Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; ഏക എംപി സീറ്റ് നഷ്ടമായി; ഭഗവന്ത് മൻ രാജിവെച്ച സംഗ്രൂർ പിടിച്ച് അകാലിദൾ; യുപിയിൽ എസ് പിയുടെ ശക്തികേന്ദ്രങ്ങൾ തകർത്ത് ബിജെപി; അസംഘഡിൽ അട്ടിമറി വിജയം; ത്രിപുരയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റടക്കം തൂത്തുവാരി ബിജെപി

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; ഏക എംപി സീറ്റ് നഷ്ടമായി; ഭഗവന്ത് മൻ രാജിവെച്ച സംഗ്രൂർ പിടിച്ച് അകാലിദൾ; യുപിയിൽ എസ് പിയുടെ ശക്തികേന്ദ്രങ്ങൾ തകർത്ത് ബിജെപി; അസംഘഡിൽ അട്ടിമറി വിജയം; ത്രിപുരയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റടക്കം തൂത്തുവാരി ബിജെപി

ന്യൂസ് ഡെസ്‌ക്‌

ഛണ്ഡീഗഢ്: അട്ടിമറി ജയത്തിലൂടെ പഞ്ചാബിൽ അധികാരം പിടിച്ച ആംആദ്മി പാർട്ടിക്ക് ഉപതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. പാർട്ടിയുടെ ഏക എംപി സീറ്റ് നഷ്ടമായി. അധികാരത്തിലേറി ആറ് മാസം പിന്നിടുംമുമ്പാണ് ആംആദ്മി പാർട്ടി തിരിച്ചടി നേരിട്ടത്. മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ രാജിവെച്ച സംഗ്രൂർ ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എഎപിയെ ഞെട്ടിച്ച് ശിരോമണി അകാലിദൾ (അമൃത്സർ) വിജയം നേടി. ശിരോമണി അകാലിദൾ (അമൃത്സർ) പാർട്ടിയുടെ അധ്യക്ഷൻ കൂടിയായ സിമ്രഞ്ജിത് സിങ് മൻ ആണ് 5822 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചത്.

മണ്ഡലത്തിലെ എംപിയായിരുന്ന ഭഗവന്ത് മൻ രാജിവച്ച് മുഖ്യമന്ത്രിയായതോടെയാണ് സംഗ്രൂരിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. എഎപിക്കായി മത്സരിച്ച ഗുർമയിൽ സിങ് രണ്ടാമതെത്തി. കോൺഗ്രസിന്റെ ദൽവിർ സിങ് ഗോൽദി മൂന്നാമതും ബിജെപിയുടെ കേവൽ സിങ് ധില്ലൻ നാലാമതും ഫിനിഷ് ചെയ്തു. മികച്ച വിജയമാണെന്നും സന്തോഷമുണ്ടെന്നും സിമ്രൻജിത് മാധ്യമങ്ങളോട് പറഞ്ഞു.

2019-ലെ തിരഞ്ഞെടുപ്പിൽ ഭഗവന്ത് മൻ ഇവിടെ നിന്ന് 1.10 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായി വിജയിച്ചിരുന്നത്. 2014-ൽ രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു മനിന്റെ ഭൂരിപക്ഷം. ഡൽഹി മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളടക്കം പ്രചാരണത്തിനിറങ്ങിയിട്ടും എഎപിക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. കോൺഗ്രസ് നേതാവും ഗായകനുമായ സിദ്ദു മൂസവാലയുടെ കൊലപാതകം ഉൾപ്പെടെ വിഷയങ്ങൾ ഇവിടെ ചർച്ചയായിരുന്നു.

അതേസമയം, യുപിയിൽ സമാജ്വാദി പാർട്ടിയുടെ കോട്ടയായ അസംഘഡിൽ ബിജെപി അട്ടിമറി മുന്നേറ്റം കാഴ്ചവച്ചു. അവസാനം പുറത്തുവന്ന കണക്കു പ്രകാരം, ബിജെപിയുടെ ദിനേഷ് ലാൽ യാദവ് നിരാഹുവ 15,000വോട്ടിന് മുന്നിലാണ്. എസ്‌പി സ്ഥാനാർത്ഥി ധർേന്ദ്ര യാദവ് ആദ്യഘട്ടത്തിൽ ലീഡ് നേടിയെങ്കിലും പിന്നീട് പിന്നോട്ടു പോവുകയായിരുന്നു.

ഉത്തർപ്രദേശിലെ റാംപുർ മണ്ഡലം ബിജെപി കീഴടക്കി. ബിജെപിയുടെ ഗൻശ്യാം ലോധി 40,000ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു. സമാജ്വാദി പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളാണ് ഈ രണ്ടു മണ്ഡലങ്ങളും. അഖിലേഷ് യാദവ് (അസംഗഡ്), മുഹമ്മദ് അസം ഖാൻ (റാംപുർ) എന്നിവർ യുപി നിയമസഭാംഗങ്ങളായതോടെയാണ് ഇവിടെ ഒഴിവുവന്നത്. ഡൽഹി രജീന്ദർ നഗറിൽ എഎപി 11,000 വോട്ടിന് വിജയിച്ചു. ആംആദ്മിയുടെ ദുർഗേഷ് പഥക് 11,000ത്തിലധികം വോട്ടുകൾക്കാണ് ജയിച്ചത്. ആന്ധ്രാപ്രദേശിലെ അത്മകുറിൽ വൈഎസ്ആർ കോൺഗ്രസിന്റെ മേകപട്ടി വിക്രം റെഡ്ഡി 82,888 വോട്ടിന് വിജയിച്ചു.

ആറു സംസ്ഥാനങ്ങളിലെ ഏഴു മണ്ഡലങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. ത്രിപുരയിൽ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് കോൺഗ്രസും വിജയിച്ചു. ജുബരജ് നഗർ, ടൗൺ ബോർഡോവലി, അഗർത്തല, സുർന എന്നീ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ടൗൺ ബോർഡോവലി മണ്ഡലത്തിൽ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ 17,181 വോട്ടുകൾക്ക് വിജയിച്ചു.

സിപിഎമ്മിന് സിറ്റിങ് സീറ്റ് നഷ്ടമായി. ബിജെപിയാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രമായി ജുബരാജ്നഗറിൽ ജയിച്ചത്. അഗർത്തലയിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ സുദീപ് റോയ് ബർമൻ തന്റെ സീറ്റ് നിലനിർത്തി.

ജുബരാജ്നഗറിൽ സിപിഎം എംഎൽഎയുടെ മരണത്തെ തുടർന്നും അഗർത്തല,സുർമ, ടൗൺ ബർദൗലിഎന്നീ മണ്ഡലങ്ങളിൽ ബിജെപി എംഎഎൽമാർ രാജിവെച്ച് കോൺഗ്രസിലും തൃണമൂലിലും ചേർന്നതോടെയാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. അഗർത്തലയിൽ അഭിമാന പോരാട്ടത്തിൽ 3163 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുദീപ് റോയ് ബർമൻ ജയിച്ചത്. ബിജെപിയുടെ അശോക് സിൻഹ രണ്ടാമതെത്തി.

ആദ്യം കോൺഗ്രസിലും പിന്നീട് ബിജെപിലുമെത്തിയ സുദീപ് റോയ് ബർമൻ, ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ അംഗമായിരുന്നു. തുടർന്ന് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം എംഎൽഎ സ്ഥാനവും രാജിവെച്ചിരുന്നു. ഇതേ തുടർന്നാണ് അഗർത്തലയിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ബിപ്ലബ് ദേബിന് പകരം മുഖ്യമന്ത്രിയായി ചുമതലയേറ്റ മാണിക് സാഹ ടൗൺ ബർദൗലിയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് സ്ഥാനാർത്ഥി ആശിഷ് കുമാർ സാഹയെ 6104 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 2018 ഈ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി ജയിച്ച ആശിഷ് കുമാർ സാഹ രാജിവെച്ച് കോൺഗ്രസിൽ ചേരുകയായിരുന്നു.

സുർമയിൽ ബിജെപി സ്ഥാനാർത്ഥി സ്വപ്ന ദാസ് 4583 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോൺഗ്രസ് പിന്തുണച്ച പ്രാദേശിക പാർട്ടി സ്ഥാനാർത്ഥി ബുബാറാം സത്നമി രണ്ടാമതെത്തി. ജുബരാജ്നഗറിൽ ബിജെപി സ്ഥാനാർത്ഥി മലീന ദേബനാഥ് 4572 വോട്ടുകൾക്കാണ് ജയിച്ചത്. സിപിഎമ്മിന്റെ ശൈലന്ദ്ര ചന്ദ്രനാഥാണ് രണ്ടാം സ്ഥാനത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP