Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസിലെ പെൺപുലികൾ ആദ്യവട്ട സ്ഥാനാർത്ഥി ലിസ്റ്റിൽ; പതിവു മുഖങ്ങളായി ഷാനിമോളും ബിന്ദു കൃഷ്ണയും; രണ്ടാം അങ്കത്തിനൊരുങ്ങി പത്മജ; നേതാക്കളെ ചീത്തവിളിച്ചവരും കോൺഗ്രസ് ഹൈക്കമാൻ മാനദണ്ഡപ്രകാരം യോഗ്യർ

കോൺഗ്രസിലെ പെൺപുലികൾ ആദ്യവട്ട സ്ഥാനാർത്ഥി ലിസ്റ്റിൽ; പതിവു മുഖങ്ങളായി ഷാനിമോളും ബിന്ദു കൃഷ്ണയും; രണ്ടാം അങ്കത്തിനൊരുങ്ങി പത്മജ; നേതാക്കളെ ചീത്തവിളിച്ചവരും കോൺഗ്രസ് ഹൈക്കമാൻ മാനദണ്ഡപ്രകാരം യോഗ്യർ

ആലപ്പുഴ: പാളയത്തിൽ പടയൊരുക്കിയ വനിതകളെ കോൺഗ്രസ് ആദ്യവട്ട ലിസ്റ്റിൽ പരിഗണിക്കുന്നു. ഇതിൽ ഒരിക്കലും പാർലമെന്ററി ലോകം കാണാത്തവരും അതിനു ജനം അനുവദിക്കാത്തവരും ഉണ്ടെന്നുള്ളതാണ് വിചിത്രം. ഒരിക്കൽ അച്ഛൻ കെ കരുണാകരന്റെ കരുത്തിൽ പാർലമെന്ററി മോഹവുമായെത്തിയ പത്മജ സിറ്റിങ് സീറ്റ് കളഞ്ഞുകുളിച്ചാണ് പാർട്ടിയെ പരീക്ഷണത്തിന് വിധേയമാക്കിയത്. തൃശൂർ ജില്ലയിലെ മുകുന്ദപുരം എന്നും കോൺഗ്രസിന്റെ കുത്തകയായിരുന്നു. പ്രൊഫ. സാവിത്രി ലക്ഷമണൻ അവിടത്തെ സ്ഥിരം സാന്നിദ്ധ്യവും. എന്നാൽ പാവം പ്രൊഫസറെ മാറ്റിനിർത്തി മുകുന്ദപുരത്ത് പത്മജ കന്നിയങ്കം കുറിച്ചു. തോറ്റു തുന്നംപാടിയ പത്മജ പിന്നീട് കോൺഗ്രസിലെ ഒരൊറ്റ നേതാക്കന്മാരെയും വെറുതെ വിട്ടില്ല. എല്ലാവരും തന്റെ അച്ഛന്റെ തണലിൽ വളർന്നവരാണെന്നും ഇപ്പോൾ നന്ദികേട് കാട്ടിയെന്നും പത്മജ പരസ്യ പ്രസ്താവന ഇറക്കിയിരുന്നു.

ഇപ്പോൾ വീണ്ടും പത്മജയെ പാർട്ടി തൃശൂർ ജില്ലയിൽ തന്നെ പരീക്ഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഗ്രൂപ്പടിസ്ഥാനത്തിൽ തേറമ്പിൽ രാമകൃഷ്ണന്റെ സീറ്റാണ് പത്മജയ്ക്ക് ലഭിക്കുന്നത്. പിന്നെയൊരാൾ സാക്ഷാൽ ഷാനിമോൾ ഉസ്മാനാണ്. കെപിസിസി പ്രസിഡന്റിനെ നേരിട്ടു വെല്ലുവിളിച്ച പാർട്ടിയിലെ വനിതാ പുലിയെന്ന യോഗ്യതയാണ് ഷാനിമോൾക്ക് പ്ലസ് പോയിന്റ് നൽകുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് ഒരുതവണ തെരഞ്ഞെടുക്കപ്പെട്ടതൊഴിച്ചാൽ ജനപ്രതിനിധിയെന്ന നിലയിലുള്ള ഷാനി മോളുടെ പ്രവൃത്തി പരിചയം തുലോം തുഛം.

പ്രസിഡന്റിനെ തെറിവിളിച്ചതുകൊണ്ടുതന്നെ ഷാനിമോളെ എ ഗ്രൂപ്പാണ് പരിഗണിക്കുന്നത്. പക്ഷെ ഒരുകാര്യം, സ്വന്തം ജില്ലയിൽ ഷാനിമോൾക്ക് പാർട്ടി ജില്ലാ നേതൃത്വം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സീറ്റുകിട്ടിയാൽ പുറത്തെവിടെയെങ്കിലും പോയി മൽസരിച്ചോളണം. അടുത്തയാൾ ഏറെ സുപരിചിതയായ ഷാഹിദാ കമാലാണ്. കഴിഞ്ഞ ദിവസങ്ങളിൽ വാർത്താചാനലുകളിൽ നിറഞ്ഞുനിന്ന ഷാഹിദ സോണിയ ഗാന്ധി പാർട്ടിയുടെ തലപ്പത്തിരുന്നിട്ടും വനിതകൾക്ക് പ്രയോജനമില്ലെന്ന് തട്ടിവിട്ട വമ്പത്തിയാണ്.

എന്നാൽ കേന്ദ്രസർക്കാരിന്റെ രണ്ടു പ്രധാന കമ്മിറ്റികളിൽ അംഗമായിരുന്നിട്ടും പാർട്ടി ഒന്നും ചെയ്യുന്നില്ലെന്നുള്ള പരാതിയാണ് ചാനലുകൾക്ക് മുന്നിൽ പറഞ്ഞത്. എന്നാൽ പഞ്ചായത്തു മുതൽ പാർലമെന്റുവരെയുള്ള തെരഞ്ഞെടുപ്പിൽ എട്ടുനിലയിൽ പൊട്ടിയ ഷാഹിദ ഇപ്പോൾ നേതാക്കന്മാരെ പള്ളുപറയുന്നതിനിടയിലാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം കണ്ടെത്തിയിട്ടുള്ളത്. ആകെയുള്ള യോഗ്യത കാസർഗോഡ് തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചാവേറായി മാറിയതുമാത്രമാണ്.

ഇനിയുമുണ്ടൊരു വനിതാപുലി, ബിന്ദുകൃഷ്ണ. രണ്ടു വള്ളമാണ് ബിന്ദുവിന്റെ മുഖമുദ്ര. ഇപ്പോൾ കെപിസിസി പ്രസിഡന്റിന്റെ സ്വന്തം ആളായി മാറിയ ബിന്ദുവിന് ഉറപ്പുള്ള സീറ്റു നൽകാനുള്ള നെട്ടോട്ടത്തിലാണ് പ്രസിഡന്റ്. കാരണം ഉറപ്പുണ്ടെങ്കിൽതന്നെ ബിന്ദു ജയിച്ചുവരുമോയെന്നതിലേ സംശയമുള്ളു. തദ്ദേശം മുതൽ പാർലമെന്റുവരെ തോറ്റതാണ് ബിന്ദുവിന്റെയും യോഗ്യത.

പിന്നീടൊരാൾ ലതികാ സുഭാഷാണ്. ആരെയും കുറ്റം പറഞ്ഞിട്ടില്ലെങ്കിലും ആർക്കുംവേണ്ടാത്ത അവസ്ഥയാണ് ലതികയുടെത്. പക്ഷെ ലതികയും ആഞ്ഞുപിടിക്കുന്നുണ്ട് സീറ്റിനായി. ധാരണാ പട്ടികയിൽ ലതികയുണ്ടെങ്കിലും കയറിക്കൂടാൻ പറ്റുമോയെന്ന് ഉറപ്പില്ല. എന്നാൽ വനിതകൾക്ക് മുൻഗണനയുള്ള ലിസ്റ്റ് മാത്രമെ ഹൈക്കമാൻഡ് അംഗീകരിക്കുകയുള്ളുവെന്നതിനാലാണ് വീണ്ടും ഒരു പരീക്ഷണത്തിന് പാർട്ടി ഇവരെ തന്നെ പരിഗണിക്കുന്നത്. എന്നാൽ കോൺഗ്രസിൽ കരുത്തും പ്രാപ്തിയുമുള്ള അനേകം പുതുമുഖ വനിതകൾ നിലനിൽക്കുമ്പോഴും തഴയപ്പെടുകയാണെന്ന പരാതിയുണുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP