Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിൽ നിർണായകമായി 51 മണ്ഡലങ്ങൾ; ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകൾ നിലനിർത്തിയാൽ ഭരണം ഉറപ്പിക്കാമെന്ന പ്രതീക്ഷയിൽ ബിജെപി; ശക്തമായ തിരിച്ചുവരവ് നടത്തി പിടിച്ചെടുക്കാൻ കോൺഗ്രസ്; മഹാസഖ്യത്തിനും തൃണമൂലിനും നിർണായകം; രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും അടക്കമുള്ള വിഐപി മണ്ഡലങ്ങളും അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നു

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിൽ നിർണായകമായി 51 മണ്ഡലങ്ങൾ; ഹിന്ദി ഹൃദയഭൂമിയിലെ സീറ്റുകൾ നിലനിർത്തിയാൽ ഭരണം ഉറപ്പിക്കാമെന്ന പ്രതീക്ഷയിൽ ബിജെപി; ശക്തമായ തിരിച്ചുവരവ് നടത്തി പിടിച്ചെടുക്കാൻ കോൺഗ്രസ്; മഹാസഖ്യത്തിനും തൃണമൂലിനും നിർണായകം; രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും അടക്കമുള്ള വിഐപി മണ്ഡലങ്ങളും അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാളെ നിർണായക ദിനമാണ്. കഴിഞ്ഞ തവണ ബിജെപിയെ വിജയത്തിലേക്ക് എത്തിച്ച ഹിന്ദി ഹൃദയഭൂമിയിൽ വീണ്ടും തിരിച്ചുവരവിന് കാതോർത്തിരിക്കയാണ് കോൺഗ്രസ്. വിട്ടുകൊടുക്കില്ലെന്ന് പറഞ്ഞ് ബിജെപിയും. അഞ്ചാം ഘട്ട തെരഞ്ഞെടുപ്പു നാളെ നടക്കുമ്പോൾ അത് ഇരു കക്ഷികളെയും സംബന്ധിച്ചിടത്തോളം നിർണായകമാണ്. നാളെ വോട്ടെടുപ്പു നടക്കുന്ന 7 സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിൽ 2014 ൽ 38 എണ്ണം ജയിച്ചതു ബിജെപിയാണ്. കോൺഗ്രസിനു കിട്ടിയത് വെറും 2 സീറ്റ്. ഈ നിലയിൽ നിന്നും കോൺഗ്രസ് സ്ഥിതി മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ, എത്രകണ്ട് എന്ന ചോദ്യം അവശേഷിക്കുന്നുണ്. രണ്ടു ദേശീയ കക്ഷികളുടെ പ്രകടനം ഈ 51 മണ്ഡലങ്ങളിൽ എങ്ങനെയാകുമെന്ന് രാഷ്ട്രീയലോകം ഉറ്റുനോക്കുന്നു ബിജെപി ആധിപത്യം നിലനിർത്തുമോ? കോൺഗ്രസ് പിടിച്ചു കയറുമോ? എന്നതാണ് ചോദ്യം.

ഉത്തർപ്രദേശിൽ 14 സീറ്റുകളിലണ് നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത്. 14 ൽ 12 സീറ്റും മോദി തരംഗത്തിൽ കഴിഞ്ഞ തവണ ബിജെപി തൂത്തുവാരി. കോൺഗ്രസ് പിടിച്ചുനിന്നത് സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും രാഹുൽ ഗാന്ധിയുടെ അമേഠിയിലും മാത്രം. ഇത്തവണ പക്ഷേ, സ്ഥിതി അതല്ല. 10 സീറ്റുകളിലെങ്കിലും ബിജെപിക്കു കനത്ത വെല്ലുവിളി ഉയർത്തുന്നു എസ്‌പി ബിഎസ്‌പി സഖ്യം. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയും സോണിയാ ഗാന്ധിയുടെ റായ്ബറേലിയും അടക്കമുള്ള വിഐപി മണ്ഡലങ്ങളും അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. 2014ൽ സംസ്ഥാനത്ത് ആ രണ്ട് മണ്ഡലങ്ങൾ മാത്രമാണ് കോൺഗ്രസിനൊപ്പം നിന്നത്. 2004 മുതൽ രാഹുൽ ഗാന്ധിയെ ജയിപ്പിച്ച അമേഠിയിൽ സ്മൃതി ഇറാനി എത്തിയതോടെ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായി.

ഉത്തർപ്രദേശിലെ പോരാട്ടം ബിജെപിക്ക് നിർണായകമാണ്. 2014നെക്കാൾ മികച്ച വിജയം നേടുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. 2014 ബിജെപി നേടിയ കുതിപ്പിന് പ്രധാന കാരണം ഉത്തർപ്രദേശ് ആയിരുന്നു, അഞ്ചാം ഘട്ടത്തിൽ ജനവിധി തേടുന്ന ഉത്തർപ്രദേശിലെ 15 മണ്ഡലങ്ങളിൽ 12 ഇടത്തും കഴിഞ്ഞ വട്ടം ബിജെപിയാണ് വിജയിച്ചത്. ഇതിൽ 7 മണ്ഡലങ്ങളിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി പ്രവചിക്കുന്നത്.

എസ്‌പി-ബിഎസ്‌പി സഖ്യത്തിന്റെ സ്വാധീനം സംസ്ഥാനം മുഴുവൻ അലയടിക്കുന്നുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷ പാർട്ടികൾ ഒറ്റയ്ക്ക് മത്സരിച്ചതിന്റെ നേട്ടം ബിജെപിക്ക് ലഭിച്ചിരുന്നു. എന്നാൽ മഹാസഖ്യം മിക്ക മണ്ഡലങ്ങളിലും ബിജെപിക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തവണ ബിജെപി ജയിച്ച മണ്ഡലങ്ങളിൽ എസ്‌പിയും ബിഎസ്‌പിയും നേടിയ വോട്ടുകൾ ഒന്നിച്ച് കൂട്ടിയാൽ ബിജെപിക്ക് ലഭിച്ച വോട്ടുകളെക്കാൾ ഏറെ മുന്നിലാണത്. ബറെച്ച്, മോഹൻലാൽഗഞ്ച്, സിതാപൂർ, കൈസർഗഞ്ച്, കൗശാംഭി, ബാന്ദ, ദൗറ എന്നീ മണ്ഡലങ്ങളിലാണ് ബിജെപിക്ക് കനത്ത തിരിച്ചടി കാത്തിരിക്കുന്നത്.

ബറൈച്ച് മണ്ഡലത്തിൽ കഴിഞ്ഞവട്ടം 95,590 വോട്ടുകൾക്കാണ് സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയെ ബിജെപി പരാജയപ്പെടുത്തിയത്. എന്നാൽ ബറൈച്ചിൽ എസ്‌പിയും ബിഎസ്‌പിയും നേടിയ വോട്ടുകൾ ഒരുമിച്ച് കൂട്ടിയാൽ ബിജെപി സ്ഥാനാർത്ഥി അക്ഷയ്ബർ ലാൽ ഏറെ പിന്നിലാണ്. ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സാവിത്രി ഭായ് ഭുലെയെയാണ് കോൺഗ്രസ് ഇക്കുറി ഇവിടെ സ്ഥാനാർത്ഥി ആക്കിയിരിക്കുന്നത്. കഴിഞ്ഞ വട്ടം രണ്ടാം സ്ഥാനത്തെത്തിയ ഷാബിദ് അഹമ്മദ് ബാൽമികിയാണ് ഇക്കുറിയും ഇവിടെ മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥി.

ബറൈച്ചിലേതിന് സമാനമായസ്ഥിതിയാണ് മോഹൻലാൽ ഗഞ്ചിലും സിറ്റിങ് എംപിയായ കൗഷൽ കിഷോറാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. ബിഎസ്‌പി നേതാവ് സിഎൽ വർമയാണ് പ്രധാന എതിരാളി. 2014ലെ തിരഞ്ഞെടുപ്പിൽ ബിജെപി ഇവിടെ 4,55,274 വോട്ടുകളാണ് സ്വന്തമാക്കിയത്. ബിഎസ്‌പി 3,09,858 വോട്ടുകളും നേടി. എസ്‌പിയും ബിഎസ്‌പിയും ഒന്നിച്ചതോടെ ഭൂരിപക്ഷം കടക്കാൻ ബിജെപി വിയർക്കേണ്ടി വരും. കൗശംബി സീറ്റിൽ സമാജ് വാദി പാർട്ടിയാണ് ബിജെപിയുടെ എതിരാളി. സംവരണ സീറ്റായ കൗശംബി 42,900 വോട്ടുകൾക്കാണ് ബിജെപി സ്ഥാനാർത്ഥി വിനോദ് കുമാർ സോങ്കാർ സ്വന്തമാക്കിയത്. സമാജ് വാദി പാർട്ടിയുടെ ഇന്ദ്രജിത്ത് സരോജാണ് ഇക്കുറി വിനോദിന്റെ എതിരാളി. ബിഎസ്‌പി വോട്ടുകൾ കൂടി നേടാനായാൽ മണ്ഡലത്തിൽ ഇന്ദ്രജിത്തിന് അനായാസ വിജയം ഉറപ്പിക്കാം.

സിതാപൂരിലും, ദൗറയിലും, ബാന്ദയിലും കൈസർഗഞ്ചിലും സമാനമായ വെല്ലുവിളിയാണ് ബിജെപി നേരിടുന്നത്. എന്നാൽ ലഖ്‌നോ, ഗോണ്ട, ഫൈസാബാദ്, ബരാബങ്കി, ഫതേപർ തുടങ്ങിയ മണ്ഡലങ്ങളിൽ മഹാസഖ്യവും കോൺഗ്രസും ബിജെപിയെ ബാധിക്കില്ലെന്നാണ് വിലയിരുത്തലുകൾ. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും ജനവിധി തേടുന്ന അഞ്ചാം ഘട്ടം കോൺഗ്രസിനും നിർണായകമാണ്.

കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനാണ് നിർണായകമായ സംസ്ഥാനം. കഴിഞ്ഞ തവണ ആകെയുള്ള 25 സീറ്റും തൂത്തുവാരിയ ബിജെപിക്ക് ഇത്തവണ അതാവർത്തിക്കുക എളുപ്പമാകില്ല. നാളെ വോട്ടുചെയ്യുന്ന 12 മണ്ഡലങ്ങളിൽ പലേടത്തും ഇത്തവണ കോൺഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയിട്ടുണ്ട്. എന്നാലും തങ്ങൾക്കു തന്നെയാണ് മുൻതൂക്കമെന്ന് ബിജെപി അവകാശപ്പെടുന്നു. രാജസ്ഥാനിലെ വോട്ടെടുപ്പ് ഇതോടെ പൂർത്തിയാകും.

മധ്യപ്രദേശിൽ ഏഴിടത്തും കഴിഞ്ഞ തവണ ബിജെപി ജയിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് ഈ മണ്ഡലങ്ങളെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. ഝാർഖണ്ഡിൽ നാലും ബിജെപിയുടെ സിറ്റിങ് സീറ്റുകൾ. കോൺഗ്രസ് ഇത്തവണ ശക്തമായ പ്രചാരണം നടത്തിയ മണ്ഡലങ്ങളാണിവ. നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇവിടെ പ്രചാരണത്തിനെത്തിയിരുന്നു.

ബിഹാറിലെ അഞ്ചു മണ്ഡലങ്ങളും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ജയിച്ചതാണ്. 3 എണ്ണം ബിജെപിയും ഒന്നുവീതം ഭാരതീയ ലോക്‌സമതാ പാർട്ടിയും (ബിഎൽഎസ്‌പി) ലോക് ജനശക്തി പാർട്ടിയും (എൽജെപി). ഇത്തവണ കോൺഗ്രസ് ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു.

ബംഗാളിലെ 7 മണ്ഡലങ്ങളും തൃണമൂൽ കോൺഗ്രസിന്റെ കൈവശമിരുന്നവ. ഇവിടങ്ങളിൽ കോൺഗ്രസ്സോ ഇടതുപക്ഷമോ ശക്തമല്ല. 23 മണ്ഡലങ്ങളിൽ ചെറിയ തോതിലെങ്കിലും ബിജെപി തൃണമൂലിന് മത്സരമൊരുക്കുന്നു. കാശ്മീരിലെ ലഡാക്ക് മണ്ഡലത്തിൽ കാർഗിൽ, ലേ എന്നീ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പും നാളെയാണ്. അനന്തനാഗിൽ കഴിഞ്ഞ ഘട്ടത്തിലെ വോട്ടെടുപ്പിൽ 10% മാത്രമേ വോട്ടു രേഖപ്പെടുത്തിയുള്ളൂ.

മറ്റ് ഘട്ടങ്ങളിൽ പരക്കെ അക്രമം നടന്ന പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ടം മുതൽ ഒരോ ബൂത്തിലും കേന്ദ്രസേനയെ വിന്യസിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തിരുമാനിച്ചിട്ടുണ്ട്. പരസ്യ പ്രചരണം അവസാനിച്ച ഉത്തർപ്രദേശിലെ റായ് ബറേലി, അമേഠി, ലഖ്നൗ തുടങ്ങി പതിനാല് മണ്ഡലങ്ങളിലും വൻ പ്രചരണ പരിപാടികളാണ് ഒരുക്കിയത്. ബിജെപി സ്ഥാനാർത്ഥി സ്മ്യതി ഇറാനിക്ക് വേണ്ടി പാർട്ടി അദ്ധ്യക്ഷൻ അമിത്ഷാ തന്നെ കൊട്ടിക്കലാശത്തിന് നേത്യത്വം നല്കി.

സഹോദരൻ കൂടിയായ രാഹുൽ ഗാന്ധിക്ക് വേണ്ടി പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആണ് അമേഠിയിൽ പ്രചരണം ഏകോപിപ്പിച്ചത്. മണ്ഡലത്തിലെ പ്രശസ്തമായ ഹസ്രത്ത് മീർ ഇമാമുദ്ധിൻ ദർഗ്ഗയിൽ സംഘടിപ്പിച്ച പ്രാർത്ഥന ചടങ്ങിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗന്ധിയും പങ്കെടുത്തു. മധ്യപ്രദേശിലെ 7 രാജസ്ഥാനിലെ 12 ഝാർഖണ്ഡിലെ 4 ഉം മണ്ഡലങ്ങളിലും കോൺഗ്രസിന്റെയും ബിജെപിയും ദേശിയ നേതാക്കൾ ആണ് പ്രചരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. മറ്റെല്ലാ വിഷയങ്ങളെയും അപേക്ഷിച്ച് ദേശിയത വിഷയങ്ങൾ പറയാൻ ഈ ഘട്ടത്തിലും കോൺഗ്രസ്സും ബിജെപിയും മത്സരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP