Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎമ്മിന്റെ അമരത്ത് യെച്ചൂരി; പുതിയ കേന്ദ്രകമ്മറ്റിയുടെ മനസ്സറിഞ്ഞ് എസ്ആർപി മത്സരിച്ചില്ല; പാളിയത് കേരളാ ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് നടത്തിയ നീക്കം; സുഭാഷിണി അലി പിബിയിൽ; വി എസ് ഇനി കേന്ദ്രകമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ബാലനും എളമരവും അടക്കം സിസിയിൽ 16 പുതുമുഖങ്ങൾ

സിപിഎമ്മിന്റെ അമരത്ത് യെച്ചൂരി; പുതിയ കേന്ദ്രകമ്മറ്റിയുടെ മനസ്സറിഞ്ഞ് എസ്ആർപി മത്സരിച്ചില്ല; പാളിയത് കേരളാ ഘടകത്തിന്റെ പിന്തുണയോടെ കാരാട്ട് നടത്തിയ നീക്കം; സുഭാഷിണി അലി പിബിയിൽ; വി എസ് ഇനി കേന്ദ്രകമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ്; ബാലനും എളമരവും അടക്കം സിസിയിൽ 16 പുതുമുഖങ്ങൾ

വിശാഖപട്ടണം: സി പി എമ്മിന്റെ ചരിത്രത്തിൽ മുൻപെങ്ങുമുണ്ടാകാത്ത ആകാംക്ഷയ്ക്ക് വിരാമമിട്ട് പുതിയ പാർട്ടി ജനറൽ സെക്രട്ടറിയെ നിശ്ചയിച്ചു. സീതാറാം യെച്ചുരിയാകും ഇനി സിപിഎമ്മിനെ നയിക്കുക. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറൽ സെക്രട്ടറിയാണ് സീതാറം യെച്ചൂരി. ഭാരവാഹിത്വത്തിൽ മൂന്ന് ടേം എന്ന മാനദണ്ഡമുള്ളതിനാൽ പ്രകാശ് കാരാട്ടിന് സ്ഥാനം ഒഴിയേണ്ട സാഹചര്യത്തിലാണ് യെച്ചൂരിയുടെ തെരഞ്ഞെടുപ്പ്.

പി സുന്ദരയ്യയ്ക്കുശേഷം ആന്ധ്രയിൽ നിന്ന് പാർട്ടി ജനറൽ സെക്രട്ടറിയാകുന്ന രണ്ടാമത്തെ നേതാവാണ് അറുപത്തിരണ്ടുകാരനായ യെച്ചൂരി. പുതിയ 16 അംഗ പിബിയിൽ നാലുപേർ പുതുമുഖങ്ങളാണ്. സുഭാഷിണി അലി, മുഹമ്മദ് സലിം. ഹന്നൻ മുള്ള, ജി രാമകൃഷ്ണ എന്നിവരാണ് പതിനഞ്ചംഗ പൊളിറ്റ് ബ്യൂറോയിലെ പുതുമുഖങ്ങൾ. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, സീതാറാം യെച്ചൂരി, ബിമൻബസു, മണിക് സർക്കാർ, പിണറായി വിജയൻ, ബി വി രാഘവുലു, വൃന്ദ കാരാട്ട്, കോടിയേരി ബാലകൃഷ്ണൻ എം എ ബേബി, എ കെ പത്മനാഭൻ, സൂര്യകാന്ത മിശ്ര എന്നിവരാണ് പിബി യിലെ മറ്റംഗങ്ങൾ. പിബിയിൽ ബംഗാളിൽനിന്നു ബുദ്ധദേവ് ഭട്ടാചാര്യയും നിരുപം സെന്നും ഒഴിവായി. പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് ഇരുവരും പിബിയിൽനിന്ന് ഒഴിവായത്. കെ വരദരാജനും ഒഴിവായി. ഉത്തർപ്രദേശിൽനിന്നുള്ള സുഭാഷിണി അലിയെ പൊളിറ്റ് ബ്യൂറോയിൽ എത്തുന്ന രണ്ടമാത്തെ വനിതയാണ്. മലയാളിയായ ക്യാപ്ടൻ ലക്ഷ്മിയുടെ മകളാണ് സുഭാഷിണി അലി. വൃന്ദാ കാരാട്ടിനൊപ്പം സുഭാഷണിയും പോളിറ്റ് ബ്യൂറോയിലെ വനിതാ മുഖമാകും.

91 അംഗ കേന്ദ്രക്കമ്മിറ്റിയെയും പാർട്ടി കോൺഗ്രസ് തെരഞ്ഞെടുത്തു. പുതിയ കേന്ദ്രക്കമ്മിറ്റിയിൽ കേരളത്തിൽ നിന്ന് പുതുതായി എ കെ ബാലൻ, എളമരം കരിം എന്നിവരുണ്ട്. ഇവർക്കുപുറമെ ഡൽഹിയിൽ പാർട്ടി സെന്ററിൽ പ്രവർത്തിക്കുന്ന മലയാളികളായ മുരളീധരൻ, വിനു കൃഷ്ണൻ എന്നിവരും പുതിയ സിസിയിലുണ്ട്. വി എസ് ക്ഷണിതാവായി തുടരും. കേന്ദ്രക്കമ്മിറ്റിയിൽ 16 പേർ പുതുമുഖങ്ങളാണ്. ജനറൽ സെക്രട്ടറിയെയും പൊളിറ്റ്ബ്യൂറോയെയും ഏകകണ്ഠമായാണ് പുതിയ കേന്ദ്രകമ്മിറ്റി തെരഞ്ഞെടുത്തത്. 80 വയസ്സ് പിന്നിട്ടവരെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കുകയെന്ന പൊതുനയത്തിന് അനുസരിച്ച് പാലോളി മുഹമ്മദ് കുട്ടി സ്വയം ഒഴിവായി. അതേ സമയം 80 ന്റെ പടിവാതിലിൽ നിൽക്കുന്ന പി.കെ ഗുരുദാസനെ കേന്ദ്രകമ്മിറ്റിയിൽ നിലനിർത്തി. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയിൽ 89 അംഗങ്ങളാണുണ്ടായിരുന്നത്.

പാർട്ടിയുടെ ഭാവി തീരുമാനിക്കുന്ന പാർട്ടി കോൺഗ്രസ് ആണിതെന്ന് യെച്ചൂരി പ്രതികരിച്ചു. പാർട്ടിയുടെ അടിത്തറ വിപുലീകരിക്കുന്നതിലായിരിക്കും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഐകകണ്‌ഠ്യേനയാണ് പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്നും മാദ്ധ്യമങ്ങളാണ് അഭ്യൂഹങ്ങൾ പ്രചരിപ്പിച്ചതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. താനാണ് പുതിയ കേന്ദ്ര കമ്മറ്റിയിൽ യെച്ചൂരിയുടെ പേര് നിർദ്ദേശിച്ചതെന്ന് സമ്മേളന പ്രതിനിധികളോടും കാരാട്ട് വ്യക്തമാക്കി.

 

വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ കേരളാ ഘടകത്തിന്റെ നീക്കങ്ങൾക്ക് ഏറ്റ തിരിച്ചടികൂടിയാണ് യെച്ചൂരിയുടെ ജനറൽ സെക്രട്ടറിയായുള്ള തെരഞ്ഞെടുപ്പ്.  ബംഗാൾ ഘടകവും ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും യെച്ചൂരിക്കായി അണിനിരന്നപ്പോൾ പിണറായി വിജയന്റേയും കോടിയേരി ബാലകൃഷ്ണന്റേയും നീക്കങ്ങൾ പാളി. എസ് രാമചന്ദ്രൻ പിള്ളയുടെ പേരുയർത്തി യെച്ചൂരിയെ പ്രതിരോധിക്കാനുള്ള  പ്രകാശ് കാരാട്ടിന്റെ നീക്കവും ഫലം കണ്ടില്ല. ഇതോടെ മത്സരമൊഴിവാക്കി യെച്ചൂരിയെ ജനറൽ സെക്രട്ടറിയാക്കാൻ കേന്ദ്ര നേതൃത്വത്തിൽ ധാരണയായി. വോട്ടെടുപ്പ് നടന്നാൽ യെച്ചൂരി ജയിക്കുമെന്ന് മനസ്സിലാക്കി പ്രകാശ് കാരാട്ടും അവസാന നിമിഷം പിന്മാറി. ഇതിനിടെ മത്സരത്തിലൂടെ ജനറൽ സെക്രട്ടറിയാകാനില്ലെന്ന് എസ് രാമചന്ദ്രൻ പിള്ളയും വ്യക്തമാക്കി.

രാമചന്ദ്രൻ പിള്ളയ്ക്കായി ചർച്ചകളിൽ പ്രകാശ് കാരാട്ട് കടുത്ത നിലപാട് എടുത്തതോടെ യെച്ചൂരി മത്സരത്തിന് തയ്യാറായി. ഈ ഘട്ടത്തിൽ മണിക് സർക്കാർ ഇടപെട്ടു. എന്തുവില കൊടുത്തും മത്സരം ഒഴിവാക്കണമെന്ന് മണിക് സർക്കാർ ആവശ്യപ്പെട്ടു. ഇതോടെ മത്സരത്തിനില്ലെന്ന നിലപാടിൽ രാമചന്ദ്രൻ പിള്ള എത്തി. ഇതോടെ കാരാട്ടും നിർബന്ധം വിട്ടു. പിന്നീട് കേരളാ ഘടകത്തിലെ നേതാക്കളുമായി സംസാരിച്ചു. പുതിയ കേന്ദ്ര കമ്മറ്റിയിൽ യെച്ചൂരിക്ക് മുൻതൂക്കമുണ്ട്. ഈ സാഹചര്യത്തിൽ മത്സരം നടന്നാൽ യെച്ചൂരി ജയിക്കുമെന്നും വ്യക്തമാക്കി. ഇതോടെ യെച്ചൂരിയെ അംഗീകരിക്കാൻ കേരളാ ഘടകവും തയ്യാറായി. പിബി അംഗങ്ങളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമാണ് യെച്ചൂരിക്ക് എതിരായി ആദ്യ ഘട്ടത്തിൽ നിലയുറപ്പിച്ചിരുന്നത്. രാമചന്ദ്രൻ പിള്ളയുടെ സാധ്യതകൾ മങ്ങിയെന്ന് മനസ്സിലാക്കി അവരും നീക്കങ്ങളിൽ നിന്ന് പിന്മാറി. കേരളത്തിൽ നിന്നുള്ള എംഎ ബേബി തുടക്കമുതലേ യെച്ചൂരിക്ക് അനുകൂല പരോക്ഷ നിലപാടുകൾ പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര കമ്മറ്റിയുടെ മനസ്സ് അറിഞ്ഞതോടെ ബേബിയും യെച്ചൂരി പക്ഷത്തേക്ക് മാറി.

വി എസ് അച്യുതാനന്ദനുമായി ഏറെ അടുപ്പമുള്ള നേതാവാണ് യെച്ചൂരി. കേന്ദ്ര കമ്മറ്റിയിൽ നിന്ന് വിഎസിനെ ഒഴിവാക്കാൻ പിണറായി വിജയൻ ശ്രമിച്ചിരുന്നു. ഇതിനെ ചൊല്ലി ഇന്നലെ ചേർന്ന പോളിറ്റ് ബ്യൂറോയിൽ പിണറായിയും യെച്ചൂരിയും തമ്മിൽ വാക്ക് തർക്കവും ഉണ്ടായി. ബംഗാളിൽ നിന്നുള്ള പിബി അംഗങ്ങളും മണിക് സർക്കാരും ഒന്നിച്ചതോടെ വിഎസിന് കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനവും കിട്ടി. ഈ തിരിച്ചടിക്ക് പിന്നാലെയാണ് യെച്ചൂരിയെ ജനറൽ സെക്രട്ടറിയായി സംസ്ഥാന നേതൃത്വത്തിന് അംഗീകരിക്കേണ്ടി വന്നത്. വിഎസിനെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന പിബി കമ്മീഷന്റെ തീരുമാനങ്ങളെ ഉൾപ്പെടെ സ്വാധീനിക്കാൻ പോന്നതാണ് യെച്ചൂരിയുടെ ജനറൽ സെക്രട്ടറി സ്ഥാനം. ഇന്നലെ തന്നെ യെച്ചൂരിക്ക് വി എസ് വിജായംശസ നേർന്ന വിഎസിന്റെ നടപടി ചർച്ചയായെന്ന സാഹചര്യവും ഉണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് യെച്ചൂരിയുടെ പേരിനെ കേരളത്തിലെ ഔദ്യോഗിക നേതൃത്വം അവസാന നിമിഷം വരെ എതിർത്തത്.

പുതിയ ജനറൽ സെക്രട്ടറിയെ തീരുമാനിക്കാൻ ശനിയാഴ്ച രാത്രി യോഗം പി.ബി ചേർന്നിരുന്നെങ്കിലും സമയവായമായിരുന്നില്ല. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ്.രാമചന്ദ്രൻ പിള്ളയുടെ പേര് പ്രകാശ് കാരാട്ട് നിർദ്ദേശിച്ചു. കേരളഘടകം ഇതിനെ ശക്തമായി പിന്തുണയ്ക്കുയും ചെയ്തു. എന്നാൽ ബംഗാളിൽ നിന്നുള്ള നേതാക്കളടക്കമുള്ളവർ യെച്ചൂരിയെയാണ് പിന്തുണച്ചത്. ഇതോടെ തീരുമാനമെടുക്കാതെ യോഗം പിരിഞ്ഞു. തുടർന്ന് ഞായറാഴ്ച രാവിലെ പുതിയ കേന്ദ്ര കമ്മിറ്റി യോഗം ചേർന്നു. ബംഗാളിൽ നിന്നുള്ള അംഗം ബിമൻ ബോസ്, ജനറൽ സെക്രട്ടറിയുടെ സ്ഥാനത്തേക്ക് സീതാറം യെച്ചൂരിയുടെ പേര് നിർദ്ദേശിച്ചു. എസ്.ആർ.പി ഉറച്ചു നിന്നതോടെ മത്സരത്തിന് യെച്ചൂരിയും തയ്യാറായി. ഇതോടെ മത്സരം ഒഴിവാക്കുന്നതിന് വേണ്ടി രാമചന്ദ്രൻ പിള്ള പിന്മാറുകയായിരുന്നു. തുടർന്ന് എസ്ആർപിയും കാരാട്ടും നോമിനേറ്റ് ചെയ്ത് സെക്രട്ടറി തെരഞ്ഞെടുപ്പ്നടപടിക്രമങ്ങൾ പൂർത്തിയാക്കി. ഇതോടെ യെച്ചൂരിയെ പാർട്ടിയുടെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

1952 ഓഗസ്റ്റ് 12ന് സർവ്വേശ്വര സോമയാജലുവിന്റെയും കൽപ്പാക്കത്തിന്റെയും മകനായി ഹൈദരാബാദിലാണ് സീതാറാം യെച്ചൂരി ജനിച്ചത്. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഡൽഹിയിൽ സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ബിരുദം നേടി. 1975ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്‌സിൽ മാസ്റ്റർ ബിരുദം നേടി. 1974ൽ എസ്.എഫ്.ഐയിൽ ചേർന്നു. ജെ.എൻ.യുവിലെ പഠനത്തിനിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെതിരെ പ്രതിഷേധിച്ചതിനെ തുടർന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്പ് അറസ്റ്റിലായി. പിന്നീട് ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. മൂന്നു തവണ യെച്ചൂരി ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി. 1978 ൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതേവർഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1985ൽ സിപിഐ(എം) കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ പോളിറ്റ് ബ്യൂറോ അംഗമാണ്.

പാർട്ടി മുഖപത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററുമാണ് യെച്ചൂരി. ആഗോളവത്ക്കരണ ഉദാര വൽക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നു കാണിക്കുന്ന നിരവധി കൃതികൾ സീതാറാം യെച്ചൂരി രചിച്ചിട്ടുണ്ട്. 'ആഗോളവത്കരണ കാലത്തെ സോഷ്യലിസം' എന്ന അദ്ദേഹത്തിന്റെ പുസ്തകം ശ്രദ്ധേയമാണ്. രാജ്യസഭയിൽ പാർട്ടിയെ നയിക്കുന്നതും യെച്ചൂരിയാണ്. പാർലമെന്റീറയിൻ എന്ന നിലയിലെ പ്രവർത്തനത്തിലൂടെ ദേശീയ നേതാക്കളിൽ പ്രമുഖനാകാൻ യെച്ചൂരിക്ക് കഴിഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP