Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ ഭൂരിപക്ഷങ്ങളുടെ റിക്കോർഡ് തകർത്ത് ഗോപിനാഥ് മുണ്ടെയുടെ ഇളയ മകൾ; മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ച് മൂത്ത മകൾ

ഇന്ത്യൻ ഭൂരിപക്ഷങ്ങളുടെ റിക്കോർഡ് തകർത്ത് ഗോപിനാഥ് മുണ്ടെയുടെ ഇളയ മകൾ; മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കാൻ ചരട് വലിച്ച് മൂത്ത മകൾ

പർളി: മഹാരാഷ്ട്രാ മണ്ണ് ബിജെപിക്ക് അനുകൂലമാക്കയത് ഗോപിനാഥ് മുണ്ടെയാണ്. സമൂഹത്തിലേക്ക് ഇറങ്ങി മുണ്ടെ പ്രവർത്തിച്ചപ്പോൾ മറാത്ത മണ്ണിൽ ബിജെപിക്ക് വേരുകളുണ്ടായി. ശിവസേനയെ കടത്തിവെട്ടി ഒന്നാമനുമായി. ഇതൊന്നും കാണാൻ ഗോപിനാഥ് മുണ്ടെയില്ല. നരേന്ദ്ര മോദിയുടെ കേന്ദ്ര മന്ത്രിസഭയിൽ അംഗമായി ദിവസങ്ങൾക്കുള്ളിൽ മുണ്ടെ വാഹനാപകടത്തിൽ മരിച്ചു.

ബീഡിലെ ജനത വിങ്ങലോടെയാണ് പ്രിയ നേതാവിന്റെ വിയോഗം ഏറ്റുവാങ്ങിയത്. ബീഡിൽ ഉപതെരഞ്ഞെടുപ്പുമെത്തി. വിജയം ആർക്കാകുമെന്നതിൽ സംശയവും ഇല്ലായിരുന്നു. എത്രയാകും ഭൂരിപക്ഷമെന്നതായിരുന്നു ചോദ്യം. മുണ്ടേയോടുള്ള കടപ്പാട് മറക്കാതെ റിക്കോർഡ് ഭൂരിപക്ഷം തന്നെ ബീഡ് നൽകി.

മുണ്ടെയുടെ മകൾ പ്രീതം മുണ്ടെയ്ക്കു ബീഡ് ലോക്‌സഭാ സീറ്റിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ 6.96 ലക്ഷം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ജയിച്ച് കയറിയത്. ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ പുതിയ റിക്കോർഡ്. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ആറംബാഗ് സീറ്റിൽ അനിൽ ബസു (സിപിഐ(എം)) നേടിയ 5,92,502 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

മഹായുതി സംഘം തകർന്നെങ്കിലും മുണ്ടേയോട് ശിവസേനയ്ക്ക് മതിപ്പാണ്. മുണ്ടെയുണ്ടായിരുന്നെങ്കിൽ സഖ്യം തകരില്ലായിരുന്നുവെന്ന് സേനാ നേതാവ് ഉദ്ദവ് താക്കറെ ഉറച്ച് വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ . മുണ്ടെയുടെ അപകടമരണത്തെത്തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി ശിവസേന സ്ഥാനാർത്ഥിയെ നിർത്തിയില്ല. എൻസിപിയും മുണ്ടേയെ ആദരിക്കാനായി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബീഡിൽ പ്രീതം 9.22 ലക്ഷം വോട്ട് നേടിയപ്പോൾ മുൻ മന്ത്രിയായ കോൺഗ്രസ് സ്ഥാനാർത്ഥി അശോക് പാട്ടീൽ 2.26 ലക്ഷം വോട്ട് നേടി.

നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ പർളിയിൽ പ്രീതത്തിന്റെ മൂത്ത സഹോദരി പങ്കജ മുണ്ടെ 25,895 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. 2009ലും പർളിയെ പ്രതിനിധീകരിച്ചത് പങ്കജയാണ്. ഇത്തവണ അച്ഛൻ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചതാണ്. അച്ഛനോടുള്ള സ്‌നേഹമാണ് മറാത്തയിൽ ബിജെപിക്ക് വോട്ട് കൂട്ടിയതെന്നാണ് പങ്കജയുടെ പക്ഷം. അതുകൊണ്ട മുഖ്യമന്ത്രി കസേരയാണ് നോട്ടം. ആരേയും ഭയക്കാതെ പൊതുവേദിയിൽ ഇക്കാര്യം പ്രഖ്യാപിച്ച് ചരട് വലികളും തുടങ്ങി.

നിയമസഭയിൽ ഒരുവട്ടം പൂർത്തിയാക്കിയപ്പോഴേക്കും പക്വതയുള്ള നേതാവിന്റെ ശൈലിയിലേക്കു മാറിയ മുപ്പത്തിയഞ്ചുകാരിയായ പങ്കജ, ഊർജസ്വലതകൊണ്ട് മുതിർന്ന നേതാക്കളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പങ്കജ നടത്തിയ സംഘർഷ് യാത്രയിലെ ജനപങ്കാളിത്തവും ശ്രദ്ധേയമായിരുന്നു. പിന്നാക്ക വിഭാഗമായ വൻജാരി സമുദായാംഗമായ പങ്കജ മുണ്ടെയെ മുഖ്യമന്ത്രിയാക്കണമെന്ന വാദം പ്രചാരണ വേളയിൽതന്നെ ഉയർന്നിരുന്നു.

ശിവസേനയിലാണ് പങ്കജയുടെ പ്രതീക്ഷ. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ശിവസേനയുമായി ബിജെപി സഖ്യത്തിലാകും. ഉദ്ദവ് താക്കറെയുടെ പിന്തുണയിൽ കൂട്ടുകക്ഷി സർക്കാരിന്റെ നേതൃത്വം ഉറപ്പിക്കാനാണ് നീക്കം. സഖ്യ കക്ഷി ചർച്ചകളിൽ ഉദ്ദവ് തന്നെ നേതൃസ്ഥാനത്തേക്ക് തന്നെ ഉയർത്തിക്കാട്ടണമെന്നാണ് ആഗ്രഹം. അതുണ്ടായാൽ മുഖ്യമന്ത്രി കസേര ഉറപ്പിക്കാമെന്നാണ് പ്രതീക്ഷ. ഇനി ഭരണത്തിൽ ഒന്നാമനായില്ലെങ്കിലും മറാത്തയിലെ പ്രധാന അധികാര കേന്ദ്രമായി പങ്കജ മാറുമെന്ന് ഉറപ്പ്.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP