Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശ്രീധരൻ പിള്ളയും ആർഎസ്എസും കൈകോർത്തപ്പോൾ പണി കിട്ടിയത് മുരളീധര - കൃഷ്ണദാസ് വിഭാഗം നേതാക്കൾക്ക്; ലോക്‌സഭാ സ്ഥാനാർത്ഥികളുടെ സാധ്യതാ ലിസ്റ്റ് പിള്ള അയച്ചത് ബിജെപിയിലെ ഗ്രൂപ്പുകളുമായി ആലോചിക്കാതെ; സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിന്റെ മറവിൽ ബിജെപിയിൽ പിടിമുറുക്കി പിള്ള; കോർ കമ്മറ്റി യോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിൽ ചോദ്യം ചെയ്യാൻ ഉറപ്പിച്ചു ഒരു വിഭാഗം

ശ്രീധരൻ പിള്ളയും ആർഎസ്എസും കൈകോർത്തപ്പോൾ പണി കിട്ടിയത് മുരളീധര - കൃഷ്ണദാസ് വിഭാഗം നേതാക്കൾക്ക്; ലോക്‌സഭാ സ്ഥാനാർത്ഥികളുടെ സാധ്യതാ ലിസ്റ്റ് പിള്ള അയച്ചത് ബിജെപിയിലെ ഗ്രൂപ്പുകളുമായി ആലോചിക്കാതെ; സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിന്റെ മറവിൽ ബിജെപിയിൽ പിടിമുറുക്കി പിള്ള; കോർ കമ്മറ്റി യോഗത്തിൽ സ്ഥാനാർത്ഥി നിർണ്ണയ യോഗത്തിൽ ചോദ്യം ചെയ്യാൻ ഉറപ്പിച്ചു ഒരു വിഭാഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആർഎസ്എസും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും യോജിച്ചപ്പോൾ ബിജെപിയിൽ പണി കിട്ടിയത് മുരളീധരപക്ഷ-കൃഷ്ണദാസ് വിഭാഗം നേതാക്കൾക്ക്. ഓർക്കാപ്പുറത്ത് കടകം മറിഞ്ഞു പിള്ള പ്രഹരിച്ചപ്പോൾ നിവൃത്തിയില്ലാതെ കേന്ദ്ര നേതൃത്വത്തിനു പരാതി നൽകേണ്ട അവസ്ഥയിലായി ബിജെപിയിലെ ശക്തരായ ഇരുഗ്രൂപ്പുകൾക്കും. ലോക്സഭാ സ്ഥാനാർത്ഥി പട്ടികയാണ് ബിജെപിയിൽ ഇപ്പോൾ പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദം. മുരളീധര പക്ഷത്തോടോ കൃഷ്ണദാസ് പക്ഷത്തോടോ ആലോചിക്കാതെയാണ് പിള്ള സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിനു കൈമാറിയത് എന്നാണ് ആക്ഷേപം ഉയരുന്നത്. ഇതുകൊണ്ട് തന്നെയാണ് ഇരുഗ്രൂപ്പുകളും പിള്ളയ്ക്ക് എതിരെ പരാതിയുമായി കേന്ദ്ര നേതൃത്വത്തിനു മുന്നിലെത്തിയത്.

കൃഷ്ണദാസ് പക്ഷത്ത് നിന്നും കാര്യങ്ങൾ നീക്കിയിരുന്ന പിള്ള ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ ആർഎസ്എസ് നേതൃത്വവുമായി ആലോചിച്ചാണ് കാര്യങ്ങൾ തീരുമാനിച്ചത്. ആർഎസ്എസ് പക്ഷത്ത് നിന്നും സംഘടനാ സെക്രട്ടറിയായ വന്ന എം.ഗണേശനോട് മാത്രമാണ് പിള്ള കാര്യങ്ങൾ ആലോചിച്ചത്. ഒപ്പം ആർഎസ്എസിന്റെ ഉന്നത നേതാക്കളുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ആർഎസ്എസുമായി അകന്നു നിൽക്കുന്ന മുരളീധര-കൃഷ്ണദാസ് പക്ഷങ്ങൾക്ക് അപ്രതീക്ഷിതമായിരുന്നു പിള്ളയുടെ നീക്കങ്ങൾ. ആർഎസ്എസിൽ നിന്നും എതിർപ്പുണ്ടാകാത്ത ലിസ്റ്റ് ആണ് അവരുടെ സമ്മതത്തോടെ ശ്രീധരൻ പിള്ള കൈമാറിയത്. ഇത് ബിജെപിയിലെ ഗ്രൂപ്പുകളെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു.

ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സ്വന്തം തീരുമാനങ്ങൾ പിള്ള നടപ്പിലാക്കുകയും ചെയ്തില്ല. അതുകൊണ്ട് തന്നെ പിള്ളയ്ക്കെതിരെ ആരോപണങ്ങൾ കുറയുകയും ചെയ്തു. ആർഎസ്എസിനോട് കാര്യങ്ങൾ ആലോചിച്ച പിള്ള ബിജെപിയിൽ കാര്യമായ ചർച്ചകൾക്ക് തയ്യാറായതുമില്ല. മുഴുവൻ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും മൂന്നുവീതം പേരുടെ ചുരുക്കപട്ടികയാണ് തയ്യാറാക്കിയത്. ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്ന് പിള്ള പറഞ്ഞതോടെ ബിജെപിയിൽ ഇത് സംബന്ധിച്ച വിവാദങ്ങൾക്കും തുടക്കമായി. ഇടത്-വലത് സ്ഥാനാർത്ഥി നിർണ്ണയത്തിനു മുൻപേ ബിജെപി സാധ്യത പട്ടിക തയ്യാറാക്കി കേന്ദ്രത്തിന് അയച്ചത് നേട്ടമായാണ് പിള്ള ചിത്രീകരിക്കുകയും ചെയ്തു.

സംസ്ഥാന നേതാക്കളോട് ആലോചിക്കാതെയാണ് പട്ടിക കൈമാറിയത് എന്ന് ഒപ്പം ആരോപണവും ഉയർന്നു. പിള്ളയും കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എൽ സന്തോഷും ചേർന്നാണ് കേരളാ കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നാണ് പിള്ള വിരുദ്ധ പക്ഷങ്ങൾ ഉയർത്തുന്ന ആരോപണം. പക്ഷെ പിള്ളയുടെ തീരുമാനങ്ങൾ ഗണേശനുമായി ആലോചിച്ചാണ് എന്ന് വ്യക്തമായതോടെയാണ് കേരളത്തിന്റെ ചുമതലയുള്ള ബി.എൽ സന്തോഷ് പിള്ളയുടെ തീരുമാനങ്ങളെ എതിർക്കാതിരുന്നത്. ഒപ്പം സാധ്യതാ പട്ടികയ്ക്ക് ആർഎസ്എസ് പിന്തുണയുണ്ടെന്നു സന്തോഷ് ഉറപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാൽ എത്തിയപ്പോൾ നേതാക്കളുമായി ആശയ വിനിമയം നടത്തിയതല്ലാതെ കാര്യമായ ചർച്ചകൾ ഉണ്ടായതുമില്ല. ഇതും നേതാക്കളുടെ ആശങ്കകൾ വർദ്ധിപ്പിക്കുകയും ചെയ്തു. പട്ടികയിൽ ആരൊക്കെയെന്ന് ബിജെപിയുടെ ഉന്നത നേതാക്കൾക്കും അറിയാത്ത അവസ്ഥ വന്നു. ഇത് ഗ്രൂപ്പ് ഭേദമന്യേ നേതാക്കളെ ചൊടിപ്പിക്കുകയും ചെയ്തു.ഇതാണ് ഇരു ഗ്രൂപ്പുകളും പട്ടികയ്ക്ക് എതിരെ കേന്ദ്ര നേതാക്കളെ പരാതിയുമായി സമീപിച്ചത്. തെരഞ്ഞെടുപ്പ് സമിതി ചേരാതെയാണ് സാധ്യതാ പട്ടിക വന്നത്. ഇത് പുതിയ ഗ്രൂപ്പ് യുദ്ധങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

ഈയിടെ ലോക്‌സഭാ തിരഞ്ഞെടുപ്പമായി ബന്ധപ്പെട്ടു ബിജെപിയുടെ സംസ്ഥാനത്ത് അതിവിശാലമായ യോഗം തന്നെ വിവിധയിടങ്ങളിൽ വിളിച്ചു ചേർത്തിരുന്നു. സംസ്ഥാന കോർ കമ്മിറ്റി, , സംസ്ഥാന ഭാരവാഹികൾ, ജില്ലാ പ്രസിഡന്റുമാർ, ലോക്‌സഭാ മണ്ഡലം പ്രഭാരിമാർ , കൺവീനർമാർ തുടങ്ങിയവരുടെ യോഗങ്ങൾ ആണ് നടന്നത്. പക്ഷെ ഇവിടെയൊന്നും സ്ഥാനാർത്ഥി ചർച്ചകൾ ഇടപിടിച്ചില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ ,പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപിക്ക് കൂടുതൽ പ്രതീക്ഷ. ആറ്റിങ്ങൽ , കൊല്ലം,മാവേലിക്കര, കാസർകോട് മണ്ഡലങ്ങളിലും നല്ല പോരാട്ടം നടത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ . പി.കെ.കൃഷ്ണദാസ്, ശ്രീകാന്ത് എന്നിവരെയാണ് കാസർകോട്ടേക്ക് പരിഗണിക്കുന്നത്. പാലക്കാട് സി.കൃഷ്ണകുമാർ, ആറ്റിങ്ങൽ ശോഭാ സുരേന്ദ്രൻ, മാവേലിക്കര പി.സുധീർ, നീലകണ്ഠൻ , പത്തനംതിട്ട മഹേഷ് മോഹൻ, കെ.പി.ശശികല, തിരുവനന്തപുരം കുമ്മനം രാജശേഖരൻ , കൊല്ലം സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെടുന്നുണ്ട്.

കെ.സുരേന്ദ്രന്റെ പേര് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളുമായി ബന്ധപ്പെട്ടു ഉയരുന്നുമുണ്ട്. പക്ഷെ തീരുമാനം മുഴുവൻ ആർഎസ്എസ് നടപ്പാക്കുന്ന ലക്ഷണമാണ്. ഇതാണ് ബിജെപി സംസ്ഥാന നേതാക്കളെ അസ്വസ്ഥരാക്കുന്നത്. വരുന്ന 16 നു ബിജെപി കോർ കമ്മറ്റി യോഗം നടക്കുകയാണ്. ഈ അസ്വസ്ഥതകൾ മുഴുവൻ കോർ കമ്മറ്റി യോഗത്തിൽ പുകയുമെന്നാണ് നിലവിലെ സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP