Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളവോട്ടിനെ തുടർന്ന് നടന്ന റീ പോളിങ്ങിൽ വോട്ടിങ് ശതമാനം കുത്തനെ കുറഞ്ഞു; പോളിങ് ശതമാനത്തിലെ ഇടിവ് വിരൽ ചൂണ്ടുന്നത് ഏപ്രിൽ 23ന് നടന്നത് വ്യാപക കള്ളവോട്ടെന്ന് തന്നെ; നിഖാബ് അണിഞ്ഞ് വോട്ട് ചെയ്യാനെത്തിയവർ പരിശോധനയ്ക്ക് സഹകരിച്ച് മാതൃകയായി; രാജ്യത്തെ അവസാന ഘട്ടത്തിലെ 59 മണ്ഡലങ്ങളിൽ 60% പോളിങ്; ബംഗാളിലും പഞ്ചാബിലും വ്യാപക അക്രമവും ബോംബേറും; ബിജെപി തൃണമൂൽ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി; മെയ് 23ലെ വിധി കാത്ത് ഇന്ത്യൻ ജനത

കള്ളവോട്ടിനെ തുടർന്ന് നടന്ന റീ പോളിങ്ങിൽ വോട്ടിങ് ശതമാനം കുത്തനെ കുറഞ്ഞു; പോളിങ് ശതമാനത്തിലെ ഇടിവ് വിരൽ ചൂണ്ടുന്നത് ഏപ്രിൽ 23ന് നടന്നത് വ്യാപക കള്ളവോട്ടെന്ന് തന്നെ; നിഖാബ് അണിഞ്ഞ് വോട്ട് ചെയ്യാനെത്തിയവർ പരിശോധനയ്ക്ക് സഹകരിച്ച് മാതൃകയായി; രാജ്യത്തെ അവസാന ഘട്ടത്തിലെ 59 മണ്ഡലങ്ങളിൽ 60% പോളിങ്; ബംഗാളിലും പഞ്ചാബിലും വ്യാപക അക്രമവും ബോംബേറും; ബിജെപി തൃണമൂൽ പ്രവർത്തകർ തെരുവിൽ ഏറ്റുമുട്ടി; മെയ് 23ലെ വിധി കാത്ത് ഇന്ത്യൻ ജനത

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെ കേരളത്തിൽ നടന്ന റീപോളിങ്ങിൽ വോട്ടിങ് ശതമാനത്തിൽ വൻ ഇടിവ്. പോളിങ് ശതമാനം കുറഞ്ഞതോടെ ഏപ്രിൽ 23ന് നടന്നത് വ്യാപകമായ കള്ളവോട്ടാണെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ഇതിനിടെ നിഖാദ് അണിഞ്ഞ് വോട്ട് ചെയ്യുന്നതുമായെത്തുന്ന വിവാദങ്ങൾക്കുമുള്ള പരിഹാരമാണ് പോളിങ് ബൂത്തുകളിൽ കാണാൻ സാധിച്ചത്. നിഖാബ് അണിഞ്ഞ് എത്തിയ വോട്ടർമാർ പരിശോധനയ്ക്ക് സഹകരിച്ച് മാതൃകയായി. കണ്ണൂർ, കാസർഗോഡ് ലോകസഭാ മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് റീപ്പോളിങ് നടത്തിയത്. ഇവിടെ റീപോളിങ് പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത വാശിയിലാണ്  വിജയം കൊയ്യാൻ എൽഡിഎഫും യുഡിഎഫും ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയത്.

അനുഭാവികളുടെ വോട്ടുകൾ ചോർന്നുപോകാതിരിക്കാൻ ബൂത്തിന് പുറത്തും കവലകളിലും പ്രവർത്തകർ നിലയുറപ്പിച്ച് പോളിങ് സ്റ്റേഷനിലേക്ക് വോട്ടർമാരെ എത്തിക്കുന്ന കാഴ്ചയാണ് മിക്ക ബൂത്തുകളിൽ നിന്നും കാണാനായത്. കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപെട്ട പിലാത്തറ യു.പി. സ്‌ക്കൂളിലെ 19 ാം നമ്പർ ബൂത്തിൽ കഴിഞ്ഞ 23 ാം തീയ്യതി നടന്ന തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാതിരുന്ന കെ.ജെ. ഷാലറ്റ് ഇന്ന് വോട്ട് ചെയ്തു. വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരെ കണ്ട് സംസാരിച്ച ഷാലറ്റിനോട് ഒരു സംഘം എൽ. ഡി.എഫ് പ്രവർത്തകർ തർക്കിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരിച്ചറിയൽ കാർഡും സ്ലിപ്പുമായെത്തിയിട്ടും വോട്ട് ചെയ്യാൻ അനുവദിക്കാതെ പ്രിസൈഡിങ് ഓഫീസർ ഷാലറ്റിനെ തിരിച്ചയക്കുകയായിരുന്നു.

സിപിഎമ്മുകാർ കള്ള വോട്ട് ചെയ്തുവെന്ന പരാതിയെ തുടർന്നാണ് ഈ ബൂത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. കണ്ണൂർ ലോകസഭാ മണ്ഡലത്തിൽപെട്ട പാമ്പുരുത്തിയിൽ സ്ത്രീകൾ കൂട്ടമായാണ് ഇന്ന് എത്തിയത്. മുഖാവരണം ധരിച്ച് ഈ ബൂത്തിൽ കഴിഞ്ഞ തവണ 50 ലേറെ പേർ കള്ളവോട്ട് ചെയ്‌തെന്ന് സി.പി. എം. ജില്ലാ സെക്രട്ടറി എം. വി. ജയരാജൻ ആരോപിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങൾ തൊടുത്തു വിട്ടു. മുഖാവരണം നീക്കി ആളെ തിരിച്ചറിഞ്ഞ് മാത്രമേ വോട്ടു ചെയ്യാൻ അനുവദിക്കാവൂ എന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. എന്നാൽ പർദ്ദ ധരിച്ച് പാമ്പുരുത്തി ബൂത്തിലെത്തിയ സ്ത്രീകൾ ബൂത്തിലെത്തിയപ്പോൾ മുഖാവരണം സ്വയം മാറ്റുകയായിരുന്നു.

റീപോളിങ് നടക്കുന്ന എല്ലാ ബൂത്തുകളിലും മുഖാവരണം ധരിച്ചെത്തുന്നവരുടെ തിരിച്ചറിയൽ പരിശോധനക്കായി പ്രിസൈഡിങ് ഓഫിസർക്ക് വനിതാ സഹായിയെ നിയോഗിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് റിട്ടേണിങ് ഓഫിസർമാർക്ക് നിർദ്ദേശം നൽകി. മുഖാവരണം ധരിച്ചെത്തുന്ന വോട്ടർമാരുടെ മുഖം വോട്ടർപട്ടികയിലെ ചിത്രത്തിലുള്ള മുഖംതന്നെയാണോ എന്നു പരിശോധിച്ചാണ് പോളിങ് നടത്തിയത്.

മുഖം മറയ്ക്കുന്ന രീതിയിൽ വസ്ത്രം ധരിച്ചുവരുന്നവരെ റീപോളിങ്ങിൽ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദ്ദേശം. ഇടതുകൈയിലെ നടുവിരലിലാണ് മഷി പുരട്ടിയത്. ശക്തമായ സുരക്ഷയാണ് ഓരോ ബൂത്തിലും ഏർപ്പെടുത്തിയത്.

 കാസർകോട് തൃക്കരിപ്പൂർ കൂളിയോട് ജി.എച്ച്.എസ് ന്യൂ ബിൽഡിങ് ബൂത്ത് നമ്പർ 48, കണ്ണൂർ കുന്നിരിക്ക യുപിഎസ് വേങ്ങാട് നോർത്ത് ബൂത്ത് നമ്പർ 52, കണ്ണൂർ കുന്നിരിക്ക യുപി എസ് വേങ്ങാട് സൗത്ത് ബൂത്ത് നമ്പർ 53 , കല്യാശേരിയിലെ പിലാത്തറ ബൂത്ത് നമ്പർ 19, പുതിയങ്ങാടി ജുമാഅത്ത് ഹൈസ്‌കൂൾ 69,70 ബൂത്തുകൾ, കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂൾ ബൂത്ത് എന്നിവിടങ്ങളിലാണ് ഇന്ന് റീപോളിങ് നടന്നത്.

ആകെ റീ പോളിങ് നടക്കുന്ന ഏഴ് ബൂത്തുകളിൽ നാലിടത്ത് സിപിഎം. ഉം മൂന്നിടത്ത് മുസ്ലിം ലീഗും കള്ള വോട്ട് ചെയ്തുവെന്നാണ് ആരോപണം. കാസർഗോഡ് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ പിലാത്തറ യു.പി. സ്‌ക്കൂളിലെ 19 ാം നമ്പർ ബൂത്തിലെത്തി പോളിങ് നടക്കവേ വോട്ട് തേടിയെന്നാരോപിച്ച് എൽ.ഡി.എഫ് പരാതി നൽകിയിട്ടുണ്ട്.

റീ പോളിങ് നടക്കുന്ന പുതിയങ്ങാടി ജമാ-അത്തെ ഹൈസ്‌ക്കൂൾ ബൂത്ത് ഒഴിച്ച് എല്ലാ ബൂത്തിലും ആദ്യത്തെ മൂന്ന് മണിക്കൂറിൽ 25 ശതമാനത്തിലേറെ പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ജമാ-അത്തെ ഹൈസ്‌ക്കൂളിലെ ബൂത്തിൽ 20 ശതമാനം പേരാണ് വോട്ട് ചെയ്തത്.

രാജ്യത്തെ അവസാന ഘട്ട പോളിങ്ങിൽ 60 ശതമാനം പോളിങ് : പരക്കെ ബോംബേറ് അടക്കമുള്ള അക്രമ സംഭവങ്ങൾ

ഇന്ത്യയിലെ അവസാന ഘട്ട വോട്ടെടുപ്പിൽ പശ്ചിമ ബംഗാളും പഞ്ചാബും അടക്കമുള്ള പ്രധാന മേഖലകളിൽ പരക്കേ അക്രമ സംഭവങ്ങൾ അരങ്ങേറി. പോളിങ് അവസാനിക്കുന്ന മണിക്കൂറുകളിലും ഇതിന് ശമനമുണ്ടായിരുന്നില്ല. കൊൽക്കത്തയിൽ ബൂത്ത് പിടുത്തത്തിൽ ആരംഭിച്ച് സംഘർഷങ്ങൾ ബോംബറിൽ വരെ കലാശിച്ച സംഭവങ്ങൾ അരങ്ങേറിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി അടക്കമുള്ള 59 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. വൈകിട്ട് ആറു മണിയോടെ പോളിങ് അവസാനിക്കുമ്പോൾ 60 ശതമാനം പോളിങാണ് ഈ മണ്ഡലങ്ങളിലെ ആകെ നടന്നത്. മുൻകരുതലായി 710 കമ്പനി കേന്ദ്ര സേനയെയാണ് പശ്ചിമ ബംഗാളിൽ വിന്യസിച്ചിരുന്നത്.

എന്നിട്ടും പല സ്ഥലങ്ങളിലും സ്ഥാനാർത്ഥികളുടെ വാഹനങ്ങൾ അടിച്ചു തകർക്കുന്നതടക്കമുള്ള അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. 24 പർഗനാസ് ജില്ലയിൽ വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറിയെന്നും ഇവിടെ ഗിലാബേറിയയിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പോളിങ് ബൂത്തിലേക്ക് ബോംബെറിഞ്ഞുവെന്നും റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസേന ബൂത്തിലേക്ക് കയറ്റിയില്ലെന്നും ഐഡി കാർഡ് ചോദിച്ചെന്നും ആരോപിച്ച് കൊൽക്കത്ത സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥി മാലാ റോയ് രംഗത്തെത്തിയത്.

ഡയമണ്ട് ഹാർബറിലെ ബിജെപി സ്ഥാനാർത്ഥി നീലാഞ്ജൻ റോയ്‌ക്കെതിരെ ആക്രമണമുണ്ടായി. തൃണമൂൽ പ്രവർത്തർ ബഡ്ജ് ബ്രിഡ്ജിന്റെ അടുത്ത് വച്ച് റോയിയുടെ കാർ തല്ലിത്തകർത്തു. ജാദവ്പൂർ ബിജെപി സ്ഥാനാർത്ഥി അനുപം ഹസ്‌റയുടെ കാർ തല്ലിത്തകർത്തു. ഇതിന് പിന്നിൽ ടിഎംസി പ്രവർത്തകരാണെന്ന് ഹസ്‌റ ആരോപിച്ചു. ഭട്പാര ഉപതെരഞ്ഞെടുപ്പിലെ തൃണമൂൽ സ്ഥാനാർത്ഥി മദൻ മിത്രയുടെ ബൂത്ത് ഏജന്റിലെ പ്രിസൈഡിങ് ഓഫീസർ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു. പാരാമിലിട്ടറി ഉദ്യോഗസ്ഥർ ബൂത്ത് ഏജന്റിനെ ബൂത്തിലേക്ക് കയറാൻ അനുവദിച്ചില്ലെന്നും ആരോപണമുയർന്നു.

പശ്ചിമബംഗാളിലെ ഇസ്ലാം പൂരിലും ബോംബേറുണ്ടായി. ഇവിടെ മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾ അടിച്ചു തകർത്തു. ചില മാധ്യമപ്രവർത്തകരെ ഇവിടെ തടഞ്ഞുവച്ചിരിക്കുകയാണ്. ബിഹാറിൽ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ കാറിന്റെ ചില്ല് തകർത്തെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു ഫോട്ടോഗ്രാഫറെ മർദ്ദിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കി.

ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങൾ, പഞ്ചാബിലെ 13, ബീഹാറിലും മധ്യപ്രദേശിലുമായി എട്ട് വീതം മണ്ഡലങ്ങളിലും പശ്ചമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ഹിമാചൽപ്രദേശ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലുമായി അഞ്ച് മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നു തുടങ്ങും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP