Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

പാർട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണിക്ക് കമ്മീഷൻ അനുവദിച്ചത് നിർണ്ണായകം; ജോസഫിനും മോൻസ് ജോസഫിനും അയോഗ്യതയ്ക്ക് സാധ്യത; തൊടുപുഴയിൽ മകനെ മത്സരിപ്പിക്കാൻ പിജെ; കടുത്തുരുത്തിയിൽ മോൻസ് പ്രതിസന്ധിയിൽ; തക്കം നോക്കി ഷുവർ സീറ്റ് കൈക്കലാക്കാൻ ഫ്രാൻസിസ് ജോർജും; റോഷിക്കും ജയരാജനും നോട്ടീസ് കൊടുത്തത് വിവാദങ്ങൾ ഒഴിവാക്കാൻ മാത്രം

പാർട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണിക്ക് കമ്മീഷൻ അനുവദിച്ചത് നിർണ്ണായകം; ജോസഫിനും മോൻസ് ജോസഫിനും അയോഗ്യതയ്ക്ക് സാധ്യത; തൊടുപുഴയിൽ മകനെ മത്സരിപ്പിക്കാൻ പിജെ; കടുത്തുരുത്തിയിൽ മോൻസ് പ്രതിസന്ധിയിൽ; തക്കം നോക്കി ഷുവർ സീറ്റ് കൈക്കലാക്കാൻ ഫ്രാൻസിസ് ജോർജും; റോഷിക്കും ജയരാജനും നോട്ടീസ് കൊടുത്തത് വിവാദങ്ങൾ ഒഴിവാക്കാൻ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : വിപ് ലംഘനം സംബന്ധിച്ച പരാതിയിൽ പിജെ ജോസഫിനും മോൻസ് ജോസഫിനും ആയോഗ്യത വരുമെന്ന് സൂചന. കേരളാ കോൺഗ്രസ് പാർട്ടിയുടെ പേരും ചിഹ്നവും ജോസ് കെ മാണിക്ക് ഉപയോഗിക്കാമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയാണ് ഇതിന് കാരണം. ഹൈക്കോടതിയിലെ കേസിൽ തീരുമാനം എത്തിയാൽ ഇരുവരേയും സ്പീക്കർ ശ്രീരാമകൃഷ്ണൻ അയോഗ്യരാക്കും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ നിലപാട് മാത്രമേ ഇക്കാര്യത്തിൽ സ്പീക്കർ പരിശോധിക്കൂ. അതിനിടെ തൊടുപുഴയിൽ അടുത്ത തെരഞ്ഞെടുപ്പിൽ മകൻ അപ്പുവാകും സ്ഥാനാർത്ഥിയെന്ന സൂചന പിജെ ജോസഫ് നൽകി കഴിഞ്ഞു. അയോഗ്യത വന്നില്ലെങ്കിൽ അപ്പുവിനെ തൊടുപുഴയിൽ നിർത്തി മറ്റൊരു സീറ്റിൽ പിജെ മത്സരിക്കാനും സാധ്യതയുണ്ട്. ഇതോടെ അയോഗ്യത വന്നാൽ കടുത്തുരുത്തി എംഎൽഎയായ മോൻസ് ജോസഫിന്റെ പ്രതിസന്ധി രൂക്ഷമാകും. കടുത്തുരുത്തിയിൽ മത്സരിക്കാൻ ജോസഫിന്റെ വിശ്വസ്തൻ ഫ്രാൻസിസ് ജോർജ് തയ്യാറെടുക്കുന്നുവെന്നും സൂചനയുണ്ട്.

അതിനിടെ ആയോഗ്യതാ വിഷയത്തിൽ ജോസ് കെ. മാണിക്കൊപ്പമുള്ള കേരള കോൺഗ്രസ് (എം) എംഎൽഎമാരോടും സ്പീക്കർ വിശദീകരണം തേടും. പി.ജെ. ജോസഫ് വിഭാഗത്തിലെ മോൻസ് ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവർക്കു തിങ്കളാഴ്ച നോട്ടിസ് അയയ്ക്കുമെന്നു നിയമസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു. റോഷി അഗസ്റ്റിന്റെ പരാതിയിൽ പി.ജെ. ജോസഫ്, മോൻസ് ജോസഫ് എന്നിവരോടു നേരത്തേ വിശദീകരണം ചോദിച്ച സാഹചര്യത്തിൽ മാത്രമാണ് ഇത്. നടപടിക്രമത്തിന്റെ ഭാഗം മാത്രം. തെരഞ്ഞെടുപ്പ് കമ്മീഷൻ ജോസ് പക്ഷത്തെ അംഗീകരിച്ചതു കൊണ്ട് റോഷിക്കും ജയരാജനും പ്രശ്‌നങ്ങളുണ്ടാകില്ല.

രാജ്യസഭാ വോട്ടെടുപ്പ്, അവിശ്വാസപ്രമേയ ചർച്ച എന്നിവയിൽ നിന്നു വിട്ടുനിൽക്കാൻ ജോസ് വിഭാഗവും യുഡിഎഫിന് വോട്ടു ചെയ്യാൻ ജോസഫ് വിഭാഗവും പരസ്പരം വിപ് നൽകിയിരുന്നു. വിപ് ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ഇരുകൂട്ടരും നൽകിയ പരാതികളിലാണു നടപടി. ആരോപണം തെളിഞ്ഞാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം സഭാംഗത്വത്തിൽ നിന്നു പുറത്താക്കാം. നോട്ടിസിനു മറുപടി വാങ്ങി തുടർനടപടികളിലേക്കു കടക്കാനാണു സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ദേശിക്കുന്നത്.

ജോസ് വിഭാഗത്തിന്റെ പരാതി വച്ചു രാഷ്ട്രീയം കളിച്ചുവെന്ന ആക്ഷേപം ഒഴിവാക്കാൻ കൂടിയാണ് ഇരുവിഭാഗങ്ങൾക്കും നോട്ടിസ് നൽകുന്നത്. സ്പീക്കർ തീരുമാനമെടുത്താലും കോടതിയെ സമീപിക്കാം. അപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമാകും പ്രസക്തം. അതുകൊണ്ട് തന്നെ വലിയ വെല്ലുവിളിയെയാണ് ജോസഫ് നേരിടുന്നത്. തൊടുപുഴയിൽ പകരം മത്സരിക്കാൻ മകൻ ഉള്ളതുകൊണ്ട് ജോസഫിന് പ്രതിസന്ധിയുടെ ആഴം വ്യക്തിപരമായി കുറയും. എന്നാൽ മോൻസിന് കടുത്ത രാഷ്ട്രീയ നഷ്ടം ഇതിലൂടെ ഉണ്ടാകും.

മുമ്പ് രണ്ട് പേർക്ക് അയോഗ്യത വന്നിട്ടുണ്ട്. കേരള കോൺഗ്രസിലെ കലഹവും പിളർപ്പും തന്നെയാണു മുൻപു നിയമസഭയിലെ 2 പേരുടെ അയോഗ്യതയ്ക്കു വഴിതുറന്നത്. ആർ ബാലകൃഷ്ണപിള്ളയും പി.സി. ജോർജുമാണ് സ്പീക്കർ അയോഗ്യത കൽപിച്ചവർ. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ 1990 ജനുവരി 15നു പിള്ളയെ അയോഗ്യനാക്കിയതു സ്പീക്കർ വർക്കല രാധാകൃഷ്ണനാണ്. കേരള കോൺഗ്രസ് (ജെ) യുഡിഎഫ് വിട്ടപ്പോൾ കൂടെ പോകാതിരുന്ന പിള്ള കേരള കോൺഗ്രസ് (ബി) പുനരുജ്ജീവിപ്പിച്ചുവെന്നു പ്രസ്താവന നടത്തിയതോടെ ജോസഫ് ഗ്രൂപ്പ് വിപ് ഡോ. കെ.സി. ജോസഫ് സ്പീക്കറെ സമീപിച്ചു.

കേരള കോൺഗ്രസ് (എം) വിട്ടു കേരള കോൺഗ്രസ് (സെക്കുലർ) പുനരുജ്ജീവിപ്പിച്ചുവെന്ന് ആരോപിച്ചാണു മാണി ഗ്രൂപ്പിന്റെ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ജോർജിനെതിരെ പരാതി നൽകിയത്. 2015 നവംബർ 14നു ജോർജിനെ സ്പീക്കർ എൻ.ശക്തൻ അയോഗ്യനാക്കിയെങ്കിലും അതിനു മുൻപ് അദ്ദേഹം രാജിക്കത്തു നൽകി. രാജിക്കത്തു കണക്കിലെടുക്കാതെ അയോഗ്യത കൽപിച്ച സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

ഇപ്പോഴും രണ്ട് കേരളാ കോൺഗ്രസുകാരാണ് അയോഗ്യത ഭീഷണിയിൽ എന്നതും ശ്രദ്ധേയും. അതും പാർട്ടിയിലെ പിളർപ്പ് കാരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP