Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202113Thursday

പയ്യൻസിന്റെ ഓർമയിൽ വികെഎന്നിന് ഒരുപ്രണാമം; കുത്താമ്പുള്ളിയിലെ നെയ്ത്തുഗ്രാമത്തിലും സന്ദർശനം; ഓരോ വാക്കും പാലിച്ചു...ജനങ്ങൾക്ക് അതുബോധ്യപ്പെട്ടുവെന്നും എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ.ബിജു; നാടൻ പാട്ടിന്റെയും മാപ്പിളപ്പാട്ടിന്റെയും ഈണത്തിൽ കോൺഗ്രസിനെ പുകഴ്‌ത്തിപ്പാടിയും ചുവടുവച്ചും രമ്യഹരിദാസ്; ഒരു പാർട്ട്ടൈം എംപി.യായല്ല മുഴുവൻ സമയവും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി: ആലത്തൂരിലെ വിശേഷങ്ങൾ

പയ്യൻസിന്റെ ഓർമയിൽ വികെഎന്നിന് ഒരുപ്രണാമം; കുത്താമ്പുള്ളിയിലെ നെയ്ത്തുഗ്രാമത്തിലും സന്ദർശനം; ഓരോ വാക്കും പാലിച്ചു...ജനങ്ങൾക്ക് അതുബോധ്യപ്പെട്ടുവെന്നും എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ.ബിജു; നാടൻ പാട്ടിന്റെയും മാപ്പിളപ്പാട്ടിന്റെയും ഈണത്തിൽ കോൺഗ്രസിനെ പുകഴ്‌ത്തിപ്പാടിയും ചുവടുവച്ചും രമ്യഹരിദാസ്; ഒരു പാർട്ട്ടൈം എംപി.യായല്ല മുഴുവൻ സമയവും ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി: ആലത്തൂരിലെ വിശേഷങ്ങൾ

ആർ പീയൂഷ്

ആലത്തൂർ: മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് കൈ മെയ് മറന്ന് പ്രവർത്തിക്കുകയാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്ഥാനാർത്ഥികൾ. ഇടത് പക്ഷത്തിന്റെ സിറ്റിങ്ങ് സീറ്റായ ആലത്തൂർ തിരിച്ചു പിടിക്കുമെന്ന് കോൺഗ്രസും സീറ്റ് നിലനിർത്തുമെന്ന് എൽഡിഎഫും ഉറച്ച നിലപാടിലാണ്. ഇതിനായുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികളും പ്രവർത്തകരും.

എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പികെ ബിജുവിന്റെ രണ്ടാംഘട്ട പ്രചാരണ പരിപാടികളുടെ ഭാഗമായി നാലു പഞ്ചായത്തുകളിലെ വോട്ടർമാരോട് വോട്ടഭ്യർത്ഥിച്ചു പര്യടനം നടത്തി. കൊണ്ടാഴി പഞ്ചായത്തിലെ ചിറങ്കരയിലെത്തി ഒന്നാംവാർഡ് മിച്ചഭൂമിയിലെ തൊഴിലുറപ്പുതൊഴിലാളികളെ സന്ദർശിച്ചു. അതിനുശേഷം പതിനഞ്ചാം വാർഡിലെ ഉള്ളാട്ടുകുളം പത്തുപൊതിയിലെ തൊഴിലുറപ്പുതൊഴിലാളികളെ കണ്ട് വോട്ടഭ്യർഥിച്ചു. തുടർന്ന് ചിറങ്കര സെന്ററിലും പാറമേൽപ്പടിയിലും കൊണ്ടാഴിയിലുമുള്ള വോട്ടർമാരെ കണ്ടു. സിഐടിയു, എഐടിയുസി യൂണിയൻ തൊഴിലാളികളെയും കാണുകയുണ്ടായി.

സൗത്തുകൊണ്ടാഴിയിലെയും തൊഴിലുറപ്പുതൊഴിലാളികളെ കണ്ടതിനുശേഷമാണ് തിരുവില്വാമല പഞ്ചായത്തോഫീസിലും സെന്ററിലും പര്യടനം നടത്തിയത്. പാമ്പാടി ഐവർമഠം മാധവവാര്യരുടെ വീടും വികെഎന്നിന്റെ വീടും സന്ദർശിച്ചു. അതിനുശേഷം നെയ്ത്ത് ഗ്രാമമായ കുത്താമ്പുള്ളിയിലെ എരവത്തൊടി നെയ്ത്ത് സംഘത്തിലുമെത്തി. പഴയന്നൂരിലേക്ക് തിരിക്കുന്നതിനിടെ ചീരക്കുഴിയിലെ ചേലക്കര ഐ്.എച്ച്.ആർ.ഡി. കോളജിലെത്തി വിദ്യാർത്ഥികളോടും അദ്ധ്യാപക അനധ്യാപക ജീവനക്കാരോട് സ്ഥാനാർത്ഥി വോട്ടുതേടി.

പഴയന്നൂർ വടക്കേത്തറയിലും വെള്ളാറുകുളത്തെ തൊഴിലുറപ്പുതൊഴിലാളികളെയും കണ്ടതിനുശേഷം ചേലക്കരയിലെ നാട്ടിൻ ചിറയിലും വെങ്ങാനെല്ലൂരും വോട്ടഭ്യർഥിച്ചതിനുശേഷം ഉച്ചയൂണിനുശേഷം കുന്നംകുളത്തേക്ക് പോയി. സിപിഎം. ജില്ലാ കമ്മിറ്റിയംഗം പി. എ. ബാബു, സിപിഎം. ചേലക്കര ഏരിയാ സെക്രട്ടറി കെ.കെ. മുരളീധരൻ, ഏരിയാ കമ്മിറ്റിയംഗം കെ. നന്ദകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.രണ്ടായിരത്തി ഇരുന്നൂറ് കോടിയുടെ വികസന പ്രവർത്തനമാണ് മണ്ഡലത്തിൽ താൻ നടപ്പിലാക്കിയിട്ടുള്ളതെന്നും ഇത് മനസിലാക്കിയ ജനങ്ങൾ തന്നെ വീണ്ടും തെരഞ്ഞെടുക്കുമെന്നും ആലത്തൂർ ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. പികെ ബിജു പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന മേഖലകളിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുവച്ചാണ് താൻ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇനിയും ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. അതിന് തന്റെ വിജയം അനിവാര്യമാണെന്നും മതനിരപേക്ഷ സർക്കാർ രൂപീകരിക്കാൻ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നും എംപി. പറഞ്ഞു. 2004 ൽ ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താനായത് ലോക്സഭയിൽ എൽ.ഡി.എഫിന്റെ 62 മെമ്പർമാരുള്ളതുകൊണ്ടാണെന്നും മതനിരപേക്ഷതക്ക് ഒരു വോട്ട് എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുദ്രാവാക്യമെന്നും പി.കെ. ബിജു പറഞ്ഞു.

നാടൻ പാട്ടിന്റെയും , മാപ്പിളപ്പാട്ടിന്റെയും ഈണത്തിൽ കോൺഗ്രസിനെ പുകഴ്‌ത്തിപ്പാടിയും പ്രവർത്തകർക്ക് തെരഞ്ഞെടുപ്പിന്റെ ചൂട് പകർന്നുനൽകി യു.ഡി.എഫ്. സ്ഥാനാർത്ഥി രമ്യഹരിദാസ് കോൺഗ്രസ് പ്രവർത്തകരെ ഞെട്ടിച്ചു കൊണ്ടാണ് പ്രചരണ പരിപാടികൾ നടത്തുന്നത്. പ്രവർത്തകരൊക്കെ ആവേശത്തിലുമാണ്. ചേലക്കര ബ്ലോക്ക് കോൺഗ്രസ് ഓഫീസിലെത്തിയ സ്ഥാനാർത്ഥി രമ്യയുടെ പാട്ടിനൊപ്പം പ്രവർത്തകർ താളംവച്ചു. തനിക്കുവേണ്ടി പാർട്ടി പ്രവർത്തകർ വോട്ടുചോദിച്ചിട്ടുണ്ടെങ്കിൽ അതൊരിക്കലും വെറുതെ ആകില്ല. തനിക്ക് ചെയ്ത വോട്ടുകൾ പാഴാകില്ലെന്നും രമ്യഹരിദാസ് പറഞ്ഞു. ഒരു പാർട്ട്ടൈം എംപി.യായല്ല മുഴുവൻ സമയവും നിങ്ങൾക്കൊപ്പം ആലത്തൂർ മണ്ഡലത്തിൽ ഉണ്ടാകുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.രള സ്റ്റേറ്റ് സർവീസ് പെൻഷനഴ്സ് അസോസിയേഷൻ ചേലക്കര ബ്ലോക്ക് പ്രസിഡന്റും ചേലക്കര ടൗൺ വാർഡ് കമ്മിറ്റി പ്രസിഡന്റുമായ ടി.പി. ബാലഗോപാലൻ സ്ഥാനാർത്ഥിക്ക് തെരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക നൽകി. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെ സ്ഥാനാർത്ഥി എത്തുന്നതറിഞ്ഞ് ഒട്ടനവധി പ്രവർത്തകരാണ് ഇരച്ചെത്തിയത്. സ്ഥാനാർത്ഥി നാടൻപാട്ടും, മാപ്പിളഗാനവും കൂടി ആലപിച്ചതോടെ പാർട്ടി ഓഫീസിലെത്തിയ പ്രവർത്തകരും നേതാക്കളും നിറഞ്ഞ കൈയടിയോടെ രമ്യഹരിദാസിന് പിന്തുണയും നൽകി.

ഇരു മുന്നണികളും കടുകിട തെറ്റാതെയുള്ള പ്രവർത്തനങ്ങൾ നടത്തുമ്പോൾ ജനങ്ങൾക്കും ആശങ്കയാണ്. ആർക്ക് വോട്ടു ചെയ്യും എന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP