മലപ്പുറത്തും പൊന്നാനിയിലും വലിയ വളർച്ച കാട്ടിയതുമില്ല. മുസ്ലിം ലീഗിന്റെ സ്വാധീന കേന്ദ്രങ്ങളിൽ ശബരിമലയ്ക്ക് വലിയ സ്‌കോപ്പില്ല. ഇത് തന്നെയാണ് ഇവിടെ പ്രതിഫലിച്ചത്.

3 മുന്നണികളും മുഴുവൻ വോട്ടർമാരെയും ബൂത്തുകളിലെത്തിച്ചുവെന്നാണ് ഉയർന്ന പോളിങ് ശതമാനം വ്യക്തമാക്കുന്നത്. ദേശീയരാഷ്ട്രീയം തൊട്ടു ശബരിമല വരെ ഉഴുതുമറിച്ച ഒന്നരമാസത്തെ പ്രചാരണം അതിനു സഹായിച്ചു. മുൻകാലങ്ങളിൽ ചുരുക്കം മണ്ഡലങ്ങളിൽ മാത്രമായിരുന്നു ത്രികോണ മത്സരമെങ്കിൽ ഇക്കുറി ഏറെ മണ്ഡലങ്ങളിലും ബിജെപി വെല്ലുവിളിയോടെ നിലയുറപ്പിച്ചതും പോളിങ് ഉയരാൻ കാരണമായി.
പുരുഷന്മാരെക്കാൾ സ്ത്രീകൾ വോട്ടു രേഖപ്പെടുത്തിയെന്ന സൂചനകളാണ് അവസാനവട്ട കണക്കുകൾ നൽകുന്നത്. 2014 ൽ വോട്ടുചെയ്തവരിൽ 74.21% പുരുഷന്മാരും 73.85% സ്ത്രീകളുമായിരുന്നു. ആകെ വോട്ടർമാരിൽ സ്ത്രീകളാണു കൂടുതലെങ്കിലും വോട്ടുചെയ്യാൻ അവരൽപം മടിച്ചു നിന്നുവെങ്കിൽ ഇക്കുറി തിരിച്ചാണ്. ഇതിന് കാരണം ശബരിമലയാണെന്നാണ് വിലയിരുത്തല്ഡ.

2014 ൽ പോളിങ്ങിൽ ഏറ്റവും പിന്നിൽ പോയ പത്തനംതിട്ട അക്കാര്യത്തിൽ വൻകുതിപ്പാണു നടത്തിയിരിക്കുന്നതും. ന്യൂനപക്ഷങ്ങളും ആർത്തലച്ചു വന്നു വോട്ടു ചെയ്തുവെന്നാണ് സൂചന പുതുവോട്ടർമാരും ആവേശത്തോടെ തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഭാഗമായി. ചില മണ്ഡലങ്ങളിൽ 2014 നെ അപേക്ഷിച്ചു പോളിങ്ങിലുണ്ടായ മാറ്റം മുന്നണികളെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.

മുന്നണികൾ പ്രതീക്ഷയിൽ

ഉയർന്ന പോളിങ് ശതമാനം കേരളത്തിൽ ബിജെപി.ക്ക് അക്കൗണ്ട് തുറക്കാൻ ഇടയാക്കുമെന്ന് എൻ.ഡി.എ. അവകാശപ്പെടുന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും ജയിക്കുമെന്നാണ് ബിജെപി അവകാശവാദം. രാഹുൽ തരംഗത്തെ കുറിച്ചാണ് കോൺഗ്രസ് പറയുന്നത്. 20ൽ20ലും ജയപ്രതീക്ഷ. കേഡർ പാർട്ടിയാണ് സിപിഎം. അതുകൊണ്ട് തന്നെ വോട്ടിങ് ശതമാനത്തിന്റെ ഗുണം ഇടതുപക്ഷത്തിനാണെന്ന് സിപിഎമ്മും പറയുന്നു. ഇടതുതരംഗമാണ് മാത്സര്യബുദ്ധിയോടെ ജനങ്ങൾ വോട്ടുചെയ്തതിന് പിന്നിലെന്ന് എൽ.ഡി.എഫ് വിശദീകരിക്കുകയാണ്.

1999 മുതൽ പോളിങ് ശതമാനം ക്രമാനുഗതമായി ഉയരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും മേൽക്കൈ നേടാനുമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം വച്ച് ഫല പ്രവചനം അസാധ്യമാണ്. 1999-ൽ 70 ശതമാനം പോളിങ് നടന്നപ്പോൾ യു.ഡി.എഫിന് 11-ഉം എൽ.ഡി.എഫിന് ഒമ്പതും സീറ്റാണ് ലഭിച്ചത്. 2004-ൽ പോളിങ് ശതമാനം 71.45 ആയിരുന്നു. എൽ.ഡി.എഫിന് 18-ഉം യു.ഡി.എഫിനും എൻ.ഡി.എ.ക്കും ഓരോ സീറ്റും കിട്ടി. 2009-ൽ 73.37 ശതമാനമായപ്പോൾ യു.ഡി.എഫിന് 16-ഉം എൽ.ഡി.എഫിന് നാലും സീറ്റായി. 2014-ൽ പോളിങ് ശതമാനം 74.02 ആയപ്പോൾ യു.ഡി.എഫ്. 12-ഉം എൽ.ഡി.എഫ്. എട്ടും സീറ്റ് നേടി. അന്നൊന്നും ബിജെപി ചിത്രത്തിൽ ഇല്ലായിരുന്നു. എന്നാൽ ഇത്തവണ ബിജെപിയും പല സ്ഥലത്തും ശക്തമായ സ്വാധീന ശക്തിയാണ്.

തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും പാലക്കാടും കോട്ടയത്തും കാസർഗോഡും ബിജെപിക്ക് അവകാശ വാദങ്ങളുണ്ട്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും വിജയിക്കുമെന്നും പറയുന്നു. ഇതിനൊപ്പം എല്ലാ മണ്ഡലത്തിലും വോട്ട് ഉയർത്തുമെന്നാണ് അവകാശ വാദം.

അക്രമവും തുടങ്ങി

കണ്ണൂരിലും മറ്റും രാത്രി സംഘർഷവും ഉണ്ടായി. കീഴാറ്റൂർ സുരേഷിന്റെ വീട് അടിച്ചു തകർത്തു. കേരളത്തിൽ പലയിടത്തും സംഘർഷമുണ്ടായി. കള്ള വോട്ടും വോട്ടർ മെഷീന്റെ തർക്കവും സജീവമാണ്. കാസർ ഗോട്ട് കള്ളവോട്ടിനെച്ചൊല്ലിയുള്ള തർക്കങ്ങളാണ് പ്രശ്‌നങ്ങൾക്ക് കാരണം. പടന്നക്കാട് ശ്രീനാരായണ ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന് സമീപം എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നു യുഡിഎഫ് പ്രവർത്തകർക്കു പരുക്കേറ്റു.

ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവർ പറഞ്ഞു. ഉദുമ മണ്ഡലത്തിലെ ചട്ടഞ്ചാൽ തെക്കിൽ സ്‌കൂളിലെ സംഘർഷത്തിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ഡി.കബീറിന് കുത്തേറ്റു. അക്രമികളെ തടയാനെത്തിയ യുഡിഎഫ് പ്രവർത്തകന് ജലീലിനും പരുക്കുണ്ട്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കബീർ അപകടനില തരണം ചെയ്തു.രണ്ടു സംഭവങ്ങളിലുമായി പരുക്കേറ്റ അഞ്ചു ഇടതുമുന്നണി പ്രവർത്തകരും ചികിത്സയിലാണ്. യുഡിഎഫ് കരുതിക്കൂട്ടി അക്രമം നടത്തുകയായിരുന്നെന്ന് എൽഡിഎഫ് ആരോപിച്ചു. എൻഡിഎയുടെ ബൂത്ത് ഏജന്റുമാരെ സിപിഎം പ്രവർത്തകർ കൈയേറ്റം ചെയ്‌തെന്നാരോപിച്ച് ബിജെപി നേതാക്കൾ ഡിവൈഎസ്‌പിക്കും, ജില്ലാ കലക്ടർക്കും പരാതി നൽകി. സംഘർഷമുണ്ടായ സ്ഥലങ്ങളിലെല്ലാം പൊലീസ് നിരീക്ഷണം ശക്തമാക്കി.

കണ്ണൂരിലും വടകരയിലും സ്ഥാനാർത്ഥികൾക്കു നേരെ കയ്യേറ്റമുണ്ടായതായി യുഡിഎഫ് തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ തലശ്ശേരി മണ്ഡലത്തിലെ ചൊക്ലി നോർത്ത് മേനപ്രം എൽപി സ്‌കൂൾ ബൂത്തിൽ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരനെ തളിപ്പറമ്പ് കറ്റിയാട്ടൂർ എയ്ഡഡ് അപ്പർ പ്രൈമറി സ്‌കൂളിലെ ബൂത്തിൽ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മാണിയൂർ ഭഗവതി വിലാസം എഎൽപി സ്‌കൂളിലെ യുഡിഎഫ് ബൂത്ത് ഏജന്റ് മുഹമ്മദ് സഖീറിനെ സിപിഎം പ്രവർത്തകരുടെ മർദനമേറ്റ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ മഹമൂദ് മുറിയനാവിയെ സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു.

കണ്ണൂർ പാനൂർ കടവത്തൂർ ഇരഞ്ഞീൻകീഴിൽ സിപിഎം - ലീഗ് സംഘർഷത്തിൽ സിപിഎം ഓഫിസിനു നേരെ അക്രമം നടന്നു. പൊലീസിനു നേരെയും ബോംബെറിഞ്ഞു. കായംകുളം ചേരാവള്ളി ഗവ. എൽപിഎസിലെ 99-ാം നമ്പർ ബൂത്തിൽ വൈകിട്ട് ഏഴിന് എത്തിയ ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു. കൊല്ലം ശൂരനാട് പോളിങ് കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കേന്ദ്ര സേനാംഗങ്ങളും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൽ ഖലീൽ ഉൾപ്പെടെയുള്ള പ്രവർത്തകർക്കു ലാത്തിയടിയേറ്റു. ഇടുക്കി മാട്ടുതാവളത്ത് എൽഡിഎഫ് - യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകൻ മത്തായിപ്പാറ ആലപ്പാട്ടുകുന്നേൽ ജോസുകുട്ടിക്കു (52) പരുക്കേറ്റു. കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് പി .രാജനെ കുട്ടിക്കാനം ജംക്ഷനിൽ സിപിഎം പ്രവർത്തകൻ മർദിച്ചതായി പരാതിയുണ്ട്. 

തകരാറിലായത് വെറും 13 മെഷീനുകൾ മാത്രം, റീപോളിങ് ഇല്ല

വോട്ടിങ് യന്ത്രങ്ങൾ പലേടത്തും കേടായത് വോട്ടെടുപ്പ് വൈകാനും തർക്കങ്ങൾക്കും കാരണമായി. എന്നാൽ, എങ്ങും റീപോളിങ് പ്രഖ്യാപിച്ചിട്ടില്ല. ഇത്തവണ എല്ലാ ബൂത്തിലും വിവി പാറ്റ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്നു. അതും വോട്ടെടുപ്പിന് കൂടുതൽ സമയമെടുക്കാൻ കാരണമായി. തിരുവനന്തപുരത്ത് ചൊവ്വരയിലെ മാധവവിലാസം സ്‌കൂളിൽ ഏത് ചിഹ്നത്തിൽ അമർത്തിയാലും താമരയിൽ വോട്ടുവീഴുന്നെന്ന പരാതിയുണ്ടായി. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യംചെയ്ത ഈ ആരോപണം രാഷ്ട്രീയപ്പാർട്ടികൾ ഏറ്റുപിടിച്ചതോടെ വോട്ടെടുപ്പ് തടസ്സപ്പെട്ടു. ഇത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിഷേധിച്ചു. യന്ത്രത്തിന് സാങ്കേതികത്തകരാർ മാത്രമാണുണ്ടായതെന്നാണ് കമ്മിഷന്റെ വിശദീകരണം. പിന്നീട് യന്ത്രം മാറ്റി വോട്ടെടുപ്പ് തുടർന്നു.

തിരുവനന്തപുരത്ത് പട്ടത്ത് വോട്ട് മാറിവീണെന്ന് എബിൻ ബാബു എന്ന വോട്ടർ പരാതിപ്പെട്ടെങ്കിലും പരിശോധനയിൽ അത് ശരിയല്ലെന്ന് തെളിഞ്ഞു. യുവാവിനെ കസ്റ്റഡയിലെടുത്ത് വിട്ടയച്ചു. കൊല്ലം ചവറയിൽ പന്മന ചിറ്റൂർ യു.പി. സ്‌കൂളിലെ ബൂത്തിൽ സമാനരീതിയിൽ പരാതി ഉന്നയിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. പരാതി തെറ്റാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. പന്മന വടക്കുംതല പോരൂക്കര സ്വദേശിയായ ഷംനാദി(32) നെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. വെറും 1.3 ശതമാനം യന്ത്രങ്ങളേ തകാരാറായുള്ളൂവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP