Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം എ പി വിഭാഗം കേരളത്തിൽ എൽഡിഎഫിനെ പിന്തുണക്കും; തീരുമാനം സംഘടനാ ബൂത്തുകൾ വഴി പ്രവർത്തകരെ അറിയിക്കും; സംഘടനാ സമ്മേളനങ്ങൾ യുഡിഎഫ് നേതാക്കൾ ബഹിഷ്‌ക്കരിച്ചപ്പോൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകി എൽഡിഎഫ് പരിഗണന നൽകി; പക്ഷേ ദേശീയ തലത്തിൽ കോൺഗ്രസിന് ഒപ്പവും നിൽക്കും; സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന നിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം വിഭാഗം

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം എ പി വിഭാഗം കേരളത്തിൽ എൽഡിഎഫിനെ പിന്തുണക്കും; തീരുമാനം സംഘടനാ ബൂത്തുകൾ വഴി പ്രവർത്തകരെ അറിയിക്കും; സംഘടനാ സമ്മേളനങ്ങൾ യുഡിഎഫ് നേതാക്കൾ ബഹിഷ്‌ക്കരിച്ചപ്പോൾ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം നൽകി എൽഡിഎഫ് പരിഗണന നൽകി; പക്ഷേ ദേശീയ തലത്തിൽ കോൺഗ്രസിന് ഒപ്പവും നിൽക്കും; സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന നിലപാടിൽ മാറ്റമില്ലെന്നും കാന്തപുരം വിഭാഗം

ജംഷാദ് മലപ്പുറം

മലപ്പുറം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കാന്തപുരം എ.പി വിഭാഗം സുന്നികളുടെ പിന്തുണ എൽ.ഡി.എഫിന്. ഇതു സംബന്ധിച്ചഔദ്യോഗിക പ്രഖ്യാപനം നടത്തിയില്ലെങ്കിലും സംഘടനാതല ചർച്ചയിൽ കാന്തപുരം നിലപാട് സൂചിപ്പിച്ചു. ഇതുതന്നെയാണ് സംഘടനയിലെ ബഹൂഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. സംഘടനയുടെ തീരുമാനം അടുത്ത മാസം സംഘടനാ ബൂത്തുകൾ വഴി പ്രവർത്തകരെ അറിയിക്കും. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ശേഷം സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം സംഘടനക്ക് നൽകിയതും, സംഘടനാ സമ്മേളനങ്ങളിൽ മന്ത്രിമാരും, പാർട്ടിനേതാക്കളും സജീവ സാന്നിധ്യമായതും, സംഘടനയുടെ ആവശ്യങ്ങൾക്കെതിരെ മുഖം തിരിക്കാതെ നിലപാടെടുത്തതുമാണ് സിപിഎമ്മിനെയും, എൽ.ഡി.എഫിനെയും പിന്തുണക്കാൻ കാരണമായി പറയുന്നത്.

മർകസ് സമ്മേളനം അടക്കം യു.ഡി.എഫ് നേതാക്കൾ ബഹിഷ്‌ക്കരിച്ചതും, വിവിധ വിഷയങ്ങൾ വരുമ്പോൾ ഇ.കെ സമസ്തയെ അനുകൂലിക്കുന്ന നിലപാടെടുക്കുന്നതുമാണ് യു.ഡി.എഫിനെ സഹായിക്കേണ്ടതില്ലയെന്ന നിലപാടിലേക്കെത്താൻ കാരണമായത്. മുസ്ലിംലീഗ് ഇ.കെ സമസ്തയുടെ വാലാട്ടികളായി കഴിയുന്നിടത്തോളം ഇവരിൽനിന്നും കൂടുതൽ സഹകരണം പ്രതീക്ഷിക്കേണ്ടതില്ലെന്ന നിലപാടും ചില എ.പി വിഭാഗം നേതാക്കൾ പറയുന്നു. നേരത്തെ രാഹുൽ ഗാന്ധി കോഴിക്കോട് എത്തിയപ്പോൾ കാന്തപുരം എ പി അബൂബക്കർ മുസലിയാർ അവിടെയെത്തി പിന്തുണ അറിയിച്ചിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിനുതന്നെയാണ് പിന്തുണയെന്നാണ് കാന്തപുരം വിഭാഗം ഇപ്പോഴും പറയുന്നത്.

എന്നും വ്യത്യസത നിലപാടുകൾ സ്വീകരിക്കുന്നവർ

തെരഞ്ഞെടുപ്പ് സമയങ്ങളിൽ എന്നും വ്യത്യസത നിലപാടുകൾ സ്വീകരിക്കുന്നവരാണ് കാന്തപുരം എ.പി വിഭാഗം സുന്നികൾ, 'തങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുക എന്ന നിലപാടാണ് തങ്ങളുടേതെന്നാണ് ആദ്യംകാലം മുതലെ തെരഞ്ഞെടുപ്പ് നിലപാടുകളെ കുറിച്ചു കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്ക് പറയാനുള്ളത്. ഇതുതന്നെയാണ് ഇത്തവണയും പയറ്റാൻ പോകുന്നത്. യു.ഡി.എഫ് സംസ്ഥാനം ഭരിക്കുന്ന സമയങ്ങളിൽ സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സ്ഥാനം ഇ.കെ വിഭാഗത്തിന് നൽകുമ്പോൾ എൽ.ഡി.എഫ് ഭരണ സമയത്താണ് ഇത് തങ്ങൾക്ക് ലഭിക്കാറുള്ളതെന്നും നേതാക്കൾ പറയുന്നു.

ഇതിന് പുറമെ വഖവ്, സ്വത്ത് തർക്ക വിഷയങ്ങളിലും നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ യു.ഡി.എഫിനും മുസ്ലിംലീഗിനും കഴിയാറില്ലെന്ന നിലപാടും സംഘടനക്കുണ്ട്. മുൻകാലങ്ങളിൽ കാന്തപുരം വിഭാഗം ഒരുപാർട്ടിക്ക് മാത്രമായി പിന്തുണ നൽകുന്നത് നിർത്തലാക്കിയിരുന്നു. ശേഷം തങ്ങളെ സഹായിക്കുന്ന നേതാക്കളെ നോക്കിയാണ് പിന്തുണ നൽകിയിരുന്നത്. ഓരോ മണ്ഡലത്തിലും സംഘടനയുമായി സഹകരിക്കുന്ന നേതാക്കൾക്ക് വോട്ട്‌ചെയ്യാനായിരുന്നു ആഹ്വാനമുണ്ടായിരുന്നത്. എന്നാൽ എൽ.ഡി.എഫിനെ പൂർണമായും പിന്തുണക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

പിന്തുണ ചിലയിടങ്ങളിൽ നിർണായകമാകും

കാന്തപുരം എ.പി വിഭാഗത്തിന്റെ പിന്തുണ ചില മണ്ഡലങ്ങളിലെങ്കിലും നിർണായക സ്വാധീനം ചെലുത്തും. നിലവിൽ ശക്തമായ മത്സരം നടക്കുന്ന പൊന്നാനി ലോകസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിനെ പിന്തുണക്കാൻ സംഘടന നേരത്തെ തീരുമാനിച്ചാണ്. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള എ.പി വിഭാഗത്തിന്റെ പിന്തുണ മണ്ഡലത്തിന്റെ വിജയ, പരാജയങ്ങളെ സ്വാധീനിക്കാനുള്ള പോലുമുണ്ടെന്ന വിലയിരുത്തലും രാഷ്ട്രീയ നിരീക്ഷകർക്കുണ്ട്. മലബാറിലെ വിവിധ മണ്ഡലങ്ങളിലാണ് കാന്തപുരം വിഭാഗത്തിന്റെ സ്വാധീന മണ്ഡലങ്ങൾ.

യെച്ചൂരിയുമായും കൂടിക്കാഴ്‌ച്ച നടത്തി

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുമായും, സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയുമായും കാന്തപുരം അടുത്തിടെ കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. കണ്ണൂർ വിമാനത്തവളത്തിൽ നിന്നും ഒരാഴ്‌ച്ച മുമ്പാണ് രാഹുൽഗാന്ധിയുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. ഇതോടെ പിന്തുണ യു.ഡി.എഫിനായിരിക്കുമെന്നുവരെയുള്ള പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. ഇരുവരും കൂടിക്കാഴ്‌ച്ച നടത്തുന്ന ഫോട്ടോ സഹിതമാണ് ഇത്തരത്തിൽ പ്രചരിച്ചത്. എന്നാൽ ഡൽഡിയിൽ വെച്ച് സിപിഎം ജനറൽ സെക്രട്ടറി യെച്ചൂരിയുമായും കാന്തപുരം കൂടിക്കാഴ്‌ച്ച നടത്തി.

ന്യൂനപക്ഷ വോട്ടുകൾ ഒന്നിക്കണമെങ്കിലും

കേന്ദ്രത്തിൽ ബി.ജെ.ബിയെ തകർക്കാൻ ന്യൂനപക്ഷ വോട്ടുകൾ ഒന്നിക്കണമെന്ന അഭിപ്രായമാണ് ഇരുവിഭാഗം സമസ്തകളുടേയും നിലപാട്. എന്നാൽ ഇത് പ്രാവർത്തികമാകാത്ത നിലപാടാണെന്ന് നേതാക്കൾ തന്നെ പറയുന്നമുണ്ട്, ഇ.കെ സമസ്ത, ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർപാർട്ടി അടക്കമുള്ള മുസ്ലിംമത സംഘടനകളുടെ പിന്തുണ യു.ഡി.എഫിനാണെന്ന് പരസ്യമായി പ്രഖ്യാപിക്കുമ്പോൾ കാന്തപുരം വിഭാഗത്തിന്റെ പിന്തുണമാത്രമാണ് മുസ്ലിംസമുദായ സംഘടനയിൽനിന്നും പരസ്യമായി എൽ.ഡി.എഫിന് ലഭിക്കുന്നത്. മുജാഹിദ് വിഭാഗം നിലപാട് പ്രഖ്യാപിക്കാറില്ലെങ്കിലും നേരത്തെ മുതലെ യു.ഡി.എഫുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്.  കേരളത്തിൽ ഇടതുപക്ഷത്തെ പിന്തുണക്കുന്നത് മതേതര സർക്കാർ രൂപീകരിക്കുന്നതിന് തടസ്സമാകില്ലെന്നും കാന്തപുരം വിഭാഗം ചൂണ്ടിക്കാട്ടുന്നത്. തിരുകേശ വിവാദ സമയത്താണ് കാന്തപുരം സിപിഎമ്മുമായി അകന്നിരുന്നത്. അന്ന് യുഡിഎഫ് അനുകൂല നിലപാടും സ്വീകരിച്ചിരുന്നു.

മണ്ണാർക്കാട് ആഹ്വാനം വിവാദമായി

മണ്ണാർക്കാട്ടെ മുസ്ലിംലീഗ് സ്ഥാനാർത്ഥി അഡ്വ. എൻ ശംസുദ്ദീനെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കരുതെന്ന ആഹ്വാനവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ നടത്തിയ പ്രസംഗം നേരത്തെ ഏറെ വിവാദമായിരുന്നു. രണ്ടു സുന്നി പ്രവർത്തകരെ കൊലപ്പെടുത്തിയവർക്ക് ജാമ്യം ലഭിക്കാൻ സഹായിച്ച മണ്ണാർക്കാട് എംഎൽഎ അഡ്വ. എൻ ശംസുദ്ദീനെ ജയിപ്പിക്കരുത്, കാരന്തൂർ മർക്കസിൽ നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ സംസാരിക്കുന്നതിനിടെയാണ് കാന്തപുരം ഇത്തരത്തിൽ നിലപാട് അറിയിച്ചത്. സുന്നി പ്രവർത്തകരെ കൊലപ്പെടുത്തിയവർക്ക് രണ്ട് ദിവസത്തിനകം ജാമ്യം ലഭിക്കാൻ കാരണം ആരാണെന്ന് എല്ലാവർക്കും അറിയാം. അവരെ പരാജയപ്പെടുത്തണമെന്നും കാന്തപുരം ആഹ്വാനം ചെയ്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് ഫലംവന്നപ്പോൾ ഷംസുദ്ദീൻ വിജയിച്ചതോടെ സോഷ്യൽ മീഡിയയിൽ ഏറെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP