Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐസക്കിനെ നിയമസഭാ സമിതിക്ക് മുന്നിലേക്ക് എത്തിച്ചത് സിപിഎമ്മിലെ വിഭാഗീയതയോ? ചരിത്രത്തിൽ ആദ്യമായി ധനമന്ത്രി എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിലെത്തുമ്പോൾ ക്ഷീണം ഐസക്കിന് തന്നെ; സമിതിയിലും സഭയിലും ഭൂരിപക്ഷമുള്ളതിനാൽ മന്ത്രിക്കെതിരെ നടപടിക്ക് സാധ്യതയില്ല; ശിക്ഷ വിധിക്കാനുള്ള കോടതിയല്ലെന്ന് പറഞ്ഞ് അതൃപ്തി പരസ്യമാക്കി ഐസക്കും

ഐസക്കിനെ നിയമസഭാ സമിതിക്ക് മുന്നിലേക്ക് എത്തിച്ചത് സിപിഎമ്മിലെ വിഭാഗീയതയോ? ചരിത്രത്തിൽ ആദ്യമായി ധനമന്ത്രി എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിലെത്തുമ്പോൾ ക്ഷീണം ഐസക്കിന് തന്നെ; സമിതിയിലും സഭയിലും ഭൂരിപക്ഷമുള്ളതിനാൽ മന്ത്രിക്കെതിരെ നടപടിക്ക് സാധ്യതയില്ല; ശിക്ഷ വിധിക്കാനുള്ള കോടതിയല്ലെന്ന് പറഞ്ഞ് അതൃപ്തി പരസ്യമാക്കി ഐസക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്എഫ്ഇയിലെ വിജിലൻൻസ് റെയ്ഡിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ധനമന്ത്രി തോമസ് ഐസക്ക് തീർത്തും ഒറ്റപ്പെട്ട സംഭവം സിപിഎമ്മിലെ വിഭാഗീയതയിലേക്ക് വിരൽചൂണ്ടുന്നതായിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും ഐസക്കും രണ്ടു ചേരികളിലായി നിലകൊള്ളുന്നതിനിടെയാണ് സിഎജി റിപ്പോർട്ട് ചോർന്നതിൽ ഐസക്ക് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് വിശദീകരണം നൽകണമെന്ന ആവശ്യം സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉന്നയിച്ചത്. വേണമെങ്കിൽ സ്പീക്കർക്ക് തന്നെ തീരുമാനം എടുക്കാവുന്ന വിഷയം ആയിരുന്നിട്ടും എത്തിക്ക്‌സ് കമ്മിറ്റിക്ക് വിട്ടതിന് പിന്നിൽ സിപിഎമ്മിലെ വിഭാഗീയ പ്രശ്‌നങ്ങളുണ്ടോ എന്ന സംശയവും ഇതോടെ ഉയർന്നിട്ടുണ്ട്.

കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ നൽകിയ അവകാശലംഘന നോട്ടിസിലാണ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിയമസഭയുടെ പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്കു വിട്ടിരിക്കുന്നത്. ഇകതോടെ ചരിത്രത്തിൽ ആദ്യമായി ഒരു ധനമന്ത്രി നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തുകയും ചെയ്യുന്നു എന്ന പ്രത്യേകതയാണ് ഉള്ളത്. സിഎജി റിപ്പോർട്ടിലെ ഉള്ളടക്കം വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടെന്നതാണ് മന്ത്രിക്കെതിരായ പരാതി. എംഎൽഎമാർക്കും മറ്റുമെതിരായ നോട്ടിസുകൾ മുൻപ് സ്പീക്കർ എത്തിക്‌സ് കമ്മിറ്റിക്കു വിട്ടിട്ടുണ്ടെങ്കിലും ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി കൈമാറുന്നതു നിയമസഭാ ചരിത്രത്തിൽ ആദ്യമാണ്.

നാളെ ചേരുന്ന എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ തുടർനടപടികൾ ആരംഭിക്കുമെന്നു സമിതി ചെയർമാൻ എ.പ്രദീപ് കുമാർ എംഎൽഎ അറിയിച്ചു. അതേസമയം സിഎജി റിപ്പോർട്ട് ചോർത്തിയതിന്റെ പേരിൽ മന്ത്രി തോമസ് ഐസക്കിനെതിരായ അവകാശലംഘന നോട്ടിസ് സ്പീക്കർ നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കു വിട്ടെങ്കിലും മന്ത്രിക്കെതിരെ നടപടിക്കു സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. 9 അംഗ സമിതിയിൽ അധ്യക്ഷനടക്കം 6 പേർ എൽഡിഎഫ് അംഗങ്ങളാണ്.

കമ്മിറ്റിക്കു മുന്നിൽ 2 വഴികളാണുള്ളത്. ഒന്നുകിൽ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ നടപടി ആവശ്യമില്ലെന്നു സ്പീക്കറോടു ശുപാർശ ചെയ്യാം. അല്ലെങ്കിൽ കമ്മിറ്റിക്കു ശുപാർശകൾ സമർപ്പിക്കാം. അതു നിയമസഭയിൽ അവതരിപ്പിക്കാമെങ്കിലും ഭൂരിപക്ഷ ബലത്തിൽ സർക്കാരിനു തീരുമാനം അനുകൂലമാക്കാം.

പാർട്ടിയുടെ അനുമതി വാങ്ങിയും നിയമോപദേശം തേടിയുമാണു മന്ത്രി തോമസ് ഐസക് സിഎജി റിപ്പോർട്ട് വെളിയിൽ വിട്ടതെങ്കിലും തിരിച്ചടിയായത് അത് അന്തിമ റിപ്പോർട്ടാണെന്നു തിരിച്ചറിയാൻ കഴിയാത്തതിനാൽ. പല തവണ സർക്കാരിനോടു സംശയങ്ങൾ ചോദിച്ചും മറുപടി വാങ്ങിയുമാണു സിഎജി റിപ്പോർട്ട് തയാറാക്കുന്നത്. ആദ്യം കരടു റിപ്പോർട്ട് സർക്കാരിന് അയയ്ക്കും. ധനസെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും കാണുന്നതിനാൽ കരടിനു രഹസ്യ സ്വഭാവം കുറവ്. അന്തിമ റിപ്പോർട്ട് ചോരില്ലെന്നു സത്യവാങ്മൂലം വാങ്ങിയ ശേഷമാണു സ്വകാര്യ പ്രസിൽ അച്ചടിക്കുക. തുടർന്നു ധനസെക്രട്ടറിക്കു കൈമാറും. ധനമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും അറിയിച്ച ശേഷം റിപ്പോർട്ട് നിയമസഭയിൽ വയ്ക്കാൻ അനുമതി തേടി ധനസെക്രട്ടറി ഗവർണർക്ക് അയയ്ക്കും. അനുമതി ലഭിച്ചാൽ, റിപ്പോർട്ട് സഭയിൽ വയ്ക്കണമെന്ന അഭ്യർത്ഥനയോടെ സീൽ ചെയ്ത കവറിലാക്കി നിയമസഭാ സെക്രട്ടറിക്ക് എത്തിക്കും.

നിയമസഭ ചേരുമ്പോൾ ധനമന്ത്രി അതു മേശപ്പുറത്തു വയ്ക്കും. ഈ നടപടിക്രമങ്ങൾ തെറ്റിച്ചു മന്ത്രി റിപ്പോർട്ടിലെ ഉള്ളടക്കം വെളിപ്പെടുത്തിയതാണ് അവകാശ ലംഘന നോട്ടിസിനു കാരണമായത്. എത്തിക്കസ് കമ്മിറ്റിയിൽ എൽഡിഎഫിൽ നിന്നും എ. പ്രദീപ്കുമാർ (അധ്യക്ഷൻ), വി.കെ.സി. മമ്മദ്‌കോയ, ജോൺ ഫെർണാണ്ടസ്, ഡി.കെ. മുരളി, ഇ.ടി. ടൈസൺ, ജോർജ് എം. തോമസ് എന്നിവരാണ് ഉള്ളത്. യുഡിഎഫിൽ നിന്നും വി എസ്. ശിവകുമാർ, മോൻസ് ജോസഫ്, അനൂപ് ജേക്കബ് എന്നിവരുമുണ്ട്.

നേരത്തെ മന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം വാങ്ങി നടപടി അവസാനിപ്പിക്കാനാണു സ്പീക്കർ ആലോചിച്ചത്. എന്നാൽ, നേരിട്ടു ഹാജരായി നൽകിയ വിശദീകരണത്തിൽ മന്ത്രി ഖേദപ്രകടനത്തിനു തയാറായില്ല. പകരം എത്തിക്‌സ് കമ്മിറ്റിക്കു മുന്നിൽ ഹാജരാകാൻ വരെ ഒരുക്കമാണെന്ന നിലപാടെടുത്തു. ഇതോടെ നോട്ടിസ് കമ്മിറ്റിക്കു കൈമാറാൻ സ്പീക്കർ നിർബന്ധിതനായെന്നും റിപ്പോർട്ടുകളുണ്ട്.

'വി.ഡി. സതീശന്റെ പരാതിയിലും മന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണത്തിലും കഴമ്പുണ്ട്. സിഎജി റിപ്പോർട്ട് തയാറാക്കുന്നതിന്റെ നടപടിക്രമങ്ങളും അതു സഭയിൽ സമർപ്പിക്കുന്നതിനു സ്വീകരിക്കേണ്ട മാർഗങ്ങളും സംബന്ധിച്ചു സർക്കാരിന്റെ വിശദീകരണം തേടേണ്ടതുണ്ട്. ഇതു കേവലം അവകാശലംഘനത്തിന്റെ മാത്രം പ്രശ്‌നമല്ലെന്ന് സ്പീക്കർ പറയുന്നു. അതേസമയം സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. എത്തിക്‌സ് കമ്മിറ്റി, ശിക്ഷ വിധിക്കാനുള്ള കോടതിയല്ല. റിപ്പോർട്ടിലെ പരാമർശങ്ങൾ ചർച്ച ചെയ്യാനുള്ള അവസരമാണ് കമ്മിറ്റിക്കു മുൻപിൽ ലഭിക്കുക. അസാധാരണ സാഹചര്യം സൃഷ്ടിച്ചതു സിഎജി ആണ്. നടപടിക്രമം പാലിക്കാതെയാണു സിഎജി റിപ്പോർട്ട് നൽകിയത്.' എന്നായിരുന്നു ഐസക്കിന്റെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP