Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചിറ്റാറിൽ കോൺഗ്രസ് പഞ്ചായത്തംഗം എൽഡിഎഫിനൊപ്പം ചേർന്ന് പ്രസിഡന്റായി; റാന്നിയിൽ കേരളാ കോൺഗ്രസ് (എം) അംഗത്തെ ബിജെപിയും എൽഡിഎഫും ചേർന്ന് പ്രസിഡന്റാക്കി; കോട്ടാങ്ങലിൽ എസ് ഡി പി ഐ വോട്ട് ചെയ്തതിന്റെ പേരിൽ വിജയിച്ച എൽഡിഎഫിന്റെ പ്രസിഡന്റ് രാജി വച്ചു: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ അട്ടിമറികൾ ഇങ്ങനെ

ചിറ്റാറിൽ കോൺഗ്രസ് പഞ്ചായത്തംഗം എൽഡിഎഫിനൊപ്പം ചേർന്ന് പ്രസിഡന്റായി; റാന്നിയിൽ കേരളാ കോൺഗ്രസ് (എം) അംഗത്തെ ബിജെപിയും എൽഡിഎഫും ചേർന്ന് പ്രസിഡന്റാക്കി; കോട്ടാങ്ങലിൽ എസ് ഡി പി ഐ വോട്ട് ചെയ്തതിന്റെ പേരിൽ വിജയിച്ച എൽഡിഎഫിന്റെ പ്രസിഡന്റ് രാജി വച്ചു: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ അട്ടിമറികൾ ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരു സസ്പെൻസ് ത്രില്ലറിന്റെ ക്ലൈമാക്സ് പോലെയാണ് ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലെ അധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് ഭരണം ഉറപ്പിച്ചിരുന്ന രണ്ട് പഞ്ചായത്തുകൾ നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി എസ്ഡിപിഐ അംഗം വോട്ട് ചെയ്തതിന്റെ പേരിൽ രാജി വച്ചു. ചിറ്റാർ, റാന്നി പഞ്ചായത്തുകളിലാണ് ഉറപ്പായ ഭരണം യുഡിഎഫിന് നഷ്ടമായത്. കോട്ടാങ്ങൽ പഞ്ചായത്തിലാണ് എസ്ഡിപിഐ അംഗം വോട്ട് ചെയ്തതിന്റെ പേരിൽ എൽഡിഎഫിൽ നിന്ന് പ്രസിഡന്റായി വിജയിച്ച ബിനു ജോസഫ് രാജിവച്ചത്.

നാടകീയ രംഗങ്ങൾക്കൊടുവിൽ ചിറ്റാറിൽ എൽഡിഎഫ് ഭരണം നിലനിർത്തുകയായിരുന്നു. 13 വാർഡിൽ എൽഡിഎഫ്-അഞ്ച്, യു.ഡി.എഫ്-ആറ്, എൻഡിഎ രണ്ട് എന്നിങ്ങനെയായിരുന്നു കക്ഷിനില. കോൺഗ്രസിൽ നിന്നും വിജയിച്ച സജികുളത്തുങ്കലിനെ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുകയായിരുന്നു. നാലാം വാർഡിൽ നിന്നും വിജയിച്ച എ ബഷീർ ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി. വോട്ടെടുപ്പിൽ നിന്നും എൻഡിഎ വിട്ടുനിന്നു.

ഇതോടെ എൽഡിഎഫ് പിന്തുണയോടെ ആറ് വോട്ടുകൾക്ക് സജി കുളത്തുങ്കൽ വിജയിച്ചു. ഉച്ചകഴിഞ്ഞ് നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ നിന്നും വിജയിച്ച മുൻ പഞ്ചായത്ത് പ്രസിഡന്റ് രവികല എബി വൈസ് പ്രസിഡന്റാകും എൽഡിഎഫിലെ ജില്ലയിലെ മുതിർന്ന നേതാവായ എംഎസ് രാജേന്ദ്രനെ മൂന്നു വോട്ടിന് പരാജയപ്പെടുത്തിയാണ് സജി കുളത്തുങ്കൽ യുഡിഎഫ് മെമ്പറായത്. ആദ്യ ടേം പ്രസിഡന്റ് സ്ഥാനം നൽകാത്തതിന്റെ പേരിലാണ് സജി കൂറുമാറിയത്. അടൂർ പ്രകാശിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അഞ്ചു വർഷവും എ ബഷീറിന് പ്രസിഡന്റ് സ്ഥാനം നൽകാൻ തീരുമാനമായിരുന്നു.

സജി ശക്തിയുക്തം എതിർത്തതോടെ മൂന്ന് -രണ്ട് എന്നിങ്ങനെ വീതം വയ്ക്കാൻ ധാരണയായി. ആദ്യ മൂന്നു കൊല്ലം ബഷീറും അവസാന രണ്ട് വർഷം സജിയും എന്ന ധാരണയാണ് ഡിസിസി പ്രസിഡന്റും അടൂർ പ്രകാശ് എംപിയും മുന്നോട്ടു വച്ചത്. എന്നാൽ തനിക്ക് ആദ്യ ടേം കിട്ടണമെന്ന് സജി ശഠിച്ചു. നേതൃത്വം അതിന് വഴങ്ങാതെ വന്നതോടെ സജി എൽഡിഎഫ് പിന്തുണയോടെ മത്സരിക്കാനിറങ്ങുകയായിരുന്നു. കോൺഗ്രസ് വിപ്പ് അദ്ദേഹം കൈപ്പറ്റിയില്ല. വിപ്പ് സ്വീകരിച്ചില്ലെങ്കിലും സജി കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യനാകും. എങ്കിലും അതിന്റെ വിചാരണയും മറ്റുമായി ഏറെ നാൾ മുന്നോട്ടു പോകും. അയോഗ്യത വന്നാൽപിന്നെ ആറു വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല.

യുഡിഎഫിന്റെ ചങ്കിൽ ബോംബ് പൊട്ടിച്ചാണ് റാന്നിയിൽ ഭരണം എൽഡിഎഫ് നേടിയത്. ഇതിന് മുന്നിൽ നിർത്തിയത് കേരളാ കോൺഗ്രസ്-എം അംഗത്തെയാണ്. ബിജെപിയുടെയും എൽഡിഎഫിന്റെയും പിന്തുണയോടെയാണ് കേരളാ കോൺഗ്രസ്-എമ്മിലെ ശോഭാ ചാർളി പ്രസിഡന്റായത്. 13 അംഗ പഞ്ചായത്ത് കമ്മറ്റിയിൽ എൽഡിഎഫിനും യുഡിഎഫിനും അഞ്ചു വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. എൻഡിഎയ്ക്ക് രണ്ട് അംഗങ്ങളും ഒരു സ്വതന്ത്രനും ഉണ്ടായിരുന്നു.

എൻഡിഎ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുമെന്നും 12-ാം വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്രൻ കെആർ പ്രകാശിനെ പ്രസിഡന്റാക്കി ഭരണം പിടിക്കാമെന്നും ഉറപ്പിച്ചിരിക്കുകയായിരുന്നു യുഡിഎഫ്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് എൻഡിഎയുടെ രണ്ട് അംഗങ്ങൾ കേരളാ കോൺഗ്രസിൽ നിന്നുള്ള പ്രസിഡന്റ് സ്ഥാനാർത്ഥി ശോഭാ ചാർളിയെ പിന്തുണയ്ക്കുകയായിരുന്നു. ശോഭയ്ക്ക് ഏഴും എതിർ സ്ഥാനാർത്ഥി പ്രകാശിന് ആറും വോട്ട് കിട്ടി. തങ്ങൾ എൽഡിഎഫിന് അല്ല കേരളാ കോൺഗ്രസിനാണ് വോട്ട് ചെയ്തതെന്ന് ബിജെപി പറയുന്നു.

കോട്ടാങ്ങൽ പഞ്ചായത്തിൽ 13 അംഗ ഭരണ സമിതിയിൽ എൻഡിഎയ്ക്കും എൽഡിഎഫിനും അഞ്ചു വീതവും യുഡിഎഫിന് രണ്ടും എസ്ഡിപിഐയ്ക്ക് ഒരു അംഗവുമാണുള്ളത്. ബിനു ജോസഫിന് എസ്ഡിപിഐയുടേതടക്കം ആറു വോട്ടം എൻഡിഎ സ്ഥാനാർത്ഥി കരുണാകരന് അഞ്ചും വോട്ട് കിട്ടി. യുഡിഎഫ് വിട്ടു നിന്നു. ഇതോടെ വിജയം എസ്ഡിപിഐ വോട്ടു കൊണ്ടാണെന്ന് ആരോപിച്ചാണ് ബിനു ജോസഫ് രാജി വച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP