Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സരിക്കുന്നത് സിപിഎമ്മിനു വേണ്ടിയോ കോൺഗ്രസിനു വേണ്ടിയോ? സിപിഎം രക്തസാക്ഷിയുടെ പെങ്ങൾ വോട്ടു ചോദിച്ചെത്തിയപ്പോൾ ആശയക്കുഴപ്പത്തിലായത് നാട്ടുകാർ: ഡോ. പി പി ഗീതയെ സ്ഥാനാർത്ഥിയാക്കിയത് എൽഡിഎഫ് സീറ്റ് പിടിക്കാനുള്ള യുഡിഎഫിന്റെ തന്ത്രം

മത്സരിക്കുന്നത് സിപിഎമ്മിനു വേണ്ടിയോ കോൺഗ്രസിനു വേണ്ടിയോ? സിപിഎം രക്തസാക്ഷിയുടെ പെങ്ങൾ വോട്ടു ചോദിച്ചെത്തിയപ്പോൾ ആശയക്കുഴപ്പത്തിലായത് നാട്ടുകാർ: ഡോ. പി പി ഗീതയെ സ്ഥാനാർത്ഥിയാക്കിയത് എൽഡിഎഫ് സീറ്റ് പിടിക്കാനുള്ള യുഡിഎഫിന്റെ തന്ത്രം

കോഴിക്കോട്: രാഷ്ട്രീയം അങ്ങനെയാണ്. തെരഞ്ഞെടുപ്പ് എന്ന പരീക്ഷ നേരിടാൻ വേണ്ടി പല കളികളും കളിക്കും. അത്തരത്തിലൊരു രാഷ്ട്രീയ തന്ത്രമാണ് കോഴിക്കോട് കോർപ്പറേഷനിൽ നിന്നു കാണാനാകുക.

തടമ്പാട്ടുതാഴത്തു വോട്ടുചോദിച്ച് ഡോ. പി പി ഗീത എന്ന സ്ഥാനാർത്ഥി എത്തുമ്പോൾ നാട്ടുകാർ ആകെ ആശയക്കുഴപ്പത്തിലാണ്. ആർക്കുവേണ്ടി വോട്ടു ചോദിക്കാനാണ് ഡോ. ഗീത എത്തുന്നതെന്നാണ് നാട്ടുകാരുടെ മറുചോദ്യം.

സിപിഐ(എം) രക്തസാക്ഷിയായ വേങ്ങേരി വിജുവിന്റെ സഹോദരിയാണ് ഗീത. എന്നാൽ, ഗീത മത്സരിക്കുന്നത് കോൺഗ്രസ് ടിക്കറ്റിലും. നാട്ടുകാർക്ക് ആശയക്കുഴപ്പമുണ്ടാകാൻ മറ്റെന്തെങ്കിലും വേണോ.

ഗീതയെ കാണുമ്പോൾ തന്നെ നാട്ടുകാർ വിജുവിന്റെ കാര്യം തന്നെയാണു ചോദിക്കുക. എന്നാൽ, വോട്ടു തേടി എത്തുന്നത് കോൺഗ്രസിനുവേണ്ടിയാണെന്നറിയുമ്പോഴാണ് നാട്ടുകാർ ആശയക്കുഴപ്പത്തിലാകുന്നത്. സിപിഐ(എം) രക്തസാക്ഷിയുടെ സഹോദരിയെത്തന്നെ മത്സരിപ്പിച്ച് സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കുകയെന്ന തന്ത്രമാണ് ഇവിടെ കോൺഗ്രസ് പയറ്റുന്നത്.

ഡോ. പി പി ഗീതയുടെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം സിപിഎമ്മിനേയും ഇടതുപക്ഷത്തേയും ഞെട്ടിക്കുക തന്നെ ചെയ്തു. വേങ്ങേരി വിജുവിന്റെ സഹോദരിയായ പി പി ഗീത പരമ്ബരാഗത സി പി എം കുടുംബത്തിലെ അംഗവും പാർട്ടി സഹയാത്രികയുമായിരുന്നു. വേങ്ങേരിയിൽ വിജയൻ-വിജു രക്തസാക്ഷികളിൽപ്പെട്ട വിജുവിന്റെ അച്ഛന്റെ അനുജന്റെ മകളാണ് ഡോ. പി.പി. ഗീത. ഇവരുടെ തറവാട്ടുവളപ്പിലാണ് രക്തസാക്ഷി സ്തൂപം സ്ഥിതി ചെയ്യുന്നത്. ഗീതയുടെ മറ്റൊരു സഹോദരൻ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ വൈദ്യുതി വകുപ്പ് മന്ത്രിയായ കാലത്ത് അദ്ദേഹത്തിന്റെ സ്റ്റാഫംഗമാ യിരുന്നു.

കാൽ നൂറ്റാണ്ട് മുമ്പാണ് വേങ്ങേരി ടൗണിൽ എതിരാളികളുടെ കത്തിമുനയിൽ വേങ്ങേരി വിജുവും വിജയനും രക്തസാക്ഷികളായത്. പാർട്ടി പ്രവർത്തകരുടെ മനസ്സിൽ ഇന്നും ഉണങ്ങിയിട്ടില്ലാത്ത മുറിവായി അവശേഷിക്കുന്നു ഈ രക്തസാക്ഷികൾ.

എന്നാൽ, ഈ വസ്തുതകളൊക്കെ നിലനിൽക്കെയാണ് ഡോ. ഗീത അപ്രതീക്ഷിതമായി യു ഡി എഫ് സ്ഥാനാർത്ഥിയായത്. ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും വിരമിച്ച വ്യക്തിയാണ് ഡോ. ഗീത. കഴിഞ്ഞ തവണ വാർഡിൽ വിജയിച്ച സിപിഐ(എം) കൗൺസിലർ പി.പി. ഉദയകുമാറിന്റെയും പിണറായി വിജയൻ മന്ത്രിയായിരിക്കെ പേഴ്‌സണൽ സ്റ്റാഫായിരുന്ന പ്രേമനാഥിന്റെയും സഹോദരി കൂടിയാണ് ഡോ. ഗീത.

മുൻ പി.എസ്.സി. അംഗവും കോൺഗ്രസ് സഹയാത്രികനുമായ ടി.എം. വേലായുധന്റെ പത്‌നിയാണു ഗീത. സിപിഎമ്മിന്റെ ഈ സിറ്റിങ് സീറ്റ് പിടിക്കാൻ ഏറ്റവും അനുയോജ്യയെന്ന് യു.ഡി.എഫ് നേതൃത്വം നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. അതുകൊണ്ടു തന്നെയാണ് സിപിഎമ്മിനെ ഞെട്ടിച്ചുകൊണ്ട് ഗീതയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ഡോക്ടറായി സർവ്വീസിലിരുന്ന കാലത്തും സാമൂഹ്യ സേവനരംഗത്ത് സജീവമായിരുന്നുവെന്നു ഗീത പറയുന്നു. പാവപ്പെട്ട രോഗികളുടെ വീട്ടിൽ പോയി സൗജന്യമായി ചികിത്സിക്കാറുണ്ട്. ഇപ്പോൾ കൗൺസിലറായി മത്സരിക്കുന്നതും സാധാരണക്കാരന്റെ ദുരിതങ്ങൾക്കും പ്രശ്‌നങ്ങൾക്കും അറുതി വരുത്താനാണ്. അതല്ലാതെ അധികാര മോഹംകൊണ്ടല്ലെന്നും ഗീത വ്യക്തമാക്കുന്നു.

എന്നാൽ, വിട്ടുകൊടുക്കാൻ ഒട്ടും മനസില്ലാത്ത സിപിഐ(എം) നേതൃത്വം മുൻ കൗൺസിലർ കെ രതീദേവിയെയാണ് കളത്തിൽ ഇറക്കിയിരിക്കുന്നത്. വിജുവിന്റെ നേർപെങ്ങൾ ആശയെയും കൂട്ടിയാണ് രതീദേവി വാർഡിൽ പ്രചാരണത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ സിപിഎമ്മിലെ ഒ.സദാശിവൻ നേരിയ ലീഡിനാണ് ഇവിടെ ജയിച്ചത്. കോൺഗ്രസ്സിന് രണ്ടു വിമതരുമുണ്ടായിരുന്നു. അവർ രണ്ടും ഇപ്പോൾ ഗീതയ്‌ക്കൊപ്പം വോട്ടു ചോദിക്കാൻ ഇറങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP