Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്നര പതിറ്റാണ്ട് അടക്കിവാണ ബംഗാളിൽ സിപിഎമ്മിന്റെ തകർച്ച പൂർണം; കഴിഞ്ഞ തവണത്തെ രണ്ടു സീറ്റും നഷ്ടമായി സംപൂജ്യരായി ഇടതുപക്ഷം; തൃണമൂലിനോടുള്ള വെറുപ്പുമൂലം ഇടത് വോട്ടുകൾ കൂട്ടത്തോടെ കിട്ടയത് ബിജെപിക്ക്; സിപിഎം വോട്ടുകൾ 15 ശതമാനം കുറഞ്ഞപ്പോൾ ബിജെപിയുടെ വോട്ട് 40 ശതമാനമായി ഉയർന്നു; 22 സീറ്റുമായി തൃണമൂലം 19 സീറ്റുമായി ബിജെപിയും വംഗനാട് പകുത്തെടുത്തു; കോൺഗ്രസിന് കിട്ടിയത് വെറും ഒരു സീറ്റ്; ബംഗാളിൽ ഇനി മോദിയും ദീദിയും നേർക്കുനേർ

മൂന്നര പതിറ്റാണ്ട് അടക്കിവാണ ബംഗാളിൽ സിപിഎമ്മിന്റെ തകർച്ച പൂർണം; കഴിഞ്ഞ തവണത്തെ രണ്ടു സീറ്റും നഷ്ടമായി സംപൂജ്യരായി ഇടതുപക്ഷം; തൃണമൂലിനോടുള്ള വെറുപ്പുമൂലം ഇടത് വോട്ടുകൾ കൂട്ടത്തോടെ കിട്ടയത് ബിജെപിക്ക്; സിപിഎം വോട്ടുകൾ 15 ശതമാനം കുറഞ്ഞപ്പോൾ ബിജെപിയുടെ വോട്ട് 40 ശതമാനമായി ഉയർന്നു; 22 സീറ്റുമായി തൃണമൂലം 19 സീറ്റുമായി ബിജെപിയും വംഗനാട് പകുത്തെടുത്തു; കോൺഗ്രസിന് കിട്ടിയത് വെറും ഒരു സീറ്റ്; ബംഗാളിൽ ഇനി മോദിയും ദീദിയും നേർക്കുനേർ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: മൂന്നര പതിറ്റാണ്ട് അടക്കിവാണ ബംഗാളിൽ സിപിഎമ്മിന്റെ തകർച്ച പൂർണം. ബംഗാളിൽ സിപിഎമ്മിന്റെ 15 ശതമാനം വോട്ടുകൾ ചോർന്നു. എന്നാൽ ബിജെപി വോട്ടുകൾ 40 ശതമാനമായി ഉയർന്നു. ബംഗാളിൽ ഒരു സീറ്റിൽ പോലും ഇപ്പോൾ സിപിഎം ലീഡ് ചെയ്യുന്നില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ബംഗാളിൽ സിപിഎം വോട്ടുകൾ വ്യാപകമായി ബിജെപിക്ക് പോയി എന്നത് തന്നെയാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. പശ്ചിമ ബംഗാളിൽ ആകെയുള്ള 42 സീറ്റുകളിൽ 19 സീറ്റുകളിൽ ബിജെപി മുന്നിട്ട് നിൽക്കുകയാണ്. തൃണമൂൽ ഇവിടെ 22 സീറ്റുകളിൽ മുന്നിട്ട് നിൽക്കുമ്പോൾ കോൺഗ്രസിന് വെറും ഒരു സീറ്റ് മാത്രമാണ് കിട്ടുന്നത്. തൃണമൂൽ കോൺഗ്രസ് നടത്തുന്ന അക്രമങ്ങൾക്കുള്ള തിരിച്ചടിയാണ് സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് ഒഴുകുകയായിരുന്നെന്നാണ് പൊതു വിലയിരുത്തൽ

നിലവിലുള്ള 2 സീറ്റിൽനിന്നാണ് ബിജെപി ഈ രീതിയിൽ ഉയർന്നതെന്ന് ഓർക്കണം. സിപിഎമ്മുമായി സഖ്യം നിഷേധിച്ച് ഒറ്റക്ക് മൽസരിച്ച കോൺഗ്രസിനും ഇവിടെ പണികിട്ടി. കോൺഗ്രസ് സീറ്റുകൾ നാലിൽ നിന്ന് ഒന്നായി കുറഞ്ഞു. കഴിഞ്ഞ തവണത്തെ 36ൽ നിന്ന് 22ലേക്കാണ് തൃണമൂൽ സീറ്റുകൾ കുറഞ്ഞത്.ഇനിയുള്ളകാലം ബംഗാളിൽ മൽസരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന് വ്യക്തമാണ്.കഴിഞ്ഞ തവണ രണ്ട് സീറ്റും 29 ശതമാനം വോട്ടുമുണ്ടായിരുന്ന സിപിഎമ്മിന്റെ വോട്ട് ശതമാനം 15ൽ താഴേയ്ക്ക് വീഴുന്ന നിലയാണ്.

മമതയുടെ അക്രമം സഹിക്കാതെ ഇവിടെ സിപിഎം പ്രവർത്തകർ ബിജെപിയെ സഹായിക്കുകയാണെന്ന് നേരത്തെ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭാരത് മാതാ കീ ജയ് വിളിച്ച് കാവിക്കൊടിയുമേന്തി വടക്കൻ ബംഗാളിലും മറ്റും പ്രകടനം നടത്തുകയാണ് സിപിഎം പ്രവർത്തകരുടെ ചിത്രം ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. സിപിഎം പ്രവർത്തകർ മാത്രമല്ല ഏരിയാ കമ്മറ്റി അംഗങ്ങളായ മുതിർന്ന നേതാക്കൾ പോലും ഈ കൂട്ടത്തിൽ ഉണ്ടെന്നാണ് ദ ടെലിഗ്രാഫ്, ദ വയർ പോലുള്ള മാധ്യമങ്ങൾ വീഡിയോ സഹിതം ചൂണ്ടിക്കാട്ടുന്നത്. ബിജെപിയോട് എന്തെങ്കിലും ആശയപരമായ യോജിപ്പ് ഉണ്ടായിട്ടില്ല, മറിച്ച് തൃണമൂൽ അക്രമം ഭയന്നിട്ടാണ് ഈ നടപടിയെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. '

. ബൈക്ക് ബ്രിഗേഡ് എന്ന് വിളിക്കുന്ന തൃണമൂൽ ഗുണ്ടാ സംഘങ്ങളുടെ അക്രമവും ഭീഷണിയും താങ്ങാനാവാതെ സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുകയായിരുന്നു. പാർട്ടി ഓഫീസുകൾ പോലും ബിജെപി ഓഫീസ് ആക്കിയും ബിജെപിക്ക് ബൂത്ത് ഏജന്റുമാർ ഇല്ലാത്തിടത്ത് തങ്ങളുടെ പാർട്ടി പ്രവർത്തകരെ ഇറക്കിയുമാണ് ഇവിടെ സിപിഎം ബിജെപിയോട് സഹകരിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതത്. ഇത് ശരിവെക്കുന്ന രീതിയിലാണ് ഇലക്ഷൻ റിസൾട്ട് പുറത്തുവരുന്നത്. ഇതോടെ ബംഗാളിലെ ഇനിയുള്ള രാഷ്ട്രീയം ബിജെപിയും മമതയും തമ്മിലാണെന്ന് വ്യക്തമാണ്. അക്രമത്തിനു പുറമെ മമതയുടെ മരുമകൻ അഭിഷേക് മുഖർജിയുടെ നേതൃത്വത്തിലുള്ള വ്യാപകമായ അഴിമതിയും ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പ് അടക്കമുള്ള കാര്യങ്ങളും ബിജെപി പ്രചാരണ ആയുധമാക്കി.

മോദിയെ പുറത്താക്കാൻ സഖ്യത്തിന് ശ്രമിച്ച മമതയെ ബംഗാളിൽനിന്ന് പുറത്താക്കുക എന്നതാണ് ഇനി ബിജെപിയുടെ ലക്ഷ്യം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന2021ൽ ഇനി അമിത് ഷായ്ക്ക് ബംഗാളിൽ ശക്തമായി തന്നെ കരുക്കൾ നീക്കാം. ബംഗാളിൽ സർക്കാർ മമതയെ പുറത്താക്കി ഭരണം പിടിക്കുന്ന എന്നതുതന്നെയാണ് ബിജെപിയുടെ ലക്ഷ്യം. അതിന് കൂട്ടു നിൽക്കുന്നതാവട്ടെ സിപിഎം പ്രവർത്തകരും എന്നതാണ് കൗതുകകരം.

തെരഞ്ഞെടുപ്പ് പ്രാരണ സമയത്ത് മോദിയും അമിത് ഷായുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു മമത ബാനർജി. ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ റാലിയിൽ തൃണമൂൽ് കോൺഗ്രസുകാർ വ്യാപകമായി അക്രമം നടത്തിയിരുന്നു.ബംഗാളിൽ തൃണമൂൽ, ബിജെപി പ്രവർത്തകർ തമ്മിൽ വ്യാപക ഏറ്റുമുട്ടൽ നടന്നിരുന്നു. സംഘർഷങ്ങളെ തുടർന്ന് ഒരു ദിവസം നേരത്തെ പരസ്യപ്രചാരണം നിർത്തിവയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രി മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ രൂക്ഷമായ വാക്പോരും നടന്നിരുന്നു. ദേശീയ തലത്തിൽ തന്നെ പ്രധാനമന്ത്രി മോദിക്കും ബിജെപിക്കുമെതിരെ ഏറ്റവും ശക്തമായ പ്രചാരണം നടത്തിയത് മമതയാണ്.

ബിജെപി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കു നേരെയും തൃണമൂൽ പ്രവർത്തകർ അക്രമം നടത്തിയിരുന്നു. അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിക്കു നേരെ കല്ലെറിയുകയും വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും കോളേജിൽ ഉണ്ടായിരുന്ന ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കുകയും ചെയ്തിരുന്നു.അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ ബാരക്പൂരിലെ ബിജെപി സ്ഥാനാർത്ഥിയായ അർജുൻസിംഗിന് നേരെയും ആക്രമണം ഉണ്ടായിരുന്നു. അതിന് മുൻപ് എംപിയും ബിജെപി സ്ഥാനാർത്ഥിയുമായ അസനോൾ ബാബുൾ സുപ്രിയോയുടെ വാഹനം തൃണമൂലുകാർ അടിച്ചു തകർത്തിരുന്നു. പല സ്ഥലങ്ങളിലും തൃണമൂലുകാർ വ്യാപകമായ രീതിയിൽ ബൂത്തുകൾ കയ്യേറിയിരുന്നു.ശക്തമായ സുരക്ഷയിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചത്.

ബംഗാളിൽ ബിജെപി സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും നേരെ മമത സർക്കാർ നടത്തുന്ന അക്രമങ്ങൾക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.രാജ്യത്തെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമായ 83.8 ആണ് ഏഴാം ഘട്ടത്തിൽ വോട്ട് ചെയ്ത ബംഗാളിൽ രേഖപ്പെടുത്തിയത്. തൃണമൂൽ - ബിജെപി പ്രവർത്തകർ തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രസേനയെ ബംഗാളിൽ നിന്ന് പിൻവലിക്കരുതെന്ന് പോലും കേന്ദ്രമന്ത്രിമാർ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു. ഈ അക്രമം തന്നെയാണ് ഫലത്തിൽ ബംഗാളിൽ തൃണമൂലിന് തിരിച്ചടിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP