Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമുക്കുമുണ്ട് തൊടുന്നതെല്ലാം പൊന്നാക്കുന്ന എംപിമാർ! രണ്ടാം വട്ടം എംപിയായ ശേഷം ഇ.ടി മുഹമ്മദ് ബഷീറിന്റെ ആസ്തി കൂടിയത് 22 മടങ്ങ്; പൊന്നാനി എംഎൽഎയുടെ സ്വത്തുക്കളിൽ അഞ്ചുവർഷം കൊണ്ടുണ്ടായത് 2018 ശതമാനം വർധനവ്; കൊടിക്കുന്നിൽ സുരേഷിന്റെ വരുമാനം 702 ശതമാനം ഉയർന്നപ്പോൾ പി. കരുണാകരന്റെ സമ്പാദ്യത്തിൽ 67 ശതമാനം ഇടിവ്; കോൺഗ്രസ് സീറ്റ് നിഷേധിച്ച കെവി തോമസിനും ആസ്തി ഇടിഞ്ഞത് 21 ശതമാനം; നാഷണൽ ഇലക്ഷൻ വാച്ച് റിപ്പോർട്ട് വൈറലാക്കി സൈബർ സഖാക്കൾ

നമുക്കുമുണ്ട് തൊടുന്നതെല്ലാം പൊന്നാക്കുന്ന എംപിമാർ! രണ്ടാം വട്ടം എംപിയായ ശേഷം ഇ.ടി മുഹമ്മദ് ബഷീറിന്റെ ആസ്തി കൂടിയത് 22 മടങ്ങ്; പൊന്നാനി എംഎൽഎയുടെ സ്വത്തുക്കളിൽ അഞ്ചുവർഷം കൊണ്ടുണ്ടായത് 2018 ശതമാനം വർധനവ്; കൊടിക്കുന്നിൽ സുരേഷിന്റെ വരുമാനം 702 ശതമാനം ഉയർന്നപ്പോൾ പി. കരുണാകരന്റെ സമ്പാദ്യത്തിൽ 67 ശതമാനം ഇടിവ്; കോൺഗ്രസ് സീറ്റ് നിഷേധിച്ച കെവി തോമസിനും ആസ്തി ഇടിഞ്ഞത് 21 ശതമാനം; നാഷണൽ ഇലക്ഷൻ വാച്ച് റിപ്പോർട്ട് വൈറലാക്കി സൈബർ സഖാക്കൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദായിലേക്ക് ഏവരും കച്ചകെട്ടി ഇറങ്ങുന്ന അവസരത്തിൽ ലോക്‌സഭാ എംപിമാരുടെ ശരാശരി ആസ്തിയുടെ കണക്ക് കേട്ടാൽ ഏവരും ഞെട്ടും. രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട 153 ലോക്‌സഭാ എംപിമാരുടെ ശരാശരി ആസ്തി 142 ശതമാനം വർധിച്ചുവെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. നാഷണൽ ഇലക്ഷൻ വാച്ചും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക് റിഫോംസുമാണ് ഇക്കാര്യം സംബന്ധിച്ച വിശദ വിവരങ്ങൾ പുറത്ത് വിട്ടത്. ശരാശരി ആസ്തി 2009ൽ 5.5 കോടിയായിരുന്ന സ്ഥാനത്ത് 2014 ആയപ്പോഴേയ്ക്കും 13.32 കോടിയായി വർധിച്ചിരിക്കുകയാണ്.

ഏറ്റവുമധികം ആസ്തി വർധിച്ച എംപിയും സമ്പാദ്യം ഇടിഞ്ഞ എംപിയും കേരളത്തിൽ നിന്നുള്ളതാണ് എന്നാണ് റിപ്പോർട്ടിന്റെ മറ്റൊരു പ്രത്യേകത. പൊന്നാനി എംപിയും മുസ്ലിം ലീഗ് നേതാവുമായ ഇ.ടി മുഹമ്മദ് ബഷിറിന്റെ സ്വത്തുക്കളിൽ 2018 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അതായത് അഞ്ചു വർഷത്തിനിടെ 22 മടങ്ങ് വർധന. 2009 ൽ ആദ്യമായി ലോക്‌സഭാ സ്ഥാനാർത്ഥിയായ സമയത്ത് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്ങ് മൂലത്തിൽ 6,05,855 രൂപയായിരുന്നു ആസ്തി. എന്നാൽ 2014 ൽ 1,32,16,259 രൂപയായി ഉയർന്നു.

ടിഎംസി നേതാവ് ശശിർ കുമാർ 1700 ശതമാനം വർധനയോടെ തൊട്ടു പിന്നിലുണ്ട്. തൃണമൂൽ കോൺഗ്രസ്സിന്റെ ശിശിർ കുമാർ അധികാരിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 1,700 ശതമാനമാണ് ഇദ്ദേഹത്തിന്റെ സ്വത്തിലുള്ള വർധന. 2009ൽ ഉണ്ടായിരുന്ന 10,83,159 രൂപ 2014ൽ 1,94,98,381 ലേക്കുയരുയാണ് ചെയ്തത്. എഐഎഡിഎംകെ എംപി പി വേണുഗോപാലാണ് മുന്നാം സ്ഥാനത്ത്. 1281 ശതമാനമാണ് വർധന. ബിജെപി നേതാവ് ഡോ. രാംശങ്കർ കഠേരിക്ക് 869 ശതമാനം സ്വത്ത് വർധനവും രേഖപ്പെടുത്തി. 15,11,000 രൂപയിൽ നിന്ന് 1,46,34,885 ആയിരുന്നു വർധന.

കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷും പട്ടിയിൽ ആദ്യ പത്തിൽ ഉൾപ്പെടുന്നു. കോൺഗ്രസ്സിൽ ഏറ്റവും കൂടുതൽ സ്വത്ത് വർധിച്ചതും മലയാളിയായ കൊടിക്കുന്നിൽ സുരേഷിന്റേതാണ്. 702 ശതമാനം വർധനവ് രേഖപ്പെടുത്തിയപ്പോൾ 16,52,747 രൂപയിൽ നിന്നും 1,32,51,330 ആയാണ് വർധിച്ചത്.എന്നാൽ സാമ്പദ്യത്തിന്റെ അളവ് കുത്തനെ ഇടിഞ്ഞ നേതാവും കേരളത്തിൽ നിന്നും തന്നെയുള്ളതാണെന്നതാണ് കൗതുകരമായ മറ്റൊരു വസ്തുത. കാസർകോട് എംപിയായ പി. കരുണാകരനാണ് സമ്പാദ്യത്തിന്റെ കാര്യത്തിൽ പിന്നോട്ട് പോയത്. 67 ശതമാനമാണ് ഇദ്ദേഹത്തിന് സ്വത്തുവകകളിൽ ഉണ്ടായ ഇടിവ്. 64 ശതമാനം ഇടിവുമായി ജഗതംബിക പാൽ ശ്രാങ്ക് രണ്ടാം സ്ഥാനത്തുണ്ട്. സ്വത്തിൽ 21 ശതമാനം കുറവ് രേഖപ്പെടുത്തി എറണാകുളം സിറ്റിങ് എംപി കെ വി തോമസും ഈ പട്ടികയിലുണ്ട്.

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുടെ സ്വത്തിൽ 573, 304 ശതമാനം വർധനവ് രേഖപ്പെടുത്തിയപ്പോൾ ആകെ കോൺഗ്രസ് പ്രതിനിധികളുടെ സ്വത്തിൽ 109 ശതമാനം വർധന രേഖപ്പെടുത്തിയുട്ടുണ്ട്. അതേസമയം, വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിമാരുടെ സ്വത്തിൽ 140 ശതമാനം വർധന ഉണ്ടായതായും റിപ്പോർട്ട് പറയുന്നു.എംപിമാർ അടുത്തിടെ തെരഞ്ഞെടുപ്പു കമ്മീഷന് മുമ്പാകെ സമർപ്പിച്ച വിവരങ്ങളിൽ നിന്നാണ് 153 എംപിമാരുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത്. മുൻവർഷത്തെ തെരഞ്ഞെടുപ്പുവേളയിൽ ഇവർ സമർപ്പിച്ച റിപ്പോർട്ടുമായി താരതമ്യം ചെയ്താണ് വളർച്ച കണക്കാക്കിയതെന്നും സംഘടന അറിയിച്ചു.

യുഡിഎഫും എൽഡിഎഫും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടി ഈ റിപ്പോർട്ട് സൈബർ സഖാക്കൾ വൈറലാക്കുകയാണ്. അതേസമയം ഭൂമി വില വർധനവടക്കമുള്ള കാര്യങ്ങൾ കൊണ്ടുണ്ടായ വർധനവാണിതെന്നാണ് യുഡിഎഫ് കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇത് തങ്ങൾ അഴിമതിക്കാരാണെന്നതിന് തെളിവാകുന്നില്ലെന്ന് അവർ ചൂണ്ടികകാട്ടുന്നു.

വോട്ടർമാർ ചെറുപ്പക്കാർ...സ്ഥാനാർത്ഥികൾ വയസ്സന്മാർ : കണക്കിങ്ങനെ

വോട്ടർമാരുടെ ശരാശരി പ്രായം കണക്കാക്കിയാൽ വയസ്സന്മാരാണ് നമ്മുടെ പാർലമെന്റംഗങ്ങൾ. പ്രായവ്യത്യാസം ഓരോ തവണയും കൂടിക്കൂടി വരികയുമാണ്. ഇപ്പോൾ ഇന്ത്യയിലെ വോട്ടർമാരിൽ 60 ശതമാനവും 18-നും 40-നും ഇടയിലുള്ളവരാണ്. എന്നാൽ, എംപി.മാരിൽ 25-നും 40-നും ഇടയിൽ പ്രായമുള്ളവർ 15 ശതമാനം മാത്രം.മണ്ഡലം കുത്തകയാക്കി മത്സരിച്ചവർ തന്നെ വീണ്ടും വീണ്ടും മത്സരിക്കുന്നതും വിജയിച്ച് വരുന്നതുമാണ് 'സഭയുടെ പ്രായം' കൂട്ടുന്നത്.

വിദ്യാർത്ഥി നേതാക്കളായും യുവജനനേതാക്കളായും വിജയിച്ചു തുടങ്ങിയ പലരും വാർധക്യത്തിലും മണ്ഡലം വിട്ടൊഴിയാറില്ല. വീണ്ടും മത്സരിക്കുന്നവരുടെ കണക്കുകളിലും കൗതുകമുണ്ട്. നിലവിലുള്ള ജനപ്രതിനിധികൾ വീണ്ടും വിജയിച്ചുവരുന്നതിന്റെ ശരാശരി 50 ശതമാനമാണ്. എന്നാൽ, ഒരു പാർട്ടി വിജയിച്ച് നിൽക്കുന്ന സീറ്റിൽ പുതിയ സ്ഥാനാർത്ഥി വരുന്‌പോഴുള്ള വിജയ ശതമാനം പക്ഷേ, 40 മാത്രമേ ഉള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP