Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

മുത്തലാഖ് നിരോധനത്തിലൂടെ മുസ്‌ലിം പെൺകുട്ടികളുടെ കണ്ണീർ തുടച്ചു; താൻ നേരിട്ട് ഹജ്ജ് ക്വാട്ട വർധിപ്പിച്ചു, വീസ ചട്ടങ്ങൾ ലഘൂകരിച്ചു; മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി മുൻസർക്കാരുകൾ ഒന്നും ചെയ്തില്ല; വിവാദ പ്രസംഗത്തിൽ വിമർശനം കടുക്കവേ താൻ മുസ്ലിംങ്ങൾക്കൊപ്പമെന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദി

മുത്തലാഖ് നിരോധനത്തിലൂടെ മുസ്‌ലിം പെൺകുട്ടികളുടെ കണ്ണീർ തുടച്ചു; താൻ നേരിട്ട് ഹജ്ജ് ക്വാട്ട വർധിപ്പിച്ചു, വീസ ചട്ടങ്ങൾ ലഘൂകരിച്ചു; മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി മുൻസർക്കാരുകൾ ഒന്നും ചെയ്തില്ല; വിവാദ പ്രസംഗത്തിൽ വിമർശനം കടുക്കവേ താൻ മുസ്ലിംങ്ങൾക്കൊപ്പമെന്ന് പറഞ്ഞ് പ്രധാനമന്ത്രി മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിംവിരുദ്ധ പരാമർശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി പ്രധാനമന്ത്രി. മോദിയുടെ വാക്കുകൾ പ്രതിപക്ഷം ആയുധമാക്കിയതോടെയാണ് മോദി വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.

താൻ മുസ്ലിംകൾക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. താൻ നേരിട്ട് ഹജ് ക്വാട്ട വർധിപ്പിച്ചു, വീസ ചട്ടങ്ങൾ ലഘൂകരിച്ചു. സഹയാത്രികരില്ലാതെ സ്ത്രീകൾക്ക് ഹജിന് അവസരമൊരുക്കി ഹജ് ചെയ്ത സ്ത്രീകളുടെ പ്രാർത്ഥന തനിക്കൊപ്പമുണ്ടെന്നും മോദി. മുസ്ലിംകളുടെ സാമൂഹികസാമ്പത്തിക ഉന്നമനത്തിന് പ്രതിപക്ഷം ഒന്നും ചെയ്തിട്ടില്ല, 'മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം വനിതകളുടെ ജീവിതം സുരക്ഷിതമാക്കിയെന്നും മോദി പറഞ്ഞു.

മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിനായി മുൻസർക്കാരുകൾ ഒന്നും ചെയ്തില്ലെന്നും മോദി ആരോപിച്ചു. അലിഗഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മുസ്‌ലിം ക്ഷേമ പദ്ധതികൾ മോദി എൻ.ഡി.എ സർക്കാരിന്റെ നേട്ടമായി ഉയർത്തിക്കാട്ടിയത്. നേരത്തെ കോൺഗ്രസിന്റെ കണ്ണ് കെട്ടുതാലിയിലാണെന്ന് പറഞ്ഞ മോദി വാഹനങ്ങൾ, നിക്ഷേപം, ധനം എന്നിവ പരിശോധിച്ച് കോൺഗ്രസ് പിടിച്ചെടുക്കുമെന്നും അമ്മമാരുടെയും സഹോദരിമാരുടെയും സ്വത്തിലാണ് കോൺഗ്രസിന്റെ കണ്ണെന്നും പറഞ്ഞു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകൾക്ക് വീതിച്ചുനൽകുമെന്നും കടന്നുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നുമായിരുന്നു മോദിയുടെ വിവാദ പ്രസംഗം.

''രാജ്യത്തെ സമ്പത്തിന്റെ ആദ്യ അവകാശികൾ മുസ്‌ലിംകളാണെന്ന് കോൺഗ്രസിന്റെ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പറഞ്ഞിട്ടുണ്ട്. ഈ സ്വത്തുക്കളെല്ലാം ഒരുമിച്ചുകൂട്ടി കൂടുതൽ മക്കളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും നൽകുമെന്നാണ് അതിനർഥം. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കൾ നുഴഞ്ഞുകയറ്റക്കാർക്കു നൽകണോ ഇത് നിങ്ങൾക്ക് അംഗീകരിക്കാനാകുമോ''-മോദി പ്രചാരണത്തിനിടെ പറഞ്ഞു. അമ്മമാരുടെയും പെൺമക്കളുടെയും സ്വർണങ്ങളുടെ കണക്കെടുത്ത് വിതരണം ചെയ്യുമെന്നാണ് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നതെന്നും മോദി കുറ്റപ്പെടുത്തി.

മുസ്ലിം വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രിയെ വിമർശിച്ച് രാജ്യസഭ എംപി കപിൽ സിബൽ അടക്കമുള്ളവർ രംഗത്തുവന്നു. വിദ്വേഷ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ പ്രധാനമന്ത്രിക്ക് നോട്ടീസ് അയക്കണമെന്ന് കപിൽ സിബൽ ആവശ്യപ്പെട്ടു. എന്നാൽ മോദിയുടെ വിവാദപ്രസംഗത്തിൽ കുറിച്ച് പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

അധികാരത്തിനുവേണ്ടി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആർ.എസ്.എസ്സിന്റേയും ബിജെപിയുടേയും പരിശീലത്തിന്റെ പ്രത്യേകതയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. രാജ്യത്തെ 140 കോടി ജനങ്ങൾ ഇനി ഈ നുണയുടെ ഇരകളാകാൻ പോകുന്നില്ല. കോൺഗ്രസിന്റെ പ്രകടനപത്രിക ഓരോ ഇന്ത്യക്കാരനുമുള്ളതാണ്. അത് തുല്യതയെക്കുറിച്ചും എല്ലാവരുടെ നീതിയെക്കുറിച്ചും സംസാരിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു പ്രധാനമന്ത്രിയും തന്റെ പദവിയുടെ അന്തസ്സ് മോദിയോളം താഴ്‌ത്തിയിട്ടില്ലെന്നും ഖാർഗെ എക്സിൽ ആരോപിച്ചു.

ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെയുള്ള നിരാശ നരേന്ദ്ര മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴുന്നുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. ഭയം കാരണം അദ്ദേഹം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ്. കോൺഗ്രസിന്റെ വിപ്ലവകരമായ പ്രകടനപത്രികയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്. രാജ്യം ഇനി തൊഴിലിനും ഭാവിക്കും വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരിച്ചിരുന്നു. ആദ്യഘട്ട വോട്ടെടുപ്പിലെ നിരാശയിലുണ്ടായ ഭയം കാരണം മോദിയുടെ നുണകളുടെ നിലവാരം വല്ലാതെ താഴ്ന്നതായും പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

കോൺഗ്രസിന്റെ 'വിപ്ലവകരമായ പ്രകടനപത്രിക'ക്ക് ലഭിക്കുന്ന വൻ പിന്തുണ ഒരു ട്രെൻഡ് ആയി മാറിയിട്ടുണ്ട്. രാജ്യം ഇപ്പോൾ വിഷയങ്ങൾ അടിസ്ഥാനമാക്കി വോട്ട് ചെയ്യും. തൊഴിലിനും കുടുംബത്തിനും ഭാവിക്കും വേണ്ടി വോട്ട് ചെയ്യും. ഇന്ത്യക്ക് വഴിതെറ്റില്ലെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമി ഷനിൽ പരാതി നൽകാനൊരുങ്ങി സിപിഎം. നേരത്തെ ഈ വിഷയത്തിൽ പരാതി നൽകാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. മോദിയുടെ വിദ്വേഷ പരാമർശത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷനിൽ പരാതി നൽകുമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദകാരാട്ടും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP