Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏറ്റവും തിളക്കമേറിയ വിജയം സ്ഥാനാർത്ഥി നിർണയത്തിൽ മികച്ചവരെ മാത്രം പരിഗണിച്ച സിപിഐക്ക്; പുതുമുഖങ്ങൾക്കും സാധാരണക്കാർക്കും അവസരം നൽകിയ സിപിഐ നേടിയത് മത്സരിച്ച 27ൽ 19 സീറ്റ്

ഏറ്റവും തിളക്കമേറിയ വിജയം സ്ഥാനാർത്ഥി നിർണയത്തിൽ മികച്ചവരെ മാത്രം പരിഗണിച്ച സിപിഐക്ക്; പുതുമുഖങ്ങൾക്കും സാധാരണക്കാർക്കും അവസരം നൽകിയ സിപിഐ നേടിയത് മത്സരിച്ച 27ൽ 19 സീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൽഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിൽ ഇക്കുറി സിപിഐയ്ക്കും വ്യക്തമായ ഒരു പങ്ക് അവകാശപ്പെടാം. സ്ഥാനാർത്ഥി നിർണയത്തിലും മണ്ഡലം മാറലിലും ധൈര്യം കാണിച്ച സിപിഐ മത്സരിച്ചവയിൽ ഭൂരിപക്ഷം സീറ്റുകളും സ്വന്തം പോക്കറ്റിലാക്കി.

27 സീറ്റിലാണ് ഇക്കുറി സിപിഐ ഇടതുമുന്നണിക്കുവേണ്ടി മത്സരിച്ചത്. ഇതിൽ 19 സീറ്റിലും വെന്നിക്കൊടി പാറിക്കാൻ അവർക്കായി.

മണ്ഡലം മാറി ഉറപ്പില്ലാത്ത മണ്ഡലങ്ങളിൽ മത്സരിക്കാൻ ധൈര്യം കാണിച്ച സി ദിവാകരൻ, വി എസ് സുനിൽകുമാർ എന്നീ നേതാക്കൾ പ്രത്യേക പ്രശംസ അർഹിക്കുന്നുണ്ട്.

കൊല്ലം കരുനാഗപ്പള്ളിയിലെ സുരക്ഷിത മണ്ഡലത്തിൽ നിന്ന് തിരുവനന്തപുരം നെടുമങ്ങാട്ടെ ഉറപ്പില്ലാത്ത മണ്ഡലത്തിലേക്കാണു സി ദിവാകരൻ മാറിയത്. 2011ൽ 14,522 വോട്ടിനാണ് ദിവാകരൻ കരുനാഗപ്പള്ളിയിൽ ജയിച്ചത്. ഇക്കുറി നെടുമങ്ങാട്ടേക്കു മാറാൻ പാർട്ടി പറഞ്ഞപ്പോൾ അതനുസരിച്ച് തിരുവനന്തപുരത്തെത്തിയ ദിവാകരൻ പരാജയപ്പെടുത്തിയത് ഡെപ്യൂട്ടി സ്പീക്കർ കൂടിയായ പാലോട് രവിയെയാണ്. മുമ്പ് യുഡിഎഫിന്റെ പക്കലായിരുന്ന കരുനാഗപ്പള്ളി പിടിച്ചെടുത്ത സി ദിവാകരൻ നെടുമങ്ങാടും തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസം തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പ്രകടിപ്പിച്ചിരുന്നു. ഇതു ശരിയാകുകയും ചെയ്തു. 3621 വോട്ടിനാണു സി ഡി എന്നറിയപ്പെടുന്ന മുൻ ഭക്ഷ്യമന്ത്രി പാലോടു രവിയെ പരാജയപ്പെടുത്തിയത്.

സി ദിവാകരൻ മാറിയപ്പോൾ കരുനാഗപ്പള്ളിയിൽ മത്സരിച്ച ആർ രാമചന്ദ്രൻ വിജയം ആവർത്തിക്കുകയും ചെയ്തു. 1759 വോട്ടിന് കോൺഗ്രസിന്റെ സി ആർ മഹേഷിനെയാണ് രാമചന്ദ്രൻ തോൽപ്പിച്ചത്.

തൃശൂരിൽ മത്സരിച്ച സിപിഐ സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറാണ് കൈയടി അർഹിക്കുന്ന മറ്റൊരു സ്ഥാനാർത്ഥി. കയ്പമംഗലം എന്ന സുരക്ഷിത മണ്ഡലത്തിൽ നിന്നാണു സുനിൽ കുമാർ അത്ര ഉറപ്പില്ലാത്ത തൃശൂർ മണ്ഡലത്തിലേക്കു മാറിയത്. ചാനൽ ചർച്ചകളിൽ ഇടതുപക്ഷത്തിന്റെ സ്ഥിരം മുഖങ്ങളിലൊന്നായ സുനിൽ കുമാറിനെ തൃശൂരിൽ മത്സരിപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാൻ കാണിച്ച ധൈര്യത്തിന് സിപിഐ നേതൃത്വവും പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. കയ്പമംഗലത്ത് 2011ൽ 13,750 വോട്ടിനാണു സുനിൽ കുമാർ ജയിച്ചത്. ഇക്കുറി തൃശൂരിലെത്തിയപ്പോൾ ലീഡർ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ മറികടന്നു മണ്ഡലം പിടിച്ചെടുക്കാൻ സുനിൽകുമാറിനായി. 2011ൽ തേറമ്പിൽ രാമകൃഷ്ണൻ 16,169 വോട്ടിനു ജയിച്ച മണ്ഡലമാണ് ഇക്കുറി സുനിൽകുമാർ ഇടതുപാളയത്തിൽ എത്തിച്ചത്. ഭൂരിപക്ഷം 6987.

സുനിൽ കുമാർ എംഎൽഎയായിരുന്ന കയ്പമംഗലത്ത് ഇ ടി ടൈസനെ മത്സരിപ്പിച്ച സിപിഐ 33,400 ആയി ഭൂരിപക്ഷം ഉയർത്തുകയും ചെയ്തു. യുഡിഎഫിന്റെ മുഹമ്മദ് നഹാസിനെയാണു ടൈസൻ തകർത്തത്.

തലസ്ഥാനത്തു സി ദിവാകരനു പുറമെ ചിറയിൻകീഴിൽ വി ശശിയാണു സിപിഐ സാന്നിധ്യം. നിലവിലെ എംഎൽഎയായ ശശി ഭൂരിപക്ഷം മെച്ചപ്പെടുത്തിയാണ് സീറ്റു നിലനിർത്തിയത്. കഴിഞ്ഞ തവണ 12,225 ഭൂരിപക്ഷമുണ്ടായിരുന്ന ശശി ഇക്കുറി 14,322 ആയി ഉയർത്തി.

പുനലൂരിൽ അഡ്വ. കെ രാജു കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽ നിന്ന് 15,000ഓളം വോട്ടിന്റെ വർധന ഇക്കുറിയുണ്ടാക്കിയാണു വിജയിച്ചത്. 2011ൽ രാജുവിന്റെ ഭൂരിപക്ഷം 18,005 ആയിരുന്നു. ഇക്കുറിയത് 33,582 ആയി ഉയർന്നു.

ചടയമംഗലത്തു മുല്ലക്കര രത്‌നാകരൻ തുടർച്ചയായ വിജയങ്ങളുമായി അനിഷേധ്യ നേതാവായി മാറിക്കഴിഞ്ഞു. ഇക്കുറി യുഡിഎഫിലെ എം എം ഹസനെ തോൽപ്പിച്ചത് 21,928 വോട്ടിനാണ്. ചാത്തന്നൂരിലും ഭൂരിപക്ഷം കുത്തനെ ഉയർത്തിയ ജി എസ് ജയലാലും സിപിഐയുടെ വിജയത്തിനൊപ്പം ചേർന്നു. കഴിഞ്ഞ തവണ 12,589 വോട്ടായിരുന്നു അദ്ദേഹത്തിനു ഭൂരിപക്ഷം. ഇക്കുറിയത് 34,407 വോട്ടായി മാറി.

അടൂരിൽ ചിറ്റയം ഗോപകുമാർ കഴിഞ്ഞ തവണത്തേക്കാൾ 24,000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്. കഴിഞ്ഞ തവണ 607 വോട്ടായിരുന്നു ഗോപകുമാറിന്റെ ഭൂരിപക്ഷം. ജനങ്ങളുടെ അംഗീകാരം നേടാൻ കഴിഞ്ഞ അദ്ദേഹത്തിന് ഇക്കുറി ലഭിച്ചത് 25,324 വോട്ടിന്റെ ഭൂരിപക്ഷമാണ്. ചേർത്തലയിൽ പി തിലോത്തമനും 7196 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തി.

പീരുമേട്ടിൽ ഇ എസ് ബിജിമോൾ പരാജയപ്പെടുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും മണ്ഡലം നിലനിർത്താൻ കഴിഞ്ഞു. അതിമനോഹരമായ വിജയം നേടിയത് കന്നി അങ്കത്തിനിറങ്ങിയ എൽദോ എബ്രഹാമാണ്. മൂവാറ്റുപുഴയിൽ 9375 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽദോയുടെ മിന്നുംജയം. ജോസഫ് വാഴയ്ക്കന്റെ സിറ്റിങ് സീറ്റായ മൂവാറ്റുപുഴയിൽ അദ്ദേഹത്തിനെ പരാജയപ്പെടുത്തിയാണ് ലാളിത്യത്തിന്റെ മുഖമായ എൽദോ ഈ സീറ്റു പിടിച്ചെടുത്തത്.

ഒല്ലൂരിൽ അഡ്വ. കെ രാജനും എൽദോയെപ്പോലെ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. സിറ്റിങ് എംഎൽഎ എം പി വിൻസന്റിനെ 13,248 വോട്ടിനാണു രാജൻ പരാജയപ്പെടുത്തിയത്.

നാട്ടികയിൽ ഭൂരിപക്ഷത്തിൽ 10,000 വോട്ടിന്റെ വർധനയുണ്ടാക്കി സിറ്റിങ് എംഎൽഎ ഗീത ഗോപി സീറ്റ് നിലനിർത്തി. കഴിഞ്ഞ തവണത്തെ 16,054 വോട്ടിന്റെ ഭൂരിപക്ഷം ഇക്കുറി 26,777 ആക്കാൻ ഗീതയ്ക്കു കഴിഞ്ഞു.

ടി എൻ പ്രതാപന്റെ മണ്ഡലമായിരുന്ന കൊടുങ്ങല്ലൂർ പിടിച്ചെടുക്കാൻ ഒരു യുവനേതാവിനെയാണു സിപിഐ നിയോഗിച്ചത്. 22,791 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ആർ സുനിൽ കുമാർ ആ കർത്തവ്യം മികച്ച രീതിയിൽ നിറവേറ്റുകയും ചെയ്തു. കരുത്തനായ കെ പി ധനപാലനെയാണ് സുനിൽ അട്ടിമറിച്ചത്.

ജെഎൻയുവിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് മുഹ്‌സിനെയാണു പട്ടാമ്പിയിൽ മത്സരിക്കാൻ സിപിഐ കൊണ്ടുവന്നത്. എതിരാളിയായ സി പി മുഹമ്മദ് പണംവാരിയെറിഞ്ഞുവെന്ന ആരോപണം ഉയർന്നതൊന്നും മുഹ്‌സിന്റെ വിജയത്തിന്റെ മാറ്റുകുറച്ചില്ല. ജെഎൻയുവിലെ സുഹൃത്തായ കനയ്യ കുമാറും പട്ടാമ്പിയിൽ മുഹ്‌സിന്റെ പ്രചാരണത്തിന് എത്തിയിരുന്നു. 7404 വോട്ടിന് മണ്ഡലം സിറ്റിങ് എംഎൽഎയായ സി പി മുഹമ്മദിൽ നിന്നു മുഹ്‌സിൻ പിടിച്ചെടുത്തു.

നാദാപുരവും കാഞ്ഞങ്ങാടും നിലവിലെ എംഎൽഎമാരിലൂടെ സിപിഐ നിലനിർത്തുകയും ചെയ്തു. നാദാപുരത്ത് 4759 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇ കെ വിജയനാണു വിജയിച്ചത്. കാഞ്ഞങ്ങാട് 26,011 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇ ചന്ദ്രശേഖരനും സിപിഐക്കു നിയമസഭയിൽ ഒരംഗത്തെക്കൂടി സമ്മാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP