Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

അഭിപ്രായ സർവ്വേകൾക്ക് പിന്നാലെ പന്തയക്കാരുടെയും സൂപ്പർതാരം കെജ്രിവാൾ തന്നെ; ആം ആദ്മി പാർട്ടി ഡൽഹി ഭരണം പിടിക്കുമെന്ന് പ്രവചനം; മോദിയും യോഗിയും പരിവാരങ്ങളും ഒരുമിച്ചു കൈകോർത്തിട്ടും അവസാന വട്ടവും മുൻതൂക്കം കെജ്രിവാളിന്; ശാഹീൻ ബാഗിനെ വർഗീയമായി ചിത്രീകരിച്ചും അവസാന നിമിഷം രാമക്ഷേത്ര നിർമ്മാണവും ആയുധമാക്കി ബിജെപി; ക്ഷേമപ്രവർത്തനങ്ങളും വികസന നേട്ടങ്ങളും പരിചയാക്കി ആം ആദ്മിയും; ഡൽഹി നാളെ പോളിങ്ബൂത്തിലേക്ക് നീങ്ങുമ്പോൾ കോൺഗ്രസ് ചിത്രത്തിലില്ല

അഭിപ്രായ സർവ്വേകൾക്ക് പിന്നാലെ പന്തയക്കാരുടെയും സൂപ്പർതാരം കെജ്രിവാൾ തന്നെ; ആം ആദ്മി പാർട്ടി ഡൽഹി ഭരണം പിടിക്കുമെന്ന് പ്രവചനം; മോദിയും യോഗിയും പരിവാരങ്ങളും ഒരുമിച്ചു കൈകോർത്തിട്ടും അവസാന വട്ടവും മുൻതൂക്കം കെജ്രിവാളിന്; ശാഹീൻ ബാഗിനെ വർഗീയമായി ചിത്രീകരിച്ചും അവസാന നിമിഷം രാമക്ഷേത്ര നിർമ്മാണവും ആയുധമാക്കി ബിജെപി; ക്ഷേമപ്രവർത്തനങ്ങളും വികസന നേട്ടങ്ങളും പരിചയാക്കി ആം ആദ്മിയും; ഡൽഹി നാളെ പോളിങ്ബൂത്തിലേക്ക് നീങ്ങുമ്പോൾ കോൺഗ്രസ് ചിത്രത്തിലില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ നിശബ്ദ പ്രചരണ ദിവസമായ ഇന്ന് നേതാക്കൾ വോട്ടുതേടി പലയിടങ്ങളിലും എത്തി. അത്യന്തം വാശിയേറി തിരഞ്ഞെടുപ്പാണ് നാളത്തേത്. എന്നാൽ, ത്രികോണ പോരാട്ടമല്ല ഇക്കുറി നടക്കുന്നത്. ബിജെപിയും ആം ആദ്മി പാർട്ടിയും നേർക്കുനേർ പോരാടുന്ന അവസ്ഥയാണുള്ളത്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിവാദ കോലാഹലങ്ങൾക്കിടെയും അരവിന്ദ് കെജ്രിവാളിന്റെ ജനപക്ഷ രാഷ്ട്രീയം വിജയിക്കുമെന്നാണ് സർവേകൾ വ്യക്തമാക്കിയത്. സർവേകൾക്ക് പുറമേ പന്തയക്കാരുടെയും സൂപ്പർതാരമാണ് കെജ്രിവാൾ. ആം ആദ്മി പാർട്ടി ഡൽഹി ഭരണം പിടിക്കുമെന്നാണ് പ്രവചനം വന്നിരിക്കുന്നത്.

അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയെ എങ്ങനെയും തോൽപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി. വെറും 70 സീറ്റുള്ള, പൂർണ സംസ്ഥാന പദവി പോലുമില്ലാത്ത ഡൽഹി പിടിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമടക്കമുള്ള തങ്ങളുടെ ഫയർബ്രാൻഡ് നേതാക്കളെയെല്ലാം ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. എന്നാൽ, ഈ വിഷയം തന്നെ ആം ആദ്മി പ്രചരണ വിഷയമാക്കിയാണ് തിരിച്ചടിച്ചത്.

കേന്ദ്രവുമായി കൊണ്ടുംകൊടുത്തുമുള്ള അഞ്ചുവർഷത്തെ ഭരണത്തിനു ശേഷം ജനവിധി തേടുന്ന കെജ്രിവാൾ തന്റെ സർക്കാറിന്റെ നേട്ടങ്ങളാണ് എടുത്തുകാണിക്കുന്നതെങ്കിൽ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പരീക്ഷിച്ചു വിജയിച്ച വർഗീയ കാർഡാണ് ബിജെപി ഇറക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടക്കുന്ന ശാഹീൻ ബാഗിനെ വർഗീയമായി ചിത്രീകരിച്ചാണ് ബിജെപിയുടെ പ്രചരണം. കെജ്രിവാളും ആം ആദ്മി പാർട്ടിയും ശാഹീൻ ബാഗിലെ പ്രക്ഷോഭകർക്കൊപ്പമാണെന്ന തരത്തിലുള്ള പ്രചരമാണ് വാട്ട്സാപ്പിലും സോഷ്യൽ മീഡിയയിലും ബിജെപി നടത്തുന്നത്. അയോധ്യയിൽ രാമക്ഷേത്രം പണിയാനുള്ള ട്രസ്റ്റ് രൂപീകരിച്ച കേന്ദ്രസർക്കാർ നീക്കം ഹിന്ദു വോട്ടുകൾ തങ്ങൾക്ക് അനുകൂലമായി കേന്ദ്രീകരിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

എന്നാൽ, വിവിധ ഏജൻസികൾ നടത്തിയ സർവേകളൊന്നും കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് നൽകുന്നത് ആശ്വസിക്കാവുന്ന കണക്കുകളല്ല. മിക്കവരും പ്രവചിക്കുന്നത് ആം ആദ്മി പാർട്ടി മികച്ച മാർജിനിൽ തന്നെ ഭരണം നിലനിർത്തുമെന്നാണ്. 2015-ൽ നേടിയ 67 സീറ്റ് നേട്ടം ഇത്തവണ ആവർത്തിക്കാൻ ഇടയില്ലെങ്കിലും 45 മുതൽ 60 വരെ സീറ്റുകൾ കെജ്രിവാളിന്റെ പിടിക്കുമെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. ടൈംസ് നൗ - ഇപ്സോസ്, എ.ബി.പി ന്യൂസ് - സിവോട്ടർ, ഐ.എ.എൻ.എസ് - സിവോട്ടർ സർവേകളെല്ലാം ആപ്പിന് സുരക്ഷിതമായ വിജയം പ്രവചിക്കുന്നു. ബിജെപിക്ക് ലഭിക്കാൻ സാധ്യതയുള്ള പരമാവധി സീറ്റ് പന്ത്രണ്ട് മുതൽ പതിനാല് വരെ മാത്രമാണെന്നാണ് പ്രവചനം.

സർവേകൾ ആം ആദ്മി പാർട്ടിക്ക് നൽകുന്ന മുൻതൂക്കം ഗ്രൗണ്ട് വർക്കിലൂടെ ഇല്ലാതാക്കാൻ ബിജെപി ബൂത്ത്തല പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനിടെ, അവരുടെ ആത്മവിശ്വാസം തകർക്കുന്നതാണ് പന്തയ കേന്ദ്രങ്ങളായ സട്ട ബസാറിൽ നിന്നു പുറത്തുവരുന്ന റിപ്പോർട്ടുകൾ. കെജ്രിവാൾ സർക്കാർ വ്യക്തമായ മാർജിനിൽ വിജയിക്കുമെന്നും ബിജെപിക്ക് പ്രതീക്ഷയ്ക്കു വകയില്ലെന്നുമാണ് പന്തയക്കാർ പറയുന്നത്. ഒരാഴ്ച മുമ്പ് ആം ആദ്മി പാർട്ടിക്കുണ്ടായിരുന്ന മുൻതൂക്കം ശക്തമായ പ്രചരണ പരിപാടികളോടെ കുറക്കാൻ ബിജെപിക്ക് കഴിഞ്ഞെങ്കിലും അത് ഭരണമാറ്റത്തിലേക്ക് എത്തിക്കാനിടയില്ലെന്ന് സട്ട ബസാറിലെ ബുക്കികൾ പറയുന്നു.

സമീപകാലത്തു നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റ ബിജെപി ഡൽഹി തെരഞ്ഞെടുപ്പിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഡൽഹിയിൽ ശക്തമായ പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിൽ അത് അമിത്ഷാ-ബിജെപി കൂട്ടുകെട്ടിനും തിരിച്ചടിയാകും. ബാബരി മസ്ജിദ് കേസിലെ അനുകൂല വിധിക്കും പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനും ശേഷം നടന്ന ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപി ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങിയത്. വലിയ ഒറ്റക്കക്ഷിയാകാമെന്ന മോഹംപോലും കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടു മത്സരിച്ച ജെ.എം.എം തകർക്കുകയായിരുന്നു. ഡൽഹിയിലും തിരിച്ചടി ഉണ്ടായാൽ അത് ബിജെപിക്ക് തിരിച്ചടിയാകും.

വികസന നേട്ടങ്ങളാണ് ആം ആദ്മി പാർട്ടി പ്രചാരണത്തിലുടനീളം ഉയർത്തിയത്. കോൺഗ്രസിനും ബിജെപി.യ്ക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ലാത്തതും അരവിന്ദ് കെജ്രിവാൾ ആയുധമാക്കി. എതിരാളികളായ ചാനലുകളിൽ പോലും കെജ്രിവാൾ കയറിയിറങ്ങി താരമായി മാറി. ശക്തമായ ത്രികോണ മത്സരത്തിലേക്ക് എത്തിയെന്ന പ്രതീക്ഷ കോൺഗ്രസ് നേതാക്കൾ പുലർത്തുന്നുണ്ടെങ്കിലും അണികൾക്ക് അതില്ല. മുസ്ലിം വിഭാഗത്തിന്റെ വോട്ട് അടക്കം ആം ആദ്മിയിലേക്ക് ഒഴുകാനാണ് സാധ്യത കൂടുതൽ. സംസ്ഥാനത്തെ പ്രാദേശിക വിഷയങ്ങളും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളുമുയർത്തി രാഹുലും പ്രിയങ്കയും പ്രചാരണം കെഴുപ്പിച്ചെങ്കിലും കോൺഗ്രസ് ചിത്രത്തിൽ ഇല്ലാത്ത അവസ്ഥയാണ്. 11ാം തീയ്യതിയാണ് തെരഞ്ഞെടുപ്പു ഫലം വരുന്നത്.

70 മണ്ഡലങ്ങളിൽ മത്സരിക്കുന്നത് 672 പേർ

70 മണ്ഡലങ്ങളിലുമായി 672 സ്ഥാനാർത്ഥികളാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒരു കോടി 47 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 81 ലക്ഷത്തിലധികം പുരുഷ വോട്ടർമാരും 67 ലക്ഷത്തോളം വനിതാ വോട്ടർമാരും ഡൽഹിയിലുണ്ട്. ട്രാൻസ്ജെൻഡേഴ്‌സ് വിഭാഗത്തിലുള്ള 869 പേരും നാളെ ബൂത്തിലേക്ക് പോകും. രാവിലെ 8 മുതൽ വൈകീട്ട് 6.30 വരെയാണ് വോട്ടെടുപ്പ് സമയം. ഡൽഹിയിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കെജ്രിവാളിനെ മുൻ നിർത്തി തന്നെയായിരുന്നു പാർട്ടിയുടെ പ്രചരണങ്ങൾ. റാലികളും റോഡ് ഷോകളും ഉൾപ്പെടെ 200 ഓളം പരിപാടികളിലാണ് സംസ്ഥാനത്തുടനീളം കെജ്രിവാൾ പങ്കെടുത്തത്. ജനക്ഷേമ പ്രവർത്തനങ്ങളുമായാണ് തങ്ങൾ ഭരണ കാലാവധി പൂർത്തിയാക്കിയതെന്ന വിശ്വാസത്തിലാണ് കെജ്രിവാളും സംഘവും. 'കഴിഞ്ഞ അഞ്ചു വർഷത്തെ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരാണെങ്കിൽ മാത്രം ഞങ്ങൾക്ക് വോട്ട് ചെയ്യുക'യെന്ന കെജ്രിവാളിന്റെ വാക്കുകൾ മാത്രം മതി അവരുടെ ആത്മവിശ്വാസം മനസിലാക്കാൻ. 2015 ലെ തെരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റുകളും ആം ആദ്മിക്കായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP