Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഹാരാഷ്ട്രക്കും ഝാർഖണ്ഡിനും ഡൽഹിക്കും ശേഷം ബീഹാറും നഷ്ടമായാൽ നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാവും; ചിരാഗ് പാസ്വാനെയും ചെറിയ പാർട്ടികളെയും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ തുടങ്ങി ബിജെപി; തൂക്ക് സഭയാണെങ്കിൽ നിതീഷിനെ മാറ്റി ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാവും; കുതിരക്കച്ചവടത്തിന് ബിജെപി ശ്രമമെന്ന് കോൺഗ്രസ്; ആരോപണം തള്ളി ബിജെപി; എല്ലാ കണ്ണുകളും ബീഹാറിലേക്ക്

മഹാരാഷ്ട്രക്കും ഝാർഖണ്ഡിനും ഡൽഹിക്കും ശേഷം ബീഹാറും നഷ്ടമായാൽ നരേന്ദ്ര മോദിക്ക് കനത്ത തിരിച്ചടിയാവും; ചിരാഗ് പാസ്വാനെയും ചെറിയ പാർട്ടികളെയും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ തുടങ്ങി ബിജെപി; തൂക്ക് സഭയാണെങ്കിൽ  നിതീഷിനെ മാറ്റി ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാവും; കുതിരക്കച്ചവടത്തിന് ബിജെപി ശ്രമമെന്ന് കോൺഗ്രസ്; ആരോപണം തള്ളി ബിജെപി; എല്ലാ കണ്ണുകളും ബീഹാറിലേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്ന ബീഹാർ നിയമസഭാ തെവഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ രാവിലെ 8 മണിമുതൽ ആരംഭിക്കുമ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉദ്യേഗം. മഹാരാഷ്ട്രക്കും ഝാർഖണ്ഡിനും ഡൽഹിക്കും ശേഷം ബീഹാറും നഷ്ടമായാൽ നരേന്ദ്ര മോദിക്കും ബിജെബിക്കും കനത്ത തിരിച്ചടിയാവും. അതുകൊണ്ടുതന്നെ ചിരാഗ് പസ്വാനെയും ചെറിയ പാർട്ടികളെയും ഒപ്പം നിർത്താനുള്ള നീക്കങ്ങൾ ബിജെപി തുടങ്ങിയിട്ടുണ്ട്. തൂക്ക് സഭയാണെങ്കിൽ നിതീഷിന്റെ മാറ്റി ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാവുമെന്നും അറിയുന്നു. അതിനിടെ കുതിരകച്ചവടത്തിന് ബിജെപി ശ്രമമെന്ന് കോൺഗ്രസ് ആരോപിച്ചു.

ബീഹാറിലെ ഫലത്തിനായി രാഷ്ട്രീയ ഇന്ത്യ ആകാംഷയോടെ കാത്തിരിക്കുകയാണ്. തൂക്ക് നിയമസഭയെങ്കിൽ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ച് ഇരുചേരിയും ആലോചന തുടങ്ങി. കുതിരകച്ചവടത്തിന് ശ്രമം നടക്കുന്നു എന്ന കോൺഗ്രസ് ആരോപണം ബിജെപി തള്ളി. ബീഹാറിലെ പ്രചാരണം തുടങ്ങിയപ്പോൾ ഏവരും കരുതിയത് നിതീഷ് കുമാറിന് തുടർച്ചയായ നാലാം ഭരണം എന്നാണ്. എന്നാൽ തേജസ്വി യാദവ് എന്ന യുവനേതാവ് പ്രചാരണം തുടങ്ങിയതുമുതൽ മുന്നേറുന്നതിന്റെ കാഴ്ചകൾ പുറത്തുവന്നതോടെ സ്ഥിതി മാറി. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോൾ നരന്ദ്ര മോദിയുടെ ചിത്രങ്ങൾ മാത്രമുള്ള ബോർഡും പോസ്റ്ററുകളുമായി ഇത് മറികടക്കാനായിരുന്നു ബിജെപി നീക്കം. ചില എക്സിറ്റ്പോളുകൾ നൽകുന്ന വലിയ വിജയം തേജസ്വി യാദവിന് ഉണ്ടായാൽ പ്രതിപക്ഷ ചേരിക്ക് അത് വൻ ഊർജ്ജം പകരും. ബീഹാറിൽ പിടിച്ചുനിന്നാൽ ഇതുവരെ ഉയർന്ന വിമർശനങ്ങൾ മറികടക്കാനുള്ള അവസരമാകും എൻഡിഎക്ക്. തൂക്കു നിയമസഭയെങ്കിൽ എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാനുള്ള മുൻകരുതൽ പ്രതിപക്ഷത്ത് തുടങ്ങിയിട്ടുണ്ട്.

നിതീഷിനെ ബിജെപി വെട്ടുമോ?

ഏതുനിമിഷവും അകന്നുപോകാവുന്ന ഒരു അടുപ്പക്കാരനായാണ് ബിജെപി എക്കാലവും നിതീഷ് കുമാറിനെ കരുതിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അത്ര ഊഷ്മളമായ ബന്ധമായിരുന്നില്ല നിതീഷിന് മുമ്പ് ഉണ്ടായിരുന്നതു താനും. അതുകൊണ്ടുതന്നെ ഏറെ കരുതലോടെയാണ് ബിജെപി നിതീഷിനെ കൈകാര്യം ചെയ്യുന്നത്. ബിഹാറിൽ കാറ്റ് നിതീഷിന് എതിരെയാണു വീശുന്നതെന്നു തിരിച്ചറിഞ്ഞ അമിത് ഷാ ഉൾപ്പെടെയുള്ളവർ ഇക്കുറി 'ബിജെപി മുഖ്യമന്ത്രി' എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ തന്ത്രങ്ങൾ വിജയത്തിലെത്തുമോ എന്നു മണിക്കൂറുകൾക്കകം വ്യക്തമാകും. കേന്ദ്രമന്ത്രിയായിരുന്ന റാം വിലാസ് പസ്വാന്റെ മകനും ദലിത് നേതാവുമായി ചിരാഗ് പസ്വാനെ എതിർത്തും എതിർക്കാതെയും തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ബിജെപി കളിച്ചതും നിതീഷിനെ ലക്ഷ്യമിട്ടു തന്നെയാണെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ. നിയമസഭയിൽ തേജസ്വി യാദവിന്റെ ആർജെഡി മുൻതൂക്കം നേടുമെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ചിരാഗിന്റെ എൽജെപി നിതീഷിന്റെ ജെഡിയുവിന്റെ സീറ്റുകൾ കുറയ്ക്കുകയും ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം ഉരുത്തിരിയുകയും ചെയ്താൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ മന്ത്രിസഭ രൂപീകരിക്കാനാകുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടൽ.

ഈ സാഹചര്യത്തിൽ ചിരാഗ് കിങ്‌മേക്കറാകും. ബിജെപിക്കു മുഖ്യമന്ത്രിസ്ഥാനം ഉറപ്പാക്കാനായാൽ പിതാവിന്റെ വഴിയേ കേന്ദ്രമന്ത്രി പദവിയായിരിക്കും ചിരാഗിന് സമ്മാനമായി ലഭിക്കുക. കൂടുതൽ സീറ്റുകൾ ബിജെപിക്കു ലഭിച്ചാൽ നിതീഷിന് മാന്യമായ പടിയിറക്കത്തിന് അവസരം നൽകാനും സാധ്യതയുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കുറച്ചുനാൾ മുഖ്യമന്ത്രിയായിരുന്ന ശേഷം രാഷ്ട്രീയ വനവാസത്തിലേക്കു നിതീഷ് മടങ്ങുമെന്നും സൂചനയുണ്ട്. ബിജെപി സംസ്ഥാന രാഷ്ട്രീയത്തിൽ കരുത്താർജിക്കുന്നതോടെ നിതീഷിന്റെ ജെഡിയുവിലെ വലിയൊരു വിഭാഗം നേതാക്കളും അവിടേക്കു ചേക്കേറുമെന്നാണു ദേശീയനേതൃത്വത്തിന്റെ കണക്കുകൂട്ടൽ. നിതീഷ് വീണാൽ മറ്റൊരു നേതാവില്ലാത്ത ജെഡിയുവിന്റെ പിന്നാക്ക വോട്ട് ബാങ്ക് തങ്ങൾക്കൊപ്പമാകുമെന്ന പ്രതീക്ഷയാണു ബിജെപിക്കുള്ളത്.

താൻ മോദിയുടെ ഹനുമാനാണെന്ന് ചിരാഗ്

താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹനുമാനാണെന്ന ചിരാഗിന്റെ പ്രസ്തവനയും ചിരാഗിനെ മുറിവേൽപ്പിക്കാതെയുള്ള മോദിയുടെ പ്രചാരണവും ബിജെപിയുടെ രാഷ്ട്രീയ കൗശലത്തിന്റെ തെളിവായാണ് ജെഡിയു നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്. തിരഞ്ഞെടുപ്പിനിടയിൽ, നിതീഷിന്റെ സ്വപ്ന ജലപദ്ധതിയുമായി ബന്ധപ്പെട്ട കരാറുകാരുടെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകൾ ചിരാഗ് ഉന്നയിക്കുന്ന അഴിമതി ആരോപണങ്ങൾ കേന്ദ്രം അംഗീകരിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും നേതാക്കൾ കരുതുന്നു. ചിരാഗിനെ മുൻനിർത്തി ബിജെപി നടത്തുന്ന നീക്കങ്ങളിലെ അപകടം തിരിച്ചറിഞ്ഞ ജെഡിയു നേതാക്കൾ പല മണ്ഡലങ്ങളിലും ബിജെപിക്കെതിരെ വോട്ട് ചെയ്യാൻ അണികളോട് ആഹ്വാനം ചെയ്തതായും റിപ്പോർട്ടുണ്ട്.

പൗരത്വനിയമത്തിന്റെ പേരിലും നിതീഷ് ബിജെപിയുമായി വ്യക്തമായ അഭിപ്രായഭിന്നതയിലായിരുന്നു. ഒരുഘട്ടത്തിൽ ജെഡിയു ആർജെഡിയുടെ മഹാസഖ്യത്തിലേക്കു മടങ്ങുമോ എന്നു പോലും ബിജെപി ആശങ്കപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെ പാർലമെന്റിൽ ജെഡിയു പിന്തുണച്ചെങ്കിലും പിന്നീട് ബിഹാറിൽ പൗരത്വ നിയമത്തിന്റെയും പൗരരജിസ്റ്ററിന്റെ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനത്ത് പൗരരജിസ്റ്റർ നടപ്പാക്കില്ലെന്ന് അദ്ദേഹം പറഞ്ഞതും ബിജെപി നേതൃത്വത്തെ കുരുക്കിലാക്കിയിരുന്നു. കേന്ദ്രമന്ത്രിസഭാ രൂപീകരണ വേളയിൽ ജെഡിയുവിന് അംഗബലത്തിന് ആനുപാതികമായി മന്ത്രിസ്ഥാനം വേണമെന്ന നിതീഷിന്റെ ആവശ്യം ബിജെപി തള്ളിയിരുന്നു ഒരു മന്ത്രിസ്ഥാനം മാത്രമാണു നൽകിയത്. അതിൽ പ്രതിഷേധിച്ച് ബിഹാറിൽ ബിജെപിക്ക് ഒരു മന്ത്രിസ്ഥാനം മാത്രം നൽകിയാണ് നിതീഷ് തിരിച്ചടിച്ചത്. ഇരുകൂട്ടരും മന്ത്രിസ്ഥാനം നിരസിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP