Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഇതെന്റെ അച്ഛന്റെ കർമ്മഭൂമിയാണ്.. ഞങ്ങളെ സംബന്ധിച്ച് ഇതൊരു പവിത്ര ഭൂമിയാണ്' എന്ന് ട്വിറ്ററിൽ കുറിച്ച് പ്രിയങ്ക; സഹോദരിക്കൊപ്പം ഭർത്താവ് വാധ്രയേയും അമ്മ സോണിയയേയും കൂട്ടി തകർപ്പൻ റോഡ്‌ഷോ നടത്തി അമേഠിയിൽ രാഹുലിന്റെ പത്രിക സമർപ്പണം; ന്യായ് പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തി ത്രിവർണ പതാകയ്‌ക്കൊപ്പം നീല പതാകയും അവതരിപ്പിച്ച് കോൺഗ്രസ് പ്രചരണം; ദളിത് വിഭാഗത്തെ ആകർഷിക്കാനാണ് നീലക്കൊടി കൊണ്ടുവന്നതെന്ന് ഭയന്ന് മായാവതിയും

'ഇതെന്റെ അച്ഛന്റെ കർമ്മഭൂമിയാണ്.. ഞങ്ങളെ സംബന്ധിച്ച് ഇതൊരു പവിത്ര ഭൂമിയാണ്' എന്ന് ട്വിറ്ററിൽ കുറിച്ച് പ്രിയങ്ക; സഹോദരിക്കൊപ്പം ഭർത്താവ് വാധ്രയേയും അമ്മ സോണിയയേയും കൂട്ടി തകർപ്പൻ റോഡ്‌ഷോ നടത്തി അമേഠിയിൽ രാഹുലിന്റെ പത്രിക സമർപ്പണം; ന്യായ് പദ്ധതിയുടെ വിവരങ്ങൾ രേഖപ്പെടുത്തി ത്രിവർണ പതാകയ്‌ക്കൊപ്പം നീല പതാകയും അവതരിപ്പിച്ച് കോൺഗ്രസ് പ്രചരണം; ദളിത് വിഭാഗത്തെ ആകർഷിക്കാനാണ് നീലക്കൊടി കൊണ്ടുവന്നതെന്ന് ഭയന്ന് മായാവതിയും

മറുനാടൻ ഡെസ്‌ക്‌

ലക്നൗ: ആവേശം വിതറിയ മുഹൂർത്തങ്ങൾ സമ്മാനിച്ച് യുപിയിലെ അമേഠിയിലും നാമനിർദേശ പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി. വലതുവശത്ത് റോബർട്ട് വാധ്രയും ഇടതുവശത്ത് പ്രിയങ്കാഗാന്ധിയും നിലകൊണ്ട, തുറന്ന ട്രക്കിൽ റോഡ്‌ഷോ നടത്തിയാണ് രാഹുൽ ഇന്ന് ഉച്ചയോടെ അമ്മ സോണിയാഗാന്ധിക്കും ഒപ്പമെത്തി അമേഠിയിൽ നാമനിർദേശ പത്രിക നൽകിയത്.

റോഡിന് ഇരുവശവും ആയിരക്കണക്കിന് പേരാണ് രാഹുലിനെ സ്വീകരിക്കാനെത്തിയത്. കഴിഞ്ഞ പതിനഞ്ച് വർഷമായി രാഹുൽ അമേഠിയെ പ്രതിനിധീകരിച്ചാണ് പാർലമെന്റിലെത്തിയത്. അമേഠിക്കു പുറമേ വയനാട്ടിലും രാഹുൽ മത്സരിക്കുന്നുണ്ടെന്നത് ഇക്കുറി ദേശീയ തലത്തിലും വലിയ ചർച്ചയായിരിക്കെയാണ് അമേഠിയിലും പത്രികാ സമർപ്പണം.

അതേസമയം, രാഹുലിന്റെ ഇന്നത്തെ റോഡ്‌ഷോയിൽ പുതിയ പതാക കോൺഗ്രസ് അവതരിപ്പിച്ചതും ചർച്ചയായിട്ടുണ്ട്. കുടുംബത്തോടെ പത്രികസമർപ്പിക്കാൻ രാഹുൽ എത്തിയതിന്റെ കൗതുകത്തേക്കാൾ ശ്രദ്ധേയമായത് ഈ പതാകയാണ്. കോൺഗ്രസ് പരിപാടിയിൽ ഉയർന്നുപറന്ന നീലപ്പതാകയുടെ ആശയം പ്രിയങ്കയുടേതാണെന്ന റിപ്പോർട്ടുകളും വരുന്നു.

കോൺഗ്രസിന്റെ ത്രിവർണ പതാകയ്ക്ക് പുറമെയാണ് നീല നിറത്തിലുള്ള പതാകയും ഉയർന്നത്. ഈ പതാക ഉപയോഗിച്ചത് കോൺഗ്രസിന്റെ തന്ത്രമാണെന്നാണ് വിലയിരുത്തലുകളും വരുന്നു. നീല നിറം യുപിയിൽ ദളിത് സമൂഹത്തിന്റെ പതാകയിലാണ് കാണാറുള്ളത്. എന്നാൽ കോൺഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ ന്യായ് പദ്ധതിയുടെ പരസ്യത്തിനായി ആണ് നീല പതാക ഉപയോഗിച്ചതെന്ന് നേതാക്കൾ പറയുന്നു. പതാകയിൽ രാഹുൽ ഗാന്ധിയുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ന്യായ് പദ്ധതിയുടെ പ്രധാന വിവരങ്ങളും.

പക്ഷേ, ഇത്തരമൊരു പതാക യുപിയിൽ തന്നെ കോൺഗ്രസ് അവതരിപ്പിച്ചതിന്റെ ഞെട്ടലിലാണ് മായാവതിയെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ഇവിടെ ദളിത് സമൂഹത്തെ ആകർഷിക്കാൻ നീലപതാകകൾ ഉപയോഗിക്കുന്ന മായാവതിക്ക് ഇത് തിരിച്ചടിയാകുമെന്ന ചർച്ചകളും വരുന്നു. ഉത്തർ പ്രദേശിൽ കോൺഗ്രസ് പുതിയ കുതിപ്പിനാണ് തുടക്കമിടുന്നത്. പ്രിയങ്കാ ഗാന്ധിക്ക് പ്രചരണ ചുമതല നൽകിയതുതന്നെ ഇവിടെ പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ്.

ഇതോടെ അവരുടെ നിർദ്ദേശം പരിഗണിച്ച് കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങളുടെ രത്‌നച്ചുരുക്കം രേഖപ്പെടുത്തിയ നീലപതാക ഇന്ന് പ്രചരണത്തിന് കോൺഗ്രസ് ഇറക്കിയത്. 2022ൽ യുപിയുടെ അധികാരം പിടിക്കുകയെന്നതാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ള ദൗത്യം. അതുകൊണ്ടുതന്നെ ആ ഒരു ലക്ഷ്യം വച്ചാണ് യുപിയിൽ കോൺഗ്രസ് എല്ലാ കളികളും നടത്തുന്നത്.

കോൺഗ്രസിനെ കൂട്ടാതെ ഇക്കുറി തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കുകയായിരുന്നു എസ്‌പിയും ബിഎസ്‌പിയും. ഇത് ചർച്ചയാവുകയും ചെയ്തിരുന്നു. എന്നാൽ നെഹ്‌റുകുടുംബം പരമ്പരാഗതമായി മത്സരിക്കുന്ന റായ്ബറേലിയിലും അമേഠിയിലും ഈ സഖ്യം സ്ഥാനാർത്ഥികളെ നിർത്തിയിട്ടില്ല. അഞ്ച് കോടി കുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ന്യായ് പദ്ധതി. 25 കോടി ജനങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്ന് കോൺഗ്രസ് പറയുന്നു.

മാസത്തിൽ 6000 രൂപ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് പദ്ധതി. ഇതിന്റെ പ്രചരണാർത്ഥം കൊണ്ടുവന്ന നീല പതാകയിൽ ഓരോ കുടുംബത്തിനും മാസം 6000 രൂപ, വർഷത്തിൽ 12000 രൂപ എന്നാണ് എഴുതിയിട്ടുള്ളത്. കൂടെ രാഹുൽ ഗാന്ധിയുടെ മുഖ ചിത്രവും. പുറമെ കോൺഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയും.

കോൺഗ്രസ് പ്രചാരണത്തിന് നീല പതാക ഉപയോഗിക്കുന്നത് ആദ്യമായിട്ടാണ്. സാധാരണ ദളിത് സമൂഹത്തിന്റെ പരിപാടികളിലാണ് നീല പതാക കാണാറുള്ളത്. ദളിതരെ കൂടെ നിർത്താൻ കൂടെ ഉദ്ദേശിച്ചാണ് കോൺഗ്രസിന്റെ നീക്കം. ഇതാണ് മായാവതിക്കും ആശങ്കയുണ്ടാക്കുന്നത്.

ബിഎസ്‌പിയുടെ പതാക നീല നിറത്തിലുള്ളതാണ്. കൂടാതെ ഒട്ടേറെ ദളിത് സംഘടനകൾക്കും നീല നിറത്തിലുള്ള പതാക യുപിയിലുണ്ട്. ബിഎസ്‌പിയുടെ പതാകയിൽ അവരുടെ ചിഹ്നമായ ആനയുടെ ചിത്രവും മധ്യഭാഗത്തുണ്ട്. യുപിയിലെ പ്രമുഖ ദളിത് നേതാവായ ചന്ദ്രശേഖർ ആസാദ് സഹാറൻപൂർ മണ്ഡലത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മായാവതിയുടെ നിലപാടിനോടുള്ള പ്രതിഷേധമായിട്ടാണ് ആസാദ് കോൺഗ്രസിനെ പിന്തുണയ്ക്കുന്നത്. ആസാദ് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞ വേളയിൽ പ്രിയങ്ക നേരിട്ടെത്തിയതും ചർച്ചയായിരുന്നു. ഇത്തരത്തിൽ പരമാവധി മറ്റു വിഭാഗങ്ങളെ കൂടെ നിർത്തുന്ന തന്ത്രമാണ് പ്രിയങ്കയുടെ നേതൃത്വത്തിൽ യുപിയിൽ കോൺഗ്രസ് പയറ്റുന്നത്.

കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ അമേഠിയിൽ മൂന്ന് തവണ രാഹുൽ എംപിയായിട്ടുണ്ട്. എന്നാൽ 2014ൽ എതിരാളിയായി എത്തിയ സ്മൃതി ഇറാനി ശക്തമായ പോരാട്ടം കാഴ്ചവച്ചു. ഇത്തവണയും സ്മൃതി തന്നെയാണ് രാഹുലിനെ നേരിടുന്നത്. ഇവിടെ തോൽവി പിണയുമോ എന്ന ആശങ്കയിലാണ് രാഹുൽ വയനാട്ടിലേക്ക് ഓടിപ്പോയതെന്നാണ് ഇറാനി ബിജെപി പ്രചാരണ യോഗങ്ങളിൽ പ്രധാനമായും പറയുന്നത്. കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ അമേഠി ഇത്തവണ തങ്ങൾ പിടിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാൽ അമേഠി എന്നും ഗാന്ധി കുടുംബത്തിനൊപ്പമാണെന്ന് കോൺഗ്രസ് പറയുന്നു. മെയ് ആറിനാണ് അമേഠി മണ്ഡലത്തിൽ വോട്ടെടുപ്പ്. ഫലം മെയ് 23ന് വരും.

ട്വിറ്ററിൽ വികാരാധീനയായി പ്രിയങ്ക

രാഹുൽ അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെ ട്വിറ്ററിൽ വികാരാധീനയായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറിച്ചതും ചർച്ചയായി. അമേഠിയുമായുള്ള കുടുംബ ബന്ധത്തെ കുറിച്ചായിരുന്നു ട്വീറ്റ്. 'ചില ബന്ധങ്ങൾ ഹൃദയത്തോട് ചേർന്നു നിൽക്കുന്നതാണ്. ഭായിയുടെ നാമനിർദേശ പത്രിക സമർപ്പിക്കാൻ കുടുംബം മുഴുവൻ ഒപ്പമുണ്ടായിരുന്നു. ഇതെന്റെ അച്ഛന്റെ കർമ്മഭൂമിയാണ്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു പവിത്ര ഭൂമിയാണ്' - പ്രിയങ്ക ട്വീറ്റിൽ കുറിച്ചു.

നാളെ രാവിലെ പത്തുമണിക്കാണ് ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി അമേഠിയിൽ നാമനിർദേശ പത്രിക സമർപ്പിക്കുക. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സാന്നിധ്യത്തിലാണ് സ്മൃതി ഇറാനി പത്രിക സമർപ്പിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP