Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

നൂറു കോടി വോട്ടർമാരുമായി ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ ആവേശം ലോകമെങ്ങും എത്തിക്കാൻ ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്; രാമക്ഷേത്രവും ഇന്ത്യൻ സമ്പദ് വളർച്ചയും ഇലക്ട്രൽ ബോണ്ടും പ്രധാന ഘടകങ്ങളായി മാറുമെന്ന് വിലയിരുത്തൽ; ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം തകർന്നെന്നും വിശകലനം

നൂറു കോടി വോട്ടർമാരുമായി ലോകത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ ആവേശം ലോകമെങ്ങും എത്തിക്കാൻ ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്; രാമക്ഷേത്രവും ഇന്ത്യൻ സമ്പദ് വളർച്ചയും ഇലക്ട്രൽ ബോണ്ടും പ്രധാന ഘടകങ്ങളായി മാറുമെന്ന് വിലയിരുത്തൽ; ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം തകർന്നെന്നും വിശകലനം

പ്രത്യേക ലേഖകൻ

ലണ്ടൻ: ഇന്ത്യൻ ജനത തിരഞ്ഞെടുപ്പ് ചൂടിൽ കത്തി ജ്വലിക്കുമ്പോൾ ആ ചൂട് ലോകമെങ്ങും പടരുകയാണ്. ലോകത്തെ പ്രധാന മാധ്യമങ്ങളൊക്കെ ഇന്ത്യൻ തിരഞ്ഞെടുപ്പ് വിശേഷം ചർച്ചയാക്കി മാറ്റുമ്പോൾ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ അത്ഭുതത്തോടെ വീക്ഷിക്കുകയാണ് ലോക ജനത. അഭിപ്രായ വോട്ടെടുപ്പുകൾ മോദി സർക്കാരിന് വീണ്ടും തുടർ ഭരണം വാഗ്ദാനം ചെയ്യുന്ന സാഹചര്യത്തിൽ ഭരണപക്ഷം വമ്പൻ ആവേശത്തിലും പ്രതിപക്ഷം അൽപം മ്ലാനതയിലും ആണ് തിരഞ്ഞെടുപ്പിലേക്ക് കാലെടുത്തു വച്ചതെങ്കിലും അടിക്കടി ചാഞ്ചാടുന്ന ഇന്ത്യൻ മനസുകൾ ഓരോ ദിവസവും അഭിപ്രായം മാറ്റിക്കൊണ്ടിരിക്കെ രാഷ്ട്രീയ സാഹചര്യവും വ്യത്യസ്തമാകുകയാണ്. ഈസി വാക്കോവറിനു തയ്യാറായ ബിജെപി മുന്നണിക്ക് ഇപ്പോൾ അൽപം കരുതലോടെയും ഇരട്ടി അധ്വാനത്തോടെയും പണിയെടുക്കണം എന്ന സാഹചര്യമാണ് പ്രതിപക്ഷ ഐക്യം വഴി സംജാതമായിരിക്കുന്നത്.

ഇന്ത്യൻ തിരഞ്ഞെടുപ്പിനെ ഏറ്റവും അടുത്ത് നിന്നും നോക്കിക്കാണുക എന്ന രീതിയിലാണ് ബിബിസി റിപ്പോർട്ട് വ്യത്യസ്തമാകുന്നത്. തിരഞ്ഞെടുപ്പിന്റെ ആഴങ്ങളിലേക്ക് എത്തി നോക്കുന്നതിനൊപ്പം തിരഞ്ഞെടുപ്പിലെ വിശദാംശങ്ങളും കണക്കുകളും ഒക്കെ അടുക്കി വച്ചാണ് ബിബിസി അവതരിപ്പിക്കുന്നത്. ഒറ്റനോട്ടത്തിൽ അറിയേണ്ടതെല്ലാം ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ലോകത്തിലെ ജനസംഖ്യ കണക്കിൽ എട്ടിൽ ഒരാൾ വീതം ഇന്ത്യയുടെ ഭാവിക്കായി വോട്ടു ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ പ്രത്യേകത കൊണ്ട് തന്നെയാണ് ലോകരാജ്യങ്ങൾ ഇന്ത്യയുടെ ശബ്ദം കൂടുതലായി കേൾക്കാൻ തുടങ്ങിയിരിക്കുന്നതും.

ഇന്ത്യ സഖ്യം പലയിടത്തും വേര് പിടിച്ച സാഹചര്യം ബിജെപി മുന്നണിക്ക് വെല്ലുവിളിയാകും

ബിജെപി മുന്നേറ്റം കണ്ടതോടെ അവരെ ഒറ്റയ്ക്ക് നേരിടാൻ കരുത്തു പോരെന്നു തോന്നിയതിനാൽ രണ്ടു ഡസൻ പാർട്ടികളുടെ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസിവ് അലയൻസ് അഥവാ ഇന്ത്യ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൂട്ടായ്മ ഉയർത്തുന്ന വെല്ലുവിളി ഇപ്പോൾ നിസാരമായി ഇന്ത്യ സഖ്യവും തള്ളിക്കളയുന്നില്ല. ഇന്ത്യ സഖ്യം പലയിടത്തും വേരുപിടിച്ചതാണ് ബിജെപിയുടെ അനായാസ വിജയം എന്ന സാഹചര്യത്തെ ഇപ്പോൾ ദുർബലപ്പെടുത്തിയിരിക്കുന്നതും.

എന്നാൽ പ്രതിപക്ഷത്തെ ദുർബലമാക്കാനുള്ള എല്ലാ ആയുധവും എടുത്താണ് ബിജെപി സഖ്യം തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രതിപക്ഷ നേതാക്കൾക്ക് എതിരെ കേസുകൾ, ഡൽഹി മുഖ്യമന്ത്രിയെ ജയിലിൽ എത്തിച്ചത്, കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു തിരഞ്ഞെടുപ്പ് ഫണ്ട് ഇല്ലാതാക്കിയത്, തുടങ്ങി ആവനാഴിയിലെ ആയുധം എല്ലാം എടുത്താണ് ബിജെപി പ്രതിപക്ഷത്തെ തളയ്ക്കുന്നത് എന്നാൽ ഇതൊക്കെ നേട്ടമാണോ അതോ കോട്ടമാണോ സമ്മാനിക്കുക എന്നറിയാൻ ജൂൺ നാലു വരെ കാത്തിരിക്കണം. എന്നാൽ ഇലക്ട്രൽ ബോണ്ട് അടക്കം ബിജെപിയുടെ വിശ്വാസ്യത ഇടിക്കാൻ കാരണമാകുന്ന വിഷയങ്ങൾ വീണു കിട്ടിയ സന്തോഷത്തിലാണ് പ്രതിപക്ഷ നിര തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരിക്കുന്നത്.

അമ്പരപ്പാണ് ഇന്ത്യൻ ജനാധിപത്യം എന്നത്

അമേരിക്ക, റഷ്യ, ജപ്പാൻ, ബ്രിട്ടൻ, ബ്രസീൽ, ഫ്രാൻസ്, ബെൽജിയം തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ ഒന്നിച്ചു കൂടിയാൽ കിട്ടുന്നത്ര വോട്ടുകളാണ് ഇന്ത്യൻ ജനാധിപത്യത്തിൽ ഉപയോഗിക്കപ്പെടുക. ഇന്ത്യൻ ജനാധിപത്യത്തിന്റെ വലുപ്പത്തെക്കുറിച്ചുള്ള അമ്പരപ്പാണ് ബിബിസി റിപ്പോർട്ടിന്റെ കാതൽ. ജനങ്ങൾ വാ പൊളിച്ചു വായിച്ചു പോകും വിധമാണ് ബിബിസി ഇന്ത്യൻ തിരഞ്ഞെടുപ്പിനെ തങ്ങളുടെ വെബ് പേജിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇതാദ്യമായി പ്രായം ചെന്നവർക്കും അവശത ഉള്ളവർക്കും വീടുകളിൽ വോട്ടു ചെയ്യാം എന്ന നിയമ ഭേദഗതി വന്ന തിരഞ്ഞെടുപ്പു എന്നത് മാറുന്ന ഇന്ത്യൻ ജനാധിപത്യ പ്രക്രിയയുടെ മുഖം കൂടിയാണ് വെളിപ്പെടുത്തുന്നത്. എല്ലാ ജനങ്ങൾക്കും വോട്ടു ചെയ്യാൻ അവസരം എന്നത് വെറും പരസ്യവാക്യം അല്ലെന്നും 2019ൽ അരുണാചൽ പ്രദേശിലെ ഒറ്റപ്പെട്ട സ്ഥലത്തു താമസിച്ചിരുന്ന 39കാരിയായ വോട്ടറെ തേടി അഞ്ചു പോളിങ് ഉദ്യോഗസ്ഥർ ബസിലും കാൽ നടയുമായി രണ്ടു ദിവസത്തെ സമയമെടുത്താണ് അവിടെ എത്തിയത് എന്നും ചീഫ് ഇലക്ഷൻ കമ്മീഷൻ ഓഫിസർ വെളിപ്പെടുത്തിയത് ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് പുറം ലോകത്തിനു കാണിച്ചു തരുന്നത്.

അഞ്ചു വമ്പന്മാരെ കൈക്കലാക്കിയാൽ ഇന്ത്യ സ്വന്തമായി

വമ്പൻ സംസ്ഥാനങ്ങളായ യുപി, ബീഹാർ, മഹാരാഷ്ട്ര, ബംഗാൾ, തമിഴ്‌നാട് എന്നിവ എന്നിവ കൈക്കലായാൽ ഇന്ത്യ സ്വന്തമായി എന്നാണർത്ഥം. ഇതിൽ യുപിയിലും മഹാരാഷ്ട്രയിലും ബിജെപി നേട്ടം ഉണ്ടാക്കുന്ന സംസ്ഥാനങ്ങളാണ്. ബംഗാളും തമിഴ്‌നാടും ബിഹാറും ഇന്ത്യ മുന്നണിയും നേട്ടമെടുക്കും. ഈ കണക്കുകളിൽ ബലാബലം വരുന്നതാണ് ഇപ്പോൾ ഇരു പക്ഷത്തും ഇന്ത്യ ആർക്കെന്ന ചോദ്യം ഉയർത്തുന്നത്.

ഇന്ത്യ ഭരിക്കാനുള്ള ഭൂരിപക്ഷമായ 272 സീറ്റുകളിലേക്ക് ഈ അഞ്ചു സംസ്ഥാനങ്ങളും ചേർന്നാൽ തന്നെ 249 സീറ്റുകളായി. അതായത് ഇന്ത്യ ഭരിക്കാൻ ഈ സംസ്ഥാനങ്ങളിൽ വേര് പിടിച്ചേ മതിയാകൂ എന്നത് തന്നെ. ഈ തിരഞ്ഞെടുപ്പിൽ യുപിക്കു പുറമെ അധികമായി ബിജെപി മുന്നണി തമിഴ്‌നാട്ടിൽ കണ്ണ് വയ്ക്കാൻ കാരണവും ഈ കണക്കാണ്. ആറു ദേശീയ പാർട്ടികളും 58 സംസ്ഥാന പാർട്ടികളും ചേർന്നാണ് തിരഞ്ഞെടുപ്പ് അങ്കത്തെ ചൂടുപിടിപ്പിക്കുന്നത്.

മോദി സ്വന്തമാക്കുക നെഹ്റുവിന്റെ റെക്കോർഡ്

ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റു സ്വന്തമാക്കിയ റെക്കോർഡ് ആകും മൂന്നാം വട്ടം അധികാരം പിടിച്ചാൽ 73 കാരനായ മോദിയും സ്വന്തമാക്കുക. അന്നത്തേയും ഇന്നത്തെയും രാഷ്ട്രീയ സാഹചര്യങ്ങൾ രാവുംപകലും പോലെ മാറിക്കഴിഞ്ഞെങ്കിലും കണക്കിൽ കണ്ണ് വയ്ക്കുമ്പോൾ മോദിക്ക് ഒട്ടേറെ റെക്കോർഡുകൾ ആകും മൂന്നാം ഭരണ തുടർച്ച നൽകുക, അത് സാധ്യമായാൽ. ഇന്ത്യയെ അന്താരാഷ്ട്ര തലത്തിൽ ബ്രാൻഡ് ചെയ്യുന്നതിൽ മോദി വിജയം കണ്ടതാണ് നെഹ്റുവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ശക്തനായ ഭരണാധികാരി എന്ന വിശേഷണം മോദിയിൽ എത്താൻ കാരണമായത്.

യുക്രൈൻ യുദ്ധ സമയത്തും ഇപ്പോൾ ഇറാൻ പിടിച്ചു വച്ച കപ്പൽ ജീവനക്കാരെ മോചിപ്പിക്കുന്നതിലും ഒക്കെ ഇന്ത്യയുടെ നീക്കങ്ങൾ മുൻപ് അമേരിക്ക ചെയ്തിരുന്നതിനോട് സമാനമായാണ് ആഗോളതലത്തിൽ വിലയിരുത്തപ്പെടുന്നത്. സോമാലിയൻ കടൽ കൊള്ളക്കാരെ നേരിട്ടു പല രാജ്യങ്ങളുടെയും ചരക്കു കപ്പലുകൾ മോചിപ്പിക്കുന്നതിലും നേട്ടം സ്വന്തമാക്കുന്നത് മോദിയുടെ ഇമേജ് തന്നെയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ 303 സീറ്റിനു പകരം ഇത്തവണ 400 കടക്കും എന്നതായിരുന്നു തുടക്കത്തിൽ ഉള്ള അവകാശവാദം എങ്കിലും ഇപ്പോൾ ആ സാധ്യതയ്ക്ക് നേരിയ മങ്ങൽ ഉണ്ടെന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ വീക്ഷിക്കുന്നവർക്ക് അറിയാം. എങ്കിലും ബിജെപിയുടെ വിജയ പ്രതീക്ഷ ഉയരത്തിൽ തന്നെയാണെന്നു ബിബിസിയും പറയുന്നു.

അധികാര പരിസരത്ത് എത്താത്ത രാഹുൽ

മോദിയെ നേരിടാൻ ഇറങ്ങി തിരിച്ചിരിക്കുന്ന പ്രധാന പ്രതിപക്ഷ നേതാവായ രാഹുൽ ഒരിക്കലും അധികാര പരിസരത്ത് എത്താത്ത വ്യക്തിയാണ്. മുതു മുത്തച്ഛൻ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയും മുത്തശ്ശിയും പ്രധാനമന്ത്രിമാർ ആയിരുന്നതും രാഹുൽ എന്ന നേതാവിനെ ഇന്ത്യൻ മനസ്സിൽ പ്രത്യേക സ്നേഹ വാത്സല്യങ്ങൾ നൽകിയാണ് വളർത്തുന്നത്. ബിജെപി വളർന്നപ്പോൾ കോൺഗ്രസ് തളർന്നത് രാഹുലിന്റെ നേതൃവത പരാജയം ആണെന്നാണ് ഇപ്പോൾ കോൺഗ്രസ് വിടുന്നവരുടെ പരാതി. തന്റെ നേതൃത്വ ശേഷി ചോദ്യം ചെയ്യപ്പെട്ടപ്പോൾ കഴിഞ്ഞ ഒരു വർഷത്തിലേറെയായി അതി കഠിനമായി ജോലി ചെയ്യുന്ന രാഹുലിനെയാണ് ഇന്ത്യ കണ്ടത്.

ഇന്ത്യയുടെ തെക്കു വടക്കും കിഴക്കു പടിഞ്ഞാറും നടന്നു തീർത്ത രാഹുൽ സൃഷ്ടിച്ച ഇമേജ് നിശ്ചയമായും ഇത്തവണ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കരുത്താകും എന്നാണ് പൊതു പ്രതീക്ഷ. അതിനാൽ രാഹുലിനെ വളഞ്ഞിട്ടു ആക്രമിക്കുന്നതിൽ പോലും ബിജെപി അൽപം പിന്നോക്കം വലിഞ്ഞിരിക്കുകയാണ്. ഇന്ത്യയെ ഏകോപിപ്പിക്കാൻ രാഹുൽ നടത്തുന്ന ശ്രമം പ്രതിപക്ഷ നിരയിൽ തന്നെ അദ്ദേഹത്തിന് മതിപ്പ് കൂട്ടിയിരിക്കുകയാണ്. എന്നാൽ ഈ ശ്രമങ്ങൾക്കൊന്നും കോൺഗ്രസിനെ ബിജെപിയുടെ അരികിൽ പോലും എത്താൻ സഹായിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

വിഷയങ്ങൾക്കും പഞ്ഞമില്ല, രാമക്ഷേത്രം മുതൽ സമ്പദ് വളർച്ച വരെ, തൊഴിൽ ഇല്ലായ്മ മുതൽ ഇലക്ടറൽ ബോണ്ട് വരെ

ഇത്രയും ബൃഹത്തായ രാഷ്ട്രീയവും രാഷ്ട്ര മനസും ആകുമ്പോൾ അവിടെ ചർച്ച ചെയുന്ന വിഷയങ്ങൾക്കും പഞ്ഞമില്ലെന്നു ബിബിസി ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ പ്രതിഷ്ഠ നടന്ന രാമക്ഷേത്രം മുതൽ ഇന്ത്യൻ സാമ്പത്തിക വളർച്ച വരെ ചൂണ്ടിക്കാട്ടിയാണ് ബിബിസി ജനങ്ങളിൽ നിറയുന്നത്. ഇന്ത്യൻ ജനതയിൽ 80 ശതമാനവും ഹിന്ദുക്കൾ ആയതിനാൽ രാമക്ഷേത്രം ഈ തിരഞ്ഞെടുപ്പിൽ വോട്ടെത്തിക്കും എന്ന ചിന്തയാണ് ബിബിസിയിൽ ആത്മവിശ്വാസം വളർത്തുന്നത്. എന്നാൽ അഴിമതിക്ക് എതിരാണ് എന്ന് പറഞ്ഞിരുന്ന ബിജെപിക്ക് ആയിരക്കണക്കിന് കോടി രൂപ ഇലക്ട്രൽ ബോണ്ട് വഴി കിട്ടിയത് ആയുധമാക്കുകയാണ് പ്രതിപക്ഷം. എന്നാൽ എല്ലാ പാർട്ടികളും ഇലക്ട്രൽ ബോണ്ട് വാങ്ങി എന്നതിനാൽ ആ പ്രചാരണം വേണ്ടത്ര ഫലിക്കില്ല എന്ന ചിന്തയും ബിബിസി ഉയർത്തുന്നു.

ഇരുപത് വർഷം കഴിയുമ്പോഴേക്കും ഇന്ത്യ ലോക തലത്തിൽ മൂന്നാമത് ആയിരിക്കും എന്ന പ്രചാരണം ബിജെപി നടത്തുന്നത് തങ്ങൾക്ക് ഭരിക്കാനറിയാം എന്ന് തെളിയിക്കാൻ കൂടിയാണ്. കഴിഞ്ഞ വർഷം ലോക തലത്തിൽ അഞ്ചാം സ്ഥാനത്ത് ആയിരുന്ന ബ്രിട്ടന്റെ മുന്നിൽ കയറിയത് ഇന്ത്യക്ക് നൽകിയ ആത്മ വിശ്വാസം ചെറുതല്ലെന്നു ലോകവും അംഗീകരിക്കുന്നുണ്ട്. പക്ഷെ ഈ നേട്ടം മുന്നിൽ നിൽക്കുമ്പോഴും ഇന്ത്യ അസാധാരണമായ വിധം തൊഴിൽ ഇല്ലായ്മ നേരിടുകയാണ്. യുദ്ധം കനത്തു നിൽക്കുന്ന റഷ്യയിലേക്കും ഇസ്രയേലിലേക്ക് വരെ ചെറുപ്പക്കാർ ലക്ഷക്കണക്കിന് രൂപ മുടക്കി വിസ വാങ്ങാൻ നടക്കുന്ന കാഴ്ച ഇന്ത്യയിൽ സാധാരണമാകുകയാണ്.

ഇതിനിടയിൽ തിരഞ്ഞെടുപ്പ് വിഷയം അല്ലെങ്കിലും നികുതി വെട്ടിപ്പിൽ മോദിയുടെ പ്രഹരമേറ്റ ബിബിസി ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം ഇല്ലാതാകുന്ന വിവരവും തിരഞ്ഞെടുപ്പ് വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാനേക്കാൾ മോശം അവസ്ഥയാണ് മാധ്യമ സ്വാതന്ത്ര്യത്തിനു ഇന്ത്യയിൽ എന്നാണ് ബിബിസിയുടെ പരാതി. ഏഷ്യൻ രാജ്യങ്ങളിൽ ബംഗ്ലാദേശ് മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിൽ ഉള്ളതെന്നും ബിബിസി കണ്ടെത്തുന്നു. ഈ വിഷയത്തിൽ ഏഷ്യൻ രാജ്യങ്ങളിൽ ഉയർന്ന റാങ്കിങ് ബിബിസി നൽകുന്നത് നേപ്പാളിന് ആണ്.

കണക്കുകളിൽ ലോകത്തിനു മുന്നിൽ തന്നെ

അടുത്ത അഞ്ചു വർഷത്തേക്ക് തങ്ങളെ ആര് നയിക്കണം എന്ന് തീരുമാനിക്കാൻ 96 കോടി ജനങ്ങളാണ് 19 തിയതി മുതൽ വോട്ട് ചെയ്തു തുടങ്ങുന്നത്. ഈ കണക്കിൽ 49 കോടി പുരുഷന്മാരും 47 കോടി സ്ത്രീകളുമാണ് പങ്കെടുക്കുക എന്ന വിവരം പങ്കുവയ്ക്കുന്നത് ഇന്ത്യയിലെ ഇലക്ഷൻ കമ്മീഷൻ രേഖകളാണ്. വോട്ടർമാരിൽ ബഹുഭൂരിഭാഗവും 30 നും 84 നും ഇടയിൽ പ്രായമുള്ളവരും. വോട്ടു രേഖപ്പെടുത്താൻ 55 ലക്ഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളും ഒന്നര കോടി ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും വേണ്ടി വരും. കൂടാതെ നാല് ലക്ഷം വാഹനങ്ങളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉപയോഗപ്പെടുത്തും.

ഇത്രയും വിപുലമായ സംവിധാനങ്ങൾ ലോകത്തെവിടെയും വേണ്ടി വരുന്നില്ല എന്നതിനാൽ തന്നെ ആഗോളമായി എല്ലാ ശ്രദ്ധയും ഇന്ത്യൻ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ അയൽരാജ്യങ്ങൾ പോലും തിരഞ്ഞെടുപ്പ് നടത്താൻ പരാജയപ്പെടുകയോ പട്ടാള ഭരണത്തിന് കീഴിൽ അമരുകയോ ചെയ്യുമ്പോളാണ് കഴിഞ്ഞ ഏഴു പതിറ്റാണ്ടായി കാര്യമായ പരുക്കില്ലാതെ ഇന്ത്യൻ ജനാധിപത്യം ലോകത്തിനു മുന്നിൽ തല ഉയർത്തുന്നത് എന്നതാണ് ആഗോള ശ്രദ്ധയുടെ പ്രധാന കാരണങ്ങളിൽ ഒന്ന്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP