Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിഹാറിൽ തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിലായി; ഒക്ടോബർ 12, 16, 28, നവംബർ 1, 5 തീയതികളിൽ ജനം പോളിങ് ബൂത്തിലെത്തും; വോട്ടെണ്ണൽ നവംബർ എട്ടിന്

ബിഹാറിൽ തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിലായി; ഒക്ടോബർ 12, 16, 28, നവംബർ 1, 5 തീയതികളിൽ ജനം പോളിങ് ബൂത്തിലെത്തും; വോട്ടെണ്ണൽ നവംബർ എട്ടിന്

ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളിലായി നടക്കും. ഒക്ടോബർ 12 മുതൽ നവംബർ അഞ്ചുവരെയാണ് തെരഞ്ഞെടുപ്പ്. നവംബർ എട്ടിനാണ് വോട്ടെണ്ണൽ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും തമ്മിലുള്ള വാക്‌പോരുകൾ കൊണ്ടു ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമായതാണ് ബിഹാർ തെരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മോദിയും നിതീഷ് കുമാറും തമ്മിലുള്ള ശക്തിപരീക്ഷണത്തിനാകും ബിഹാർ തെരഞ്ഞെടുപ്പ് വേദിയാകുക എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഒക്ടോബർ 12ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കും.

രണ്ടാം ഘട്ടം ഒക്ടോബർ 16നും മൂന്നാം ഘട്ടം 28നും നടക്കും. നാലാം ഘട്ടം നവംബർ ഒന്നിനും അഞ്ചാം ഘട്ടം നവംബർ അഞ്ചിനുമാണ് നടക്കുക. ഫോട്ടോ പതിച്ച വോട്ടിങ് യന്ത്രങ്ങളാണ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുക.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സർക്കാരാണ് ബീഹാർ ഭരിക്കുന്നത്. 243 അംഗ നിയമസഭയിൽ 115 അംഗങ്ങളാണ് ജെഡി(യു)വിനുള്ളത്. ബിജെപിക്ക് 91ഉം ആർ.ജെ.ഡിക്ക് 22ഉം അംഗങ്ങളുണ്ട്. കോൺഗ്രസിന് അഞ്ച് സീറ്റും സിപിഐയ്ക്ക് ഒരു സീറ്റുമുണ്ട്. ജാർഖണ്ഡ് മുക്തി മോർച്ചയ്ക്ക് ഒന്നും ആറ് സീറ്റ് സ്വതന്ത്രന്മാർക്കുമുണ്ട്.

ഘട്ടം ഒന്നിൽ 49, ഘട്ടം രണ്ടിൽ 32, ഘട്ടം മൂന്നിൽ 50, ഘട്ടം നാലിൽ 55, ഘട്ടം അഞ്ചിൽ 57 എന്നിങ്ങനെയാണ് ഓരോ ഘട്ടത്തിലും വോട്ടെടുപ്പു നടക്കുന്ന മണ്ഡലങ്ങൾ. ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യത്തിനെതിരെ ജെഡിയു- ആർജെഡി- കോൺഗ്രസ് സഖ്യമാണ് മൽസരിക്കുന്നത്. 100 സീറ്റുകളിൽ വീതം ജെഡിയുവും ആർജെഡിയും കോൺഗ്രസ് 40 സീറ്റുകളിലേക്കുമാണ് മൽസരിക്കുന്നത്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് മൂന്നു പാർട്ടികളും തമ്മിൽ സീറ്റ് ധാരണയായത്.

അതിനിടെ, സീറ്റ് വിഭജനത്തിൽ പ്രതിഷേധിച്ച് മുലായം സിങ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി ഇടഞ്ഞു നിൽക്കുന്നത് വിശാല സഖ്യത്തിന് തിരിച്ചടിയാണ്. മുലായത്തിനെ അനുനയിപ്പിക്കാൻ ലാലു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന റിപ്പോർട്ടുകളാണു പുറത്തുവരുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് ബിഹാറിന് 11, 050 കോടിയുടെ കേന്ദ്രപാക്കേജ് അനുവദിച്ചിരുന്നു. ഊർജമേഖലയിലെ വികസനത്തിനാണ് തുക അനുവദിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി ബിഹാറിന് 1.65 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP