Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവരക്തങ്ങളെ സ്ഥാനാർത്ഥി പട്ടികയിൽ നിറച്ച് മത്സരം പൊടിപാറിക്കാനുള്ള നീക്കത്തിനിടെ മഞ്ചേശ്വരത്ത് മാത്രം എൽഡിഎഫിൽ ഭിന്നത; സിഎച്ച് കുഞ്ഞമ്പുവിനൊപ്പം ശങ്കർ റായിയും പരിഗണനയിൽ; കോൺഗ്രസിന് കോന്നിയും വട്ടിയൂർക്കാവും കീറാമുട്ടികൾ; വട്ടിയൂർക്കാവിൽ പീതാംബര കുറുപ്പിന് സാധ്യത മങ്ങുന്നു; കെ.മുരളീധരനെ അനുനയിപ്പിക്കാൻ ശ്രമം; കോന്നിയിൽ സാമുദായിക സമവാക്യം പ്രശ്‌നം; തിരക്കിട്ട ചർച്ചകളുമായി മുതിർന്ന നേതാക്കൾ; അരൂരിൽ ബിഡിജെഎസ് ഇടഞ്ഞതോടെ എൻഡിഎയിലും അപസ്വരങ്ങൾ

യുവരക്തങ്ങളെ സ്ഥാനാർത്ഥി പട്ടികയിൽ നിറച്ച് മത്സരം പൊടിപാറിക്കാനുള്ള നീക്കത്തിനിടെ മഞ്ചേശ്വരത്ത് മാത്രം എൽഡിഎഫിൽ ഭിന്നത; സിഎച്ച് കുഞ്ഞമ്പുവിനൊപ്പം ശങ്കർ റായിയും പരിഗണനയിൽ; കോൺഗ്രസിന് കോന്നിയും വട്ടിയൂർക്കാവും കീറാമുട്ടികൾ; വട്ടിയൂർക്കാവിൽ പീതാംബര കുറുപ്പിന് സാധ്യത മങ്ങുന്നു; കെ.മുരളീധരനെ അനുനയിപ്പിക്കാൻ ശ്രമം; കോന്നിയിൽ സാമുദായിക സമവാക്യം പ്രശ്‌നം; തിരക്കിട്ട ചർച്ചകളുമായി മുതിർന്ന നേതാക്കൾ; അരൂരിൽ ബിഡിജെഎസ് ഇടഞ്ഞതോടെ എൻഡിഎയിലും അപസ്വരങ്ങൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏതുതിരഞ്ഞെടുപ്പായാലും സ്ഥാനാർത്ഥികളെ നേരത്തെ നിശ്ചയിച്ച് എതിർപാളയത്തിന് നെഞ്ചിടിപ്പുണ്ടാക്കുന്നതാണ് ഇടതമുന്നണിയുടെ സ്റ്റൈൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. ജയിച്ചത് ആരെന്നത് രണ്ടാമത്തെ ചോദ്യം. ഏതായാലും ഉപതിരഞ്ഞെടുപ്പിലും അതിന് മാറ്റമൊന്നുമില്ല. ഇത്തവണ യുവരക്തങ്ങളെ സ്ഥാനാർത്ഥി പട്ടികയിൽ നിറച്ച് ഊർജ്ജസ്വലമാക്കാൻ ഉറച്ചാണ് മുന്നണി. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും എതിരാളിയുടെ കഴിവുകേടിനെക്കാൾ സ്വന്തം മികവ് പറഞ്ഞ് ജയിക്കാനാണ് സിപിഎം ഒരുങ്ങുന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ കൃത്യത തന്നെ സിപിഎമ്മിന് നൽകിയിരിക്കുന്നത് വലിയ മുൻതൂക്കമാണ്.

ലീഗ് കോട്ടയായ മഞ്ചേശ്വരത്ത് സി.എച് കുഞ്ഞമ്പുവിനെ നിശ്ചയിച്ചതായി വാർത്ത വന്നെങ്കിലും ഇപ്പോൾ അതിൽ ചില തർക്കങ്ങൾ ഉണ്ടെന്ന് കേൾക്കുന്നു. ശങ്കർ റായിയെയും സ്ഥാനാർത്ഥി പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്തി. വയുഡിഎഫിലാകട്ടെ കോന്നിയും വട്ടിയൂർക്കാവും തന്നെയാണ് കീറാമുട്ടി. രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്നു വൈകുന്നേരം ഒരുമിച്ചിരുന്ന് ചർച്ച നടത്തി. വ്യാഴാഴ്ച മുല്ലപ്പള്ളി ലിസ്റ്റുമായി ഡൽഹിക്ക് പ എൻഡിഎയിലാകട്ടെ കടുത്ത ഭിന്നത നിലനിൽക്കുന്നു. അരൂരിൽ മത്സരിക്കാനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന് കുമ്മനം വീണ്ടും അറിയിച്ചു. അനിശ്ചിതത്വം നീക്കാൻ നാളെ ബിജെപി ഭാരവാഹി യോഗം ചേരും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇടത് മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുന്നത് സിപിഎമ്മാണ്. യുഡിഎഫിലും എൻഡിഎയിലും സ്ഥാനാർത്ഥി നിർണയത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ സ്ഥാനാർത്ഥികളെ തീരുമാനിച്ച് പ്രധാന കടമ്പ കടന്നിരിക്കുകയാണ് സിപിഎം. എന്നാൽ, മഞ്ചേശ്വരത്ത് അന്തിമ തീരുമാനം വ്യാഴാഴ്ച ചേരുന്ന സിപിഎം ജില്ലാ കമ്മിറ്റി എടുക്കും. വെള്ളിയാഴ്ച സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നടക്കും.

വട്ടിയൂർക്കാവിൽ  പീതാംബര കുറുപ്പിന് സാധ്യത മങ്ങുന്നു

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വട്ടിയൂർക്കാവിൽ സിപിഎം നടത്തുന്നത് അഭിമാന പോരാട്ടമാണ്. പാർട്ടി സംസ്ഥാന സമിതി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് പിടിക്കാനായില്ലെങ്കിൽ എന്തുണ്ടായിട്ടെന്ത് എന്നതാണ് പാർട്ടി നേതൃത്വം ചോദിക്കുന്നത്. വട്ടിയൂർക്കാവിൽ ഇത്തവണ മേയർ വി കെ പ്രശാന്തിനെ രംഗത്തിറക്കിയത് തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും വട്ടിയൂർക്കാവിൽ പാർട്ടി പ്രതീക്ഷിക്കുന്നില്ല എന്നതിന്റെ സൂചനയാണ്. മണ്ഡലത്തിന്റെ സാമുദായികഘടനയും പ്രാദേശിക ഘടകങ്ങളും അവഗണിച്ച സിപിഎം തൽകാലം മേയറുടെ വ്യക്തിപ്രഭാവത്തിൽ വിശ്വാസമർപ്പിക്കുകയാണ്. അതേസമയം, യുഡിഎഫിൽ കോൺഗ്രസിലെ കെ.മുരളീധരന്റെ നോമിനിയായ എൻ.പീതാംബര കുറുപ്പിന് പാർട്ടിയിൽ നിന്നുള്ള എതിർപ്പുകൾ തടസ്സമായി. കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ദിരാഭവനിൽ തുടങ്ങുന്നതിന് തൊട്ടുമുൻപ് സീറ്റ് വീതം വയ്ക്കൽ സംബന്ധിച്ച് പരസ്യ പ്രതിഷേധം നടന്നു. ഇന്ദിരാഭവനിൽ യോഗത്തിനെത്തിയ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ തുടങ്ങിയ നേതാക്കൾക്ക് മുന്നിലായിരുന്നു പ്രതിഷേധം. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന എൻ പീതാംബരക്കുറുപ്പിനെതിരായാണ് പ്രധാനമായും പ്രതിഷേധമുയർന്നത്.

കെപിസിസി എക്സിക്യുട്ടീവ് അഗം ശാസ്തമംഗലം മോഹനന്റെ നേതൃത്വത്തിൽ ബ്ലോക്ക് സെക്രട്ടറിമാരാണ് പ്രതിഷേധവുമായെത്തിയത്. കുറഞ്ഞപക്ഷം സ്വഭാവദൂഷ്യമില്ലാത്തയാളെയെങ്കിലും വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി നിർത്തണമെന്ന് നേതാക്കൾ ഉമ്മൻ ചാണ്ടിയോടും കെ സുധാകരനോടും ആവശ്യപ്പെട്ടു.കെ മുരളീധരനെപ്പോലെ തലയെടുപ്പുള്ള നേതാക്കളെ സീറ്റിലേക്ക് പരിഗണിക്കണമെന്നും വാദമുയർന്നു. കുറുപ്പിനെ വട്ടിയൂർക്കാവിൽ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധവുമായെത്തിയവർ പറഞ്ഞു. എതിർപ്പുകൾ പാടേ അവഗണിക്കേണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ നിലപാട്. കെ.മുരളീധരനെ ഇക്കാര്യത്തിൽ അനുനയിപ്പിക്കാനാണ് ശ്രമം. ഇതോടെ പീതാംബര കുറുപ്പിന്റെ സാധ്യത മങ്ങി. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാക്കിയാൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിവുണ്ടെന്ന് പ്രതിഷേധങ്ങൾക്ക് മറുപടിയായി പീതാംബരക്കുറുപ്പ് പ്രതികരിച്ചു. കെ.മോഹൻകുമാറിനെ പീതാംബര കുറുപ്പിന് പകരം പരിഗണിച്ചേക്കും. അതേസമയം

കോന്നിയിൽ കോൺഗ്രസിൽ തർക്കം തുടരുന്നു

അരൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐയുടെ മറ്റൊരു വൈസ് പ്രസിഡന്റുമായ മനു സി പുളിക്കനെയാണ് സിപിഎം സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. മുൻ ജില്ലാ സെക്രട്ടറി സി.ബി.ചന്ദ്രബാബു അടക്കം സാധ്യതാപട്ടികയിലുണ്ടായിട്ടും മന്ത്രി ജി.സുധാകരൻ നൽകിയ ഉറച്ച പിന്തുണയാണ് മനുവിന് തുണയായത്. പതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ എൽ.ഡി.എഫിന്റെ ഒരേയൊരു സിറ്റിങ് സീറ്റാണ് അരൂർ. പാർലമെന്റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് തൂത്തുവാരിയപ്പോഴും ആലപ്പുഴ കൂടെ നിന്നതിന്റെ ആശ്വാസമുണ്ട് ഇവിടെ സിപിഎമ്മിന്. ഒൻപത് തവണ കെ.ആർ ഗൗരിയമ്മയെ ജയിപ്പിച്ചു വിട്ട മണ്ഡലമാണ് അരൂർ. 2006 ആരിഫിലൂടെ പിന്നെ ഹാട്രിക് അടിച്ചു മുന്നേറി എൽ.ഡി.എഫ്.

അടൂർ പ്രകാശ് പതിറ്റാണ്ട് കാലം കൊണ്ടു നടന്ന കോന്നിയിലും ഒരു പുതുമുഖത്തെയാണ് സിപിഎം ഇറക്കുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജിനേഷ് കുമാറാകും ഇവിടെ സിപിഎം സ്ഥാനാർത്ഥി. എറണാകുളത്ത് ഇടതു സ്വതന്ത്രനെയാണ് സിപിഎം പരീക്ഷിക്കുന്നത്. ലത്തീൻ സമുദായംഗമായ യുവ അഭിഭാഷകൻ മനു റോയ് സ്വതന്ത്ര ചിഹ്നത്തിൽ ഇവിടെ മത്സരിക്കും. മഞ്ചേശ്വരത്ത് കന്നഡ മേഖലയിൽ സ്വാധീനമുള്ള ജയാനന്ദയുടെ പേര് സജീവമായി ചർച്ചചെയ്യപ്പെട്ടെങ്കിലും ഒടുവിൽ സിപിഎം എത്തിയത് മുൻ മഞ്ചേശ്വരം എംഎൽഎയായ സി എച്ച് കുഞ്ഞമ്പുവിലാണ്. അതേസമയം, കോൺഗ്രസിൽ സാമുദായിക സമവാക്യം പാലിക്കണമെന്ന ആവശ്യം പ്രശ്‌നമായി തുടരുന്നു. അടൂർ പ്രകാശിന്റെ നോമിനിയായ റോബിൻ പീറ്ററിനെ തള്ളാനും കൊള്ളാനും വയ്യാത്ത നിലയിലാണ് മുതിർന്ന നേതാക്കൾ. സാമുദായിക സമവാക്യം എന്ന ആവശ്യത്തിൽ ഉറച്ചുനിന്നാൽ, റോബിൻ പീറ്ററിന് തിരിച്ചടിയായേക്കും.

അഞ്ചിൽ നാലിടത്തും യുവ നേതാക്കളെ പരീക്ഷിക്കുന്ന സിപിഎം വട്ടിയൂർക്കാവിലും സിറ്റിങ് സീറ്റായ അരൂരിലും സാമുദായിക ഘടനയും അവഗണിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്നുള്ള ഗംഭീര തിരിച്ചു വരവ് ലക്ഷ്യമിട്ട് പുത്തൻ സമവാക്യങ്ങളുമായി സിപിഎം നടത്തുന്ന പരീക്ഷണത്തിൽ സിപിഎം അണികളും ആവേശത്തിലാണ്.

ഈ മാസം 29ന് വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലേയും മുപ്പതിന് അരൂർ, എറണാകുളം മണ്ഡലങ്ങളിലേയും കൺവെൻഷനുകൾ നടത്താനാണ് ഇടത് മുന്നണി യോഗത്തിന്റെ തീരുമാനം. ഇടതുമുന്നണി കൺവീനർ എ വിജയരാഘവൻ, മുഖ്യമന്ത്രി, കോടിയേരി, കാനം തുടങ്ങി മുന്നണിയുടെ പ്രധാനനേതാക്കൾ കൺവെൻഷനിൽ പങ്കെടുക്കും. അടുത്തമാസം അഞ്ചിനകം എല്ലാ മണ്ഡലങ്ങളിലേയും ബൂത്ത് തല കൺവൻഷനുകൾ നടത്താനും തീരുമാനമായിട്ടുണ്ട്.

എൻഡിഎയിൽ അപസ്വരങ്ങൾ

അരൂരിൽ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് തുഷാർ വെള്ളാപ്പള്ളി നിലപാട് സ്വീകരിച്ചത് എൻഡിഎക്ക് തിരിച്ചടിയായി. ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം എടുത്തതെന്നും തുഷാർ വെള്ളാപ്പളി പറഞ്ഞു. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ നൽകേണ്ട പരിഗണന ഘടകകക്ഷി എന്ന നിലയിൽ ബി.ഡി.ജെ.എസിന് ലഭിച്ചില്ലെന്നും കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചത് പോലെ ഇത്തവണയും മത്സരിക്കണമെന്ന് തങ്ങൾക്കില്ലെന്നും തുഷാർ കൂട്ടിച്ചേർത്തു.

ബി.ഡി.ജെ.എസ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയത്തിൽ അഭിപ്രായം ഇരുമ്പുലക്കയല്ല. എൻ.ഡി.എയുടെ ഭാഗമായി നിൽക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ അവരിൽ നിന്നും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല. ഉറപ്പുകൾ തന്നതുകൊണ്ടുമാത്രം കാര്യമില്ല. രാഷ്ട്രീയത്തിൽ മിത്രമോ ശത്രുവോ ഇല്ല. സംസ്ഥാനത്ത് എൻ.ഡി.എ സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ല. അതെല്ലാം പരിഹരിച്ച ശേഷം മാത്രം പ്രവർത്തനങ്ങളിലേക്ക് പോയാൽ മതി. അതാണ് പാർട്ടി നേതൃയോഗത്തിന്റെ തീരുമാനം. യാതൊരു ഓഫറും ലഭിച്ചത് കാരണമല്ല, അന്നത്തെ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് താൻ വയനാട്ടിൽ ലോക്‌സഭാ സ്ഥാനാർത്ഥിയായതെന്നും തുഷാർ വ്യക്തമാക്കി.

വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാട് കുമ്മനം രാജശേഖരൻ ആവർത്തിച്ചു. ആർഎസ്എസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. കോന്നിയിൽ കെ സുരേന്ദ്രനോ, ശോഭാ സുരേന്ദ്രനോ വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. എന്നാൽ, സുരേന്ദ്രനും ശോഭയും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP