Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിജയസാധ്യതയുള്ള കുമ്മനത്തെ മാറി നിൽക്കാൻ അനുവദിക്കില്ല; വട്ടിയൂർക്കാവിൽ കുമ്മനം തന്നെ ബിജെപി പട്ടികയിൽ ഒന്നാമത്; ശബരിമല വികാരം ആളിക്കത്തിക്കാൻ കോന്നിയിൽ പരിഗണിക്കുന്നത് കെ സുരേന്ദ്രനേയും ശോഭ സുരേന്ദ്രനേയും; കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ മഞ്ചേശ്വരം പിടിക്കാൻ രവീശ തന്ത്രിയോ കെ ശ്രീകാന്തോ കൃഷ്ണദാസോ എത്തും; മൂന്ന് മണ്ഡലങ്ങളിലെ അവസാന പട്ടിക തയ്യാറാക്കി എൻഡിഎ; സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകം

വിജയസാധ്യതയുള്ള കുമ്മനത്തെ മാറി നിൽക്കാൻ അനുവദിക്കില്ല; വട്ടിയൂർക്കാവിൽ കുമ്മനം തന്നെ ബിജെപി പട്ടികയിൽ ഒന്നാമത്; ശബരിമല വികാരം ആളിക്കത്തിക്കാൻ കോന്നിയിൽ പരിഗണിക്കുന്നത് കെ സുരേന്ദ്രനേയും ശോഭ സുരേന്ദ്രനേയും; കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ മഞ്ചേശ്വരം പിടിക്കാൻ രവീശ തന്ത്രിയോ കെ ശ്രീകാന്തോ കൃഷ്ണദാസോ എത്തും; മൂന്ന് മണ്ഡലങ്ങളിലെ അവസാന പട്ടിക തയ്യാറാക്കി എൻഡിഎ; സ്ഥാനാർത്ഥി പ്രഖ്യാപനം രണ്ട് ദിവസത്തിനകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികൾ. വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലെ തങ്ങളുടെ സ്ഥാനാർത്ഥികളുടെ ചുരുക്കപട്ടിക തയ്യാറാക്കിയിരിക്കുകയാണ് ബിജെപി. വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന മുൻ സംസ്ഥാന അധ്യക്ഷനും മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന്റെ പ്രസ്താവന പാർട്ടി തള്ളി. വട്ടിയൂർക്കാവിൽ കുമ്മനത്തെ തന്നെയാണ് ഒന്നാം സ്ഥാനത്ത് പരിഗണിക്കുന്നത്. ബിജെപിക്ക് ഏറ്റവും വലിയ വിജയപ്രതീക്ഷയുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. കുമ്മനത്തിന് പുറമെ എസ്. സുരേഷ്, വിവി രാജേഷ് എന്നിവരെയും പാർട്ടി പരിഗണിക്കുന്നുണ്ട്.

കുമ്മനത്തെ പോലെ വിജയസാധ്യതയുള്ള ഒരാളെ മാറി നിൽക്കാൻ അനുവദിക്കേണ്ടതില്ല എന്ന തീരുമാന്തതിലേക്ക് പാർട്ടി എത്തുകയായിരുന്നു. തന്റെ മികവല്ല സംഘടന മികവ് കൊണ്ടാണ് ബിജെപിക്ക് വട്ടിയൂർക്കാവിൽ വോട്ട് കിട്ടുന്നത് എന്നാണ് കുമ്മനം നേരത്തെ പറഞ്ഞത്.പാർട്ടിക്ക് വലിയ വേരോട്ടം ഇല്ലെങ്കിലും കോന്നിയിലും ഇത്തവണ പോരാട്ടം ശക്തമാക്കാൻ തന്നെയാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തിൽ കെ സുരേന്ദ്രനെയും ശോഭ സുരേന്ദ്രനേയുമാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ നേടിയ വൻ വോട്ട് വർധനവാണ് ഇപ്പോൾ നേതൃത്വത്തെ ചിന്തിപ്പിക്കുന്നത്. 2016 നിയമസഭ തെരഞ്ഞെടുപ്പിൽ വെറും 16713 വോട്ടുകൾ മാത്രം ബിജെപി സ്ഥാനാർത്ഥി അശോക് കുമാറിന് ലഭിച്ചപ്പോൾ ലോക്‌സഭയിൽ പത്തനംതിട്ടയുടെ ഭാഗമായ കോന്നിയിൽ കെ സുരേന്ദ്രന് ലഭിച്ചത് 46506 വോട്ടുകളാണ്. ശബരിമല സമരനായകൻ എന്ന പരിവേഷമുള്ള കെ സുരേന്ദ്രന് തന്നെയാണ് ഇവിടെ സാധ്യത പട്ടികയിൽ മുന്നിൽ.

2016ൽ വെറും 89 വോട്ടിന് കൈവിട്ട മഞ്ചേശ്വരം പിടിക്കാൻ ഇത്തവണ രംഗത്ത് കെ സുരേന്ദ്രനില്ല. പകരം പട്ടികയിലുള്ളത് ബിജെപി ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത്, രവീശ തന്ത്രി കുണ്ടാർ, പികെ കൃഷ്ണദാസ് എന്നിവരെയാണ് മണ്ഡലത്തിൽ പാർട്ടി പരിഗണിക്കുന്നത്. 2016ൽ കെ സുരേന്ദ്രന് ഇവിടെ 56781 വോട്ടുകൾ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 57104 വോട്ടുകളും ബിജെപി നേടിയിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞത്. കേന്ദ്ര കമ്മിറ്റിയായിരിക്കും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.

എറണാകുളം മണ്ഡലത്തിൽ ചുരുക്ക പട്ടികയായിട്ടില്ല. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കൻ ആണ് ഇവിടെ പരിഗണന പട്ടികയിുള്ളത്. അരൂർ മണ്ഡലത്തിൽ ബിഡിജെഎസ് ആണ് മത്സരിക്കുക. കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച് 27753 വോട്ടുകൾ നേടിയ ടി. അനിയപ്പന് തന്നെയാണ് സാധ്യത. മഞ്ചേശ്വരത്തും വട്ടിയൂർക്കാവിനും പുറമെ ഇപ്പോൾ കോന്നിയിലും സ്ഥാനാർത്ഥി നിർണയത്തിലൂടെ ശക്തമായ മത്സരം തന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. ചുരുക്കത്തിൽ മഞ്ചേശ്വരത്തിനും വട്ടിയൂർക്കാവിനും പുറമെ കോന്നിയും ഗ്ലാമർ മണ്ഡലമായി മാറും എന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തുന്നത്.

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിക്കാണ് പ്രതീക്ഷകൾ കൂടുതൽ. കഴിഞ്ഞ തവണ 89 വോട്ടിന് മാത്രം നഷ്ടപ്പെട്ട മഞ്ചേശ്വരം പിടിച്ചെടുക്കുന്നത് പക്ഷേ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം കൂടി തീരുമാനമാകുന്നതിനെ ആശ്രയിച്ചിരിക്കും. ഈ രണ്ട് മണ്ഡലങ്ങളും യുഡിഎഫ് ക്യാമ്പുകളിൽ ആണ് ആശങ്ക സൃഷ്ടിക്കുന്നത്. മഞ്ചേശ്വരത്ത് ലീഗും വട്ടിയൂർക്കാവിൽ കോൺഗ്രസും മത്സരിക്കുമ്പോൾ ഈ രണ്ട് മണ്ഡലങ്ങളിലും എൽഡിഎഫിന് തലവേദന കുറവാണ്. കഴിഞ്ഞ തവണ ലഭിച്ച് വോട്ടുകൾ എന്നതിനെക്കാളും ലോക്സഭയിലെ വോട്ട് നിലയിൽ നിന്നും ഒരു മെച്ചപ്പെടൽ എന്നതാകും എൽഡിഎഫിന്റെ പ്രധാന ലക്ഷ്യം.കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം സിറ്റിങ് എംഎൽഎ കെ മുരളീധരനും ശശി തരൂരും തമ്മിലുള്ള പ്രശ്നങ്ങൾ വട്ടിയൂർക്കാവിൽ തലവേദനയാണ്.

സിറ്റിങ് സീറ്റ് നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വട്ടിയൂർകാവിൽ കോൺഗ്രസ് മുന്നോട്ട് പോകുന്നത്. സ്ഥാനാർത്ഥി മോഹികൾ നിരവധി പേരുണ്ട്. എന്നാൽ അതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് പ്രയാർ ഗോപാലകൃഷ്ണന്റേയും കെ മോഹൻകുമാറിന്റേയും പിസി വിഷ്ണുനാഥന്റേയും പേരുകളാണ്. ആർ വി രാജേഷിനെ പോലുള്ള യുവനേതാക്കളും സീറ്റിനായി ചരട് വലിക്കുന്നുണ്ട്. തിരുവനന്തപുരം എംപിയായ ശശി തരൂരിന്റേയും കെ മുരളീധരന്റേയും വാക്കുകൾക്കും വില കിട്ടും. അതുകൊണ്ട് തന്നെ ഈ രണ്ട് പേരും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിൽ അതിനിർണ്ണായക റോളിലെത്തും. തന്നെ പോലെ ആഗോള തലത്തിൽ ശ്രദ്ധേയനായ പ്രൊഫഷണലിനെ രംഗത്തിറക്കാനാണ് തരൂരിന്റെ ആഗ്രഹം. വട്ടിയൂർകാവിലെ ജാതി സമവാക്യങ്ങൾ കൂടി മനസ്സിൽ വച്ചാണ് തരൂരിന്റെ കരുനീക്കങ്ങൾ. മറുവശത്ത് തിരുവനന്തപുരം നോർത്ത് ആയിരുന്നപ്പോൾ ഉള്ള പഴയ എംഎൽഎ, സ്പീക്കർ, മന്ത്രി എന്നീ റോളുകളിൽ തിളങ്ങിയ എം വിജയകുമാർ. പ്രളയ ദുരിത സമയത്ത് മികച്ച് ഇടപെടൽ നടത്തിയ മേയർ പ്രശാന്ത് എന്നിവരാണ് ഇടത് സാധ്യത പട്ടികയിൽ.

മഞ്ചേശ്വരം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് പോകുമ്പോൾ ഇവിടെ ത്രികോണ മത്സരമെന്ന് പറയുന്നുവെങ്കിൽ പോലും പോര് യുഡിഎഫും ബിജെപിയും തമ്മിലാണ്. 2016ൽ അബ്ദുൾ റസാഖിനോട് കെ സുരേന്ദ്രൻ വീണത് വെറും 89 വോട്ടുകൾക്കാണ്. റസാഖിന് 56870 വോട്ടുകളും സുരേന്ദ്രൻ 56781 വോട്ടുകളും നേടിയപ്പോൾ മുൻ എംഎൽഎ സിഎച്ച് കുഞ്ഞമ്പുവിന് വെറും 42565 വോട്ടുകളാണ് കിട്ടയത്. എന്നാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 11,113 വോട്ടുകളുടെ മേൽക്കൈ യുഡിഎഫിന് ഉണ്ട്. ഇവിടെ ഇടത് സ്ഥാാർത്ഥിക്ക് ലഭച്ചത് വെറും 32796 വോട്ടുകാളാണ്. ഇത്തവണ ബിജെപിക്ക് കളം പിടിക്കാനാകുമോ എന്ന്ത് മണ്ഡലത്തിൽ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുംമോ ഇല്ലെയോ എന്നതിനെ ആശ്രയിച്ചാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP