Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിൽ ആംആദ്മിയുടെ വിജയം സുനിശ്ചിതമെന്ന് സൂചനകൾ; എല്ലാ തന്ത്രങ്ങളും പിഴച്ചതിൽ പഴിച്ച് മോദിയും അമിത് ഷായും; മോദി തരംഗം നഷ്ടമാകാതിരിക്കാൻ മുൻകരുതൽ കണ്ടെത്താൻ അടിയന്തര ചർച്ചകൾ; രാജ്യം കാത്തിരുന്ന ഫലം അറിയാൻ ഇനി മൂന്ന് നാൾ

ഡൽഹിയിൽ ആംആദ്മിയുടെ വിജയം സുനിശ്ചിതമെന്ന് സൂചനകൾ; എല്ലാ തന്ത്രങ്ങളും പിഴച്ചതിൽ പഴിച്ച് മോദിയും അമിത് ഷായും; മോദി തരംഗം നഷ്ടമാകാതിരിക്കാൻ മുൻകരുതൽ കണ്ടെത്താൻ അടിയന്തര ചർച്ചകൾ; രാജ്യം കാത്തിരുന്ന ഫലം അറിയാൻ ഇനി മൂന്ന് നാൾ

ന്യുഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി വിജയിക്കുമെന്ന എക്‌സിറ്റ് പോളുകളുകളുടെ പ്രവചനത്തെ ബിജെപിയും പൂർണ്ണമായും തള്ളിക്കളയുന്നില്ല. പക്ഷേ ചൊവ്വാഴ്ച ഫലം വരുന്നതുവരെ പ്രതീക്ഷയോടെ കാത്തിരിക്കും. ഡൽഹിയിൽ ഭരണം പിടിച്ചില്ലെങ്കിലും മോദി മാജിക്ക് നിലനിർത്തണമെന്നാണ് ബിജെപിയുടെ ആഗ്രഹം. ഡൽഹിയുടെ തോൽവിയുടെ ഉത്തരവാദിത്തം തനിക്കാകുമെന്ന് കിരൺ ബേദി പ്രഖ്യാപിച്ചത് ഈ സാഹചര്യത്തിലാണ്. എന്നാൽ ബേദിയെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയത് അടക്കമുള്ള തന്ത്രങ്ങൾ പാളിയതിനെ ഗൗരവത്തോടെയാണ് ബിജെപി കാണുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പത്ത് ശതമാനം വോട്ടുകൾ ബിജെപിക്ക് കുറവ് വന്നിട്ടുണ്ടെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ലഭിച്ച സീറ്റുകൾ പോലും ബിജെപിക്ക് നഷ്ടമാകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ.

കോൺഗ്രസിന് ഡൽഹിയിൽ വലിയ പരാജയം കിട്ടുമെന്നാണ് വിലയിരുത്തൽ. ഈ വോട്ടുകളെല്ലാം ആംആദ്മിയിലേക്ക് ഒഴുകി. ന്യൂനപക്ഷങ്ങളും ബിജെപിയെ പിന്തുണച്ചില്ല. ഇവരും കോൺഗ്രസിനെ വിട്ട് ആംആദ്മിക്ക് ഒപ്പം ചേർന്നു. പള്ളികളിലെ ആക്രമണങ്ങളും ബിജെപിക്ക് തിരിച്ചടിയായി. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാർട്ടി അധ്യക്ഷൻ അമിത് ഷാ എന്നിവർ ഇന്നലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. വരുന്ന ബിഹാർ തെരഞ്ഞെടുപ്പിലും ഡൽഹിയിലെ അവസ്ഥ ആവർത്തിക്കാതിരിക്കാനുള്ള കരുതലും ബിജെപി. നോക്കുന്നുണ്ട്.

വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ
ന്യൂസ് നേഷൻ
ആം ആദ്മി പാർട്ടി 39 -43
ബിജെപി 25- 29
കോൺഗ്രസ് 1 -3
ടുഡെയ്‌സ് ചാണക്യ
ആം ആദ്മി പാർട്ടി 48
ബിജെപി 22
കോൺഗ്രസ് 0
എ.ബി.പിനീൽസൺ
ആം ആദ്മി പാർട്ടി 39
ബിജെപി 28
കോൺഗ്രസ് 3
ഇന്ത്യൻ ന്യൂസ്
ആക്‌സിസ്എ.പി.എം
ആം ആദ്മി പാർട്ടി 53
ബിജെപി 17
കോൺഗ്രസ് 2
സീ ന്യൂസ്സീ വോട്ടർ
ആം ആദ്മി പാർട്ടി 31- 39
ബിജെപി 27 -35
കോൺഗ്രസ് 2-4
ഡേറ്റാ മിനേരിയ
ആം ആദ്മി പാർട്ടി 31
ബിജെപി 35
കോൺഗ്രസ് 4

കിരൺ ബേദിയെ അവസാന നിമിഷം മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി അവതരിപ്പിച്ചത്, പാർട്ടിയിലെ കിടമത്സരം ലാഘവത്തോടെ കണ്ടത് തുടങ്ങിയ കാര്യങ്ങളാണ് പാർട്ടിക്ക് പ്രശ്‌നമായതെന്ന വിലയിരുത്തലാണ് ബിജെപി. നേതൃത്വത്തിനുള്ളത്. ഒന്നുകിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒപ്പം തന്നെ ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടത്തുകയോ കഴിഞ്ഞ ഝാർഖണ്ഡ്, കശ്മീർ തെരഞ്ഞെടുപ്പിന് ഒപ്പമെങ്കിലുമോ തെരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നു എന്നാണ് ബിജെപി.യുടെ ഇപ്പോഴത്തെ അഭിപ്രായം. ഡൽഹി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ആം ആദ്മി പാർട്ടിയായിരുന്നു ഡൽഹി തെരഞ്ഞെടുപ്പിന്റെ അജൻഡ നിശ്ചയിച്ചിരുന്നത്.

മോദിയുടെ ജനപ്രീതി തിരിച്ചറിഞ്ഞ് അദ്ദേഹത്തെ യാതൊരു വിധത്തിലും ആക്രമിക്കാതിരിക്കുക എന്ന തന്ത്രമാണ് അരവിന്ദ് കെജ്‌രിവാളും കൂട്ടരും തുടക്കം മുതൽ അവലംബിച്ചത്. ഡൽഹിയിലെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളായ വെള്ളം, വൈദ്യുതി, അഴിമതി, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ മാത്രം പ്രചരണം തുടക്കം മുതൽ തന്നെ നിലനിർത്തിയത് ആം ആദ്മി പാർട്ടിയാണ്. മോദി പ്രചരണം തുടങ്ങിയപ്പോൾ അതേ വിഷയങ്ങൾ അദ്ദേഹത്തിനും ആവർത്തിക്കേണ്ടി വന്നു. ആം ആദ്മി പാർട്ടി നിശ്ചയിച്ച അജൻഡകളെ പൊളിക്കാനും മറ്റ് വിഷയങ്ങൾ ഉയർത്താനും ബിജെപി. ശ്രമിച്ചെങ്കിലും ഇതും ഫലം കണ്ടില്ല.

ആം ആദ്മി പാർട്ടി ഹവാല ഇടപാടിലൂടെ സംഭാവന പിരിച്ചു എന്ന ആരോപണം ബിജെപി. ദിവസങ്ങളോളം പ്രചാരണ വിഷയമാക്കിയെങ്കിലും ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടുകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രംഗത്തെത്തിയതോടെ ഇതും പൊളിഞ്ഞു. ആം ആദ്മി പാർട്ടിയോട് ദിവസം അഞ്ചു ചോദ്യങ്ങൾ വീതം ഉന്നയിക്കാനുള്ള പദ്ധതിയുടെ ഭാഗമായി എട്ടു ദിവസത്തോളം രണ്ട് കേന്ദ്രമന്ത്രിമാർ ഇതിനായി മാത്രം സമയം ചെലവഴിച്ചെങ്കിലും ആം ആദ്മി പാർട്ടി ഇതിൽ വീണില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും ബിജെപി തന്ത്രങ്ങൾ പൊളിഞ്ഞു.

ഡൽഹിയിൽ പരാജയം ഉണ്ടായേക്കുമെന്ന സൂചനകളെ തുടർന്ന് അമിത് ഷാ ഇന്നലെ ഡൽഹി നേതൃത്വത്തിന്റെ യോഗം വിളിച്ചിരുന്നു. മുതിർന്ന മന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, നിതിൻ ഗഡ്കരി, പാർട്ടിയുടെ സംഘടനാ ചുമതലയുള്ള രാംലാൽ തുടങ്ങിയവരുമായി മോദിയും ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഡൽഹി പരാജയം ബിജെപിക്കുള്ളിലും ആഭ്യന്തര പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാൻ സാധ്യതയുണ്ട്. ഇതിനെ ചെറുക്കുകയാകും മോദിയുടെ അടിയന്തര പദ്ധതി. ബിഹാർ തെരഞ്ഞെടുപ്പിന് മുമ്പ് ജനപ്രിയ പദ്ധതികൾ അവതരിപ്പിച്ച് നഷ്ടപ്രതാപം വീണ്ടെടുക്കാനാകും മോദിയുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP