Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ പരാമർശം അനുചിതമായിപ്പോയി; സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുന്നു; ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ; പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് പരാതികളും പരിശോധിക്കുമെന്ന് എ എൻ ഷംസീർ

ആ പരാമർശം അനുചിതമായിപ്പോയി; സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുന്നു; ഷാഫി പറമ്പിൽ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ; പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് പരാതികളും പരിശോധിക്കുമെന്ന് എ എൻ ഷംസീർ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: കോൺഗ്രസ് എംഎ‍ൽഎ. ഷാഫി പറമ്പിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ എ.എൻ. ഷംസീർ. പരാമർശം അനുചിതമായിപ്പോയെന്ന് ഷംസീർ പറഞ്ഞു. കഴിഞ്ഞ ദിവസം സഭയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വിശദമായ റൂളിങ് നടത്തുമെന്ന് ഷംസീർ പ്രഖ്യാപിച്ചിരുന്നു. അതനുസരിച്ചാണ് പതിനഞ്ചോടു കൂടി സഭ വീണ്ടും സമ്മേളിച്ചപ്പോൾ റൂളിങ് നടത്താൻ സ്പീക്കർ തയ്യാറായത്. ഈ റൂളിങ്ങിൽ ഷാഫി പറമ്പിൽ ഇനി പാലക്കാട് ജയിക്കില്ല, തോൽക്കും എന്ന് മൂന്നുവട്ടം സ്പീക്കർ പരാമർശിച്ചിരുന്നു.

അതേസമയം സഭയ്ക്കകത്തു നടത്തിയ സമാന്തര സഭ തീർത്തും തെറ്റായ നടപടിയാണെന്ന് ഷംസീർ പറഞ്ഞു. മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പുറത്ത് മാധ്യമങ്ങൾക്ക് വിതരണം ചെയ്തതിനെയും സ്പീക്കർ തള്ളിപ്പറഞ്ഞു. ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സ്പീക്കർ. സഭയിൽ പ്രതിപക്ഷം പ്രതിഷേധമുയർത്തിയപ്പോഴായിരുന്നു ഷംസീർ ശാഫി പറമ്പിലിനെതിരെ തോൽക്കുമെന്ന് ആവർത്തിച്ച് പറഞ്ഞത്. പ്രതിപക്ഷ പ്രതിഷേധം ചിത്രീകരിക്കുന്നില്ലെന്ന സഭാ ടിവിയുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികൾ പരിശോധിക്കുമെന്നും സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി.

സ്പീക്കറുടെ റൂളിങ് ഇങ്ങനെ:

ഈ മാസം 14,15 തീയതികളിൽ സഭയിൽ ഉണ്ടായ സംഭവങ്ങൾ ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് വിയോജിപ്പികളുണ്ടെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകാൻ പാടില്ലായിരുന്നു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളുന്നുവെന്നതാണ് പ്രതിപക്ഷത്തിന്റ പ്രധാന പരാതി. സർക്കാർ നിർദേശ പ്രകാരമല്ല സ്പീക്കർ നോട്ടീസിൽ തീരുമാനം എടുക്കുന്നത്. ഇത് ചെയറിന്റെ നിക്ഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണ്. പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കാൻ സ്പീക്കർ എന്ന നിലയിൽ ശ്രമിച്ചിട്ടില്ല. മുൻഗാമികളുടെ മാതൃക പിന്തുടർന്ന് ചട്ടപ്രകാരമാണ് തീരുമാനങ്ങളെടുത്തത്.

എന്നാൽ നടപടി ചട്ടപ്രകാരം സഭസമ്മേളനത്തിലായിരിക്കുമ്പോൾ സമാന്തര സമ്മേളനം എന്ന പേരിൽ ഒരു നീക്കം നടത്തുകയും അതിന്റെ ദൃശ്യങ്ങൾ മൊബൈലിലൂടെ പകർത്തി ചാനലുകൾക്ക് ലഭ്യമാക്കുകയും ചെയ്ത നടപടികളിൽ വളരെ സീനിയറായ അംഗങ്ങൾ വരെ പങ്കെടുത്തു എന്നത് ചെയറിനെ അത്ഭതപ്പെടുത്തുകയുണ്ടായി. അത്തരം പ്രവർത്തനങ്ങൾ നമ്മുടെ സഭാ പൈതൃകത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്ന കാര്യം ബഹുമാനപ്പെട്ട അംഗങ്ങൾ സ്വയം ചിന്തിക്കുമെന്നാണ് ചെയർ കരുതുന്നത്. ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുന്നതാണ്.

പ്രതിഷേധത്തിന്റെ ഭാഗമായി പ്ലക്കാർഡുകളും ബാനറുകളും സഭയിൽ പ്രദർശിപ്പിക്കുന്ന രീതി കൂടിക്കൂടി വരുന്നതിലും ചെയറിന്റെ മുഖം മറയ്ക്കുന്ന തരത്തിൽ ബാനർ പ്രദർശിപ്പിക്കുന്ന രീതിയിലും ചെയറിനുള്ള കടുത്ത വിയോജിപ്പുകൂടി അറിയിക്കുന്നു. ഒരംഗം സംസാരിക്കുമ്പോൾ നിരന്തരം തടസ്സപ്പെടുത്തുക, അപശബ്ദങ്ങൾ പുറപ്പെടുവിക്കുക, ചെയറിന്റെ ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ അവഗണിച്ചുകൊണ്ട് ഇരുവിഭാഗങ്ങളും വാഗ്വാദങ്ങളിൽ ഏർപ്പെടുക എന്നിങ്ങനെയുള്ള അനഭിലഷണീയമായ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുവാൻ എല്ലാ അംഗങ്ങളും തയ്യാറാകണമെന്ന് ചെയർ അഭ്യർത്ഥിക്കുകയാണ്.

നിയമസഭാ നടപടികളുടെ തത്സമയ സംപ്രേഷണം 'സഭാ ടി.വി.' വഴി നടത്തുന്നതിൽ ഉണ്ടായിട്ടുള്ളതായി പറയപ്പെടുന്ന അപാകത സംബന്ധിച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവർ നൽകിയ പരാതി ചെയർ പരിശോധിക്കുകയുണ്ടായി. അതുപോലെ പ്രതിപക്ഷ പ്രതിഷേധം നടക്കുന്ന സന്ദർഭങ്ങളിലെ സഭാ നടപടികളുടെ സംപ്രേഷണത്തിൽ പ്രതിഷേധത്തിന്റെ വിഷ്വൽസ് കൂടി ഉൾപ്പെടുത്തുന്ന പാർലമെന്റിലെ മാതൃക ഇവിടേയും സ്വീകരിക്കണമെന്ന നിർദ്ദേശം വിശദമായി പരിശോധിച്ച് ഉടൻ തന്നെ അതു സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP