Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജീവിതം മുഴുവൻ അനീതിക്കെതിരെ മാറ്റിവച്ചു; മുഖ്യമന്ത്രിയാകാൻ മോഹമുദിച്ചപ്പോൾ അവസാന നിമിഷം അവസരവാദിയായി; എല്ലാ പഴിയും കേട്ട് വീട്ടിലിരിക്കാൻ കിരൺ ബേദിക്കു വിധി

ജീവിതം മുഴുവൻ അനീതിക്കെതിരെ മാറ്റിവച്ചു; മുഖ്യമന്ത്രിയാകാൻ മോഹമുദിച്ചപ്പോൾ അവസാന നിമിഷം അവസരവാദിയായി; എല്ലാ പഴിയും കേട്ട് വീട്ടിലിരിക്കാൻ കിരൺ ബേദിക്കു വിധി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ യുവത്വത്തിന്റെ ആവേശവും പ്രതീക്ഷയുമായിരുന്നു കിരിൺ ബേദി. തൊട്ടതെല്ലാം പൊന്നാക്കിയ രാജ്യത്തിന്റെ ആദ്യ ഐപിഎസ് ഓഫീസർ. ആരുടെ മുന്നിൽ മുട്ടുമടക്കാതെ അനീതിക്കെതിരെ പടപൊരുതിയ സ്ത്രീശബ്ദം. ഡൽഹിയുടെ മുക്കിലും മൂലയിലും സാന്നിധ്യമായ പൊതു പ്രവർത്തക. ഇന്ത്യയുടെ ഉരുക്കുവനിതയെന്ന വിശേഷണമാണ് പൊതുപ്രവർത്തനത്തിൽ കിരൺ ബേദിക്ക് രാജ്യം നൽകിയത്. അഴിമതിക്ക് എതിരെയും നിരാലംബർക്കൊപ്പവും നീങ്ങിയ കിരൺ ബേദിക്ക് ജീവിതത്തിൽ ആദ്യമായി ചുവടു പിഴച്ചു. ഡൽഹിയിൽ കമ്മീഷണറാകാൻ കഴിയാതെ ഐപിഎസ് ഉദ്യോഗം രാജിവച്ച കിരൺ ബേദി മുഖ്യമന്ത്രിയായി ഭരണ നേതൃത്വത്തിലെത്താമെന്ന് കരുതി. പഴയ സഹപ്രവർത്തകനായ അരവിന്ദ് കെജ്രിവാളിനെ തള്ളി ബിജെപിയിലെത്തി. പക്ഷേ ഈ ചുവടുമാറ്റത്തിന് വലിയ വിലയാണ് നൽകേണ്ടി വരുന്നത്.

ഡൽഹിയിലെ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായിരുന്നു കിരൺ ബേദിയുടെ രാഷ്ട്രീയ പ്രവേശം. അന്നുവരെ ജീവതിത്തിൽ എതിർത്ത ആർഎസ്എസിനെ പൊക്കി പറഞ്ഞു. നരേന്ദ്ര മോദിയുടെ വർഗ്ഗീയത തുറന്നുക്കാട്ടാൻ ശ്രമിച്ചിരുന്ന കിരൺ ബേദിയെ പിന്നെയാരും കണ്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ തന്നെ മോദി ഭക്തയായ ബേദി ബിജെപിയിൽ എത്തിയതോടെ ഗുജറാത്ത് കലാപത്തെ മറന്നു. മോദി തെറ്റൊന്നും ചെയ്തില്ലെന്ന പക്ഷത്തുമായി. ഇത്തരം നിലപാട് മാറ്റങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ മുൻ ഐപിഎസ് ഉദ്യോഗസ്ഥയ്ക്കുമായില്ല. ഇതിനൊപ്പം മോദിയെ നെഞ്ചിലേറ്റിയ ബേദിയെ ആർഎസ്എസ് ഉൾക്കൊണ്ടുമില്ല. പഴയ തള്ളിപ്പറച്ചിൽ മറക്കാൻ സംഘപരിവാറിനായില്ല. അവരുടെ അണികൾ നിശബ്ദരായി. ബിജെപിയിലെ കൂട്ടത്തല്ലുകൂടിയാപ്പോൾ ബേദി ഒറ്റപ്പെട്ടു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ട് അവതരിച്ചിട്ടും അണികൾ ഉണർന്നില്ല. മോദിയുടെ റാലികളിലെ ആൾക്കൂട്ടത്തിന് പഴയ ആവേശവുമുണ്ടായില്ല.

പലരും പലതും പറയുന്നുണ്ട്. അതിൽ പ്രധാനം കിരൺ ബേദിയുടെ നിലപാട് തറയിലെ മാറ്റം തന്നെ. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അവതരിച്ച ശേഷം അണ്ണാ ഹസാരയെ ഒപ്പം കൂട്ടാമെന്ന് ബേദി കരുതി. പക്ഷേ ബേദിയുടെ ഫോൺ എടുക്കാൻ പോലും തയ്യാറാകാതെ ഹസാരെ നിലപാട് വ്യക്തമാക്കി. അധികാരത്തിന് വേണ്ടി എല്ലാം മറന്ന ബേദിയുടെ കഷ്ടകാലം അവിടെ തുടങ്ങി. പ്രചരണത്തിനിടെ കണ്ണീര് വീഴ്തി സഹതാപമുണ്ടാക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഭാവിയിൽ വരാനിരിക്കുന്ന തിരിച്ചടിയോർത്തുള്ള വിതുമ്പലായി പലരും അന്നു തന്നെ തിരിച്ചറിഞ്ഞു. ബിജെപിയുടെ ശക്തി കേന്ദ്രമായ കൃഷ്ണ നഗറിൽ മത്സരിച്ചു. പക്ഷേ സ്വന്തം മണ്ഡലത്തിൽ പോലും ബേദി പ്രഭാവം പ്രകടമായില്ല. പഴയ കൂട്ടുകാരനായ അരവിന്ദ് കെജ്രിവാളിനെ ഡൽഹി മാറോട് ചേർക്കുമ്പോൾ ബേദി കുറച്ചു കാലമെങ്കിലും നിശബ്ദയാകും.

മുഖ്യമന്ത്രിയായില്ല എന്നതുകൊണ്ട് ഒറ്റ ദിവസം കൊണ്ട് രാഷ്ട്രീയം അവസാനിപ്പിക്കാനും കഴിയില്ല. ബിജെപിയോടൊപ്പം തന്നെ നീങ്ങേണ്ടി വരും. അവരുടെ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടിയും വരും. തോൽവിയോടെ ബിജെപി വിട്ടാൽ കൂടുതൽ അവസരവാദിയായി തന്നെ സമൂഹം കാണുമെന്ന തിരിച്ചറിവ് അവർക്കുണ്ട്. അങ്ങനെ ഇനിയെന്ത് ചെയ്യണമെന്ന വ്യക്തമായ ചിത്രം പോലും ബേദിക്ക് മുന്നിൽ ഇല്ല. തന്റെ പൊതു ജീവിതത്തിൽ ഒരിക്കലും ഉരുക്കുവനിതയെന്ന വിളപ്പേരുള്ള ബേദിക്ക് ഈ അവസ്ഥ വന്നിട്ടില്ല. ഡൽഹിയിലെ തോൽവിയുടെ ഉത്തരവാദിത്തം തന്റെ തലയിൽ വയ്ക്കാൻ ബിജെപി നേതാക്കളും ശ്രമിക്കുന്നും തിരിച്ചറിയുന്നു. കാരണം ബേദിയെ ഉയർത്തിക്കാട്ടിയ ബിജെപിക്ക് സംഭവിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. പരമ്പരാഗത വോട്ടുകൾ പോലും കൈവിട്ടത് ബേദിയുടെ സാന്നിധ്യമൂലമാണെന്ന വാദവും ഉയരും. പക്ഷേ പ്രധാനമന്ത്രി മോദി കൈവിടില്ലെന്ന പ്രതീക്ഷ ബേദിക്കുണ്ട്.

പഠനകാലത്ത് തന്നെ നേതൃഗുണങ്ങൾ പ്രകടിപ്പിച്ച വ്യക്തിയാണ് ബേദി. ഇന്ത്യയിലെ സ്ത്രീകളുടെ കരുത്ത് ലോകത്തെ അറിയിച്ച വ്യക്തിത്വം. അതുകൊണ്ട് തന്നെ ഡൽഹിയിൽ ബേദി രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയപ്പോൾ പലരും പലതും പ്രതീക്ഷിച്ചു. ജനങ്ങളുടെ മനസ്സ് അനുകൂലമാക്കി അധികാര സ്ഥാനത്ത് എത്താനുള്ള മാജിക്ക് ബേദിക്ക് കാട്ടാനായില്ല. അതിനപ്പുറം കെജ്രിവാളിന്റെ ഭരണം ഡൽഹി അതിയായി ആഗ്രഹിച്ചു പോയിരുന്നു. ഇതിനിടെയിൽ ബലിയാടാവുകയായിരുന്നു ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥയും ജയിൽ പരിഷ്‌കരണത്തിലൂടെ ദേശീയ ശ്രദ്ധയാകർഷിച്ച ഉരുക്ക് വനിത. 2007ൽ ഡൽഹി പൊലീസ് കമ്മീഷണർ സ്ഥാനം നിഷേധിച്ചതിന്റെ പേരിൽ പ്രതിഷേധിച്ച് കിരൺ ബേദിക്ക് പിന്നെ സേനയിൽ തുടരാനായില്ല. സ്വയം വിരമിക്കൽ നേടി സാമൂഹിക പ്രവർന്നങ്ങളിൽ സജീവമായി. തൊട്ടതെല്ലാം പൊന്നാക്കിയ കർക്കശക്കാരിയാണ് കിരൺ ബേദി. ആ തുടർച്ചയാണ് മുഖ്യമന്ത്രി പദ മോഹത്തിലൂടെ ബേദി നഷ്ടമാക്കുന്നത്.

ടെന്നീസ് റാക്കറ്റ് പിടിച്ച കൈയാണ് കിരൺ ബേദിയുടേത്. പിന്നീട് ലാത്തിയും തോക്കും. ഇരുപ്പതിരണ്ടാം വയസ്സിൽ 1971ൽ ഏഷ്യൻ വിനതാ ടെന്നീസ് ചാമ്പ്യനായിരുന്നു. ദേശീയതലത്തിലെ ജൂനിയർ കിരീടവും നേടി. ഏഷ്യൻ ചാമ്പ്യനായതിന്റെ തൊട്ടടുത്ത വർഷമാണ് ഐപിഎസ് നേടി പൊലീസിങ്ങിലെത്തുന്നത്. പഠനത്തിലും കളിയിലും ഒരുപോലെ മികവ് കാട്ടി മുന്നേറിയ കിരൺ പൊലീസ് സേനയിലും അത് ആവർത്തിച്ചു. ആർക്കും പിടികൊടുക്കാത്ത അഴിമതി കറ പുരളാത്ത സത്യസന്ധയായ ഉദ്യോഗസ്ഥയായി മാറി. അതുകൊണ്ട് തന്നെ എതിർപ്പുകളും നഷ്ടങ്ങളുമുണ്ടായി. ഇതു തന്നെയാണ് സ്വയം വിരമിക്കലിലൂടെ ഐപിഎസ് ജോലി കളയാനും കാരണം.

തിഹാർ ജയിലിന്റെ ഇൻസ്‌പെക്റ്റർ ജനറലായിരുന്ന കാലത്ത് (1993-1995) നിരവധി പരിഷ്‌കരണങ്ങൾ നടപ്പിൽ വരുത്തി.യോഗ, വിപസ്സന തുടങ്ങിയവയാണ്. ക്രമസമാധാനപാലനത്തിന്റെ ചുമതലയുണ്ടായിരുന്നപ്പോഴും വേറിട്ട വഴിയിലൂടെ നീങ്ങി. കോൺസ്റ്റബിൾമാർക്കൊപ്പം നൈറ്റ് പെട്രോളിങ്ങിനിറങ്ങി. സ്ത്രീകളുടെ സംരക്ഷണം സമൂഹം ഏറ്റെടുക്കേണ്ടതിന്റെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ട്രാഫിക്കിന്റെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നപ്പോൾ റോഡിലെ സുരക്ഷയ്ക്ക് ഉറപ്പാക്കാൻ മുഖം നോക്കാതെ നടപടി എടുത്തു. രാജ്യത്ത് ട്രാഫിക്ക് പരിഷ്‌കാരത്തിന്റെ വില ജനമറിഞ്ഞത് അന്നാണ്. ഡൽഹി ഏഷ്യാഡിന്റെ കാലത്താണ് ഗതാഗത ചുമതല കിരൺ ബേദിയെ ഏൽപ്പിക്കുന്നത്. ആർക്കും പരാതിയുണ്ടാകാതെ ഉത്തരവാദിത്തം നിർവ്വഹിച്ച് മാതൃകയായി.

ജനപക്ഷ പൊലീസ് അഥവാ കമ്മ്യൂണിറ്റ് പൊലീസ് എന്ന ആശയം അവതരിപ്പിച്ചതും കിരൺ ബേദിയാണ്. കുറ്റവാളികളെ പിടിക്കൽ അല്ല കുറ്റവാസന കുറയ്ക്കലാണ് പൊലീസിന്റെ ജോലിയെന്ന ആശയം മുന്നോട്ട് വച്ചു. പൊലീസ് ബീറ്റ് സിസ്റ്റവും നൈറ്റ് പെട്രോളിങ്ങുമെല്ലാം അവതരിപ്പിച്ചത് കരിൺ ബേദിയാണ്. സമൂഹത്തിന്റെ സഹകരണത്തിലൂന്നി ക്രമസമാധാപാലനമെന്ന കിരൺ ബേദിയുടെ ആശയം ഇന്നും പ്രസക്തമായി നിൽക്കുന്നു. വനിതകളെ പൊലീസിന്റെ ഭാഗമാകാൻ പ്രേരിപ്പിക്കുന്നതും കിരൺ ബേദി എന്ന ഐപിഎസുകാരിയുടെ വിജയമാണ്. പൊലീസ് തൊപ്പി ആണുങ്ങൾക്ക് മാത്രമല്ല വനിതകൾക്കും ചേരുമെന്ന് തെളിയിച്ച ഉരുക്ക് വനിത.

പഞ്ചാബിലെ അമൃത്‌സറിൽ ആണ് കിരൺ ബേദിയുടെ ജനനം. പ്രകാശ് പെശാവരിയയുടെയും പ്രേം പെശാവരിയയുടെയും നാലു പെണ്മക്കളിൽ രണ്ടാമതെതയിരുന്നു അവർ. 1968ൽ അമൃത്‌സറിലെ ഗവൺമെന്റ് വനിതാ കോളേജിൽ നിന്ന് ബി.എ ബിരുദം കരസ്ഥമാക്കി. ചണ്ഡീഗഡിലെ, പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് 1970ൽ രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തരബിരുദം നേടി. അതിനു ശേഷം 1988ൽ ഡൽഹി സർവകലാശാലയിൽ നിന്നും നിയമബിരുദം നേടി. ശേഷം 1993ൽ ഐ.ഐ.ടി ഡൽഹിയിൽ നിന്ന് സാമൂഹികശാസ്ത്രത്തിൽ ഡോക്ടറേറ്റ് ബിരുദം നേടി.

1970ൽ അമൃത്‌സറിലെ ഖൽസ കോളേജിൽ അദ്ധ്യാപികയായി കിരൺ ബേദി തന്റെ ഔദ്യോഗിക ജീവിതം തുടങ്ങി. 1972ൽ ഭാരത്തിൽ ആദ്യമായി ഐ.പി.എസ്. നേടിയ വനിതാ എന്ന സ്ഥാനം കരസ്ഥമാക്കി. വേറിട്ടു നില്കാനുള്ള തന്റെ ആഗ്രഹം കൊണ്ടാണ് അവർ പൊലീസ് സേനയിൽ ചേർന്നത്. അതിനു ശേഷം ഒരുപാടു ഔദ്യോഗിക സ്ഥാനമാനങ്ങൾ അവർ അലങ്കരിച്ചു. 2007 നവംബർ 27ന് അവർ ജീവിതത്തിൽ പുതിയ വെല്ലുവിളികൾ നേരിടാനായി സ്വമേധയാ വിരമിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. 25 ഡിസംബർ 2007ന് ഭാരത ഗവൺമെന്റ് അവരെ ബ്യുറോ ഓഫ് പൊലീസ് റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്ടിന്റെ ഡയറക്ടർ ജനറൽ പദവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിവാകികൊടുത്തു.

1987ൽ കിരൺബേദിയുടെ നേതൃത്വത്തിൽ നവജ്യോതി ഇന്ത്യാ ഫൗണ്ടേഷൻ എന്ന സാമൂഹിക സംഘടന നിലവിൽ വന്നു. മയക്കുമരുന്നിന് അടിമയായവരുടെ പുനരധിവാസവും സാക്ഷരതാ പ്രവർത്തനങ്ങളും സ്ത്രീ ശാക്തീകരണവും മുഖ്യ അജണ്ടയാക്കി. പൊലീസിൽ നിന്ന് വിരമിച്ച ശേഷം പൂർണ്ണ സമയ സാമൂഹിക പ്രവർത്തകയായി. അണ്ണാ ഹസാരെയുമായി സഹകരിച്ച് അഴിമതിക്ക് എതിരെ പോരാട്ടത്തിനിറങ്ങി. അരവിന്ദ് കെജ്രിവാളും ഒപ്പമുണ്ടായിരുന്നു. എന്നാൽ ആപ്പ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി കെജ്രിവാൾ എത്തിയപ്പോൾ കിരൺ ബേദിയും അണ്ണാ ഹസാരയും അകലം പാലിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നു. ആ സൗഹൃദമാണ് ബിജെപിയിലേക്ക് ബേദിയെ എത്തിച്ചത്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ബേദിയുടെ വ്യക്തിത്വത്തെ അംഗീകരിക്കാൻ ബിജെപിയും തയ്യാറായി. അതിന് അപ്പുറത്തേക്ക് കരുതിയതെല്ലാം വെറുതെയായെന്ന് ഡൽഹി തെരഞ്ഞെടുപ്പും തെളിയിച്ചു. പക്ഷേ ഈ ഉരുക്ക് വനിത നിശബ്ദയാകില്ലെന്ന് ഇന്ത്യയ്ക്ക് അറിയാം. തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് തിരിച്ചുവരാനുള്ള മനക്കരുത്ത് ഈ പഴയ ഐപിഎസുകാരിയിൽ ഒളിച്ചിരിപ്പുണ്ടെന്ന് തിരിച്ചറിയുന്നവർ തന്നെയാണ് അവരുടെ രാഷ്ട്രീയ എതിരാളികളും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP