Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ആദ്യഘട്ടത്തിലെ എതിർപ്പിനുശേഷം ഇന്നസെന്റ് കത്തിക്കയറി വരുന്നു; ചിരിച്ചും ചിന്തിപ്പിച്ചും വോട്ടുപിടിക്കുന്ന നടന് വർധിച്ച പിന്തുണ; യാക്കോബായ സഭയും കിഴക്കമ്പലവും നിർണ്ണായകമാവും; അവസാനം നടന്ന ചില സർവേകളിൽ മണ്ഡലത്തിൽ ഇടതുമുൻതൂക്കം; പരമ്പരാഗത മണ്ഡലത്തിൽ പ്രതീക്ഷ വിടാതെ ഐക്യമുന്നണിയും; യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാന്റെ പ്രചാരണത്തിനായി നേതാക്കൾ കൂട്ടത്തോടെ; എന്നിട്ടും പിടിതരാതെ ഈ മണ്ഡലം; അവസാനവട്ടത്തിൽ ചാലക്കുടി ഫോട്ടോ ഫിനിഷിലേക്ക്

ആദ്യഘട്ടത്തിലെ എതിർപ്പിനുശേഷം ഇന്നസെന്റ് കത്തിക്കയറി വരുന്നു; ചിരിച്ചും ചിന്തിപ്പിച്ചും വോട്ടുപിടിക്കുന്ന നടന് വർധിച്ച പിന്തുണ; യാക്കോബായ സഭയും കിഴക്കമ്പലവും നിർണ്ണായകമാവും; അവസാനം നടന്ന ചില സർവേകളിൽ മണ്ഡലത്തിൽ ഇടതുമുൻതൂക്കം; പരമ്പരാഗത മണ്ഡലത്തിൽ പ്രതീക്ഷ വിടാതെ ഐക്യമുന്നണിയും; യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാന്റെ പ്രചാരണത്തിനായി നേതാക്കൾ കൂട്ടത്തോടെ; എന്നിട്ടും പിടിതരാതെ ഈ മണ്ഡലം; അവസാനവട്ടത്തിൽ ചാലക്കുടി ഫോട്ടോ ഫിനിഷിലേക്ക്

പ്രകാശ് ചന്ദ്രശേഖർ

ചാലക്കുടി : മധ്യകേരളത്തിലെ പ്രധാന മണ്ഡലമായ ചാലക്കുടിയിൽ പ്രചാരണം അവസാന ഘട്ടത്തോടടുത്തപ്പോൾ ഫലം പ്രവചനാതീതം .എൽഡിഎഫ് സ്ഥാനാർത്ഥിയായി നിലവിലെ എംപിയും നടനുമായ ഇന്നസെന്റും യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹനാനും തമ്മിൽ കട്ടക്ക് കട്ട മൽസരമാണിവിടെ. അവസാനം വന്ന ചില സർവേകൾ ഇന്നസെന്റിന് മേൽക്കൈ പ്രവചിക്കുന്നത് എൽഡിഎഫിന് ആശ്വാസമാവുന്നുണ്ട്. പക്ഷേ കഴിഞ്ഞ തവണ കൈവിട്ട് പോയ തങ്ങളുടെ പരമ്പരാഗത മണ്ഡലം ഇക്കുറി തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തൽ. എൻ ഡിഎ സ്ഥാനാർത്ഥിയായി എ.എൻ രാധാകൃഷ്ണനും ഇവിടെ ജനവിധി തേടുന്നുണ്ട്. വോട്ടും വർധിപ്പിക്കാം എന്നല്ലാതെ എൻഡിഎക്ക് ഇവിടെ വിജയ പ്രതീക്ഷയില്ല. ബിജെപി സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണൻ വളരെ വൈകിയാണ് മണ്ഡലത്തിൽ പ്രചാരണത്തിനായി എത്തിയതെങ്കിലും അമിത് ഷാ വരെ പ്രചരണത്തിന് എത്തിയത് ബിജെപി ക്യാമ്പിൽ വൻ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്

2014ൽ 13884 വോട്ടുകൾക്കാണ് ഇന്നസെന്റ് കോൺഗ്രസിന്റെ മുതിർന്ന നേതാവ് പി.സി.ചാക്കോയെ ഈ മണ്ഡലത്തിൽ വീഴ്‌ത്തിയത്. എന്നും യുഡിഎഫ് ചായ് വ് പ്രകടിപ്പിച്ച മണ്ഡലമാണ് ഇത്. കഴിഞ്ഞതവണ നടൻ ഇന്നസെന്റിനെ ഇറക്കിയുള്ള പരീക്ഷണത്തിലാണ് ഇടതുമുന്നണി വിജയിച്ചത്. കഴിഞ്ഞതവണ കോൺഗ്രസിലെ ആഭ്യന്തര പ്രശനങ്ങളും എൽഡിഎഫിന് ഗുണം ചെയ്തിരുന്നു. തൃശൂർ എംപിയായ പി.സി. ചാക്കോയെ ചാലക്കുടിക്കും, ചാലക്കുടിയിലെ എംപിയായ ധനപാലനെ തൃശൂർക്കും മൽസരിപ്പിച്ചത് യുഡിഎഫിന് വൻ തിരിച്ചടിയാവുകയാണ് ഉണ്ടായത്. ഈ രണ്ടു മണ്ഡലങ്ങളിലും കോൺഗ്രസ് തോൽക്കുകയും ചെയ്തു. ഇത്തവണ അത്തരം പ്രശ്നങ്ങൾ ഇല്ലാത്തത് യുഡിഎഫിന് ഗുണകരമാണ്.

Stories you may Like

ഇടതുപ്രതീക്ഷ ട്വന്റി ട്വെന്റിയിലും യാക്കോബായ സഭയിലും

തുടക്കത്തിൽ തീർത്തും നെഗറ്റീവായ അഭിപ്രായമാണ് ഇന്നസെന്റിനെ കുറിച്ച് ഉണ്ടായിരുന്നതെങ്കിലും വളരെ പെട്ടെന്ന് അത് മറികടക്കാൻ അദ്ദേഹത്തിനും സിപിഎമ്മിനും ആയി. എൽഡിഎഫിലെ പ്രാദേശിക നേതൃത്വത്തിന് ഇന്നസെന്റിന്റെ സ്ഥാനാർത്ഥിത്വത്തോട്
തുടക്കത്തിൽ നേരിയ നീരസമുണ്ടായിരുന്നെങ്കിലും ഉന്നത നേതൃത്വം നടത്തിയ ഇടപെടലുകളിലൂടെ ഇത് ശമിപ്പിക്കാനായി. ചിട്ടയായി നടന്ന പ്രചാരണ പ്രവർത്തനങ്ങൾ മുൻപത്തെക്കാൾ ഭൂരിപക്ഷത്തിൽ സ്ഥാനാർത്ഥിയുടെ വിജയത്തിന് വഴി തുറക്കുമെന്നാണ് എൽഡി എഫ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എംപി ഫണ്ടുകൾ നൂറുശതമാനം ഉപയോഗിച്ചതും വൻ വികസന പ്രവർത്തനങ്ങളുമെല്ലാം വളരെ പെട്ടെന്ന് ജനങ്ങളിൽ എത്തിക്കാൻ സിപിഎമ്മിനായി. കഴിഞ്ഞ തവണ സ്വതന്ത്രനായി മൽസരിച്ച ഇന്നസെന്റ് ഇത്തവണ പാർട്ടി ചിഹ്്നത്തിലാണ് മൽസരിക്കുന്നത്. സ്ത്രീ വോട്ടർമാരെ വ്യക്തമായി സ്വാധീനിക്കാൻ ഇന്നസെന്റിന് കഴിഞ്ഞിട്ടുണ്ട്. ചിരിയും ചിന്തയും ഉയർത്തുന്ന കുറിക്കുകൊള്ളുന്ന പ്രസംഗങ്ങളാണ് ഇന്നസെന്റിന്റെ പ്രചാരണത്തിന്റെ ഹൈലൈറ്റ്.

ചാലക്കുടി മണ്ഡലത്തിൽ വ്യക്തമായ സ്വാധീനമുള്ള യാക്കോബായ സഭ ഇടതു മുന്നണിക്ക് അനുകൂലമായ നിലപാടിലേക്ക് നീങ്ങിയത് കോൺഗ്രസിനെ സമ്മർദ്ദത്തിലാഴ്‌ത്തിയിട്ടുണ്ട്. എറണാകുളം ജില്ലയിലെ നാലു അസംബ്ലി മണ്ഡലങ്ങൾ ഇവിടെയുണ്ട്. പെരുമ്പാവൂർ, കുന്നത്തുനാട്, ആലുവ, അങ്കമാലി എന്നിവയാണ് ഇത്. യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹന്നാനെ പരാജയപെടുത്തുന്നതിന് ശക്തമായി നിലപാടെടുത്ത് നീങ്ങുന്ന ട്വന്റി ട്വെന്റിക്ക് ഇരുപതിനായിരത്തിലധികം വോട്ടുകളുടെ വ്യക്തമായ സ്വാധീനം ഈ മണ്ഡലത്തിലുണ്ട്. മാറിയ ഈ സാഹചര്യത്തിൽ ചാലക്കുടിയിൽ വിജയം നിർണ്ണയിക്കുന്നതിൽ കിഴക്കമ്പലം ഒരു പ്രബല ഘടകമായി മാറിക്കഴിഞ്ഞു. ഈ സംഘടനയെ അധിക്ഷേപിച്ച് സംസാരിച്ചെന്ന് ആരോപണം ഉയർത്തി ബെന്നി ബെഹനാനെതിരെ കിഴക്കമ്പലത്ത് നടന്ന ഇവരുടെ പൊതുയോഗം ഈ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രവർത്തനങ്ങൾ വിലയിരുത്തുവാൻ മണ്ഡലത്തിൽ എത്തിയതും ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയും, മുൻ ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ടും പൊതുയോഗങ്ങളിൽ പ്രസംഗിച്ചതും എൽ ഡി എഫ് പ്രവർത്തകർക്ക് ആവേശമായിട്ടുണ്ട് .

ബെന്നിക്കുവേണ്ടി പ്രമുഖ നേതാക്കൾ രംഗത്ത്

തുടക്കത്തിൽ അയഞ്ഞ സമീപനം സ്വീകരിച്ചിരുന്ന ഐ ഗ്രൂപ്പ് സജീവമായത് ബെന്നി ബഹനാൻ ക്യാമ്പിൽ വിജയപ്രതീക്ഷ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. യുഡിഎഫ് കൺവീനർ കൂടിയായ ബെന്നിയുടെ പ്രചാരണപ്രവർത്തനങ്ങളുടെ കടിഞ്ഞാൺ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും നേരിട്ടാണ് നിയന്ത്രിക്കുന്നത്. ഇടക്ക് കുച്ചുദിവസം ആശുപത്രിയിൽ ആയതൊന്നും ബെന്നിയുടെ പ്രചാരണത്തെ ബാധിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ നേതൃത്യത്തിൽ മണ്ഡലത്തിൽ റോഡ് ഷോ നടത്തിയത് യുഡിഎഫ് പ്രവർത്തകരിൽ ഊർജ്ജം പകർന്നിട്ടുണ്ട്.
സാധാരണ ഇലക്ഷൻ വരുമ്പോൾ കോൺഗ്രസ് ഗ്രൂപ്പ് വഴക്കുകൾ സാധാരണയാണെങ്കിലും ഇക്കുറി ചാലക്കുടിയുടെ കാര്യത്തിൽ ഈ പ്രശ്നം ഉണ്ടായിട്ടില്ല.

ദേശീയതലത്തിൽ തന്നെ കോൺഗ്രസിന് അനുകൂലമായി ഒരു തരംഗം നിലനിൽക്കുന്നുണ്ടെന്നും ക്രിസ്ത്യൻ ന്യുനപക്ഷങ്ങളുടേത് അടക്കമുള്ള വോട്ടുകൾ യുഡിഎഫിനു വീഴുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ കണക്കുകൂട്ടൽ. എന്നാൽ ഭൂരിപക്ഷം എത്രയാവുമെന്നൊന്നും പ്രവചിക്കാൻ അവർ തയ്യാറാവുന്നില്ല. അവസാനവട്ടത്തിൽ യുഡിഎഫ് ക്യാമ്പിൽ അൽപ്പം ആശങ്കയുണ്ടെന്ന് വ്യക്തമാണ്.

വന്മരങ്ങൾ വാഴുകയും വീഴുകയും ചെയ്ത മണ്ഡലം

കോൺഗ്രസിന്റെ സമുന്നത നേതാക്കന്മാരായ പനമ്പിള്ളി ഗോവിന്ദൻ, കെ കരുണാകരൻ, പി സി ചാക്കോ ഉൾപ്പടെയുള്ളവരെ വിജയിപ്പിക്കുകയും സിപിഎം താത്വികാചാരൻ പി ഗോവിന്ദപിള്ള, ഇ എം എസിന്റെ പുത്രൻ ഇ എം ശ്രീധരൻ, മുൻ മന്ത്രി വിശ്വനാഥൻ, പത്മജ വേണുഗോപാൽ ഉൾപ്പടെയുള്ള ഉന്നതരെ പരാജയപ്പെടുത്തുകയും പഴയ മുകുന്ദപുരം പാർലമെന്റ് മണ്ഡലമാണ് ഇപ്പോഴത്തെ ചാലക്കുടി മണ്ഡലം. വലതുപക്ഷ രാഷ്ട്രീയത്തോട് ചേർന്ന് നിന്നിട്ടുള്ള മുകുന്ദപുരം മണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ റിക്കാർഡ് ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് ലോനപ്പൻ നമ്പാടൻ മുകുന്ദപുരം മണ്ഡലത്തിന്റെ അവസാന എംപി യായത്. തൃശൂർ ജില്ലയിലെ കയ്പമംഗലം , കൊടുങ്ങല്ലൂർ, ചാലക്കുടി നിയോജക മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട്, ആലുവ നിയോജക മണ്ഡലങ്ങൾ ചേർന്ന ചാലക്കുടി പാർലമെന്റ് മണ്ഡലം നിലവിൽ വന്നതിനു ശേഷം മൂന്നാമത്തെ തെരെഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത് .

ആദ്യതെരുഞ്ഞെടുപ്പിൽ സിപിഎമ്മി ലെ യുപി ജോസഫിനെ പരാജയപ്പെടുത്തി കെ.പി ധനപാലനും രണ്ടാമത്തെ തെരുഞ്ഞെടുപ്പിൽ പി.സി ചാക്കോയെ പരാജയപ്പെടുത്തി ഇന്നസെന്റും എംപി യായി. രണ്ടു മുന്നണികൾക്ക് ഓരോ പ്രാവശ്യം പിന്തുണ നൽകിയ ചാലക്കുടി മൂന്നാവട്ടം ആരെ പിന്തുണക്കും എന്ന ചിന്തയിലാണ് രാഷ്ട്രീയ ലോകം. കയ്പമംഗലം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലങ്ങൾ എൽ ഡി എഫിന് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ്. ചാലക്കുടി , അങ്കമാലി ,ആലുവ , പെരുമ്പാവൂർ ,കുന്നത്തുനാട് മണ്ഡലങ്ങൾ കോൺഗ്രസിന് മുൻതൂക്കം ഉള്ള മണ്ഡലങ്ങളാണ. കോൺഗ്രസിന് മുൻതൂക്കമുള്ള ചാലക്കുടിയിൽ എൽഡിഎഫ് എം എൽ എയാണ് നിലവിലുള്ളത്. പ്രളയത്തിൽ കാർഷിക രംഗത്തും വ്യാപാര രംഗത്തും ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ചാലക്കുടി, കാലടി, ആലുവ പ്രദേശങ്ങൾ ഉയർത്തേഴുന്നേൽപ്പിന് പെടാപ്പാടുപെടുമ്പോഴാണ് തിരഞ്ഞെടുപ്പ് വീണ്ടും പടിവാതിലിലെത്തിയിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP