Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുത്തിയപ്പോൾ നാലെണ്ണം തിരിച്ചു പിടിച്ച് എൽഡിഎഫ്; ഒമ്പത് സീറ്റുകൾ നേടി എൽഡിഎഫ് കരുത്തു തെളിയിച്ചപ്പോൾ യുഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക്; കോൺഗ്രസ് സ്ഥാനാർത്ഥിയെ തറപറ്റിച്ചു കേരള കോൺഗ്രസും ഒരു സീറ്റു നേടി

മൂന്ന് സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുത്തിയപ്പോൾ നാലെണ്ണം തിരിച്ചു പിടിച്ച് എൽഡിഎഫ്;  ഒമ്പത് സീറ്റുകൾ നേടി എൽഡിഎഫ് കരുത്തു തെളിയിച്ചപ്പോൾ യുഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപിക്ക്; കോൺഗ്രസ് സ്ഥാനാർത്ഥിയെ തറപറ്റിച്ചു കേരള കോൺഗ്രസും ഒരു സീറ്റു നേടി

തിരുവനന്തപുരം: സംസ്ഥാനത്തു നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടി ഇടതുമുന്നണി. തെരഞ്ഞെടുപ്പു നടന്ന 15 സീറ്റിൽ ഒമ്പതെണ്ണത്തിലും എൽഡിഎഫ് ജയിച്ചു. ഇതിൽ മൂന്നെണ്ണം യുഡിഎഫിന്റെയും ഒരെണ്ണം ബിജെപിയുടെയും സിറ്റിങ് സീറ്റായിരുന്നു.

നാലു സിറ്റിങ് സീറ്റിൽ പരാജയപ്പെട്ട യുഡിഎഫ് രണ്ടു വാർഡിൽ ഒതുങ്ങി. ഒരു സിറ്റിങ് വാർഡിൽ പരാജയപ്പെട്ട ബിജെപി ആകെ മൂന്നു സീറ്റാണു നേടിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി കേരള കോൺഗ്രസും ഉപതെരഞ്ഞെടുപ്പിൽ സാന്നിധ്യം അറിയിച്ചു.

പാലക്കാട് ജില്ലയിൽ രണ്ട് വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ഈ രണ്ട് വാർഡുകളും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആദ്യമായി എൽഡിഎഫ് ജയിച്ച വാർഡുകളാണ്. കണ്ണൂർ ജില്ലയിലെ ചെറുപുഴ ഗ്രാമപഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിച്ചതോടെ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമാകുമെന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്.

ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തതു കാസർകോടു ജില്ലയിലെ വാർഡാണ്. മീഞ്ച പഞ്ചായത്തിലെ പതിനൊന്നാം വാർഡായ മജിബയലിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥി പി ശാന്താരാമ ഷെട്ടി 133 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു ജയിച്ചത്. എൽഡിഎഫിന് 542 വോട്ട് ലഭിച്ചപ്പോൾ ബിജെപിയുടെ സിറ്റിങ് സീറ്റിൽ അവരുടെ സ്ഥാനാർത്ഥി ചന്ദ്രഹാസ ആൾവക്ക് 409 വോട്ടാണ് ലഭിച്ചത്. യുഡിഎഫിൽ ലീഗ് സ്ഥാനാർത്ഥിയായ ഹസൻ കുഞ്ഞിക്ക് 17 വോട്ട് ലഭിച്ചു. 1182 വോട്ടർമാരിൽ 975 പേർ വോട്ട് ചെയ്തു. ബിജെപിയിലെ യശോദ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർത്ഥിക്കായി കർണാടകയിലെ നളിൻകുമാർ കട്ടീൽ എംപി, അങ്കാറ എംഎൽഎ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ തുടങ്ങിയ പ്രമുഖ നേതാക്കൾ സ്ഥലത്ത് തമ്പടിച്ച് പ്രചാരണം നടത്തിയിരുന്നു.

തിരുവനന്തപുരം ജില്ലയിൽ കരകുളം ഗ്രാമപഞ്ചായത്ത് കാച്ചാണി വാർഡിൽ, എൽഡിഎഫിലെ സി വികാസ് 585 വോട്ടിന് വിജയിച്ചു. ബിജെപിയിലെ പി സജികുമാർ രണ്ടാം സ്ഥാനത്തും യുഡിഎഫിലെ ഡിസിസി അംഗം കാച്ചാണി രവി മൂന്നാമതും എത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ എം 219 വോട്ടിനാണ് ഇവിടെ ജയിച്ചത്.

പരേതയായ മുൻ കൗൺസിലറുടെ കത്തിന്റെ പേരിൽ വിവാദത്തിലായ കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെ തേവള്ളി വാർഡിൽ ബിജെപിയിലെ ബി ഷൈലജ വിജയിച്ചു. ബിജെപിയിലെ കോകില എസ് കുമാറിന്റെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. കോകിലയുടെ അമ്മയാണ് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ബി ഷൈലജ. സിപിഐ എമ്മിലെ എൻ എസ് ബിന്ദുവായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ആർഎസ്‌പിയിലെ എസ് ലക്ഷ്മി (യുഡിഎഫ്)യും കോൺഗ്രസിലെ ഗീത ദേവകുമാറും (യുഡിഎഫ് സ്വതന്ത്ര) മത്സരിച്ചിരുന്നു.

പത്തനംതിട്ട റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കണ്ണങ്കര വാർഡിൽ ബിജെപിയിലെ തങ്കപ്പൻ പിള്ള വിജയിച്ചു. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥിയായി ജയിച്ച പ്രകാശിന് തലച്ചോറിനുണ്ടായ രോഗബാധയെ തുടർന്ന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല.

ആലപ്പുഴ ജില്ലയിൽ രണ്ടു ഗ്രാമപഞ്ചായത്ത് വനിതാ സംവരണ ഡിവിഷനുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ടും എൽഡിഎഫ് വിജയിച്ചു. ഇതിൽ കൈനകരി പഞ്ചായത്ത് രണ്ടാം വാർഡ് ചെറുകാലികായലിൽ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞതവണ യുഡിഎഫ് ഉൾപ്പെട്ട വികസനമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ചു ജയിച്ച ടിന്റുമോൾ സർക്കാർ ജോലി കിട്ടിയതിനെതുടർന്നു രാജിവച്ച ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു നടന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി അനിതാ പ്രസാദാണ് വിജയി. യുഡിഎഫിലെ രമാദേവിയായിരുന്നു സ്ഥാനാർത്ഥി.

പുറക്കാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡായ ആനന്ദേശ്വരം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി നിജ അനിൽകുമാർ യുഡിഎഫിലെ മിനി സുധീഷിനെ തോൽപ്പിച്ചു.
എൽഡിഎഫിലെ സിപിഐ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സുധാമണി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർത്ഥി പ്രിൻസി ഗോപകുമാറും മത്സരിച്ചിരുന്നു.

കോട്ടയം മുത്തോലി ഗ്രാമപഞ്ചായത്ത് തെക്കുംമുറി- പട്ടികജാതി സംവരണ വാർഡിലാണു കേരള കോൺഗ്രസ് (മാണി) സ്ഥാനാർത്ഥി വിജയിച്ചത്. എൽഡിഎഫിലെ രാജൻ ബോസിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ചതുഷ്‌കോണ മത്സരമായിരുന്നു. കേരള കോൺഗ്രസ് (മാണി) യുഡിഎഫ് വിട്ടതിനുശേഷം നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പായിരുന്നു ഇത്. കേരള കോൺഗ്രസി (എം) ലെ പി ആർ ശശിയാണ് വിജയിച്ചത്. കോൺഗ്രസിലെ സി പി രാജുവും എൽഡിഎഫ് സ്ഥാനാർത്ഥിയായി സി ജി ബാബുവും മത്സരിച്ചിരുന്നു.

എറണാകുളം കുവപ്പടി ഗ്രാമപഞ്ചായത്ത് കൂവപ്പടി സൗത്ത് വാർഡ് ബിജെപി കുറഞ്ഞ ഭൂരിപക്ഷത്തിൽ നിലനിർത്തി. ബിജെപിയിലെ അഭിലാഷ് മാധവൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹരിദാസ് നാരായണനാണ് വിജയി. യുഡിഎഫിലെ പി വി മനോജ് രണ്ടാമതെത്തി. എൽഡിഎഫിലെ കെ അഭിമന്യു മൂന്നാമതായി. കഴിഞ്ഞ തവണ ബിജെപിക്ക് 177 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായി. ഇക്കുറി അത് 70 ആയി കുറഞ്ഞു.

പാലക്കാട് മങ്കര പഞ്ചായത്തിലെ എട്ടാംവാർഡ്, മങ്കര റെയിൽവേ സ്റ്റേഷൻ വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഡിവൈഎഫ്‌ഐ നേതാവ് വി കെ ഷിബുവാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്. കോൺഗ്രസിലെ കെ കെ ധൻ മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. കോൺഗ്രസിന്റെ കോട്ടയാണ്. യുഡിഎഫിലെ വി എം നൗഷാദും ബിജെപിയിലെ ഷജിലുമാണ് മത്സരിച്ചത്.

കോട്ടോപ്പാടം പഞ്ചായത്തിലെ ഏഴാംവാർഡായ അമ്പാഴക്കോട് യുഡിഎഫിലെ ലീഗ് സ്ഥാനാർത്ഥി ഗഫൂർ കോൽക്കളത്തിൽ വിജയിച്ചു. എൽഡിഎഫ് സ്വതന്ത്രനായിരുന്ന പറമ്പത്ത് യൂസഫ് മരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. പറമ്പത്ത് ആഷിക്കായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 116 വോട്ടായിരുന്നു. അന്ന് യുഡിഎഫിൽ നിന്ന് വാർഡ് പിടിച്ചെടുത്തതാണ്.

തെങ്കര പഞ്ചായത്തിലെ 14-ാംവാർഡ് പുഞ്ചക്കോട് യുഡിഎഫ് സ്ഥാനാർത്ഥി സി ഉഷ വിജയിച്ചു. എൽഡിഎഫിലെ കെ ഉഷ സർക്കാർ ജോലി കിട്ടി രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. 61 വോട്ടിനാണ് കോൺഗ്രസിന്റെ കുത്തകയായിരുന്ന വാർഡ് പിടിച്ചെടുത്തത്. എ ഇന്ദിരയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥിയായി ശ്രീജയും മത്സരരംഗത്തുണ്ടായിരുന്നു.

കോഴിക്കോട് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മറിയപ്പുറം വാർഡിൽ റംല ചോലയ്ക്കലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ചത്. ജയിച്ച സിപിഐ എം സ്ഥാനാർത്ഥി രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ്. യുഡിഎഫിൽ കോൺഗ്രസിൽ നിന്ന് സുഹ്‌റയും ലീഗിൽ നിന്ന് റയ്ഹാനത്തും മത്സരിച്ചിരുന്നു.

കണ്ണൂർ ജില്ലയിൽ ഉപതെരെഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും എൽഡിഎഫ് വിജയിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് മൊട്ടമ്മൽ വാർഡിൽ സിപിഐ എമ്മിലെ യു മോഹനൻ വിജയിച്ചു. യുഡിഎഫിലെ കെ വിജയനെയാണ് തോൽപ്പിച്ചത്.എൽഡിഎഫിലെ എ ലക്ഷ്മണന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

ചെറുപുഴ ഗ്രാമപഞ്ചായത്ത് രാജഗിരി വാർഡിൽ എൽഡിഎഫിലെ ലാലി തോമസ് വിജയിച്ചു. ഇതോടെ പഞ്ചായത്തിൽ യുഡിഎഫിന് ഭരണം നഷ്ടമാകും. കോൺഗ്രസിലെ വത്സ ജായിസിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിലെ ഷൈനി റോയിയെയാണ് തോൽപ്പിച്ചത് .കേരള കോൺഗ്രസ് (എം)- ലിജി സെബാസ്റ്റ്യനും ഇവിടെ പ്രത്യേകം മത്സരിച്ചിരുന്നു.

പിണറായി ഗ്രാമപഞ്ചായത്ത് പടന്നക്കര വാർഡിൽ എൽഡിഎഫിലെ എൻ വി രമേശൻ വിജയിച്ചു .999 വോട്ടാണ് ഭൂരിപക്ഷം. രമേശന് 1056 വോട്ടും ബിജെപിക്ക് 57 വോട്ടും കോൺഗ്രസിന് 39 വോട്ടും കിട്ടി. ബിജെപിയിലെ ഇ ജയദീപനും യുഡിഎഫിലെ സുജിത് കുമാറുമാണ് മത്സരിച്ചത്. എൽഡിഎഫിലെ പി രവീന്ദ്രന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP