Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബാഗേപ്പള്ളിയിൽ 19,621 വോട്ടുകളുമായി മൂന്നാമത്; മറ്റ് മൂന്നിടങ്ങളിൽ നോട്ടക്കും പിന്നിലായി സിപിഎം; കർണാടത്തിൽ തോറ്റമ്പി ഇടതു പാർട്ടികൾ; കോൺഗ്രസിന് പാരയാകുമെന്ന് കരുതിയ ഉവൈസിയുടെ പാർട്ടിയെയും എസ്ഡിപിഐയെയും കൈവിട്ട് വോട്ടർമാർ; ചലനമുണ്ടാക്കാതെ ചെറുപാർട്ടികൾ

ബാഗേപ്പള്ളിയിൽ 19,621 വോട്ടുകളുമായി മൂന്നാമത്; മറ്റ് മൂന്നിടങ്ങളിൽ നോട്ടക്കും പിന്നിലായി സിപിഎം; കർണാടത്തിൽ തോറ്റമ്പി ഇടതു പാർട്ടികൾ; കോൺഗ്രസിന് പാരയാകുമെന്ന് കരുതിയ ഉവൈസിയുടെ പാർട്ടിയെയും എസ്ഡിപിഐയെയും കൈവിട്ട് വോട്ടർമാർ; ചലനമുണ്ടാക്കാതെ ചെറുപാർട്ടികൾ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: നിയമസഭയിൽ സാന്നിധ്യം അറിയിക്കാനുള്ള സിപിഎമ്മിന്റെ സ്വപ്നങ്ങൾ ഇത്തവണയും പൂവണിഞ്ഞില്ലെന്ന് മാത്രമല്ല, കനത്ത തിരിച്ചടി ആകുകയും ചെയ്തു. ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ചിക്കബല്ലാപുരയിലെ ബാഗേപ്പള്ളിയിൽ പാർട്ടി സ്ഥാനാർത്ഥി ഡോ.എ. അനിൽ കുമാറിനു 19,621 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തിൽ ഇക്കുറി വിജയിക്കാനുറച്ച് കടുത്ത പ്രചാരണമാണ് നടത്തിയത്. എന്നിട്ടും മൂന്നാം സ്ഥാനത്തേക്ക് പോയത് വലിയ തിരിച്ചടിയായി.

കോൺഗ്രസിനായി സിറ്റിങ് എംഎൽഎ എസ്.എൻ സുബ്ബറെഡ്ഡി 19179 വോട്ടുകൾക്കു മണ്ഡലം നിലനിർത്തിയപ്പോൾ ബിജെപിക്കാണ് രണ്ടാം സ്ഥാനം. ഇതുൾപ്പെടെ 4 സീറ്റുകളിൽ മത്സരിച്ച സിപിഎമ്മിനു 3 സീറ്റുകളിൽ ജനതാദൾ (എസ്) പിന്തുണ നൽകിയിട്ടും 0.06 % വോട്ടു മാത്രമാണ് ലഭിച്ചത്. 7 മണ്ഡലങ്ങളിൽ മത്സരിച്ച സിപിഐയ്ക്കു 0.02% വോട്ടു മാത്രമാണ് ലഭിച്ചത്. സിപിഎമ്മും സിപിഐയും തമ്മിൽ മത്സരിച്ച കെജിഎഫ് മണ്ഡലത്തിൽ ഇരുകക്ഷികൾക്കും വിജയിക്കാനായില്ല. സിപിഎം സ്ഥാനാർത്ഥി തങ്കരാജിനു 1003 വോട്ടും സിപിഐ സ്ഥാനാർത്ഥി ജോഷി ബാഷിനു 918 വോട്ടും മാത്രമേ നേടാനായുള്ളൂ. 15 സീറ്റുകളിൽ മത്സരിച്ച എസ്യുസിഐയ്ക്കും 2 സീറ്റുകളിൽ മത്സരിച്ച സിപിഐഎംഎൽ ലിബറേഷനും നിസ്സാര വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

മൂന്നിടങ്ങളിൽ നോട്ടക്കും പിന്നിലായി സിപിഎം. സിപിഐ ഏഴിടത്ത് മത്സരിച്ചെങ്കിലും എവിടെയുമെത്തിയില്ല. കോലാർ ജില്ലയിലെ കെ.ജി.എഫിൽ സിപിഐയും സിപിഎമ്മും നേർക്കുനേരെ മത്സരിച്ചത് വൈരുധ്യവുമായി. ഇവിടെ 81,569 വോട്ടുനേടി കോൺഗ്രസിന്റെ എം. രൂപകലയാണ് വിജയിച്ചത്. മത്സരിക്കാത്ത ഇടങ്ങളിൽ ബിജെപിക്ക് എതിരെ വിജയസാധ്യതയുള്ള പാർട്ടികൾക്കായിരുന്നു സിപിഎം പിന്തുണ. സിപിഐ ആകട്ടെ മത്സരിക്കാത്തയിടങ്ങളിൽ കോൺഗ്രസിന് നിരുപാധിക പിന്തുണയാണ് പ്രഖ്യാപിച്ചത്.

തൊഴിലാളികൾ കൂടുതലുള്ള മിക്കയിടത്തും ഒരുകാലത്ത് ശക്തിതെളിയിച്ചിരുന്ന ഇടതുകക്ഷികൾക്ക് നാല് ദശാബ്ദമായി വേര് നഷ്ടപ്പെട്ട അവസ്ഥയാണ്. സംസ്ഥാനത്തെ ജാതി അടിസ്ഥാനമായുള്ള രാഷ്ട്രീയവും യുവാക്കളെ ആകർഷിക്കാൻ കഴിയാത്തതും അവർക്ക് വിനയായി. തെർദൽ, റായ്ചൂർ, ഹുബ്ബള്ളി-ധാർവാർഡ് ഈസ്റ്റ്, ചിത്രദുർഗ, ദാവൻഗരെ സൗത്ത്, കപ്പു, മുദി ഗരെ, പുലികേശിനഗർ, സർവഞ്ജ നഗർ, ബെൽത്തങ്ങാടി, മൂഡബിദ്രി, മംഗളൂരു, ബന്ത്വാൾ, പുത്തൂർ, മടിക്കേരി, നരസിംഹരാജ എന്നിവിടങ്ങളിലാണ് ഇത്തവണ എസ്.ഡി.പി.ഐ മത്സരിച്ചത്. മൈസൂരുവിലെ നരസിംഹരാജ മണ്ഡലത്തിൽ 2018ൽ 33,284 വോട്ടുകൾ നേടി കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണയും ഏറെ അവകാശവാദവുമായി ഇവിടെ എസ്.ഡി.പി.ഐ അബ്ദുൽ മജീദിനെ മത്സരിപ്പിച്ചെങ്കിലും മൂന്നാം സ്ഥാനമാണ് കിട്ടിയത്. 41,037 വോട്ടുകൾ നേടി. 83,480 വോട്ടുകൾ നേടി കോൺഗ്രസിന്റെ സിറ്റിങ് എംഎ‍ൽഎ തൻവീർ സേഠാണ് ഇവിടെ ജയിച്ചത്. ബിജെപിയുടെ സന്ദേഷ് സ്വാമിയാണ് രണ്ടാമത് 52,360 വോട്ടുകൾ.

ബി.എസ്‌പി ഇത്തവണ 133 സീറ്റുകളിലാണ് മത്സരിച്ചത്. കൊല്ലഗൽ മണ്ഡലം ബി.എസ്‌പിയുടെ സിറ്റിങ് സീറ്റായിരുന്നു. ഇത്തവണ അവിടെയും തോറ്റു. വെൽഫെയർ പാർട്ടി പ്രതീകാത്മകമായി രണ്ടു സീറ്റിലും മത്സരിച്ചു. ഉവൈസിയുടെ എ.ഐ.എം.ഐ.എം ഹുബ്ബള്ളി-ധാർവാഡ് ഈസ്റ്റ്, ബസവന ബാഗേബാദ് മണ്ഡലങ്ങിൽ മത്സരിച്ചിരുന്നു. ഹുബ്ബള്ളിയിൽ 5644ഉം ബസവന ബാഗേബാദിൽ 1475ഉം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ.

അതേസമയം ചെറു കക്ഷികൾ വലിയ തിരിച്ചടി നേരിട്ടപ്പോൾ കർഷക പാർട്ടിയായ സർവോദയ കർണാടക പക്ഷയ്ക്കും മുൻ മന്ത്രി ജനാർദന റെഡ്ഡിയുടെ കല്യാണ പ്രഗതി പക്ഷയ്ക്കും മാത്രമാണ് ഒരു സീറ്റിലെങ്കിലും ജയിക്കാൻ കഴിഞ്ഞത്. പല മണ്ഡലങ്ങളിലും നോട്ടയ്ക്കും പിന്നിലായിരുന്നു ചെറു പാർട്ടികളുടെ സ്ഥാനം. 209 മണ്ഡലങ്ങളിൽ മത്സരിച്ച ആംആദ്മി പാർട്ടിക്കു 0.58 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

പാർട്ടി നിർണായക സാന്നിധ്യമാകുമെന്ന് അവകാശപ്പെട്ടിരുന്ന ബെംഗളൂരു നഗര മേഖലയിലും ആപ്പിന്റെ സ്ഥാനാർത്ഥികൾ പിന്നോട്ടു പോയി. കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ച ബിഎസ്‌പി ഇക്കുറി സംപൂജ്യമായി. 137 മണ്ഡലങ്ങളിൽ മത്സരിച്ച പാർട്ടിക്കു 0.31 % വോട്ടു മാത്രമാണ് ലഭിച്ചത്. പാർട്ടി ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ബെംഗളൂരുവിലെ പുലികേശിനഗറിൽ രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 9 സീറ്റിൽ മത്സരിച്ച എൻസിപിക്കു 0.27 ശതമാനം വോട്ടാണു ലഭിച്ചത്.

അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീനും (എഐഎംഐഎം) എസ്ഡിപിഐയ്ക്കും കോൺഗ്രസിന്റെ ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കാൻ സാധിച്ചില്ല. എഐഎംഐഎം 2 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഹൂബ്ലിധാർവാഡ് ഈസ്റ്റ് മണ്ഡലത്തിൽ 5600, ബസവന ബാഗേവാദിയിൽ 1472 എന്നിങ്ങനെ വോട്ടാണ് പാർട്ടിക്കു ലഭിച്ചത്. ഇരു മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു. 16 സീറ്റുകളിൽ മത്സരിച്ച എസ്ഡിപിഐ നരഹസിംഹരാജയിൽ 25 % വോട്ടും മംഗളൂരുവിൽ 10 % വോട്ടും നേടി മൂന്നാം സ്ഥാനത്തെത്തി. എന്നാൽ ഇരു മണ്ഡലങ്ങളും കോൺഗ്രസ് നിലനിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP