Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹി പിടിക്കാൻ ഇറങ്ങിയ കിരൺ ബേദി നഗരം ആം ആദ്മിക്ക് അടിയറ വെക്കുമോ? ബേദിയുടെ ശൈലിക്കെതിരെ ബിജെപിയിൽ പ്രതിഷേധം; രാജിവച്ച നരേന്ദ്ര ടണ്ഡനെ അമിത് ഷാ ഇടപെട്ട് അനുനയിപ്പിച്ചു

ഡൽഹി പിടിക്കാൻ ഇറങ്ങിയ കിരൺ ബേദി നഗരം ആം ആദ്മിക്ക് അടിയറ വെക്കുമോ? ബേദിയുടെ ശൈലിക്കെതിരെ ബിജെപിയിൽ പ്രതിഷേധം; രാജിവച്ച നരേന്ദ്ര ടണ്ഡനെ അമിത് ഷാ ഇടപെട്ട് അനുനയിപ്പിച്ചു

ന്യൂഡൽഹി: കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഡൽഹിയിൽ അധികാരം പിടിക്കാൻ അമിത് ഷായും മോദിയും തയ്യാറാക്കിയ തന്ത്രങ്ങൾ തിരിച്ചടിയാകുന്നു. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ബിജെപി ഡൽഹി ഘടകത്തിൽ ബേദിയെ ചൊല്ലി പൊട്ടിത്തെറി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ കിരൺ ബേദിയുടെ ശൈലിയിൽ അസംതൃപ്തരായ സംസ്ഥാന നേതൃത്വം എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയതാണ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കിയത്. കിരൺ ബേദിയുടെ പ്രചാരണത്തിന്റെ ചുമതലയുണ്ടായിരുന്ന യുവനേതാവ് നരേന്ദ്ര ടണ്ഡൻ ബേദിക്കെതിരെ പ്രതിഷേധം അറിയിച്ച് പാർട്ടി അംഗത്വം രാജിവച്ചെങ്കിലും അമിത് ഷാ ഇടപെട്ട് രാജി പിൻവലിപ്പിച്ചു.

ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിന് ഏറ്റവും അനുയോജ്യമായ മറുപടി എന്ന നിലയ്ക്കാണ് കിരൺ ബേദിയെ ബിജെപി അവതരിപ്പിച്ചത്. കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതോടെ ഡൽഹിയിൽ ബിജെപി നേരിടുന്ന നേതൃരാഹിത്യവും പുറത്തായി. ആർഎസ്എസും ബേദിക്കെതിരെ തിരിഞ്ഞിരുന്നു. ബേദി എതിരാളി ആയതോടെ കെജ്രിവാൾ സംവാദത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതോടെ ബേദി കെജ്രിവാളിനെ ഭയക്കുന്നുവെന്ന തരത്തിലായ പ്രചരണങ്ങൾ.

റിപ്പബ്ലിക് ദിന പരിപാടിക്ക് ക്ഷണം ലഭിക്കണമെങ്കിൽ കെജരിവാൾ ബിജെപിയിൽ ചേരട്ടെയെന്ന കിരൺബേദിയുടെ പ്രസ്താവന റിപ്പബ്ലിക് ദിനം രാഷ്ട്രീയവത്കരിക്കുന്നുവെന്ന പേരിൽ കോൺഗ്രസും എഎപിയും ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കി. ഇതിനിടെയാണ് ബേദിയുടെ പ്രവർത്തനശൈലിയോടും ഏകാധിപത്യ ശൈലിയോടും ഒത്തുപോകാൻ കഴിയുന്നില്ലെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിൽ ശക്തമായത്.

ഒടുവിലായി ബേദിയുടെ ആജ്ഞകൾ അസഹനീയമാണെന്നും ഏകാധിപത്യ ശൈലിയോട് യോജിച്ച് പോകാൻ കഴിയില്ലെന്നും ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചു കൊണ്ടാണ് നരേന്ദ്ര ടണ്ഡൻ രാജിവച്ചത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് നടന്ന സംഭവം തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെ അമിത് ഷാ ഇടപെട്ട് രാജി പിൻവലിപ്പിക്കുകയായിരുന്നു. കിരൺ ബേദിയുടെ സഹായികളുടെ പെരുമാറ്റവും കിരൺബേദിയുടെ തന്നെ ഏകാധിപത്യ ശൈലിയും സഹിക്കാൻ കഴിയുന്നില്ലെന്നതാണ് രാജിക്ക് കാരണമായി ടണ്ഡൻ പറഞ്ഞത്.

ഇന്നലെ ഡൽഹിയിൽ നരേന്ദ്ര മോദി പങ്കെടുത്ത റാലിയിൽ കിരൺബേദി പ്രകോപിതയാകുന്ന സാഹചര്യം ഉണ്ടായി. കിരൺ ബേദി പ്രസംഗിക്കുന്ന സമയത്ത് മോദി അനുകൂല മുദ്രാവാക്യങ്ങൾ ഉയർന്നതാണ് കിരൺ ബേദിയെ പ്രകോപിതയാക്കിയത്. ഇടയ്ക്ക് പ്രസംഗം നിർത്തിയ കിരൺ തുടർന്നപ്പോഴും വീണ്ടും മുദ്രാവാക്യം വിളികളുയർന്നു. തുടർന്ന് ഇങ്ങനെ പോയാൽ താൻ പ്രസംഗിക്കില്ലെന്ന് അൽപം കടുത്ത ഭാഷയിൽ തന്നെ കിരണിന് പറയേണ്ടി വന്നു.

അതേസമയം ഡൽഹിയിൽ പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കുന്ന വിഷൻ സ്‌റ്റേറ്റ്‌മെന്റ് ബിജെപി പുറത്തിറക്കുന്നതിന് മുമ്പേ കിരൺ ബേദി കിരൺ ബ്ലൂപ്രിന്റ് പുറത്തുവിട്ടതും ബിജെപിയിൽ ചർച്ചകൾക്ക് വഴിവച്ചു. ഇന്ന് രാവിലെയാണ് കിരൺബേദി ട്വിറ്ററിലൂടെ കിരൺ ബ്ലൂപ്രിന്റ് പുറത്തിറക്കിയത്. ഇന്ന് വൈകുന്നേരമാണ് ബിജെപി വിഷൻ സ്‌റ്റേറ്റ്‌മെന്റ് പുറത്തിറക്കാനിരുന്നത്. കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതിനെ എതിർത്തുകൊണ്ട് ആർഎസ്എസ് നേതൃത്വവും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP