Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ വന്ന് പോയിട്ടും മണ്ഡലങ്ങളിൽ തരംഗം വീശുന്നില്ല? ഗ്രൂപ്പുപോരിൽ കുടുങ്ങി ചില മണ്ഡലങ്ങളിൽ പ്രചാരണാവേശം കുറയുന്നുവെന്ന് പരാതി; തിരുവനന്തപുരത്ത് പ്രചാരണത്തിന് വേഗം പോരെന്ന് ശശി തരൂർ പരാതിപ്പെട്ടതോടെ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ; മണ്ഡലം നോക്കാൻ എഐസിസി നിരീക്ഷകൻ വരുന്നു; നാനാ പട്ടോൾ വരും മുമ്പേ തരൂരിന്റെ പ്രചാരണമേൽനോട്ടം ഏറ്റെടുത്ത് ചെന്നിത്തല

രാഹുൽ വന്ന് പോയിട്ടും മണ്ഡലങ്ങളിൽ തരംഗം വീശുന്നില്ല? ഗ്രൂപ്പുപോരിൽ കുടുങ്ങി ചില മണ്ഡലങ്ങളിൽ പ്രചാരണാവേശം കുറയുന്നുവെന്ന് പരാതി; തിരുവനന്തപുരത്ത് പ്രചാരണത്തിന് വേഗം പോരെന്ന് ശശി തരൂർ പരാതിപ്പെട്ടതോടെ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ; മണ്ഡലം നോക്കാൻ എഐസിസി നിരീക്ഷകൻ വരുന്നു; നാനാ പട്ടോൾ വരും മുമ്പേ തരൂരിന്റെ പ്രചാരണമേൽനോട്ടം ഏറ്റെടുത്ത് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒച്ചിന്റെ വേഗതയാണെന്ന് ശശിതരൂർ പരാതിപ്പെട്ടതോടെ ഹൈക്കമാൻഡിന്റെ അടിയന്തര ഇടപെടൽ. തിരുവനന്തപുരം മണ്ഡലത്തിൽ, തരൂരിന്റെ പ്രചാരണം വിലയിരുത്താൻ എ.ഐ.സി.സി നിരീക്ഷകനെ നിയമിച്ചു. നാനാ പട്ടോളിനെയാണ് നിരീക്ഷികനായി നിയമിച്ചിരിക്കുന്നത് കിസാൻ മസ്ദൂർ കോൺഗ്രസ് ചെയർമാനാണ് നാനോ പട്ടോൾ.

മണ്ഡലത്തിലെ പ്രചാരണം വിലയിരുത്താൻ മുകുൾ വാസ്‌നിക്കും നാളെ എത്തുന്നുണ്ട്. നേരത്തെ തിരുവനന്തപുരത്തെ പ്രാദേശിക നേതാക്കൾ പ്രചാരണത്തിന് സഹകരിക്കുന്നില്ലെന്ന പരാതി തരൂർ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേ സമയം, തിരുവനന്തപുരത്തെ പ്രചാരണത്തിൽ പൂർണ്ണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തരൂർ പരാതി നൽകിയെന്ന വാർത്ത തെറ്റാണ്. അത്തരം വാർത്തകൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തരൂരിനു വേണ്ടി കോൺഗ്രസ് പ്രവർത്തിക്കുന്നില്ലെന്ന പ്രചാരണത്തിനു പിന്നിൽ ബിജെപിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തരൂർ പരാതി പറഞ്ഞിട്ടില്ല. അവിടെ ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ജയിക്കില്ല. തരൂർ തന്നെ ജയിക്കും. താൻ തിരുവനന്തപുരത്തു പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മോദിയും അമിത് ഷായും നടത്തുന്ന പ്രസ്താവനകൾ മതസൗഹാർദം തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ നിന്നു കാര്യമായ പിന്തുണയില്ലെന്ന ശശി തരൂരിന്റ പരാതിയെത്തുടർന്നു പ്രചാരണത്തിന്റ മേൽനോട്ടം രമേശ് ചെന്നിത്തല ഏറ്റെടുത്തു

തരൂരിന്റെ ഭൂരിപക്ഷം കുറഞ്ഞാൽ പോലും നേതാക്കൾക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് മുല്ലപ്പള്ളി നൽകിയിരിക്കുന്ന ഉഗ്രശാസന. കെപിസിസി അധ്യക്ഷന്റെ ശാസന വന്നതോടെ നേതാക്കൾ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങി. അതേസമയം വടകര, കോഴിക്കോട്, പാലക്കാട് മണ്ഡലങ്ങളിൽ ഇപ്പോഴും പരാതി നിൽക്കുന്നുണ്ട്. പ്രചാരണ കമ്മിറ്റികളിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന പരാതികൾ ഘടകകക്ഷികൾക്കുമുണ്ട്. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും ഗ്രൂപ്പ് നേതാക്കളും പ്രചാരണത്തിന് ഇറങ്ങുന്നില്ലെന്നാണു പരാതി. എല്ലായിടത്തും തടസമായി മാറുന്നത് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പു രാഷ്ട്രീയം തന്നെയാണ്.

വയനാട്ടിലെ സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയുടെ വരവ് മറ്റു മണ്ഡലങ്ങളിലും തരംഗമാകുമെന്നായിരുന്നു കോൺഗ്രസിന്റെ അവകാശവാദം. എന്നാൽ, വയനാട്ടിലെ റോഡ് ഷോ വൻവിജയമായതിനപ്പുറം മറ്റു മണ്ഡലങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണു സ്ഥാനാർത്ഥികളുടെ പരാതി. കോഴിക്കോട് മണ്ഡലത്തിൽ എം.കെ. രാഘവൻ ഒളിക്യാമറയിൽ കുടുങ്ങിയതു പ്രചാരണത്തെയും ബാധിച്ചതായാണു വിലയിരുത്തൽ. വടകര മണ്ഡലത്തിലെ യു.ഡി.എഫ്. പ്രചാരണത്തിൽ കോൺഗ്രസിനേക്കാൾ ആവേശത്തോടെ രംഗത്തുള്ളതു മുസ്ലിം ലീഗാണ്. കൊലപാതകരാഷ്ട്രീയം ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും വടകരയിലെ പ്രചാരണത്തിൽ പി. ജയരാജൻ കൈവരിച്ച മേൽക്കൈ മറികടക്കാൻ യു.ഡി.എഫിനു കഴിയുന്നില്ലെന്നതാണു കെ. മുരളീധരനെ വലയ്ക്കുന്നത്. കോഴിക്കോട്, വടകര മണ്ഡലങ്ങളുടെ മേൽനോട്ട ചുമതല മുല്ലപ്പള്ളി നേരിട്ട് ഏറ്റെടുത്തതും പ്രശ്നങ്ങൾ കൈവിട്ടു പോകാതിരിക്കാൻ വേണ്ടിയാണ്.

സംഘടനാപരമായ ദൗർബല്യവും ഗ്രൂപ്പ് പ്രശ്‌നങ്ങളും ഇക്കുറിയും കോൺഗ്രസിനെ വലയ്ക്കുന്നു. വയനാട് രാഹുൽഗാന്ധി മത്സരത്തിനെത്തിയതോടെ സമീപ മണ്ഡലങ്ങളിലെ നേതാക്കൾ അവിടെ ശ്രദ്ധകേന്ദ്രീകരിക്കുന്നുവെന്ന് മറ്റ് സ്ഥാനാർത്ഥികൾക്ക് പരാതിയുമുണ്ട്.
തിരുവനന്തപുരത്ത് ഡോ: ശശിതരൂരിനെതിരെ ശക്തമായി ഒരുവിഭാഗം നേതാക്കൾ രംഗത്തുണ്ട്. ഇപ്പോൾ അതുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥിതന്നെ കെപിസിസിക്കും എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾവാസ്‌നിക്കിനും പരാതി നൽകി.

ബിജെപി ഭീഷണിയായ വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലൊന്നും തന്നെ തരൂരിന് വേണ്ടി വേണ്ടത്ര പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് മാത്രമല്ല, ഇത് ഏകോപിപ്പിക്കാൻ പോലും ആരുമില്ലാത്ത സ്ഥിതിയാണ്. ഈ മണ്ഡലങ്ങളിൽ ആദ്യവട്ട നോട്ടീസ് വിതരണം പോലും പൂർത്തിയായിട്ടുമില്ല. പ്രചാരണത്തിലെ നിസഹകരണം ചൂണ്ടിക്കാട്ടി ഡി.സി.സി.സെക്രട്ടറി തമ്പാനൂർ സതീഷ് രംഗത്തുവന്നതോടെയാണ് വിഷയം പരസ്യമായിരിക്കുന്നത്. ഇവിടെ മുരളീധരന്റെ വടകരയിലേക്കുള്ള പോക്കാണ് തരൂരിന് തിരിച്ചടിയായത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇതേതരത്തിലുള്ള നീക്കം ചെറിയരീതിയിലെങ്കിലും ഈ മണ്ഡലത്തിൽ നടന്നിരുന്നു. എന്നാൽ അന്ന് വട്ടിയൂർക്കാവിൽ കെ. മുരളീധരന്റെ സാന്നിദ്ധ്യം ഒരുവിധം തരൂരിന് സഹായകവുമായി. ഇക്കുറി ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുരളിയുമില്ല. അതുകൊണ്ടുതന്നെ വോട്ട്‌ചോർച്ച തടയുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്ന ആശങ്കയും തരൂർ ക്യാമ്പിലുണ്ട്. അതേസമയം പാലക്കാട് സ്ഥാനാർത്ഥി വി.കെ. ശ്രീകണ്ഠനും അദ്ദേഹത്തിന്റെ പ്രചാരണ മാനേജർമാരും ബന്ധപ്പെട്ടവരെ പരാതിയുമായി സമീപിച്ചിട്ടുണ്ട്.

ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പെടെ പാലക്കാട് ശ്രദ്ധിക്കാതെ ആലത്തൂർ മണ്ഡലത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നാണ് പരാതി. എ ഗ്രൂപ്പ് ഇവിടെ പൂർണ്ണമായും നിസ്സഹകരണത്തിലാണെന്നും സ്ഥാനാർത്ഥിക്കും മറ്റും പരാതിയുണ്ട്. എന്നാൽ ഡി.സി.സി പ്രസിഡന്റുകൂടിയായ ശ്രീകണ്ഠൻ സ്വന്തം നിലയിൽ ആരെയും വിശ്വാസത്തിലെടുക്കാതെ മുന്നോട്ടുപോകുകയാണെന്ന് മറുപക്ഷവും പറയുന്നു. ഘടകകക്ഷികളും ഇക്കാര്യം നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അന്ന് ജെ.ഡി.യുവിലായിരുന്ന എംപി. വീരേന്ദ്രകുമാറിനെ ഇതേ ഗ്രൂപ്പ് പോരാണ് ഒരുലക്ഷത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയത്. ഇക്കുറി അത് ആവർത്തിക്കാൻ പാടില്ലെന്ന കർശന നിർദ്ദേശമാണ് നേതൃത്വം നൽകിയിരിക്കുന്നത്. ഇടതു, ബിജെപി സ്ഥാനാർത്ഥികളെ അപേക്ഷിച്ച് പണത്തിന്റെ ബുദ്ധിമുട്ടും യു.ഡി.എഫിനെ വലയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP