Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആംആദ്മിയെ തോൽപ്പിച്ചത് ഖാലിസ്ഥാൻ വാദിയായ മുൻ ഐപിഎസുകാരൻ; ലോക്‌സഭയിൽ ആംആദ്മിക്ക് ഇനി അംഗമില്ല; ത്രിപുരയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്; ക്ഷീണം സിപിഎമ്മിനും; യുപിയിൽ അഖിലേഷിനെ തകർത്തത് മായാവതി; ബിജെപി ചർച്ചയാക്കുന്നത് 'യോഗി മാജിക്ക്'; ഉപതെരഞ്ഞെടുപ്പിൽ നിറയുന്നത് അപ്രതീക്ഷിത അട്ടിമറികൾ

ആംആദ്മിയെ തോൽപ്പിച്ചത് ഖാലിസ്ഥാൻ വാദിയായ മുൻ ഐപിഎസുകാരൻ; ലോക്‌സഭയിൽ ആംആദ്മിക്ക് ഇനി അംഗമില്ല; ത്രിപുരയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്; ക്ഷീണം സിപിഎമ്മിനും; യുപിയിൽ അഖിലേഷിനെ തകർത്തത് മായാവതി; ബിജെപി ചർച്ചയാക്കുന്നത് 'യോഗി മാജിക്ക്'; ഉപതെരഞ്ഞെടുപ്പിൽ നിറയുന്നത് അപ്രതീക്ഷിത അട്ടിമറികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫല വിശകലനത്തിൽ ബിജെപിക്കും കോൺഗ്രസിനും അശ്വസിക്കാനുള്ള കണക്കുകൾ ഏറെയുണ്ട്. എന്നാൽ ആംആദ്മിയും സമാജ് വാദി പാർട്ടിയും നിരാശയിലാണ്. എസ് പിയും ബി എസ് പിയും ഭിന്നിച്ചു നിന്നാൽ യുപിയിൽ ബിജെപി വലിയ നേട്ടമുണ്ടാക്കുമെന്നതിന്റെ സൂചനയാണ് യുപിയിലെ ഫലം. പഞ്ചാബിൽ പ്രാദേശിക നേതാവിനോട് ആംആദ്മി തോറ്റു. ഡൽഹിയിൽ വിജയത്തിലും വോട്ട് കുറഞ്ഞു. ത്രിപുരയിൽ കോൺഗ്രസിന് അപ്രതീക്ഷിത ജയം. സിപിഎമ്മിന്റെ കോട്ടയിൽ ബിജെപിയും കോൺഗ്രസും മത്സരിക്കുകയാണ് ഉപ്പോൾ.

ലോക്‌സഭയിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന പഞ്ചാബിലെ സാംഗ്രൂരിൽ ശിരോമണി അകാലി ദൾ (അമൃത്‌സർ) നേതാവും ഖാലിസ്ഥാൻ വാദിയുമായ സിമ്രൻജിത് സിങ് മാനിന്റേത് അപ്രതീക്ഷ ജയമാണ്. നേരത്തെ സാംഗ്രുരിൽ നിന്നുതന്നെ 2 തവണ ലോക്‌സഭാംഗമായിട്ടുള്ള സിമ്രൻജിത് സിങ് മാന് ഇത് പുതിയ പ്രതീക്ഷയാണ്. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സാംഗ്രൂരിൽ മത്സരിച്ചപ്പോൾ 4.37% വോട്ടു മാത്രം നേടിയ മാൻ ഇത്തവണ 35.6% വോട്ടുകൾ നേടിയാണ് വിജയിച്ചത്.

2019ൽ ഇവിടെ 27.43% വോട്ടുനേടിയ കോൺഗ്രസിന് ഇത്തവണ കെട്ടിവെച്ച കാശ് നഷ്ടമായി. ശിരോമണി അകാലിദൾ, ബിജെപി പാർട്ടികൾ സഖ്യമില്ലാതെയാണ് മത്സരിച്ചത്. അവർക്കും കെട്ടിവെച്ച കാശ് നഷ്ടമായി. ആംആദ്മി പാർട്ടിക്ക് കഴിഞ്ഞതവണത്തേക്കാൾ കുറഞ്ഞത് 3% വോട്ട്. തങ്ങൾക്കെതിരെ മറ്റു പാർട്ടികൾ ഒന്നിച്ചു എന്നാണ് ആംആദ്മി പാർട്ടി ആരോപിക്കുന്നത്. ഏതായാലും പഞ്ചാബിലെ തോൽവി ആംആദ്മിയെ ഞെട്ടിച്ചിട്ടുണ്ട്. പഞ്ചാബിൽ എഎപി നേതാവ് ഭഗവന്ത് മാൻ മുഖ്യമന്ത്രിയായതിനെത്തുടർന്നു ലോക്‌സഭാംഗത്വം രാജിവച്ച സാംഗ്രൂർ സീറ്റിൽ ശിരോമണി അകാലിദൾ ( അമൃത്സർ ) വിഭാഗത്തിന്റെ നേതാവിന്റെ ജയം. ഖലിസ്ഥാൻ വാദിയായ സിമ്രൻജിത് സിങ് മാൻ മുൻ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇതോടെ, ലോക്‌സഭയിൽ എഎപിക്ക് അംഗമില്ലാതെയായി.

ത്രിപുരയിൽ കോൺഗ്രസ് അപ്രതീക്ഷിതമായി അക്കൗണ്ട് തുറന്നു. 'ധൂർത്തപുത്രൻ' എന്ന് വിളിപ്പേരുള്ള സുദീപ് റോയ് ബർമൻ അഗർത്തലയിൽ ജയിച്ചതോടെ നിയമസഭയിൽ കോൺഗ്രസിന് അംഗമായി. മുൻ മുഖ്യമന്ത്രി സമീർ ബർമന്റെ മകനായ സുദീപ് കോൺഗ്രസിൽനിന്ന് തൃണമൂലിലേക്കു പോയി, അവിടെ നിന്ന് ബിജെപിയിലേക്കും. ബിജെപി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്ന ബർമൻ ഫെബ്രുവരിയിലാണ് കോൺഗ്രസിലേക്കു മടങ്ങിയത്. ഇതിനൊപ്പം ത്രിപുരയിലെ എല്ലാ സീറ്റിലും സിപിഎം പിന്നിൽ പോയി. നിയമസഭയിലെ അംഗ ബലവും കുറഞ്ഞു.

ത്രിപുര മുഖ്യമന്ത്രി മണിക് സാഹയ്ക്ക് ടൗൺ ബർദോവാലി മണ്ഡലത്തിൽ 51.63% വോട്ട് നേടിയാണ് ജയിച്ചത്. സുദീപ് ബർമനൊപ്പം ബിജെപിയിൽനിന്ന് കോൺഗ്രസിലേക്കു മടങ്ങിയ ആശിഷ് സാഹയെയാണ് മണിക് സാഹ പരാജയപ്പെടുത്തിയത്. സുർമയിൽ ബിജെപി സീറ്റ് നിലനിർത്തിയെങ്കിലും വോട്ടിൽ 9% കുറവുണ്ട്. ഇവിടെ കോൺഗ്രസ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ബാബുറാം സത്‌നാമി 30% വോട്ട് നേടിയപ്പോൾ സിപിഎം മൂന്നാമതായി. ജുബരാജ്‌നഗർ സീറ്റ് സിപിഎമ്മിൽനിന്ന് ബിജെപി പിടിച്ചെടുത്തു. 2018ൽ സിപിഎം 48.90% വോട്ട് നേടിയ മണ്ഡലത്തിൽ ബിജെപിക്ക് ഇത്തവണ 51.83% വോട്ട്. നിയമസഭയിൽ സിപിഎം അംഗബലം 15 ആയി കുറഞ്ഞു.

ഉത്തർ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിന്റെ തുടർച്ചയാണ് അസംഗഡ്, റാംപുർ ലോക്‌സഭാ മണ്ഡലങ്ങളിൽ കണ്ടത്. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് 2019ൽ 60% വോട്ട് നേടിയ അസംഗഡിൽ ബിജെപി ഇത്തവണ 34.34% വോട്ട് മാത്രം നേടിയിട്ടും വിജയിച്ചു. ഇതിന് കാരണം ബിഎസ്‌പിയാണ് സമാജ്വാദിക്ക് 33.44% വോട്ട്, ബിഎസ്‌പിക്ക് 29.27%. രണ്ടു പേരും ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ചു. അതുകൊണ്ട് തന്നെ എസ് പി കോട്ടയിൽ ബിജെപി ജയിക്കുകയും ചെയ്തു. കഴിഞ്ഞ തവണ സമാജ്വാദിയുടെ അസം ഖാൻ 52.71% വോട്ട് നേടിയ റാംപുരിൽ ഇത്തവണ ബിജെപിക്ക് 52% വോട്ട്. അഖിലേഷും അസം ഖാനും നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലോക്‌സഭാംഗത്വം രാജിവച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

ഡൽഹിയിലെ രജീന്ദർ നഗർ നിയമസഭാ മണ്ഡലത്തിൽ ആം ആദ്മിയുടെ സ്ഥാനാർത്ഥി ജയിച്ചെങ്കിലും 2020നെ അപേക്ഷിച്ച് വോട്ടിൽ ഏകദേശം 2% കുറവുണ്ടായി. രണ്ടാമതെത്തിയ ബിജെപിക്ക് വോട്ട് 2% കൂടി, കോൺഗ്രസിന്റെ വോട്ട് 3941ൽനിന്ന് 2014 ആയി കുറഞ്ഞു. ആന്ധ്രയിലെ അത്മകുറിൽ വൈഎസ്ആർസിപി എംഎൽഎ: എം.ഗൗതം റെഡ്ഡി മരിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഗൗതമിന്റെ സഹോദരനാണ് വിജയിച്ച എം.വിക്രം റെഡ്ഡി.

ഝാർഖണ്ഡിലെ ഗോത്ര വർഗ സംവരണ മണ്ഡലമായ മന്ധറിൽ 2019ൽ ജയിച്ച ജാർഖണ്ഡ് വികാസ് മോർച്ച (ജെവി എം) സ്ഥാനാർത്ഥി ബന്ധു ടിർക്കി അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകൾ ശിൽപി നേഹ ടിർക്കിയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. ജെഎംഎം സഖ്യത്തിന്റെ പൊതുസ്ഥാനാർത്ഥിയായി ആണ് കോൺഗ്രസ് മത്സരിച്ചത്. 2019ലെ തിരഞ്ഞെടുപ്പിൽ 8440 വോട്ടുമായി 5ാം സ്ഥാനത്തായിരുന്നു കോൺഗ്രസ്; ഇത്തവണ 95,486 വോട്ട് (43.89%) നേടി വിജയിച്ചു. ബിജെപിയാണ് രണ്ടാം സ്ഥാനത്ത് 33% വോട്ട്. സിപിഎമ്മാണ് 6.41% വോട്ടുമായി മൂന്നാമത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP