Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറ്റിങ്ങലിനും ആലപ്പുഴയ്ക്കും വയനാടിനും പുറമെ വടകരയിലും തർക്കം; എറണാകുളത്ത് കെവി തോമസിനെ വെട്ടി ഹൈബി ഈഡൻ; സിറ്റിങ് എംപിമാർക്ക് സീറ്റ് നൽകിയപ്പോൾ തന്നെ മാത്രം ഒഴിവാക്കിയത് എന്ത് തെറ്റ് ചെയ്തിട്ടെന്ന് കെവി തോമസ്; 16ൽ 12 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്; ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താനും സീറ്റ്; തരൂരും കൊടിക്കുന്നിലും സുധാകരനും രാഘവനും സ്വന്തം തട്ടകങ്ങളിൽ; തൃശൂരിൽ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനും

ആറ്റിങ്ങലിനും ആലപ്പുഴയ്ക്കും വയനാടിനും പുറമെ വടകരയിലും തർക്കം; എറണാകുളത്ത് കെവി തോമസിനെ വെട്ടി ഹൈബി ഈഡൻ; സിറ്റിങ് എംപിമാർക്ക് സീറ്റ് നൽകിയപ്പോൾ തന്നെ മാത്രം ഒഴിവാക്കിയത് എന്ത് തെറ്റ് ചെയ്തിട്ടെന്ന് കെവി തോമസ്; 16ൽ 12 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ഹൈക്കമാൻഡ്; ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താനും സീറ്റ്; തരൂരും കൊടിക്കുന്നിലും സുധാകരനും രാഘവനും സ്വന്തം തട്ടകങ്ങളിൽ; തൃശൂരിൽ പ്രതാപനും ചാലക്കുടിയിൽ ബെന്നി ബെഹനാനും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ മൂന്ന് തർക്ക മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നാളത്തേക്ക് മാറ്റി ബാക്കി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. കോൺഗ്രസ് മത്സരിക്കുന്ന 16ൽ 12 സീറ്റുകളിലാണ് തീരുമാനമായത്. ഇതിൽ ഏറ്റവും പ്രധാനമായ സ്ഥാനാർത്ഥി നിർണയം നടന്നിരിക്കുന്നത് എറണാകുളത്താണ്.

സിറ്റിങ് എംപിയും മുൻ കേന്ദ്ര മന്ത്രിയുമായ കെവി തോമസിന് കോൺഗ്രസ് സീറ്റ് നിഷേധിച്ചു എന്നതാണ് ഏറ്റവും പ്രകടമായ മാറ്റം. അതോടൊപ്പം തന്നെ സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഒരു ഘട്ടത്തിലും ഉയർന്ന് കേൾക്കാതിരുന്ന രാജ്‌മോഹൻ ഉണ്ണിത്താൻ കാസർഗോഡ് അപ്രതീക്ഷിത സ്ഥാനാർത്ഥിയാവുകയാണ്. ഇതിനൊപ്പം വയനാട് സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ലെങ്കിലും അവിടേക്ക് അപ്രതീക്ഷിതമായി കെ മുരളീധരന്റെ പേര് ഉയർന്നുവന്നിട്ടുമുണ്ട്.

കെവി തോമസിന് പകരം എറണാകുളം എംഎൽഎ ഹൈബി ഈഡനാണ് സീറ്റ് നൽകിയിരിക്കുന്നത്. അതൊടൊപ്പം തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിന് ഇടുക്കിയിൽ വീണ്ടും സീറ്റ് നൽകി. നേരത്തെ മൂന്ന് മണ്ഡലങ്ങളിലാണ് തർക്കമുണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ അത് നാലായി ഉയർന്നിരിക്കുന്നു. ആലപ്പുഴ, ആറ്റിങ്ങൽ, വയനാട് എന്നിവയ്ക്ക് പുറമെ വടകരയിലും ഇപ്പോൾ തർക്കം രൂക്ഷമാകുന്നു.

ഇന്ന് ആ മണ്ഡലത്തിലെ പ്രഖ്യാപനവും ഉണ്ടായില്ല. എറണാകുളത്ത് സീറ്റ് നിഷേധിച്ചതിൽ ദുഃഖമെന്ന് കെവി തോമസ് പ്രതികരിച്ചു. എന്ത് തെറ്റാണ് താൻ ചെയ്തത് എന്ന് മനസ്സിലാകുന്നില്ലെന്നും തോമസ് പറഞ്ഞു. എല്ലാ വികസന പ്രവർത്തനങ്ങൾക്കും മുമ്പിൽ നിന്ന തന്നെ മാത്രം സിറ്റിങ് എംപിമാരിൽ ഒഴിവാക്കിയത് എന്ത് കാരണത്തിലാണ് എന്ന് മനസ്സിലാകുന്നില്ലെന്നും തോമസ് പറഞ്ഞു.

പ്രഖ്യാപനമായ മണ്ഡലങ്ങൾ ഇവ

തിരുവനന്തപുരം: ശശി തരൂർ
മാവേലിക്കര: കൊടിക്കുന്നിൽ സുരേഷ്
പത്തനംതിട്ട: ആന്റോ ആന്റണി
ഇടുക്കി: ഡീൻ കുര്യാക്കോസ്
എറണാകുളം: ഹൈബി ഈഡൻ
ചാലക്കുടി: ബെന്നി ബെഹനാൻ,
തൃശ്ശൂർ: ടി എൻ പ്രതാപൻ,
പാലക്കാട്: വി കെ ശ്രീകണ്ഠൻ,
ആലത്തൂർ: രമ്യ ഹരിദാസ്
കോഴിക്കോട്: എം കെ രാഘവൻ,
കണ്ണൂർ: കെ സുധാകരൻ,
കാസർഗോഡ്: രാജ്‌മോഹൻ ഉണ്ണിത്താൻ

ഏതായാലും പ്രഖ്യാപനം വന്നതിന് പിന്നാലെ കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി തുടങ്ങി. ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്ന നിലപാടെടുത്ത് മുഴുവൻ ഡിസിസിയും പ്രതികരിച്ചിരിക്കുകയാണ്. ഇതോടെ വരും ദിവസങ്ങളിൽ വലിയ സംഭവങ്ങൾക്ക് കേരളത്തിൽ കോൺഗ്രസ് സാക്ഷ്യം വഹിക്കേണ്ടിവരും എ്ന്ന നിലയായി.

പ്രത്യേകിച്ചും രാഷ്ട്രീയ കൊലപാതകങ്ങൾ വലിയ ചർച്ചയായ കാസർകോട്ട് പ്രദേശത്തെ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ വേണമെന്നായിരുന്നു നിലപാട്. സുബ്ബറായിയുടെ പേര് നിർദ്ദേശിക്കപ്പെടുകയും അത് ഏതാണ്ട് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അവസാന നിമിഷം അദ്ദേഹത്തെ ഒഴിവാക്കി രാജ്‌മോഹൻ ഉണ്ണിത്താന് ഇടം നൽകിയത് വലിയ ചർച്ചയാവുകയാണ് കാസർകോട് ജില്ലയിൽ.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം കീറാമുട്ടിയായി എന്ന് വ്യക്തമാക്കുന്നതായിരുന്നു പ്രഖ്യാപനവും വൈകുന്നേരം ഉണ്ടായ പ്രതികരണങ്ങളും. വൈകുന്നേരം പ്രഖ്യാപനം ഉണ്ടാകും എന്ന് നേതാക്കൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ആറ്റിങ്ങൽ, വയനാട്, ആലപ്പുഴ എന്നീ മണ്ഡലങ്ങളിൽ തീരുമാനം എടുക്കാൻ കഴിയാത്ത വിധം തർക്കം തുടരുന്നു എന്നാണ് കേന്ദ്ര ഇലക്ഷൻ കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ പറഞ്ഞത്.

പിന്നീട് ഈ തർക്കം വടകര മണ്ഡലത്തിലേക്കും നീണ്ടു. ഇപ്പോൾ കോൺഗ്രസ് മത്സരിക്കുന്ന 16സീറ്റുകളിൽ 12ഇടത്ത് തീരുമാനമായിരിക്കുന്നു എന്നാണ് നേതാക്കൾ വ്യക്തമാകുന്നത്. ഷാനിമോൾ ഉസ്മാൻ എവിടെ മത്സരിക്കും എന്നത് സംബന്ധിച്ചാണ് ഇപ്പോൾ ആലപ്പുഴയിലും വയനാടിലും തർക്കം നിലനിൽക്കുന്നത്.

എഐസിസി പുറത്തുവിട്ട ലിസ്റ്റ് ചുവടെ

സിറ്റിങ് സീറ്റുകളായ വയനാടിലും ആലപ്പുഴയിലും തർക്കം നിലനിൽക്കുന്നു എന്നത് കേരളത്തിൽ കോൺഗ്രസിന് അത്ര ശുഭകരമായ കാര്യമായി കാണാൻ കഴിയില്ല. കോൺഗ്രസ് നേരത്തെ സ്ഥാനാർത്ഥി നിർണയത്തിൽ വളരെ വ്യക്തമായ മുൻതൂക്കമുണ്ടാകും എന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും ഇടത്പക്ഷം ശക്തമായ ലൈനപ്പ് രംഗത്തിറക്കിയതാണ് കോൺഗ്രസിന് തീരുമാനം എടുക്കാൻ കഴിയാത്ത വിധം തിരിച്ചടിയുണ്ടാക്കിയത്. വയനാട് മണ്ഡലം ഷാനിമോൾ ഉസ്മാൻ ഏകദേശം ഉറപ്പിച്ച മട്ടിലായിരുന്നു. എന്നാൽ ഇടത് പട്ടിക പുറത്ത് വന്നപ്പോൾ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയും സിറ്റിങ് എംപിയുമായ കെസി വേണുഗോപാലിന്റെ മണ്ഡലമായ ആലപ്പുഴയിൽ എഎം ആരിഫിനെ സിപിഎം രംഗത്തിറക്കി. ഇതോടെ ഡൽഹിയിലെ തിരക്ക് പറഞ്ഞ് വേണുഗോപാൽ ഒഴിഞ്ഞു. പിന്നെ വയനാടിനായി ശ്രമിച്ചെങ്കിലും അത് ലഭിച്ചില്ല. അങ്ങനെ ഷാനിമോൾ ഉസ്മാനെ ആലപ്പുഴയിലേക്ക് ഒതുക്കാൻ ശ്രമിച്ചെങ്കിലും അത് ഉണ്ടാകാതെ വന്നത് തർക്കം കൂട്ടി.

വയനാട് പരിഗണിച്ചിരുന്ന ഷാനിമോൾ ഉസ്മാനെ ആലപ്പുഴയിലേക്ക് മാറ്റി. പകരം വയനാട്ടിൽ മലപ്പുറം ഡിസിസിയിലെ നേതാവ് അബ്ദുൾ മജീദിനാണ് പരിഗണന. ലീഗിന്റെ ആവശ്യംകൂടിയായിരുന്നു അബ്ദുൾ മജീദിനെ സ്ഥാനാർത്ഥിയാക്കുക എന്നത്. ലീഗുമായി വലിയ അടുപ്പം സൂക്ഷിക്കുന്ന നേതാവ് എന്ന നിലയിൽ ലീഗിന്റെ മൂന്നാം സീറ്റെന്ന നിലയിലാണ് ലീഗ് നിർദ്ദേശിച്ച കോൺഗ്രസ് നേതാവിനെ തന്നെ പരിഗണിക്കുന്നതെന്നാണ് വിവരം. ഇത്തരത്തിൽ വയനാട് സിദ്ദിഖിന് ലഭിക്കാതിരുന്നതോടെയാണ് പകരം കാസർകോട് പരിഗണിക്കുന്നത്. ഇതിലുടക്കിയാണ് ഇപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നത്.

വയനാട് സിദ്ദിഖിന് തന്നെ കൊടുക്കണമെന്ന് ഉമ്മൻ ചാണ്ടി കടുംപിടിത്തം പിടിച്ചുവെന്നാണ് അറിയുന്നത്. എന്നാൽ മുമ്പ് എംഐ ഷാനവാസ് മത്സരിച്ച സീറ്റായതിനാൽ ഐ ഗ്രൂപ്പ് അവകാശവാദം ഉന്നയിച്ചിരുന്നു. പക്ഷേ, വയനാട് സിദ്ദിഖിന് നൽകിയാൽ പകരം ഇടുക്കി ജോസഫ് വാഴയ്ക്കന് നൽകണമെന്നായിരുന്ന ഐ ഗ്രൂപ്പിന്റെ ആവശ്യം. ഇതിനൊരു സമവായമുണ്ടാക്കാനാണ് ഇപ്പോൾ ശ്രമം തുടരുന്നത്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനെ നിശ്ചയിച്ചതോടെ സിദ്ദിഖിനെ കാസർകോട്ടേക്ക് മാറ്റാനും പകരം ലീഗിനു കൂടെ താൽപര്യമുള്ള അബ്ദുൾ മജീദിനെ വയനാട് നിർത്താനുമാണ് ഏതാണ്ട് ധാരണയായിരുന്നത്. എന്നാൽ ഇത് അപ്രതീക്ഷിതമായി മാറ്റിമറിച്ചുകൊണ്ട് ഒരു ഘട്ടത്തിലും ഉയരാത്ത പേരായ രാജ്‌മോഹൻ ഉണ്ണിത്താന് കാസർഗോഡ് സീറ്റ് നൽകിയിരിക്കുന്നു.

 കേരളത്തിന് പുറമേ ഉത്തർപ്രദേശിലെ ഏഴ് മണ്ഡലങ്ങളിലും ഛത്തീസ്‌ഗഢിലെ അഞ്ച് മണ്ഡലങ്ങളിലും അരുണാചൽ പ്രദേശിലെ രണ്ട് മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ആൻഡമാൻ നിക്കോബാറിലെ സ്ഥാനാർത്ഥി പ്രഖ്യാപനവും ശനിയാഴ്ച  പൂർത്തിയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP