Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായി കഴിഞ്ഞിരിക്കേ ഘടകകക്ഷികൾ തമ്മിലുള്ള തർക്കം പോലും തീർക്കാനാവാത്തതിന്റെ നാണക്കേടുമായി യുഡിഎഫ്; സിപിഎം സ്ഥാനാർത്ഥികളുടെ ചുവരെഴുത്തുകൾ വരെ തുടങ്ങിയപ്പോഴും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ ആരെന്ന് പോലും ആർക്കും ഉറപ്പില്ല; വേണുഗോപാലും മുല്ലപ്പള്ളിയും ഒഴികെയുള്ള സിറ്റിങ് എംപിമാരുടെ കാര്യത്തിൽ തീരുമാനം ആയതു മാത്രം മിച്ചം; അടുത്ത ആഴ്‌ച്ചയെങ്കിലും ലിസ്റ്റ് പുറത്തുവരുമെന്ന് പ്രതീക്ഷിച്ചു പ്രവർത്തകർ

എൽഡിഎഫ് സ്ഥാനാർത്ഥി നിർണയം പൂർത്തിയായി കഴിഞ്ഞിരിക്കേ ഘടകകക്ഷികൾ തമ്മിലുള്ള തർക്കം പോലും തീർക്കാനാവാത്തതിന്റെ നാണക്കേടുമായി യുഡിഎഫ്; സിപിഎം സ്ഥാനാർത്ഥികളുടെ ചുവരെഴുത്തുകൾ വരെ തുടങ്ങിയപ്പോഴും കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾ ആരെന്ന് പോലും ആർക്കും ഉറപ്പില്ല; വേണുഗോപാലും മുല്ലപ്പള്ളിയും ഒഴികെയുള്ള സിറ്റിങ് എംപിമാരുടെ കാര്യത്തിൽ തീരുമാനം ആയതു മാത്രം മിച്ചം; അടുത്ത ആഴ്‌ച്ചയെങ്കിലും ലിസ്റ്റ് പുറത്തുവരുമെന്ന് പ്രതീക്ഷിച്ചു പ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് എംഎൽഎമാരെ ഉൾപ്പെടെ കളത്തിൽ ഇറക്കി രണ്ടും കൽപ്പിച്ചുള്ള പോരാട്ടത്തിന് തയ്യാറെടുത്തിരിക്കയാണ് ഇടതു മുന്നണി. എൽഡിഎഫിലെ പ്രതിഷേധങ്ങളെ ശമിപ്പിച്ച് സിപിഎമ്മും സിപിഐയും മാത്രം സീറ്റുകൾ പങ്കിട്ടെടുക്കുകയാണ് ഉണ്ടായത്. മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തിയ ഇടതുമുന്നണി പ്രചരണ പരിപാടികളിലേക്ക് പോലും കടന്നു കഴിഞ്ഞു. എന്നാൽ മറുവശത്ത് യുഡിഎഫിലെ കാര്യങ്ങൾ അത്രയ്ക്ക് നല്ല നിലയിൽ അല്ല. മുന്നണിയിലെ സീറ്റു തർക്കങ്ങൾ പോലും പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യവും കേരളാ കോൺഗ്രസിന്റെ രണ്ടാം സീറ്റ് ആവശ്യവും തർക്കവിഷയമായി നിലനിൽക്കുന്നുണ്ട്.

ഇതിനിടെ കോൺഗ്രസിലെ സ്ഥാനാർത്ഥി നിർണയത്തിൽ പുനപരിശോധനക്കും കളമൊരുങ്ങുന്നുണ്ട്. നിലവിലെ എംപിമാർക്ക് വീണ്ടും സീറ്റു നൽകാനാണ് ഹൈക്കമാൻഡ് നിർദ്ദേശം. എന്നാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സി വേണുഗോപാൽ എന്നിവർ മത്സരിക്കണോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ഇരുവരുടെയും കാര്യത്തിൽ ഹൈക്കമാൻഡ് തന്നെയാകും തീരുമാനം കൈക്കൊള്ളുക. ഇവർ രണ്ട് പേർ മത്സരിക്കാതെ മാറി നിന്നാൽ ഈ സീറ്റുകളിലെ വിജയസാധ്യത കുറവാണ്. പി ജയരാജനെ വടകരയിൽ ഇറക്കാൻ സിപിഎം തീരുമാനിച്ചതോടെ കരുത്തനായ സ്ഥാനാർത്ഥിയെ തേടുകയാണ് കോൺഗ്രസ്. മുല്ലപ്പള്ളിക്ക് പകരം ആളെ ചിന്തിക്കാൻ പോലും കോൺഗ്രസിന് കഴിയുന്നില്ല.

ആരിഫിനെ ആലപ്പുഴയിൽ രംഗത്തിറക്കിയ സിപിഎം അട്ടിമറിയാണ് ലക്ഷ്യമിടുന്നത്. ഇവിടെ കെ സി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ മണ്ഡലം കൈവിട്ടു പോകുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്. തർക്കങ്ങളെല്ലാം തീർത്ത് അടുത്ത ആഴ്‌ച്ചയെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കാനാണ് തീരുമാനം. ശനിയാഴ്ച മുതിർന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ചർച്ചചെയ്ത് സംസ്ഥാനത്തുനിന്നുള്ള പട്ടികയ്ക്ക് അന്തിമരൂപം നൽകും. തുടർന്ന് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി കേന്ദ്ര സ്‌ക്രീനിങ് കമ്മിറ്റി ഡൽഹിയിൽ ചേരും. ഇതിലായിരിക്കും സ്ഥാനാർത്ഥികളുടെ അന്തിമതീരുമാനമുണ്ടാകുക.

ഉമ്മൻ ചാണ്ടിയുടെ കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടത്. ഇതനുസരിച്ച് പട്ടികയിൽ മാറ്റം വരാം. ഉമ്മൻ ചാണ്ടി കോട്ടയത്തോ ഇടുക്കിയിലോ മത്സരിക്കണമെന്ന ആവശ്യം ശക്തമാണ്. വ്യക്തിപരമായി താത്പര്യമില്ലെങ്കിലും മുതിർന്ന നേതാക്കൾ രംഗത്തിറങ്ങണമെന്ന നിർദ്ദേശം ഹൈക്കമാൻഡിൽനിന്നുയർന്നാൽ അദ്ദേഹത്തിന് വഴങ്ങേണ്ടിവരും. ഇടുക്കിയാണ് കോൺഗ്രസിന്റെ കൈവശമുള്ള സീറ്റ്. ഉമ്മൻ ചാണ്ടിക്ക് മത്സരിക്കാനാണെങ്കിൽ ഇടുക്കിയുമായി കോട്ടയം വെച്ചുമാറാൻ കേരള കോൺഗ്രസ് തയ്യാറാകുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

വടകരയിൽ പി. ജയരാജൻ സിപിഎം. സ്ഥാനാർത്ഥിയാകുന്നതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ അവിടെ സ്ഥാനാർത്ഥിയാകണമെന്ന ആവശ്യമുയരുന്നുണ്ട്. കെ.സി. വേണുഗോപാൽ സംഘടനാതലത്തിൽ ഭാരിച്ച ഉത്തരവാദിത്വത്തിൽ നിൽക്കുന്നതാണ് ഇതുസംബന്ധിച്ച തീരുമാനം ഹൈക്കമാൻഡിന്റെതാകുന്നത്. 9 സീറ്റിലെ സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. സിറ്റിങ് എംപിമാരുടെ കാര്യത്തിൽ സംസ്ഥാനത്തുനിന്നു പാനൽ വേണ്ടെന്നു ഹൈക്കമാൻഡ് നിർദ്ദേശിച്ചിട്ടുണ്ട്.

സിറ്റിങ് സീറ്റുകൾ: ശശി തരൂർ (തിരുവനന്തപുരം), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), കെ.സി. വേണുഗോപാൽ (ആലപ്പുഴ), ആന്റോ ആന്റണി (പത്തനംതിട്ട), കെ.വി. തോമസ് (എറണാകുളം), മുല്ലപ്പള്ളി രാമചന്ദ്രൻ (വടകര), എം.കെ. രാഘവൻ (കോഴിക്കോട്) എന്നിവർക്ക് പകരമായി സംസ്ഥാന നേതൃത്വം വേറെ പേര് നിർദ്ദേശിക്കുന്നില്ല. സംസ്ഥാനത്ത് ഹൈക്കമാൻഡ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ ചിലപ്പോൾ സിറ്റിങ് എംപി.മാരിൽ ചിലരെയങ്കിലും മാറ്റിപ്പരീക്ഷിച്ചുകൂടെന്നുമില്ല. ഹൈക്കമാൻഡ് സിറ്റിങ് എംപി.മാരെ ആരെയെങ്കിലും മാറ്റുന്നുണ്ടെങ്കിൽ പകരം പേരുകൾ അപ്പോൾ നിർദ്ദേശിക്കാമെന്നാണ് ധാരണ.

ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെ പേരാണ് സജീവമായി ഉയരുന്നത്. ഇടുക്കിയിൽ ഉമ്മൻ ചാണ്ടിക്കൊപ്പം ജോസഫ് വാഴയ്ക്കൻ, ഡീൻ കുര്യാക്കോസ് എന്നിവരുടെ പേരും ഉയരുന്നു. ചാലക്കുടിയിൽ ബെന്നി ബഹനാന് തന്നെയാണ് മുൻതൂക്കം. തൃശ്ശൂരിൽ ടി എൻ പ്രതാപന്റെ പേര് ഉയർന്നു കേൾക്കുന്നു. ഇവിടെ വി എം സുധീരനെയും രംഗത്തിറക്കാൻ നീക്കമുണ്ട്. ആലത്തൂർ മൂന്ന് പേരുകളാണ് ഉയരുന്നത്. സുനിൽ ലാലൂർ (യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി), ശ്രീലാൽ ശ്രീധർ (കെ.എസ്.യു. വൈസ് പ്രസിഡന്റ്) എന്നിവരാണ് ഇവർ.

പാലക്കാട് മണ്ഡലത്തിൽ നിലവിലെ സാഹചര്യത്തിൽ വി.കെ. ശ്രീകണ്ഠന്റെ പേരിനാണ് മുൻതൂത്തം. എന്നാൽ, ശക്തമായ മത്സരം കാഴ്‌ച്ച വെക്കാൻ വേണ്ടി ഷാഫിയെയോ ബൽറാമിനെയോ മത്സരിപ്പിക്കണം എന്ന ആവശ്യവും ഉയരുന്നുണ്ട്. വയനാട് മണ്ഡലത്തിൽ ഷാനിമോൾ ഉസ്മാൻ ഉറപ്പിച്ച അവസ്ഥയിലാണ്. വടകരയിൽ മുല്ലപ്പള്ളി ഇല്ലെങ്കിൽ ടി. സിദ്ദിഖിനാണ് കൂടുതൽ സാധ്യത. കണ്ണൂരിൽ കെ സുധാകരൻ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. കാസർകോട് സുബ്ബരായ്ക്കാണ് മുൻഗണന.

ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം എന്ന കണക്ക്കൂട്ടലുകൾ തെറ്റിക്കുന്ന രീതിയിലാണ് സിപിഎം സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നത്. സിപിഎം പട്ടിക ശക്തമാണ്. പൊന്നാനിയിലൊഴികെ എല്ലാ മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി കഴിഞ്ഞു.

ശബരിമല വിഷയവും കേന്ദ്രത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവും ഒരുമിച്ച് തിരിച്ചടി സൃഷ്ടിച്ചാൽ അത് മറികടക്കാനാണ് സിപിഎം ശക്തരായ സ്ഥാനാർത്ഥികളെ തന്നെ രംഗത്ത് ഇറക്കുന്നത്. ഘടക കക്ഷികളിൽ സിപിഐക്ക് മാത്രമാണ് സീറ്റ് നൽകിയത്. കഴിഞ്ഞ തവണ കോട്ടയം സീറ്റ് നൽകിയ ജെഡിഎസിനെ പോലും പരിഗണിച്ചില്ല. സിപിഐ അവർക്ക് ലഭിച്ച നാലിൽ രണ്ട് സീറ്റിലും സിറ്റിങ് എംഎൽഎമാരെയാണ് രംഗത്തിറക്കിയത്. സമാനമായി തന്നെയാണ് സിപിഎം പട്ടികയും പുറത്ത് വരുന്നത്. നാല് സിറ്റിങ് എംഎൽഎമാരും രണ്ട് ജില്ലാ സെക്രട്ടറിമാരും അഞ്ച് സിറ്റിങ് എംപിമാരെയുമാണ് സിപിഎം രംഗത്ത് ഇറക്കുന്നത്.

സിപിഎം സ്ഥാനാർത്ഥി പട്ടിക ഇങ്ങനെയാണ്.

1 ആറ്റിങ്ങൽ എ സമ്പത്ത്, 2 കൊല്ലം- കെഎൻ ബാലഗോപാൽ ,3 പത്തനംതിട്ട വീണ ജോർജ്ജ്,4 ആലപ്പുഴ എഎം ആരിഫ്, 5 ഇടുക്കി ജോയിസ് ജോർജ്ജ്, 6 കോട്ടയം വിഎൻ വാസവൻ ,7 എറണാകുളംപി രാജീവ് ,8 ചാലക്കുടി ഇന്നസെന്റ്, 9 പൊന്നാനി പിവി അൻവർ,(അന്തിമ തീരുമാനം പിന്നീട്) 10 മലപ്പുറം വി പി സാനു, 11 ആലത്തൂർ പി കെ ബിജു,12 പാലക്കാട് എംബി രാജേഷ് ,13 കോഴിക്കോട് എ പ്രദീപ് കുമാർ,14 വടകര പി ജയരാജൻ ,15 കണ്ണൂർ പികെ ശ്രീമതി ,16 കാസർകോട് കെപി സതീഷ് ചന്ദ്രൻ

ഇതിൽ പൊന്നാനിയിൽ മാത്രമാണ് അന്തിമ തീരുമാനമെടുക്കാത്തത്. പിവി അൻവറിന്റെ പേര് പരിഗണനിയിലുണ്ടെങ്കിലും വി അബ്ദുറഹ്മാനും എംഇഎസിന്റെ ഫസൽ ഗഫൂറും പരിഗണനിയലാണ്. നേരത്തെ മന്ത്രി കെ ടി ജലീലിന്റെ പേരും പരിഗണിച്ചിരുന്നു നിയാസ് പുളിക്കലകത്തിനേയും പരിഗണിക്കുന്നു. മുതിർന്ന നേതാക്കളെയും ജനപ്രതിനിധികളെയും മാത്രം സ്ഥാനാർത്ഥികളാക്കി കടുത്ത രാഷ്ട്രീയ പോരാട്ടം തന്നെ കാഴ്ചവയ്ക്കാനാണ് സിപിഎം തീരുമാനം. ശബരിമല വിഷയത്തിൽ നഷ്ടപ്പെടാൻ ഇടയുള്ള വോട്ടുകൾ കൂടി സ്ഥാനാർത്ഥി മികവ് കൊണ്ട് മറികടക്കാൻ ബോധപൂർവ്വ ശ്രമം സ്ഥാനാർത്ഥി പട്ടികയിൽ പ്രകടമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP