Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വനനിയമം അട്ടിമറിച്ച് സർക്കാർ; പരിസ്ഥിതി ലോല മേഖലയിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി; ചട്ടം 300 പ്രകാരം നിയമസഭയിൽ പ്രസ്താവന നടത്തി മുഖ്യമന്ത്രി; സർക്കാർ നീക്കം തോട്ടം മേഖലയിലെ വ്യാജപ്രമാണക്കാരെ സഹായിക്കാനെന്ന് ആരോപണം; നിയമത്തിന്റെ പിൻബലമില്ലാത്ത ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് സുശീല ഭട്ട്

വനനിയമം അട്ടിമറിച്ച് സർക്കാർ; പരിസ്ഥിതി ലോല മേഖലയിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി; ചട്ടം 300 പ്രകാരം നിയമസഭയിൽ പ്രസ്താവന നടത്തി മുഖ്യമന്ത്രി; സർക്കാർ നീക്കം തോട്ടം മേഖലയിലെ വ്യാജപ്രമാണക്കാരെ സഹായിക്കാനെന്ന് ആരോപണം; നിയമത്തിന്റെ പിൻബലമില്ലാത്ത ഈ നീക്കം അംഗീകരിക്കാനാവില്ലെന്ന് സുശീല ഭട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വനനിയമം അട്ടിമറിച്ച് സർക്കാർ. പരിസ്ഥിതി ലോല മേഖലയിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കാനുള്ള നടപടിയുമായി സർക്കാർ നീങ്ങിയതാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തി. നിലവിലെ വനനിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന നടപടിയാണിത്. കേരള ഫോറസ്റ്റ് (വെസ്റ്റിങ് & മാനേജ്മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈൽ ലാന്റ്) ആക്ടിന്റെ പരിധിയിൽ നിന്നും തോട്ടങ്ങളെ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉപേക്ഷിക്കപ്പെട്ടതോ, പ്രവർത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കിൽ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് അവക്ക് സർക്കാർ ധനസഹായം നൽകി പ്രവർത്തിപ്പിക്കുകയോ, സന്നദ്ധതയുള്ള സ്വകാര്യ കമ്പനികൾക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ, തോട്ടത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയിൽ നൽകി പ്രവർത്തിപ്പിക്കാൻ സാധിക്കും വിധം ആവശ്യമായ നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. റവന്യൂ വകുപ്പ് നിലവിൽ തയാറാക്കിയിരിക്കുന്ന ലാന്റ് ലീസ് ആക്ടിന്റെ പരിധിയിൽ ഇക്കാര്യം കൂടി കൊണ്ടുവരുന്ന കാര്യവും സർക്കാർ പരിഗണിക്കും.

അതേസമയം, ഈ തീരുമാനം കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾക്ക് കനത്ത ആഘാതം സൃഷ്ടിക്കുന്നതാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. സർക്കാർ നീക്കം തോട്ടംമേഖലയിലെ വ്യാജപ്രമാണക്കാരെ സഹായിക്കാനാണെന്ന് ഹാരിസൺ കേസുകൾ കൈകാര്യം ചെയ്തിരുന്ന മുൻ സർക്കാർ അഭിഭാഷകക അഡ്വ. സുശീലഭട്ട് പ്രതികരിച്ചു. നിയമത്തിന്റെ പിൻബലമില്ലാത്ത ഈ നീക്കം അംഗീകരിക്കാനാവില്ല. വനംകൊള്ള പ്രോൽസാഹിപ്പിക്കാനാണ് നടപടിയെന്നും അവർ പറഞ്ഞു.

തോട്ടം മേഖല സംബന്ധിച്ച സുപ്രധാന തീരുമാനം ഇന്നലെ മന്ത്രിസഭ എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രസ്താവനയിലാണ് തോട്ടം മേഖലയെ പൂർണമായും ഒഴിവാക്കിയത്. നിലവിൽ ഏലം, കാപ്പി മുതലായവ കൃഷി ചെയ്യുന്ന പ്രദേശങ്ങളെ തോട്ടം മേഖലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന കൂടുതൽ സംശയത്തിന് വഴിവെക്കുന്നുണ്ട്. ഇത്തരത്തിൽ ഒരു പ്രസ്താവന സർക്കാരിന് നിയമപരമായി നടത്താൻ കഴിയുമോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. കാരണം, നിലവിലുള്ള ഇഎഫ്എൽ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം ലഭിച്ചതും നിലവിലുള്ള വനനിയമങ്ങൾ അനുസരിച്ചുമുള്ളതാണ്. അങ്ങനെയെങ്കിൽ വരുംദിവസങ്ങളിൽ നിയമഭേദഗതി വരുത്താനുള്ള നീക്കത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാകാം ഇതെന്നുമാണ് വിലയിരുത്തൽ.

ചട്ടം 300 അനുസരിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയുടെ പൂർണ രൂപം:
(ഒരു മന്ത്രിക്ക് നിയമസഭയിൽ പ്രസ്താവന നടത്താൻ അവകാശം നൽകുന്നതാണ് ചട്ടം 300)

കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളാൽ രൂപപ്പെട്ടുവന്നതാണ് തോട്ടം മേഖല. പശ്ചിമഘട്ട മലകളിലേയും മലയോരപ്രദേശങ്ങളിലെയും ഭൂപ്രകൃതി ഇത്തരം വിളകൾക്ക് അനുയോജ്യമാണ് എന്നതിനാൽ ചരിത്രപരമായി ഈ മേഖലയിൽ തോട്ടങ്ങൾ രൂപപ്പെട്ടുവന്നു. റബ്ബർ, തേയില, കാപ്പി, ഏലം തുടങ്ങിയ വിളകളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇവയുടെ വിള വിസ്തൃതി ഏകദേശം 7.04 ലക്ഷം ഹെക്ടറോളം വരുന്നതുമാണ്.

തോട്ടം വിളകളുടെ സവിശേഷത അവ പൂർണ്ണമായും കമ്പോളത്തെ ലക്ഷ്യം വച്ച് കൃഷി ചെയ്യുന്നതാണ്. ആഗോള മാർക്കറ്റുകളിൽ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ ഉൾപ്പെടെ ഈ മേഖലയെ സ്വാധീനിച്ചുവരുന്നവയാണ്.

കേരളത്തിലെ തോട്ടം മേഖല വമ്പിച്ച പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ സർക്കാർ അധികാരത്തിൽ വന്നത്. അവിടെ നിലനിന്ന പ്രതിസന്ധി കൃഷിക്കാരുടെയും തൊഴിലാളികളുടെയും ജീവിതത്തെ പ്രതികൂലമായി ബാധിച്ചതു വഴി സാമൂഹ്യ സംഘർഷങ്ങൾ തന്നെ രൂപപ്പെട്ടുവന്നിരുന്നു. കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾ ഭൂവിനിയോഗ മാറ്റങ്ങൾക്കും പാരിസ്ഥിതിക പ്രതിസന്ധി രൂക്ഷമാക്കുന്നതിലേക്കും നയിക്കുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹചര്യത്തിൽ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുകയുണ്ടായി. ഇതിനായി സമഗ്രമായ ഒരു പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുമുണ്ട്.

തോട്ടം മേഖലയിൽ ഉയർന്നുവന്ന പ്രശ്നങ്ങൾ സാമൂഹ്യസംഘർഷങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യം രൂപപ്പെട്ടുവന്നപ്പോൾ തോട്ടം മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ജസ്റ്റിസ് കൃഷ്ണൻ നായർ അധ്യക്ഷനായി 2015 നവംബറിൽ മുൻ സർക്കാർ ഒരു കമ്മീഷനെ നിയോഗിക്കുകയുണ്ടായി. ഇതിനെത്തുടർന്ന്, പ്രസ്തുത കമ്മീഷൻ 10.08.2016-ന് സർക്കാരിന് റിപ്പോർട്ട് നൽകി.

കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനും ടാക്സസ്, ധനകാര്യം, വനം, റവന്യൂ, കൃഷി, തൊഴിൽ, നിയമം വകുപ്പ് സെക്രട്ടറിമാർ അംഗങ്ങളായി 18.06.2017-ൽ ഒരു കമ്മിറ്റി രൂപീകരിച്ചു. 27.09.2017-ൽ പ്രസ്തുത കമ്മിറ്റി സർക്കാരിന് ശിപാർശ സമർപ്പിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് 20.06.2018-ൽ ചേർന്ന മന്ത്രിസഭാ യോഗം താഴെ പറയുന്ന തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്.

പ്ലാന്റേഷൻ ടാക്സ് വളരെ പഴക്കമുള്ള ഒരു ടാക്സ് ഇനമാണ്. പ്രസ്തുത ടാക്സ് ഇപ്പോൾ കേരളത്തിൽ മാത്രമാണ് നിലവിലുള്ളതെന്ന് പ്രസ്തുത കമ്മിറ്റി ശിപാർശ ചെയ്തു. ഇക്കാര്യങ്ങൾ പരിഗണിച്ച് പ്ലാന്റേഷൻ ടാക്സ് പൂർണ്ണമായും ഒഴിവാക്കാൻ തീരുമാനിച്ചു.
തോട്ടം മേഖലയിൽനിന്നും കാർഷികാദായ നികുതി ഈടാക്കുന്നത് മരവിപ്പിക്കാൻ തീരുമാനിച്ചു. എസ്റ്റേറ്റിലെ എല്ലാ ലയങ്ങളും വളരെ പഴക്കമുള്ളതും ജീർണ്ണാവസ്ഥയിലുള്ളതുമാണ്. ഇത്തരം ലയങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുക അസാധ്യമാണ്. എല്ലാ ലയങ്ങളേയും കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന നിർദ്ദേശം തദ്ദേശസ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയിട്ടുണ്ട്.

നിലവിലുള്ള ലയങ്ങൾ അറ്റകുറ്റപ്പണി ചെയ്ത് വാസയോഗ്യമാക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട പദ്ധതിയായ ലൈഫിൽ ഉൾപ്പെടുത്തി, ലൈഫ് പദ്ധതിയുടെ മാർഗരേഖകൾക്കു വിധേയമായി, തൊഴിലാളികൾക്ക് ആവശ്യമായ വാസഗൃഹങ്ങൾ നിർമ്മിക്കുന്നതാണ്. ഇതിന് ആവശ്യമായി വരുന്ന ചെലവിന്റെ 50% സർക്കാരും 50% തോട്ടം ഉടമകളും വഹിക്കും. തോട്ടം ഉടമകളിൽനിന്ന് ഈടാക്കേണ്ട 50% തുക ഏഴ് വാർഷിക ഗഡുക്കളായി (പലിശ രഹിതം) ഈടാക്കി പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം എസ്റ്റേറ്റ് ഉടമകൾ സൗജന്യമായി സർക്കാരിന് ലഭ്യമാക്കുന്നതിനായി തോട്ടം ഉടമകളുമായി ഒരു കരാർ ഉടമ്പടി ഉണ്ടാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഒരു റബ്ബർ മരം മുറിച്ചുവിൽക്കുമ്പോൾ ലഭിക്കുന്ന ശരാശരി തുക ഏകദേശം 5000 രൂപയാണ്. നിലവിൽ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റുമ്പോൾ 2500 രൂപ സീനിയറേജായി ഈടാക്കുന്നുണ്ട്. റബ്ബറിന്റെ വില വളരെ താഴ്ന്നിരിക്കുന്ന സാഹചര്യത്തിൽ ഈ തുക വളരെ കൂടുതലാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള സീനിയറേജ് തുക പൂർണ്ണമായും ഒഴിവാക്കുന്നതാണ്.

തോട്ടം തൊഴിലാളികൾക്ക് ഇ.എസ്‌ഐ സ്‌കീം ബാധകമാക്കുന്ന വിഷയം തൊഴിൽ വകുപ്പ് പരിഗണിക്കും. തോട്ടങ്ങളുടെ പാട്ടകാലാവധി അവസാനിക്കുന്ന മുറയ്ക്ക് പാട്ടം പുതുക്കി നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കും. ഇക്കാര്യത്തിൽ തടസ്സം നിൽക്കുന്ന കാര്യങ്ങൾ നിയമ വകുപ്പ് സെക്രട്ടറി പരിശോധിച്ച് ആവശ്യമായ ശിപാർശ സർക്കാരിന് സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചിട്ടുണ്ട്. കേരള ഫോറസ്റ്റ് (വെസ്റ്റിങ് & മാനേജ്മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈൽ ലാന്റ്) ആക്ടിന്റെ പരിധിയിൽ നിന്നും തോട്ടങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

ഉപേക്ഷിക്കപ്പെട്ടതോ, പ്രവർത്തനരഹിതമായിക്കിടക്കുന്നതോ ആയ തോട്ടങ്ങൾ സർക്കാർ ഏറ്റെടുത്ത് നടത്തുകയോ അല്ലെങ്കിൽ തൊഴിലാളികളുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് അവയ്ക്ക് സർക്കാർ ധനസഹായം നൽകി പ്രവർത്തിപ്പിക്കുകയോ, സന്നദ്ധതയുള്ള സ്വകാര്യ കമ്പനികൾക്ക് വ്യക്തമായ മാനദണ്ഡങ്ങളോടെ, തോട്ടത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തരുതെന്ന വ്യവസ്ഥയിൽ നൽകി പ്രവർത്തിപ്പിക്കാൻ സാധിക്കുംവിധം ആവശ്യമായ നിയമനിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്നു. റവന്യൂ വകുപ്പ് നിലവിൽ തയ്യാറാക്കിയിരിക്കുന്ന ലാന്റ് ലീസ് ആക്ടിന്റെ പരിധിയിൽ ഇക്കാര്യം കൂടി കൊണ്ടുവരുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നതാണ്. തൊഴിലാളികളുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കുന്നതു സംബന്ധിച്ച് ആവശ്യമായ നടപടികൾ തൊഴിൽ വകുപ്പ് സ്വീകരിക്കുന്നതാണ്.
പ്ലാന്റേഷൻ മേഖല ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് സംസ്ഥാന സർക്കാരിന്റെ പ്ലാന്റേഷൻ പോളിസി തയ്യാറാക്കുന്നതിന് തൊഴിൽ വകുപ്പ് നടപടി സ്വീകരിക്കുന്നതാണ്.

സംസ്ഥാനത്തിന്റെ സാമൂഹ്യ-സാമ്പത്തിക മേഖലയിൽ വലിയ സംഭാവന നൽകിയ തോട്ടം മേഖലയുടെ സംരക്ഷണം കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ജീവിത സംരക്ഷണത്തിനും പ്രധാനമാണെന്ന് കണ്ടുകൊണ്ടുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. നൂറ്റാണ്ടുകളുടെ മനുഷ്യാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും നാടിന്റെ താൽപ്പര്യത്തിന്റെയും ഭരണസംവിധാനങ്ങളുടെ ഇടപെടലിന്റെയും ഫലമായി രൂപംകൊണ്ടുവന്ന തോട്ടം മേഖലയെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടാണ് മേൽ പറഞ്ഞ നടപടികൾ സ്വീകരിച്ചിട്ടുള്ളത്.

ഈ മേഖലയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങളും ഭാവിയിൽ നടത്താനുദ്ദേശിക്കുന്ന കാര്യങ്ങളുമാണ് ബഹുമാനപ്പെട്ട സഭയുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP