Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വി എസ് സമർപ്പിച്ചത് 13 റിപ്പോർട്ടുകൾ; സർക്കാർ ഒന്നുപോലും നടപ്പാക്കിയിട്ടില്ല: ഭരണപരിഷ്‌കാര കമ്മീഷന് വേണ്ടി ചെലവാക്കിയത് 10.79 കോടി; പി സി വിഷ്ണുനാഥിന്റെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി മുഖ്യമന്ത്രി

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വി എസ് സമർപ്പിച്ചത് 13 റിപ്പോർട്ടുകൾ; സർക്കാർ ഒന്നുപോലും നടപ്പാക്കിയിട്ടില്ല: ഭരണപരിഷ്‌കാര കമ്മീഷന് വേണ്ടി ചെലവാക്കിയത് 10.79 കോടി; പി സി വിഷ്ണുനാഥിന്റെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി മുഖ്യമന്ത്രി

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ ഇടതുസർക്കാരിന്റെ കാലയളവിൽ വി എസ് അച്യുതാനന്ദൻ തലവനായി രൂപീകരിച്ച ഭരണ പരിഷ്‌കാര കമ്മീഷൻ നൽകിയ റിപ്പോർട്ടുകളിൽ ഒന്നുപോലും നടപ്പാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്ണുനാഥിനെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കമ്മീഷന്റെ ആകെ ചെലവ് 10,79,29,050 രൂപയാണെന്ന് മറുപടിയിൽ പറയുന്നു. 5 വർഷം കൊണ്ട് കമ്മീഷൻ 13 റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. ഈ സമർപ്പിച്ച റിപ്പോർട്ടുകൾ വിലയിരുത്തി സമയബന്ധിതമായി നടപ്പാക്കാൻ ചീഫ് സെക്രട്ടറി ചെയർമാനായ സമിതി രൂപീകരിച്ചതായും സമിതി റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

13 റിപ്പോർട്ടുകളിൽ 9 എണ്ണം സമർപ്പിച്ചത് 2020, 2021 വർഷങ്ങളിലാണ്. ആദ്യ മൂന്ന് വർഷങ്ങളിൽ നാല് റിപ്പോർട്ടുകൾ മാത്രമാണ് സമർപ്പിച്ചത്. പ്രവർത്തനം അവസാനിപ്പിച്ച 2021 ൽ മാത്രം 5 റിപ്പോർട്ടുകൾ സമർപ്പിച്ചു. വിജിലൻസ് പരിഷ്‌കാരം സംബന്ധിച്ച് 2017ലാണ് കമ്മീഷൻ ആദ്യ റിപ്പോർട്ട് സമർപ്പിച്ചത്. 2018ൽ രണ്ട് റിപ്പോർട്ടുകളും 2019ൽ ഒരു റിപ്പോർട്ടും 2020ൽ നാല് റിപ്പോർട്ടുകളുമാണ് കമ്മീഷൻ സമർപ്പിച്ചിട്ടുള്ളത്. 2021 ഏപ്രിൽ 21നാണ് കമ്മീഷൻ പ്രവർത്തനം അവസാനിപ്പിച്ചത്.

മുൻ സർക്കാരിന്റെ കാലത്ത് നിയോഗിച്ചതും വി. എസ്. അച്ചുതാനന്ദൻ അദ്ധ്യക്ഷനുമായ ഭരണപരിഷ്‌ക്കാര കമ്മീഷൻ ഇതിനകം എത്ര റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചുവെന്ന് അറിയിക്കാമോ. പ്രസ്തുത റിപ്പോർട്ടുകൾ ഓരോന്നും എന്നാണ് സർക്കാരിന് സമർപ്പിച്ചതെന്നും അവയിലെ ഏതൊക്കെ ശിപാർശകളാണ് ഇതിനോടകം നടപ്പിലാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ. ഭരണപരിഷ്‌ക്കാര കമ്മീഷന്റെ പ്രവർത്തനങ്ങൾക്ക് ഇതിനോടകം ആകെ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ? എന്നിവയായിരുന്നു വിഷ്ണുനാഥിന്റെ ചോദ്യങ്ങൾ.

2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി വി എസ് ചുമതലയേറ്റത്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് 2021 ജനുവരി 30ന് വി എസ് അച്യുതാനന്ദൻ സ്ഥാനം ഒഴിയുകയായിരുന്നു.

നൂറു കണക്കിന് ആളുകളുടെ കൂട്ടായ യത്‌നത്തിന്റെ ഫലമായാണ് കമ്മീഷന്റെ പഠന റിപ്പോർട്ടുകളുണ്ടായത്.സർക്കാരിന് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകളിൽ കൈക്കൊള്ളുന്ന തുടർ നടപടികളാണ് കമ്മീഷൻ ചെലവഴിച്ച തുകയുടെ മൂല്യം നിശ്ചയിക്കുകയെന്നും അതുണ്ടാവും എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും വി എസ് വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞിരുന്നു. ഇത് വരെ സമർപ്പിച്ച റിപ്പോർട്ടുകളിൽ സർക്കാർ നടപടിയെടുക്കാത്തതിലുള്ള പ്രതിഷേധം വി എസ് ഈ വാക്കുകളിൽ ഒതുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP