Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

12 വകുപ്പുകളിലായി 7800 കോടിയുടെ പദ്ധതികൾ നടന്നുവരുന്നു; റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനാകുന്ന നിർമ്മാണങ്ങൾ; കേരള പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി

12 വകുപ്പുകളിലായി 7800 കോടിയുടെ പദ്ധതികൾ നടന്നുവരുന്നു; റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനാകുന്ന നിർമ്മാണങ്ങൾ; കേരള പുനർനിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് റീബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ നിർമ്മാണങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. 2018 ലെ മഹാപ്രളയത്തെ തുടർന്ന് ആരംഭിച്ച റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിലൂടെ ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രകൃതി ദുരന്തങ്ങളെക്കൂടി അതിജീവിക്കാനുതകുംവിധമുള്ള സംവിധാനത്തോടെയും, പരിസ്ഥിതി സൗഹൃദപരമായും കേരളത്തെ പുനർനിർമ്മിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തന പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. നിയമസഭയിൽ എം എം മണിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോർ റിവർ' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരികയാണ്. പമ്പ, അച്ചൻകോവിൽ, മണിമല എന്നീ നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്റെ പ്രധാന കാരണം. ഇതിൽ പമ്പ, അച്ചൻകോവിൽ നദികളിലെ ജലം കടലിലേക്ക് പതിക്കുന്നത് തോട്ടപ്പള്ളി സ്പിൽവേ വഴിയാണ്. കടലിലേക്ക് ജലമൊഴുക്കാൻ 360 മീറ്റർ വീതിയിൽ പൊഴി മുറിച്ച് ആഴം വർദ്ധിപ്പിച്ചു. ഇതേത്തുടർന്ന് ഇത്തവണ പ്രളയ തീവ്രത ഗണ്യമായി കുറഞ്ഞു. റൂം ഫോർ റിവർ എന്ന ബൃഹത് പദ്ധതി അടുത്ത ഘട്ടമായി നടപ്പാക്കുന്നതിന് ഡി.പി.ആർ തയ്യാറാക്കി വരികയാണ്. കനാലുകളുടെ ആഴവും വീതിയും വർദ്ധിപ്പിച്ച് വെള്ളം സുഗമമായി ഒഴുകുന്നതിന് ആവശ്യമായ ശാസ്ത്രീയമായ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി നടത്തുക.

വേമ്പനാട്ട് കായൽ മുതൽ മണികണ്ഠൻ ആറുവരെയുള്ള ചെങ്ങണ്ടയാറിന്റെ ആഴം കൂട്ടിയിട്ടുണ്ട്. വെള്ളം കൂടുതൽ കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി 'റൂം ഫോർ വേമ്പനാട്' ഉൾപ്പെടെയുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. ഡാമിലെ ജലം എത്തുന്ന പ്രദേശങ്ങളിൽ മഴ വരാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം പരിഗണിച്ച് ജലം തുറന്നുവിടുന്നതിനുള്ള നടപടി സ്വീകരിച്ചു.

ഇതിന് പുറമെ തദ്ദേശസ്ഥാപനതലത്തിൽ ദുരന്തനിവാരണ പ്ലാനുകൾ പോലുള്ള പദ്ധതികളും നടപ്പിലാക്കിവരുന്നു. 12 വകുപ്പുകളിലായി 7,800 കോടി രൂപയുടെ പദ്ധതികൾക്ക് ഇതിനകം ഭരണാനുമതി നൽകിയിട്ടുണ്ട്. ഇവ നിർവ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

തീരദേശത്ത് വേലിയേറ്റ രേഖയിൽനിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന 18,685 മത്സ്യത്തൊഴിലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് മുഖാന്തിരം 'പുനർഗേഹം' പദ്ധതി നടപ്പാക്കിവരുന്നു.

2018 ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ സഹായത്തോടെ, സഹകരണ വകുപ്പ് വഴി ഭവനനിർമ്മാണം നടത്തി നൽകുന്ന 'കെയർ ഹോം' പദ്ധതി നടപ്പാക്കി.

സാമൂഹിക അധിഷ്ഠിത ദുരന്ത ലഘൂകരണത്തിനായി 3.8 ലക്ഷത്തോളം സന്നദ്ധ പ്രവർത്തകരെ വിവിധ പരിശീലനങ്ങൾ നൽകി സജ്ജരാക്കിയിട്ടുണ്ട്. ഇതിനുപുറമെ ഫയർ & റെസ്‌ക്യൂ വകുപ്പുമായി ചേർന്ന് സിവിൽ ഡിഫൻസ് സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകി 129 ഫയർ സ്റ്റേഷനുകളിലായി 6,450 പേർ അടങ്ങുന്ന 50 സിവിൽ ഡിഫൻസ് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴക്കെടുതി തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ ഇനിയുള്ള തുടർനിർമ്മാണങ്ങളും മുൻ വർഷങ്ങളിലുണ്ടായ പ്രളയത്തിൽ തകർന്ന ആസ്തികളുടെ സുസ്ഥിരമായ പുനർനിർമ്മാണത്തിന്റെ മാതൃകയിലാണ് നടപ്പിലാക്കാനാവുക. ആ നിലയ്ക്കുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസമുണ്ടായ അതിതീവ്ര മഴയുടെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം മുതലായവ ഉണ്ടായതിനെത്തുടർന്ന് നിരവധിപേരുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ സംഭവിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നാശനഷ്ടങ്ങളുടെയും മറ്റും കണക്കുകൾ തിട്ടപ്പെടുത്തി ലഭ്യമാക്കുന്ന മുറയ്ക്ക് മാനദണ്ഡങ്ങൾക്കനുസൃതമായ ധനസഹായം സമയബന്ധിതമായി അനുവദിക്കുന്നതാണ്. മരണമടഞ്ഞവരുടെയും കാണാതായവരുടെയും ആശ്രിതർക്ക് ഇതിനകം അടിയന്തിര ധനസഹായം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP