Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഗുജറാത്തിനും രാജസ്ഥാനും പിന്നാലെ മധ്യപ്രദേശിലും കോൺഗ്രസിന് ഉണർവ് നൽകിയ ഉപതിരഞ്ഞെടുപ്പ് ഫലം; രണ്ടിടങ്ങളിലും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആത്മവിശ്വാസം ഇരട്ടിപ്പിച്ചു; ഒഡീഷയിൽ മുമ്പിൽ എത്തിയത് ബിജു ജനാതാദൾ; ബിജെപിയുടെ പ്രതീക്ഷ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

ഗുജറാത്തിനും രാജസ്ഥാനും പിന്നാലെ മധ്യപ്രദേശിലും  കോൺഗ്രസിന് ഉണർവ് നൽകിയ ഉപതിരഞ്ഞെടുപ്പ് ഫലം; രണ്ടിടങ്ങളിലും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ചത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആത്മവിശ്വാസം ഇരട്ടിപ്പിച്ചു; ഒഡീഷയിൽ മുമ്പിൽ എത്തിയത് ബിജു ജനാതാദൾ; ബിജെപിയുടെ പ്രതീക്ഷ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ:മധ്യപ്രദേശിലെ രണ്ട് നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം. തിരഞ്ഞെടുപ്പ് നടന്ന കൊലാറസിലും മംഗൗളിയിലും കോൺഗ്രസ് മികച്ച വിജയം നേടിയത് ഭരണത്തിലുള്ള ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ഈ വർഷാവസാനം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് അനുകൂല ഫലമത്തിയത്.

രണ്ടും കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ നേടിയ വിജയം കോൺഗ്രസിന് പ്രതീക്ഷ നൽകുന്നതാണ്. എംപിയും കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ടതാണ് തിരഞ്ഞെടുപ്പ് നടന്ന രണ്ടു മണ്ഡലങ്ങളും. കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണ് ഇവിടെ. എന്നാൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിൽ വമ്പൻ പ്രചരണമാണ് ബിജെപി നടത്തിയത്. അതൊന്നും ഫലം കണ്ടില്ലെന്നാണ് അന്തിമ ഫലം വ്യക്തമാക്കുന്നത്.

സിറ്റിങ് എംഎ‍ൽഎമാരുടെ മരണത്തെ തുടർന്ന് ഫെബ്രുവരി 24-നാണ് ഇവിടങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നത്. മംഗൗളിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ബ്രിജേന്ദ്ര സിങ് യാദവ് 2,107 വോട്ടുകൾക്ക് ബിജെപിയുടെ ഭായി സാഹബ് യാദവിനെ പരാജയപ്പെടുത്തി. കോലാറസിൽ മഹേന്ദ്ര സിങ് യാദവ് ബിജെപിയുടെ ദേവേന്ദ്ര ജയ്‌നിനെ തോൽപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയ സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ രണ്ട് സീറ്റുകൾ മാത്രമാണ് കോൺഗ്രസിന് ജയിച്ചത്. അതുകൊണ്ട് തന്നെ ബിജെപിയുടെ കോട്ടയായാണ് മധ്യപ്രദേശിനെ വിലയിരുത്തുന്നത്.

തുടർച്ചയായ മൂന്ന് തവണ ശിവരാജ് സിങ് ചൗഹാൻ ഇവിടെ അധികാരത്തിലെത്തി. എന്നാൽ അടുത്തകാലത്തായി ബിജെപി പ്രഭാവത്തിന് ഇവിടെ മങ്ങലേറ്റു. ഇതിന് തെളിവാണ് ഉപതിരഞ്ഞെടുപ്പ് ഫലം. അതേസമയം, ഒഡീഷയിലെ ബിജെപൂർ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ മണ്ഡലത്തിൽ ഭരണകക്ഷിയായ ബിജു ജനതാദൾ വിജയിച്ചു. ഇവിടെ ബിജെപി രണ്ടാമത് എത്തി. ഒഡീഷയിലും നവീൻ പട്‌നായിക് തരംഗം തുടരുന്നത് ബിജെപിക്ക് തിരിച്ചടിയാണ്.

മറ്റെന്നാൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുരയിലേയും നാഗാലാണ്ടിലേയും മേഘാലയിലേയും വോട്ടെണ്ണൽ നടക്കും. മൂന്നിടത്തും ബിജെപി വലിയ പ്രതീക്ഷയിലാണ്. ഇവിടെ ജയം നേടി ദേശീയ രാഷ്ട്രീയത്തിൽ മോദി പ്രഭാവം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് അവർ. ഇതിനിടെയാണ് തിരിച്ചടിയായി മധ്യപ്രദേശിലെ ഫലമെത്തുന്നത്. സ്വന്തം ശക്തികേന്ദ്രത്തിലെ തോൽവി മോദിക്കും ബിജെപിക്കും വലിയ നിരാശയാണ് നൽകുന്നത്.

നേരത്തെ ഗുജാറാത്തിൽ ബിജെപി നിറം മങ്ങിയ പ്രകടനമാണ് കാഴ്ച വച്ചത്. രാജസ്ഥാനിലെ ഉപതെരഞ്ഞെടുപ്പിലും ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP