Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചിടങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം പൂർത്തിയായി; നാളെ സൂക്ഷ്മപരിശോധന; നാമനിർദ്ദേശ പത്രിക പിൻവലിക്കാവുന്ന അവസാന തീയതി ഒക്ടോബർ മൂന്ന്; കേരളം വീണ്ടും തെരഞ്ഞെടുപ്പ് പോരാട്ട ചൂടിൽ

അഞ്ചിടങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം പൂർത്തിയായി; നാളെ സൂക്ഷ്മപരിശോധന; നാമനിർദ്ദേശ പത്രിക പിൻവലിക്കാവുന്ന അവസാന തീയതി ഒക്ടോബർ മൂന്ന്; കേരളം വീണ്ടും തെരഞ്ഞെടുപ്പ് പോരാട്ട ചൂടിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള പത്രികാസമർപ്പണം പൂർത്തിയായി. വട്ടിയൂർക്കാവ്, കോന്നി, അരൂർ, മഞ്ചേശ്വരം, എറണാകുളം, എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. പത്രികാ സമർപ്പണം പൂർത്തിയായതോടെ വീണ്ടുമൊരു പോരാട്ടച്ചൂടിലേക്ക് നീങ്ങുകയാണ് സംസ്ഥാനം.

നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാനദിനമായ ഇന്നാണ് പ്രമുഖസ്ഥാനാർത്ഥികളെല്ലാം തന്നെ പത്രിക സമർപ്പിച്ചത്. വട്ടിയൂർക്കാവിൽ ഇടത് സ്ഥാനാർത്ഥി വികെ പ്രശാന്തും, യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാറും ബിജെപി സ്ഥാനാർത്ഥി എസ് സുരേഷും ഉച്ചയോടെ പത്രിക നൽകി. കെ കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് യുഡിഎഫ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചത്. മണ്ഡലത്തിലെ മുൻ എംഎൽഎ കെ.മുരളീധരൻ സമർപ്പണത്തിനായി എത്തിയിരുന്നില്ല. വട്ടിയൂർക്കാവിൽ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന് പത്രിക നൽകിയ ശേഷം ബിജെപി സ്ഥാനാർത്ഥി എസ്.സുരേഷ് പ്രതികരിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്തെത്തുമെന്നും എസ്. സുരേഷ് പറഞ്ഞു.

കോന്നിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാറാണ്. പി മോഹൻ രാജ് യുഡിഎഫ്, കെ സുരേന്ദ്രൻ എൻഡിഎ. അരൂരിൽ മനു സി പുളിക്കൽ എൽഡിഎഫിനായും ഷാനിമോൾ ഉസ്മാൻ യുഡിഎഫിനായും കെപി പ്രകാശ് ബാബു എൻഡിഎക്കായും മത്സരിക്കും. എറണാകുളത്ത് മനു റോയ് എൽഡിഎഫ് സ്ഥാനാർത്ഥി. ടിജെ വിനോദ് യുഡിഎഫ്, സിജി രാജഗോപാൽ എൻഡിഎ. മഞ്ചേശ്വരത്ത് എം ശങ്കർ റെയാണ് എൽഡിഎഫിനായി കളത്തിൽ. എംസി ഖമറുദ്ദീൻ യുഡിഎഫ് സ്ഥാനാർത്ഥിയും രവീശതന്ത്രി കുണ്ടാർ എൻഡിഎയ്ക്കായും മത്സരിക്കും.

അടൂർ പ്രകാശ് അയഞ്ഞതോടെ കോന്നിയെച്ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കം ഒത്തുതീർന്നെങ്കിലും വട്ടിയൂർക്കാവിനെച്ചൊല്ലി ബിജെപിയിലെ തർക്കം വരും ദിവസങ്ങളിലും രാഷ്ട്രീയപ്പോരിന് വഴി വയ്ക്കാനാണ് സാധ്യത. പത്രികകളുടെ സൂക്ഷ്മപരിശോധന ഒക്ടോബർ 1 രാവിലെ 11ന് ആരംഭിക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാവുന്ന അവസാന തീയതി ഒക്ടോബർ മൂന്ന് ആണ്. നാലാം തീയതി സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP