Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ഇന്ദ്രപ്രസ്ഥം തൂത്തൂവാരി കെജ്രിവാളിന്റെ ചൂല്; 70ൽ 67 സീറ്റ് നേടി ആം ആദ്മി; കോൺഗ്രസ് വട്ടപ്പൂജ്യം; മോദി തരംഗത്തിൽ വിശ്വസിച്ച ബിജെപിക്ക് തലപൊക്കാനാവാത്ത നാണക്കേട്; കിരൺ ബേദിക്കും തോൽവി; വൻ വിജയം ഭയപ്പെടുത്തുന്നു, ഒന്നിച്ച് നിന്ന് കാര്യങ്ങൾ നേടാമെന്ന് കെജ്രിവാൾ

ഇന്ദ്രപ്രസ്ഥം തൂത്തൂവാരി കെജ്രിവാളിന്റെ ചൂല്; 70ൽ 67 സീറ്റ് നേടി ആം ആദ്മി; കോൺഗ്രസ് വട്ടപ്പൂജ്യം; മോദി തരംഗത്തിൽ വിശ്വസിച്ച ബിജെപിക്ക് തലപൊക്കാനാവാത്ത നാണക്കേട്; കിരൺ ബേദിക്കും തോൽവി; വൻ വിജയം ഭയപ്പെടുത്തുന്നു, ഒന്നിച്ച് നിന്ന് കാര്യങ്ങൾ നേടാമെന്ന് കെജ്രിവാൾ

ന്യൂഡൽഹി: അരവിന്ദ് കെജ്രിവാൾ എന്ന ജനനേതാവിനെയും ആ ആദ്മി പാർട്ടിയെയും ഡൽഹി ജനത ഒരിക്കൽ കൂടി ഹൃദയത്തിലേറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി അധ്യക്ഷൻ അമിത് ഷായുടേയും പ്രചരണ തന്ത്രങ്ങളേയും കടത്തി വെട്ടിയാണ് കെജ്രിവാൾ മിന്നുന്ന വിജയം നേടിയത്. ബിജെപിക്ക് അവരുടെ തട്ടകങ്ങളിൽ പോലും കനത്ത തിരിച്ചടിയേറ്റു. ആം ആദ്മി മുന്നേറ്റത്തിൽ കോൺഗ്രസ് പാർട്ടി ഡൽഹിയിൽ നിന്നും തുടച്ചുനീക്കപ്പെട്ടു. എല്ലാത്തിന് ഉപരി സുസ്ഥിര സർക്കാരിനുള്ള മൃഗയ ഭൂരിപക്ഷം ഡൽഹിയിലെ ജനങ്ങൾ അരവിന്ദ് കെജ്രിവാളിന് നൽകിയെന്നതാണ് യാഥാർത്ഥ്യം.

എക്‌സിറ്റ് പോൾ പ്രവചനങ്ങളെയെല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നും കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി ഡൽഹി പിടിച്ചത്. മൃഗീയ ഭൂരിപക്ഷം പാർട്ടിക്ക് ലഭിച്ചതോടെ ആം ആദ്മി കേന്ദ്രങ്ങളും അമ്പരന്നു. 70 സീറ്റിൽ 67 സീറ്റിൽ ആം ആദ്മി സ്ഥാനാർത്ഥികൾ വിജയിച്ചു. അവശേഷിച്ച മൂന്ന് സീറ്റിൽ ബിജെപി വിജയിച്ചു. കോൺഗ്രസ് സംപൂജ്യരായി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാാനാർത്ഥി കിരൺ ബേദിയും മുൻ കേന്ദ്രമന്ത്രി അജയ് മാക്കനും ആം ആദ്മി തരംഗത്തിൽ തോൽവി ഏറ്റുവാങ്ങി.

ലീഡ് നില(ആകെ സീറ്റ് 70)

ആംആദ്മി 67
ബിജെപി 3
കോൺഗ്രസ് 0
മറ്റുള്ളവർ0

ചൂൽ ചിഹ്നമാക്കിയ കെജ്രിവാളിന്റെ പാർട്ടി എല്ലാ രാഷ്ട്രീയ മാലിന്യങ്ങളെയുംം തുടച്ചുകളയുന്ന വിജയമാണ് നേടിയത്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദി കൃഷണ് നഗർ മണ്ഡലത്തിൽ നിന്നുമാണ് പരാജയപ്പെട്ടത്. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി തുടർച്ചയായി വിജയിച്ചുവന്ന മണ്ഡലമാണ് കൃഷ്ണ നഗർ. അതുകൊണ്ട് തന്നെ ഇവിടുത്തെ തോൽവി ബിജെപിയിൽ ആഭ്യന്തര കലാപത്തിനും വഴിവെക്കും. 2456 വോട്ടുകൾക്കാണ് അവരുടെ തോൽവി. അതേസമയം കോൺഗ്രസിനെ തെരഞ്ഞെടുപ്പിൽ നയിച്ച മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ പരാജയം രുചിച്ചു.

ന്യൂ ഡൽഹി മണ്ഡലത്തിൽ ആം ആദ്മിയുടെ അരവിന്ദ് കെജ്‌രിവാൾ വിജയിച്ചു. 31,583 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരുന്നു കേജ്‌രിവാളിന്റെ ജയം. ബിജെപിയുടെ ഗ്ലാമർ താരം നൂപുർ ശർമയായിരുന്നു മുഖ്യഎതിരാളി. കിരൺ വാലിയ ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.

പട്പട്ഗഞ്ചിൽ എഎപിയുടെ മനീഷ് സിസോദിയ വിജയിച്ചു. ചാന്ദ്‌നി ചൗക്കിലും ആംആദ്മി വിജയം നേടി. അൽക്ക ലാംബയാണ് ഇവിടെ സ്ഥാനാർത്ഥി. കോൺഗ്രസിന്റെ പ്രമുഖനായ നേതാവും മുൻ മന്ത്രിയുമായ അജയ് മാക്കൻ സദർ ബസാറിൽ വന്മാർജിനിൽ തോറ്റു. ഇവിടെ 34,315 വോട്ടുകൾക്ക് ആം ആദ്മിയിലെ സോംദത്തിന്റെ വിജയം. പ്രവീൺ കുമാർ ജെയിനായിരുന്നു ഇവിടെ ബിജെപി സ്ഥാനാർത്ഥി. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജിയും പരാജയം രുചിച്ചു.

അതിനിടെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനിടെ അരവിന്ദ് കെജ്രിവാളിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഡൽഹി സർക്കാറുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കിരൺ ബേദിയും കെജ്രിവാളിനെ അഭിനന്ദിച്ചു. ഇനി ഡൽഹി നിങ്ങൾക്കുള്ളതാണ്. ഡൽഹിയുടെ വികസനം കൂടുതൽ ഉയരത്തിലെത്തട്ടെ. ഡൽഹിയെ ഒരു ലോകോത്തര നഗരമാക്കി മാറ്റൂവെന്ന് കിരൺ ബേദി പറഞ്ഞു.

ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അരവിന്ദ് കേജ്‌രിവാൾ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയത് 31,583 വോട്ടിന്റെ ഭൂരിപക്ഷം. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നായിരുന്നു കേജ്‌രിവാളിന്റെ ജയം. ബിജെപിയുടെ ഗ്ലാമർ താരം നൂപുർ ശർമയായിരുന്നു മുഖ്യഎതിരാളി. കിരൺ വാലിയ ആയിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.

അതേസമയം ആദ്മി പാർട്ടി ഡൽഹി തൂത്തുവാരിയപ്പോൾ ആഘോഷമാക്കി എ.എ.പി പ്രവർത്തകർ. രാവിലെ തികഞ്ഞ ആത്മവിശ്വാസത്തോടെ ഓഫീസിൽ എത്തിയ കെജ്രിവാൾ അവിടെയിരുന്ന് ടിവിയിലാണ് ഫലം വീക്ഷിച്ചത്. കെജ്രിവാളിന്റെ മുഖത്ത് തെരഞ്ഞെടുപ്പ ഫലം പുറത്തുവരുമ്പോൾ സന്തോഷം അലയടിക്കുകയായിരുന്നു. വിജയം വന്നതോടെ അനുയായികൾ പടക്കംപൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഇത് ജനങ്ങളുടെ വിജയമാണെന്ന് മാത്രം പറഞ്ഞ് കെജ് രിവാൾ മറ്റുസ്ഥാനാർത്ഥികൾക്കൊപ്പം ഇരുന്ന് ഗൗരവത്തോടെ ഡൽഹി ജനവിധി തനിക്ക് അനുകൂലമാകുന്നത് വീക്ഷിച്ചു. പുറത്ത് അനുയായികൾ ഇളകിമറിഞ്ഞു. നിയന്ത്രിക്കാനാവാത്തത്ര ജനക്കൂട്ടം. എല്ലാവരും സാധാരണക്കാരന്റെ പാർട്ടിക്ക് ജയ് വിളിച്ചു.

എഎപിക്ക് ലഭിച്ച വലിയ വിജയം ഭയപ്പെടുത്തുന്നുവെന്ന് പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ പ്രതികരിച്ചു. അഹങ്കാരത്തോടുകൂടി പെരുമാറരുതെന്നും പ്രവർത്തകരോട് കെജ്‌രിവാൾ പറഞ്ഞു. അഹങ്കാരത്തോടുകൂടി പെരുമാറിയതിന്റെ ഫലമാണ് ഡൽഹിയിൽ ബിജെപിക്കും കോൺഗ്രസിനും പറ്റിയതെന്നും കെജ്‌രിവാൾ പറഞ്ഞു. വിജയത്തിന് പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു. ഉത്തരവാദിത്വങ്ങൾ വളരെ വലുതാണെന്നും കെജ്‌രിവാൾ പറഞ്ഞു.

ഫലങ്ങൾ പുറത്തുവന്നത് മുതൽ തുടങ്ങിയതോടെ ബിജെപിയുടെ ആസ്ഥാനം തീർത്തും ശോകമൂകമായിരുന്നു. പ്രതികരണം കാത്ത് വൻ മാദ്ധ്യമപ്പട തന്നെ ബിജെപി കാര്യാലയത്തിന് മുന്നിൽ തമ്പടിച്ചിരുന്നെങ്കിലും പ്രവർത്തകരോ നേതാക്കളോ ഓഫീസിലെത്തിയിരുന്നില്ല. എക്‌സിറ്റ് പോൾ ഫലങ്ങൾ അസ്ഥാനത്താണെന്ന് പറഞ്ഞവർ എന്തുപറയുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ്. പ്രാദേശിക നേതൃത്വത്തിന്റെ വികാരങ്ങളെ അവഗണിച്ച് ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനുള്ള മോദി അമിത് ഷാ സഖ്യത്തിന്റെ തീരുമാനത്തിലുള്ള തിരിച്ചടി കൂടിയായാണ് ഫലം വിലയിരുത്തപ്പെടുന്നത്.

എന്നാൽ തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായതോടെ മോദിയല്ല തോൽവിക്ക് ഉത്തരവാദിയെന്ന് പറഞ്ഞുകൊണ്ട് ബിജെപി നേതാക്കൾ രംഗത്തെത്തി. മോദിയല്ല തോറ്റതെന്ന് വെങ്കയ്യനായിഡു മോദിയല്ല തോറ്റതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വെങ്കയ്യനായിഡു. പാർട്ടിക്കെതിരായ ജനവിധിയല്ലെന്ന് ബിജെപി പ്രതികരിച്ചു. കിരൺ ബേദിയുടെ സ്ഥാനാർത്ഥിത്വം തെറ്റായിരുന്നില്ലെന്നും ബിജെപി.

ഡൽഹി തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി അംഗീകരിച്ച് ബിജെപി. ജനങ്ങളുടെ മനഃസ്ഥിതി മനസിലാക്കുന്നതിൽ ബിജെപി പരാജയപ്പെട്ടതായി പാർട്ടി ലോക്കൽ യൂണിറ്റ് പ്രസിഡന്റ് സതീഷ് ഉപാദ്ധ്യായ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ കെജ്രിവാളിനെ അദ്ദേഹം അഭിനന്ദിച്ചു. ബിജെപി മുൻപത്തെ പോലെ ജനങ്ങളെ സേവിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി. മികച്ച വിജയം നേടിയ ആം ആദ്മി പാർട്ടിയെയും അരവിന്ദ് കെജ്രിവാളെയും അഭിനന്ദിച്ച് അണ്ണാഹസാരെയും രംഗത്തെത്തി. കെജ്രിവാൾ മുൻപത്തെ തെറ്റുകൾ ആവർത്തിക്കില്ലെന്ന് കരുതുന്നു. അവകാശങ്ങൾക്ക് വേണ്ടി കെജ്‌റിവാൾ പോരാടുമെന്ന് ജനത്തിന് വിശ്വാസമുണ്ട്. മോദി നൽകിയ വാഗ്ദാനങ്ങൾ പൂർത്തീകരിക്കാനായില്ലെന്നും അണ്ണ ഹസാരെ പറഞ്ഞു.

ആം ആദ്മി പാർട്ടി ഡൽഹിയിൽ ഭൂരിപക്ഷം നേടിയതോടെ ബിജെപി വിരുദ്ധ ക്യാമ്പിന്റെ പുതിയ പ്രതീക്ഷയായി കെജ്രിവാൾ മാറുകയാണ്. നേതാക്കൾ ഇല്ലാത്തതിനാൽ ശോഷിച്ച് പോയ കോൺഗ്രസിന് ബദലായി അരവിന്ദ് കെജ്രിവാളിലൂടെ ആംആദ്മി ഉയർന്ന് വരുമെന്ന പ്രതീക്ഷയിലേയ്ക്ക് രാജ്യവുമെത്തുന്നു. കോൺഗ്രസ് ചിത്രത്തിൽ പോലും ഇല്ലാതായ അവസ്ഥയിൽ ഡൽഹിയിൽ തെരഞ്ഞെടുപ്പിനെ നയിച്ച അജയ് മാക്കൻ പാർട്ടി പദവികൾ രാജിവച്ചു. സദർ ബസാറിൽ അജയ് മാക്കൻ (കോൺ) 7000 വോട്ടിന് പിന്നിലാണ് മാക്കൻ. എഐസിസി ജനറൽ സെക്രട്ടറിയായിരുന്നു അജയ് മാക്കൻ.

അതിനിടെ കോൺഗ്രസ് തോറ്റതോടെ ഓഫീസിന് മുന്നിൽ പ്രതിഷേധവും ഉടലെടുത്തു. രാഹുൽ ഗാന്ധിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. രാഹുലിനെ ഉപാധ്യക്ഷനെന്ന സ്ഥാനത്തുനിന്നും മാറ്റണമെന്നും പ്രിയങ്കഗാന്ധിയെ മുന്നോട്ട് കൊണ്ടുവരണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധം നടന്നു. എന്നാൽ അത് കോൺഗ്രസ് പ്രവർത്തകരാവില്ലെന്നും ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ അടിസ്ഥാനത്തിൽ അത്തരമൊരു ചർച്ചയ്ക്ക് സ്ഥാനമില്ലെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

എഴുപത് സീറ്റുകളിലേക്ക് ഇക്കഴിഞ്ഞ ഏഴിനാണ് വോട്ടെടുപ്പ് നടന്നത്. ഒന്നര വർഷത്തിനിടെ ഡൽഹിയിൽ നടന്ന രണ്ടാമത്തെ തെരഞ്ഞെടുപ്പാണിത്. 673 സ്ഥാനാർത്ഥികൾ ജനവിധി തേടിയ തിരഞ്ഞെടുപ്പിൽ 67.14 ശതമാനം ജനങ്ങൾ വോട്ട് രേഖപ്പെടുത്തി. 1.33 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്.

പതിനാറു വർഷമായി ഭരണത്തിന് പുറത്തുള്ള ബിജെപിക്ക് ഈ തെരഞ്ഞെടുപ്പ് നിർണായകമായിരുന്നു. കിരൺ ബേദിയിലൂടെ ഡൽഹി പിടിക്കാനുള്ള തന്ത്രങ്ങൾ പാളുമ്പോൾ ബിജെപിയിൽ ആഭ്യന്തര പ്രശ്‌നങ്ങൾ ശക്തമാകുമെന്ന കാര്യവും ഉറപ്പായി. എവിടെയാണ് പഴിച്ചതെന്ന് കണ്ടെത്തി പരിഹാരം നിർദ്ദേശിക്കുന്നതിന് മുമ്പ് തന്നെ ബിഹാർ തെരഞ്ഞെടുപ്പ് എത്തും. അവിടേയും കെജ്രിവാൾ ഫാക്ടർ മോദി വിരുദ്ധർക്ക് തുണയാകും. ഇരു പാർട്ടികളും വാശിയേറിയ പ്രചാരണ പോരാട്ടമാണ് ഡൽഹിയിൽ കാഴ്ചവച്ചതും. അതിൽ കെജ്രിവാളിന്റെ മുദ്രാവക്യങ്ങൾ ഡൽഹി മുഴുവൻ ഏറ്റുവാങ്ങി. കനത്ത തിരിച്ചടി തന്നെയാണ് ബിജെപിക്ക് മോദിക്കും ഡൽഹി നൽകിയത്.

ആം ആദ്മി പാർട്ടിയും കോൺഗ്രസും ബി.എസ്‌പിയും മുഴുവൻ സീറ്റുകളിൽ മത്സരിച്ചപ്പോൾ ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലി ദളിനൊപ്പമാണ് മത്സരിച്ചത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസും ഐക്യ ജനതാദളും ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചപ്പോൾ സിപിഐ(എം) ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ അവർ മത്സരിക്കാത്ത 56 മണ്ഡലങ്ങളിലെ പിന്തുണ ആപ്പിന് വാഗ്ദാനം ചെയ്തിരുന്നു.

ആം ആദ്മി സർക്കാറിന്റെ സത്യപ്രതിജ്ഞ ഫെബ്രുവരി 14ന്

അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സർക്കാർ 14ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഡൽഹി രാംലീല മൈതാനത്തായിരിക്കും സത്യപ്രതിജ്ഞ നടക്കുക. 2013ലും രാംലീല മൈതാനത്ത് വച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞയ്ക്കായി മൈതാനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് ആംആദ്മി കേന്ദ്ര സർക്കാരിനോട് അനുമതി തേടും.

മൂന്ന് പേരെ ഉള്ളൂവെങ്കിലും ബിജെപിക്ക് ആംആദ്മി പ്രതിപക്ഷ സ്ഥാനം നൽകമെന്ന് ആം ആദ്മി പാർട്ടി.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി അധികാരത്തിലേക്ക് നീങ്ങുന്നതോടെ പ്രതിപക്ഷം ഉണ്ടാകില്ല. 70ൽ 67 സീറ്റുകളിൽ വിജയം ഉറപ്പിച്ചാണ് ആം ആദ്മിയുടെ മുന്നേറ്റം. ഇതോടെ ബിജെപി കേവലം മൂന്ന് സീറ്റിൽ ഒതുങ്ങി. ഏഴ് പേരില്ലെങ്കിൽ പ്രതിപക്ഷ പദവി നൽകാന് സാധിക്കില്ല. എന്നാൽ മൂന്ന് അംഗങ്ങളേ ഉള്ളൂവെങ്കിലും ബിജെപിക്ക് പ്രതിപക്ഷ സ്ഥാനം നൽകുമെന്ന് ആം ആദ്മി നേതാക്കൾ പരിഹസിച്ചു.

നേരത്തെ ഷീലാ ദീക്ഷിത് ഭരിച്ചപ്പോൾ ബിജെപിയായിരുന്നു പ്രതിപക്ഷ പാർട്ടിയുടെ സ്ഥാനത്ത്. നേരത്തെ ലോക്‌സഭയിൽ കോൺഗ്രസിന് പ്രതിപക്ഷ സ്ഥാനം നൽകില്ലെന്ന തീരുമാനമാണ് ബിജെപിയും പ്രധാനമന്ത്രി മോദിയും കൈക്കൊണ്ടത്. എന്നാൽ, ഡൽഹിയിൽ തങ്ങൾക്ക് പ്രതിപക്ഷ വേണമെന്ന പക്ഷക്കാരനാണ് കെജ്രിവാൾ.

2013 ഡിസംബറിൽ ആദ്യമായി തിരഞ്ഞെടുപ്പിൽ അങ്കംകുറിച്ചപ്പോൾ ആം ആദ്മിയുടെ വോട്ട് വിഹിതം 29.64 ശതമാനമായിരുന്നു. എന്നാൽ ഇത്തവണ അത് 50 ശതമാനത്തിന് മുകളിലാണ്. എക്‌സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത് ആം ആദ്മിക്ക് 41 മുതൽ 43 ശതമാനം വരെ വോട്ട് ലഭിക്കുമെന്നാണ്. അത് മറികടന്നിരിക്കുകയാണ് പാർട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP