Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർത്തികേയന്റെ മകനെ കൈവിടാതെ അരുവിക്കരക്കാർ; കെ എസ് ശബരിനാഥിന്‌ 10,128 വോട്ടിന്റെ വമ്പൻ വിജയം; 46,320 വോട്ടുമായി വിജയകുമാർ രണ്ടാമത്; 34,145 വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപിയുടെ മുന്നേറ്റം; എല്ലാ പ്രതീക്ഷയും കൈവിട്ട നിരാശയിൽ സിപിഐ(എം)

കാർത്തികേയന്റെ മകനെ കൈവിടാതെ അരുവിക്കരക്കാർ; കെ എസ് ശബരിനാഥിന്‌ 10,128 വോട്ടിന്റെ വമ്പൻ വിജയം; 46,320 വോട്ടുമായി വിജയകുമാർ രണ്ടാമത്; 34,145 വോട്ട് നേടി ഇരുമുന്നണികളെയും ഞെട്ടിച്ച് ബിജെപിയുടെ മുന്നേറ്റം; എല്ലാ പ്രതീക്ഷയും കൈവിട്ട നിരാശയിൽ സിപിഐ(എം)

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ അതിനിർണ്ണായകമായ ഉപതിരഞ്ഞെടുപ്പിൽ എല്ലാ പ്രതീക്ഷകളും അട്ടിമറിച്ച് അരുവിക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥി വമ്പൻ വിജയം നേടി. കടുത്ത ത്രികോണ മത്സരത്തിനൊടുവിലാണ് കെ എസ് ശബരിനാഥ് പതിനായിരം വോട്ടിന്റെ വോട്ടിന്റെ വിജയം നേടിയത്. 10,128 വോട്ടുകളുടെ ഭൂരിപക്ഷമാണ് ശബരിനാഥിന് ലഭിച്ചത്. 56,448 വോട്ടുകൾ ശബരിനാഥ് നേടി. വിജയകുമാറിന് ലഭിച്ചത്. 46,320 വോട്ടുകളാണ്. 34,145 വോട്ടുകളുമായി മൂന്നാം സ്ഥാനത്തെത്തിയ ഒ രാജഗോപാലിന്റെ മികവിൽ ബിജെപി മണ്ഡലത്തിൽ ശക്തമായ മുന്നേറ്റം നടത്തി. 1430 വോട്ടുകൾ നോട്ടയിൽ രേഖപ്പെടുത്തിയപ്പോൾ പി സി ജോർജ്ജിന്റെ സ്ഥാനാർത്ഥി കെ ദാസിന് 1197 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചുള്ളൂ. ആകെയുള്ള എട്ടു പഞ്ചായത്തുകളിൽ ഏഴിലും ശബരിനാഥ് വ്യക്തമായ ഭൂരിപക്ഷം നേടി.

സ്ഥാനാർത്ഥികളും നേടിയ വോട്ടുകളും ഇങ്ങനെ

ആകെ ബൂത്തുകൾ 155

ശബരീനാഥൻ (യുഡിഎഫ്)- 56448
വിജയകുമാർ (എൽഡിഎഫ്) -46320
രാജഗോപാൽ (ബിജെപി) - 34145
നോട്ട -1430
കെ ദാസ് (സ്വതന്ത്രൻ)- 1197
പൂന്തുറ (സിറാജ്) പിഡിപി -703
യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം- 10128

പഞ്ചായത്തുകളിൽ ശബരിനാഥ് നേടിയ ലീഡ് നില

ആര്യനാട്: 1449
കുറ്റിച്ചൽ: 1528
പൂവച്ചൽ: 1975
വെള്ളനാട്: 2334
ഉഴമലയ്ക്കൽ: 368
വിതുര: 1052,
തൊളിക്കോട്: 1422

അരുവിക്കരയിൽ(വിജയകുമാറിന് -133 വോട്ടിന്റെ ഭൂരിപക്ഷം)

തിരുവനന്തപുരം സംഗീത കോളേജായിരുന്നു വോട്ടെണ്ണലിന്റെ മുഖ്യകേന്ദ്രം. രാവിലെ എട്ട് മണിയോടെ വോട്ടെണ്ണൽ ആരംഭിച്ചത് മുതിൽ യുഡിഎഫ് സ്ഥാനാർത്ഥി ലീഡു തുടങ്ങി. ഈ ലീഡ് അവസാനം വരെ നിലനിർത്താനും ശബരിനാഥിന് സാധിച്ചു. അരുവിക്കര ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ശബരിനാഥ് വ്യക്തമായ മുന്നേറ്റം നടത്തി. ഇടതു സ്ഥാാർത്ഥി വിജയകുമാർ ഏറെ പ്രതീക്ഷ വച്ചുപുലർത്തിയ ഇടതുകേന്ദ്രങ്ങളിൽ പോലും വൻ മുന്നേറ്റമാണ് ശബരിനാഥ് നടത്തിയത്.

വോട്ടെണ്ണി തുടങ്ങിയത് തൊളിക്കോട് പഞ്ചായത്തിലാണ്. ഇവിടെ മുതൽ ശബരിനാഥ് ലീഡ് നേടി. യുഡിഎഫിന്റെ പരമ്പരാഗതമായ പഞ്ചായത്തിൽ 1449 വോട്ടിന്റെ ഭൂരിപക്ഷം നേടിയപ്പോൾ തന്നെ ട്രെന്റ് വ്യക്തമായിരുന്നു. തുടർന്ന് എണ്ണിയത് ഇടതു ശക്തികേന്ദ്രമായ വിതുരയിൽ ആയിരുന്നു. ഇവിടെ വോട്ടെണ്ണി തുടങ്ങിയതോടെ ഇടതു പ്രതീക്ഷകൾ തെറ്റി. ഇവിടെ ലീഡ് നേടിയാൽ മാത്രമേ വിജയകുമാറിന് വിജയം സാധ്യമായിരുന്നു. എന്നാൽ, വിതുരയിൽ 1052 വോട്ടിന്റെ ലീഡ് ശബരിനാഥ് നേടിയതോടെ വിജയകുമാർ തോൽവിയിലേക്കാണെന്ന് ബോധ്യം വന്നു.

എൽഡിഎഫ് ഏറ്റവുമധികം വോട്ട് പ്രതീക്ഷിച്ച ആര്യനാട്ട് ശബരിനാഥന് 1449 വോട്ടിന്റെ ലീഡെടുത്തു. ഇടതു കോട്ടയെന്ന് വിശേഷിപ്പിച്ച ഉഴമലയ്ക്കൽ പഞ്ചായത്തിൽ 368 വോട്ടിന്റെയും മേൽകൈ യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. യുഡിഎഫ് മുന്നേറ്റം പ്രതീക്ഷിച്ചിരുന്ന വെള്ളനാട്ട് ശബരിനാഥന് പ്രതീക്ഷ തെറ്റിയില്ല. ഇവിടെ 2334 വോട്ടിന്റെ ലീഡാണ് ശബരി നേടിയത്. അതേസമയം കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെക്കാൾ യുഡിഎഫിന്റെ ഭൂരിപക്ഷം വെള്ളനാട്ട് കുറയുകയാണ് ഉണ്ടായത്. അരുവിക്കര മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയകുമാറിന് ലീഡ് ലഭിച്ചത്. 133 വോട്ടുകളുടെ ലീഡ് ഇവിടെ വിജയകുമാറിന് ലഭിച്ചു. കുറ്റിച്ചലിൽ 1528 ഉം പൂവച്ചലിൽ 1975 വോട്ടിന്റെയും ലീഡ് സ്വന്തമാക്കിയതോടെ അവസാന നിമിഷങ്ങളിൽ ശബരിനാഥിന്റെ ഭൂരിപക്ഷം പതിനായിരത്തിലേക്ക് കടക്കുകയായിരുന്നു.

അതേസമയം ഇടതു കേന്ദ്രങ്ങളിൽ പോലും ബിജെപി നടത്തിയ മുന്നേറ്റമാണ് ശക്തമായ മത്സരം കാഴ്‌ച്ചവെക്കാൻ ഇടതിന് സാധിക്കാതെ പോയത്. ന്യൂനപക്ഷ മേഖലയായ തെളിക്കോട് വലിയ മുന്നേറ്റം ബിജെപി നേടി. ഒ രാജഗോപാലിന്റെ സ്ഥാനാർത്ഥി മികവ് തന്നെയായിരുന്നു ബിജെപിക്ക് ഗുണകരമായത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ രണ്ടാം സ്ഥാനത്തേക്കും രാജഗോപാൽ കയറിയിരുന്നു. പിന്നീട് വിജയകുമാറിന് തൊട്ടുപിന്നിലായും നിന്നും. നോട്ടയാണ് നാലാം സ്ഥാനത്ത്. പി.സി. ജോർജിന്റെ സ്ഥാനാർത്ഥി കെ. ദാസ്, പൂന്തുറ സിറാജ് എന്നിവർക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല.

അതേസമയം 2011ലെ തെരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ മുന്നണികൾക്ക് വോട്ടുകൾ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ജി കാർത്തികേയൻ 56797 വോട്ടുകളാണ് നേടിയത്. എന്നാൽ ഇത്തവണ ശബരിക്ക് ലഭിച്ചത് 56488 വോട്ടും. യുഡിഎഫിന് തന്നെ 349 വോട്ടുകളുടെ കുറവ്. 2011ൽ ഇടതുമുന്നണിയുടെ അംബലത്തറ ശ്രീധരൻ നായർ നേടിയത്. 46123 വോട്ടുകളാണ്. ഇത്തവണ സിപിഐഎമ്മിന്റെ വിജയകുമാർ 46320 വോട്ടുപിടിച്ചു. 197 വോട്ട് കുടുതൽ നേടിയെങ്കിലും വോട്ടർമാരുടെ എണ്ണവും പോളിങ് ശതമാനവും ഇത്തവണ കൂടുതലാണ്. എന്നാൽ ബിജെപി വൻ മുന്നേറ്റം നടത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സി ശിവൻകുട്ടി 7694 വോട്ടാണ് നേടിയിരുന്നത്. എന്നാൽ ഇത്തവണ രാജഗോപാൽ ഇത് 34145 വോട്ടാക്കി ഉയർത്തി.

2006 ന് ശേഷം സിപിഎമ്മിന് ഒരു വിജയം ഇപ്പോഴും അന്യമാകുന്നു എന്നതാണ് ഈ ഉപതിരഞ്ഞെടുപ്പ് നൽകുന്ന പാഠം. അതേസമയം യുഡിഎഫ് ഉപതിരഞ്ഞെടുപ്പുകളിൽ ഹാട്രിക് വിജയം നേടുകയും ചെയ്യും. പിറവത്ത് ടി.എം.ജേക്കബ് മരിച്ചപ്പോൾ മകനെ നിർത്തി വിജയിപ്പിച്ചെടുത്ത യുഡിഎഫ് നെയ്യാറ്റിൻകരയിൽ സിപിഎമ്മിൽ നിന്ന് സെൽവരാജിനെ അടർത്തിയെടുത്ത് അവിടെ മത്സരിപ്പിച്ച് ജയിപ്പിച്ചു.

സരിതയും സോളാറും ബാർകോഴയും അതിജീവിച്ച് അരുവിക്കരയിൽ നേടിയ വിജയം യുഡിഎഫിന് വൻ ആത്മവിശ്വാസം നൽകുന്നതാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുമ്പിൽ നിൽക്കെ എൽഡിഎഫ് പാളയത്തിന് തിരിച്ചുവരവ് വെല്ലുവിളി തന്നെയാണെന്ന് ഫലം തെളിയിക്കുന്നു. ഈ വിജയത്തോടെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരള രാഷ്ട്രീയത്തിൽ വീണ്ടും കരുത്തനായി. സർക്കാരിന്റെ വിലയിരുത്തലാണെന്നു നേരത്തെ തുറന്നു പറഞ്ഞ അരുവിക്കര ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മുഖ്യമന്ത്രിക്ക് അഭിമാനിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP