Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

ജനപ്രാതിനിധ്യ നിയമത്തിലും ആധാർ നിയമത്തിലും ഭേദഗതികൾ വരുത്തും; ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതോടെ ഇരട്ട വോട്ടിന്റെ സാധ്യതകൾ അടയും; വോട്ടെടുപ്പ് സുതാര്യമാക്കാൻ ഇടപെടലുമായി ഇലക്ഷൻ കമ്മീഷൻ; പ്രവാസികൾക്ക് ഇലക്ട്രോണിക് തപാൽ വോട്ടും പരിഗണനയിൽ

ജനപ്രാതിനിധ്യ നിയമത്തിലും ആധാർ നിയമത്തിലും ഭേദഗതികൾ വരുത്തും; ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കുന്നതോടെ ഇരട്ട വോട്ടിന്റെ സാധ്യതകൾ അടയും; വോട്ടെടുപ്പ് സുതാര്യമാക്കാൻ ഇടപെടലുമായി ഇലക്ഷൻ കമ്മീഷൻ; പ്രവാസികൾക്ക് ഇലക്ട്രോണിക് തപാൽ വോട്ടും പരിഗണനയിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കള്ള വോട്ട് തടയാൻ പുതിയ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. കള്ള വോട്ടും ഇരട്ട വോട്ടും ഉൾപ്പെടെ തടയുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി വോട്ടർ ഐഡിയും അധാറും തമ്മിൽ ബന്ധിപ്പിക്കാനാണ് നീക്കം. ഇതോടെ ഒരു ആധാറിന് ഒരു വോട്ടർ ഐഡി എന്ന സ്ഥിതി വരും. ഇതോടെ കള്ളവോട്ട് പൂർണ്ണമായും തടയാനാകും.

നിലവിൽ പലരും പല അഡ്രസിൽ പല വോട്ടർ ഐഡികാർഡുകൾ തരപ്പെടുത്താറുണ്ട്. മനപ്പൂർവ്വം ഇത് ചെയ്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്ക് രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുന്നു. കേരളത്തിൽ അടക്കം ഇത് വിവാദമായി. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തും നിയമസഭാ തെരഞ്ഞെടുപ്പുകാലത്തും കേരളത്തിൽ പ്രതിപക്ഷം ഇരട്ട വോട്ടും കള്ളവോട്ടും ചർച്ചയാക്കി. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ആധാറുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ തുടങ്ങുന്നത്.

ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സ്ഥാനമൊഴിഞ്ഞ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറ അറിയിച്ചു. കമ്മിഷൻ ഇക്കാര്യം നിർദ്ദേശിച്ചിട്ടുണ്ടെന്നും ഇതിനായി ജനപ്രാതിനിധ്യ നിയമത്തിലും ആധാർ നിയമത്തിലും ഭേദഗതികൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് അംഗീകരിക്കപ്പെട്ടാൽ കള്ളവോട്ട് പൂർണ്ണമായും തടയാനാകും.

കേരളത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ആസൂത്രിതമായി പട്ടികയിൽ ആളുകളെ തിരികിക്കയറ്റിയെന്ന് അദ്ദേഹം ആരോപിച്ചു. ഒരേ ആളിന്റെ പേരിൽ നാലും അഞ്ചും വോട്ടുകളാണ് ഉള്ളത്. ഇതിന് പിന്നിൽ ആസൂത്രിതമായ അട്ടിമറി ശ്രമമാണ്. ഉദ്യോഗസ്ഥരുടെ ഒത്താശ ഇതിന് പിന്നിലുണ്ടെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. വോട്ടർ പട്ടികയും ആധാർകാർഡും തമ്മിൽ ബന്ധിപ്പിച്ചാൽ തീരുന്നതാണ് ഈ പ്രശ്‌നമെന്നാണ് കമ്മീഷന്റേയും വിലയിരുത്തൽ.

കേരളത്തിലെ വോട്ടർ പട്ടികയിൽ നിരവധി കള്ളവോട്ടുകൾ പ്രതിപക്ഷം കണ്ടെത്തിയിരുന്നു. കഴക്കൂട്ടം മുതൽ ഉദുമ വരെ ആയിരക്കണക്കിന് കള്ളവോട്ടുകൾ ചേർക്കപ്പെട്ടിട്ടുണ്ട്. പട്ടിക പരിശോധിച്ച് കള്ള വോട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു. കഴക്കൂട്ടത്ത് 7506 വോട്ടർമാരേയും കൊല്ലം 2535, തൃക്കരിപ്പൂർ 1436 എന്നിങ്ങനെയാണ് കണ്ടെത്തിയ വ്യാജ വോട്ടർമാർ. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ഇങ്ങനെ വ്യാപകമായ തോതിൽ വ്യാജ വോട്ടർമാരെ ചേർത്തുകൊണ്ടിരിക്കുകയാണെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തിരുന്നു.

തെരഞ്ഞെടുപ്പിൽ പ്രവാസികൾക്കു പോസ്റ്റൽ ബാലറ്റ് നൽകാനും കമ്മീഷൻ പരിഗണിക്കുന്നുണ്ട്. ഇതിനു വേണ്ടി തിരഞ്ഞെടുപ്പു ചട്ടങ്ങളിൽ മാറ്റം വരുത്താൻ കമ്മിഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇക്കാര്യം വിദേശകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വിദേശങ്ങളിലുള്ളവർക്ക് ഇലക്ട്രോണിക് തപാൽ വോട്ടുകൾ നൽകുന്ന രീതിയാണ് പരിഗണിക്കുന്നത്.

സ്വന്തം മണ്ഡലത്തിനു പുറത്തു താമസിക്കുന്നവർക്കുള്ള റിമോട്ട് വോട്ടിങ് യാഥാർഥ്യമാകും. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇതു സാധ്യമാകുമെന്നാണു കരുതുന്നത്. വോട്ടെടുപ്പു ദിവസം സ്ഥലത്തില്ലാത്തതിനാൽ ഒട്ടേറെപ്പേർക്ക് സമ്മതിദാനാവകാശം വിനിയോഗിക്കാൻ കഴിയാറില്ല. വിവിധ ഐഐടികളിലെ വിദഗ്ധരുമായി ഈ വർഷം ആദ്യം തന്നെ കമ്മിഷൻ ചർച്ചകൾ തുടങ്ങി. ഇതിനായി പ്രത്യേക ടീം പ്രവർത്തിക്കുന്നുണ്ട്-സുനിൽ അറോറ പറയുന്നു.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു സമയത്ത് 100 % വിവിപാറ്റ് സ്ലിപ്പുകൾ വേണമെന്ന് ആവശ്യമുയർന്നിരുന്നു. ചിലർ സുപ്രീം കോടതിയെയും സമീപിച്ചു. ഒരു നിയമസഭാ മണ്ഡലത്തിൽ 5 വോട്ടിങ് യന്ത്രങ്ങൾക്ക് വിവിപാറ്റ് വെരിഫിക്കേഷൻ മതിയെന്നു സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്-അറോറ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP