Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര നേതൃത്വത്തിലെ വി എസ്; ബദൽ രേഖകളുടെ തമ്പുരാൻ; പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉസ്താദ്; വി എസ് നയങ്ങളുടെ കാവൽക്കാരൻ; യെച്ചൂരിയിലൂടെ മുഖം മിനുക്കാൻ സിപിഎമ്മിനാകുമോ?

കേന്ദ്ര നേതൃത്വത്തിലെ വി എസ്; ബദൽ രേഖകളുടെ തമ്പുരാൻ; പ്രായോഗിക രാഷ്ട്രീയത്തിന്റെ ഉസ്താദ്; വി എസ് നയങ്ങളുടെ കാവൽക്കാരൻ; യെച്ചൂരിയിലൂടെ മുഖം മിനുക്കാൻ സിപിഎമ്മിനാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

വിശാഖപട്ടണം: ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ പ്രസക്തി കുറഞ്ഞുവരുമ്പോഴാണ് പാർട്ടിയെ നയിക്കാൻ ഹൈദരാബാദുകാരനായ സീതാറാം യെച്ചൂരി എത്തുന്നത്. ഇതു വരെ കൈകാര്യം ചെയ്തതിൽ അപ്പുറമുള്ള ഉത്തരവാദിത്തമാണ് യെച്ചൂരിയെന്ന അറുപത്തിമൂന്നുകാരൻ ഏറ്റെടുക്കുന്നത്. ബംഗാളിൽ പ്രതാപം നഷ്ടപ്പെട്ട പാർട്ടി. കേരളത്തിൽ വിഭാഗീയതയിൽ ആടി ഉലയുന്ന പ്രസ്ഥാനം. ത്രിപുരയിലെ മണിക് സർക്കാർ മാത്രമാണ് പ്രതീക്ഷ. കമ്മ്യൂണിസ്റ്റ്-മാർക്‌സിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് നിന്ന് പാർട്ടിയെ തിരിച്ചുകൊണ്ടു വരികയാണ് പ്രധാന വെല്ലുവിളി. അതിലെല്ലാം ഉപരി കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളിൽ യെച്ചൂരിയുടെ ഇടപെടലുകൾ നിർണ്ണായകമാകും.

ദേശീയ നേതൃത്വത്തെ പരസ്യമായി വിമർശിച്ചും ബദൽ രേഖകളിലൂടെ വെല്ലുവിളിച്ചും സിപിഎമ്മിനെ ചില ഘട്ടങ്ങളിൽ വട്ടംചുറ്റിച്ച്, ഒടുവിൽ പാർട്ടിയുടെ നേതൃ പദവിയിൽ. വി എസ് അച്യുതാനന്ദനെ പോലുള്ളവരുടെ ഒറ്റയാൾ പോരാട്ടങ്ങളുടെ പാതയായിരുന്നു യെച്ചൂരിയും ഇതുവരെ സ്വീകരിച്ചത്. പാർട്ടിക്കെതിരെ പാർട്ടിക്കുള്ളിലും പുറത്തും ഒരുപാട് വെല്ലുവിളികൾ ഉയരുന്ന അവസരത്തിലാണ് വിമതനെന്ന പ്രതിച്ഛായയുള്ള യച്ചൂരിയുടെ സ്ഥാനലബ്ധി. പ്രകാശ് കാരാട്ട് പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പല നയങ്ങളോടും നിലപാടുകളോടും ആഭിമുഖ്യമുണ്ടായിരുന്നില്ല യച്ചൂരിക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം മുതലിങ്ങോട്ട് കാരാട്ടിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം അതിന് പ്രേരക ശക്തിയായി യെച്ചൂരിയും ഉണ്ടായിരുന്നു.

യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് ശരിയായ സമയത്തല്ലെന്നും കോൺഗ്രസിന്റെ ശക്തി കുറച്ചു കണ്ടതാണ് 2009ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനാകാതെ പോയതിന്റെ കാരണമെന്നും യച്ചൂരി തുറന്നടിച്ചു. പാർട്ടി സ്വീകരിച്ചുവന്ന അടവുനയം ചർച്ചയായപ്പോഴെല്ലാം യെച്ചൂരി നേതൃത്വത്തിന് എതിരായിരുന്നു. അടവുനയത്തിൽ പിഴവു പറ്റിയെന്ന് കാരാട്ടും അതല്ല, അടവുനയം നടപ്പാക്കിയ രീതിയാണ് പാളിയതെന്ന് ബദൽ രേഖയിലൂടെ യച്ചൂരിയും വാദമുയർത്തി. ഇവിടെയെല്ലാം വിഎസിനെ പൊലുള്ള നേതാക്കൾ യെച്ചൂരിക്ക് ഒപ്പം അണിനിരന്നു. കുറച്ചു നാളുകളായി ബദൽ രേഖകളും സമാന്തര നീക്കങ്ങളുമായി നേതൃത്വത്തിനെതിരെ വിമർശനം പതിവാക്കിയ യെച്ചൂരിക്ക് മുന്നിൽ ഇന്നിയുള്ളത് വെല്ലുവിളിയുടെ നാളുകളാണ്.

യെച്ചൂരിയുടെ മനസ്സ് വിഎസിനൊപ്പമാണ്. ഇത് തിരിച്ചറിഞ്ഞാണ് കേരള ഘടകം എതിർത്തതും. വിഎസിനെ കേന്ദ്ര കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയതിൽ ഉൾപ്പെടെ പിണറായി വിജയനുമായി നേർക്ക് നേർ സംവാദത്തിന് പോലും യെച്ചൂരി തയ്യാറായി. ഇന്നലെ വിജയാശംസകൾ വി എസ് പങ്കുവച്ചപ്പോൾ എന്റെ വിജയം താങ്കളുടേത് കൂടിയാണെന്നായിരുന്നു യെച്ചൂരിയുടെ മറുപടി. കേന്ദ്ര കമ്മറ്റിയിൽ പ്രത്യേക ക്ഷണിതാവ് സ്ഥാനം ഉറപ്പാക്കി വി എസ് വിശാഖപട്ടണത്ത് നിന്ന് മടങ്ങിയതാണ്. അപ്പോഴും എസ് രാമചന്ദ്രൻ പിള്ളയ്ക്ക് അനുകൂലമായിരുന്നു കാര്യങ്ങൾ. യെച്ചൂരി മത്സരിക്കുമെന്ന സ്ഥിതി വന്നപ്പോൾ പ്രകാശ് കാരാട്ട് വഴങ്ങി. യെച്ചൂരി പാർട്ടിയുടെ തലപ്പത്തുമെത്തി. ഈ തീരുമാനം വന്നപ്പോൾ വിഎസിന്റെ പ്രതികരണവും ശ്രദ്ധേയമാണ്. ചെന്നൈ വഴി തിരുവനന്തപുരത്തേക്ക് മടങ്ങിയ വി എസ് വീണ്ടും സമ്മേളന സ്ഥലത്ത് തിരിച്ചെത്തി. യെച്ചൂരിയെ ആശംസിച്ചു. അതായത് വിശാഖപട്ടണത്തെ യെച്ചൂരിയുടെ വിജയം തന്റേത് കൂടിയാണെന്ന് വി എസ് പ്രഖ്യാപിക്കുന്നു.

ഇതൊക്കെയാണ് കേരളാ ഘടകത്തെ സംബന്ധിച്ച് യെച്ചൂരിക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളി. സംഘടനയിലെ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ കോടിയേരി ബാലകൃഷ്ണനെ മുന്നിൽ നിർത്തി പിണറായി വിജയൻ എടുക്കുന്ന തീരുമാനങ്ങൾ ഒരിക്കലും വിഎസിന് അനുകൂലമാകില്ല. സംഘടനയ്ക്ക് ഭൂരിപക്ഷമാണ് വലുത്. അത് തന്നെയാണ് മാർക്‌സിസ്റ്റ് തത്വം. ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ വി എസ് ഉയർത്തുന്ന ന്യായങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ യെച്ചൂരിക്ക് ആകില്ല. പക്ഷേ ഭൂരിപക്ഷാഭിപ്രായം എല്ലാത്തിനും തടസ്സമാകും. കേന്ദ്ര നേതൃത്വത്തിൽ അടിസ്ഥാനമായ പാർട്ടിയെന്ന നിലയിൽ ശക്തമായ ഇടപെടലുകളിലൂടെ കേരളാ ഘടകത്തെ വരുത്തിക്ക് നിർത്താൻ യെച്ചൂരിക്ക് കഴിഞ്ഞില്ലെങ്കിൽ അത് വലിയ സംഘടനാ പ്രശ്‌നങ്ങൾക്ക് വഴിവയ്ക്കും. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ രണ്ട് വഴിക്കെന്ന ധാരണയുണ്ടാക്കാനേ അത് ഉപകരിക്കൂ.

വി എസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ട് വച്ച പാർട്ടി വിരുദ്ധനെന്ന പരാമർശമുള്ള പ്രമേയം. അത് പോളിറ്റ് ബ്യൂറോയുടെ പരിഗണനയിലുണ്ട്. കരുതലോടെ ഈ വിഷയത്തിൽ തീരുമാനം എടുക്കണം. വിഎസിനേയും പിണറായിയേയും ഒരു പോലെ തൃപ്തിപ്പെടുത്താനുള്ള മാന്ത്രികത യെച്ചൂരിക്കുണ്ടോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഏതായാലും നിലപാടിൽ മാറ്റം വരുത്താൻ പിണറായിയും വിഎസും തയ്യറാകില്ല. ഇവിടെയാണ് നയതന്ത്രത പ്രകടിപ്പിക്കേണ്ടത്. അതിന് കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എന്തും സംഭവിക്കാം. അധികാരത്തിൽ തിരിച്ചെത്താനായില്ലെങ്കിൽ അത് സിപിഎമ്മിന്റെ കേരളത്തിലേയും തകർച്ചയായി വിലയിരുത്തപ്പെടും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സർക്കാരിനെതിരെ ഇത്രയേറെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിലും സിപിഎമ്മിന് മുൻതൂക്കം ഉറപ്പുവരുത്തേണ്ടതുണ്ട്.

അല്ലാത്ത പക്ഷം നിയമസഭാ തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാകും. കേരള ഘടകത്തേയും വിഎസിനേയും ഒന്നിച്ചു നിർത്തിയാൽ മാത്രമേ ഇതിന് കഴിയൂ. അത് ദേശീയ ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തവുമാണ്. ആ വെല്ലുവിളി സമർത്ഥമായി കൈകാര്യം ചെയ്താൽ ആദ്യ വെല്ലുവിളിയെ അതിജീവിക്കാൻ യെച്ചൂരിക്ക് കഴിയും. പക്ഷേ അത്രയെളുപ്പമല്ല കാര്യമെന്ന് യെച്ചൂരിക്ക് അറിയാം. പിബി അംഗമായ എംഎ ബേബിയുടെ പിന്തുണ ഉറപ്പാക്കി കേരളത്തിലെ പ്രശ്‌നങ്ങളിൽ പരിഹാരമുണ്ടാക്കാനാകും തീരുമാനിക്കും. തൊണ്ണൂറ് പിന്നിട്ട വിഎസിനെതിരെ വൈരാഗ്യ ബുദ്ധിയോടെ പ്രവർത്തിക്കേണ്ടതില്ലെന്ന ആശയമാകും മുന്നോട്ട് വയ്ക്കുക. പക്ഷേ ഇതിനെ പിണറായി വിജയനും കൂട്ടരും എങ്ങനെ എടുക്കുമെന്നതാണ് നിർണ്ണായകം. സംഘടനയ്‌ക്കൊപ്പം തെരഞ്ഞെടുപ്പ് രാഷ്ട്രീയവും പുതിയ കാലഘട്ടത്തിൽ സംസ്ഥാന നേതൃത്വത്തെ മനസ്സിലാക്കിയെടുക്കാനാകും യെച്ചൂരി ശ്രമിക്കുക.

ഇതിലും പ്രധാനമാണ് ബംഗാൾ. അവിടെ തൃണമൂൽ കോൺഗ്രസിന്റെ മുന്നേറ്റത്തിൽ പാർട്ടിയുടെ അടിത്തറ തകർന്നു. അടുത്ത കാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്കും പിന്നിലാണ് സിപിഐ(എം). എങ്ങനേയും ഈ അവസ്ഥ മാറ്റിയെടുക്കണം. അതിന് ശക്തമായ ഇടപെടലുകൾ ജനകീയ വിഷയങ്ങളിലെ ഇടപെടലുകളെല്ലാം അനിവാര്യമാണ്. കേരളത്തിലേയും ത്രിപുരയിലേയും മാത്രം സാന്നിധ്യത്തിലൂടെ ദേശീയ രാഷ്ട്രീയത്തിൽ ഇടപെടലുകൾ നടത്താൻ സിപിഎമ്മിന് കഴയില്ല. ഈ സാഹചര്യത്തിലാണ് ബംഗാൾ യെച്ചൂരിക്കും സിപിഎമ്മിനും അതിനിർണ്ണായകമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP