Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിവൻകുട്ടി രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല; സഭയിലുണ്ടാവുന്നത് സഭയിൽ തീരണം; കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധമല്ല; മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘർഷങ്ങൾ വിവരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

ശിവൻകുട്ടി രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല; സഭയിലുണ്ടാവുന്നത് സഭയിൽ തീരണം; കേസ് പിൻവലിക്കാനുള്ള സർക്കാർ നടപടി നിയമവിരുദ്ധമല്ല; മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ സംഘർഷങ്ങൾ വിവരിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ശിവൻക്കുട്ടി രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി മുഖ്യമന്ത്രി. നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാർ നടപടി ഒരിക്കലും നിയമവിരുദ്ധമല്ലെന്ന് മുഖ്യമന്ത്രി വാദിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രിതപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് പി.ടി തോമസ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു. മുഖ്യമന്ത്രി. നിയമസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ സർക്കാർ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമാകില്ലെന്നും സർക്കാരിന്റെ ഭാഗത്ത് വീഴ്ചയില്ലെങ്കിലും സുപ്രീം കോടതി വിധി അനുസരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനത്തിൽ നിയമ വിരുദ്ധമായെന്നുമില്ല. അതുതന്നെ സർക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തുകയും കേസ് പിൻവലിക്കാൻ സർക്കാരിന് എതിർപ്പില്ലെന്ന് ജില്ലാകളക്ടർമാരെ അറിയിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. വിചാരണ കോടതി ഇതുപക്ഷേ അംഗീകരിച്ചില്ല. തുടർന്ന് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസ് ഫയൽ ചെയ്തു. അതിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കേസ് പിൻവലിക്കാൻ സർക്കാർ എടുത്ത നടപടി ഒരു തരത്തിലും നിയമവിരുദ്ധമല്ല. സർക്കാർ നടപടിയെ അസാധാരണമായി കാണാനും ആകില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

തെളിവുകളോ മറ്റുവിഷയങ്ങളോ പിൻവലിക്കൽ അപേക്ഷയ്ക്ക് അടിസ്ഥാനമാക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ അപേക്ഷ ദുരുദ്ദേശപരമല്ലെന്ന് ഹൈക്കോടതി വിധി വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് വനിതാ അംഗങ്ങൾ ഉന്നയിച്ച പരാതി പരിഗണിക്കാൻ അന്നത്തെ സർക്കാർ തയ്യാറായില്ലെന്ന ആക്ഷേപം കൂടി മുഖ്യമന്ത്രി ഉന്നയിച്ചു.

ഇത് സംബന്ധിച്ച് സർക്കാരിന് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി കേസ് പിൻവലിക്കുന്നതിന് സർക്കാരിന് എതിർപ്പില്ലായെന്ന് തിരുവനന്തപുരം ജില്ലാ കളക്ടറെ അറിയിക്കുകയുണ്ടായി. അതേതുടർന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകുകയും ചെയ്തു. പ്രോസിക്യൂഷന്റെ നിർദ്ദേശത്തെ വിചാരണ കോടതി അംഗീകരിച്ചില്ല.

ഇതിനെതിരെ ഹൈക്കോടതിയിലും തുടർന്ന് സുപ്രീംകോടതിയിലും കേസ് ഫയൽ ചെയ്യപ്പെട്ടു. ഹൈക്കോടതി കേസ് പിൻവലിക്കാൻ അനുമതി നൽകിയില്ലെങ്കിലും പ്രോസിക്യൂട്ടറുടെ നടപടിയിൽ യാതൊരു അസ്വഭാവികതയും കണ്ടിരുന്നില്ല. ഇവിടെ ഉയർന്നുവന്നത് കേസ് പിൻവലിക്കലിനെ സംബന്ധിച്ചുള്ള നിയമപ്രശ്‌നമാണ്. കേസ് പിൻവലിക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് എല്ലാ അവകാശവുമുണ്ട്. ഇക്കാര്യത്തിൽ അനുമതി നൽകുമ്പോൾ കോടതി ഒരു മേൽനോട്ട ചുമതലയാണ് വഹിക്കുന്നതെന്നും സുപ്രീംകോടതി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒരു കേസ് പിൻവലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ഇതിന്റെ എറ്റവും പ്രധാനമായ കാരണം പൊതുതാത്പര്യം) ആണ്. ഒരു കാലഘട്ടത്തിൽ ചില പ്രശ്‌നങ്ങൾ ഉയർത്തിയ പ്രക്ഷുബ്ധമായ അന്തരീക്ഷം ഉണ്ടായപ്പോൾ നടന്ന ചില സംഭവങ്ങൾ ആസ്പദമാക്കി എടുക്കുന്ന കേസുകൾ പൊതുതാത്പര്യം മുൻനിർത്തി പിൻവലിക്കാൻ അപേക്ഷ നൽകാൻ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് എല്ലാ അവകാശങ്ങളും ഉണ്ട്. കേസിലെ തെളിവുകളോ മറ്റു വിഷയങ്ങളോ കേസ് പിൻവലിക്കാൻ നൽകുന്ന അപേക്ഷയ്ക്ക് അടിസ്ഥാനമാകണമെന്നില്ല.

സംസ്ഥാനത്തെ/രാജ്യത്തെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധമല്ലാതാകുമ്പോൾ പഴയ സംഭവങ്ങൾ ആസ്പദമാക്കി എടുത്ത കേസുകൾ മുന്നോട്ടുപോകേണ്ടതില്ലായെന്ന തീരുമാനം നിയമപരമായ തെറ്റല്ല. ഇത്തരമൊരു അപേക്ഷ പബ്ലിക്ക് പ്രോസിക്യൂട്ടർ നൽകിയത് ദുരുദ്ദേശപരമല്ലെന്നും മറ്റു കാരണങ്ങൾ കൊണ്ടല്ലന്നും ബഹു. ഹൈക്കോടതി വിധിന്യായത്തിൽ നേരത്തെ പറഞ്ഞിട്ടുമുണ്ട്.

പരമോന്നത നീതിപീഠത്തിന്റെ വിധി അംഗീകരിക്കുകയാണ്. തുടർ നടപടികൾ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ മുന്നോട്ടുപോവും. സുപ്രീംകോടതി വിധി അനുസരിക്കാൻ നാമെല്ലാവരും ബാധ്യസ്ഥരാണ്. ഒരു എംഎൽഎയുടെ പേരിലും നിയമസഭയിലെ പ്രതിഷേധങ്ങളിലും ക്രിമിനൽ കേസ് എടുക്കുന്ന രീതി പൊതുവേ രാജ്യത്ത് ഉണ്ടായിട്ടില്ല. ഇന്ത്യൻ നിയമസഭയുടെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത ഒരു രീതി പിന്തുടരാനാണ് യുഡിഎഫ് ശ്രമിച്ചതെന്ന് കാണാവുന്നതാണ്. നിയമസഭയുടെ പ്രിവിലേജുമായി ബന്ധപ്പെട്ട സംവിധാനത്തെ നിലനിർത്താനാണ് സംസ്ഥാന സർക്കാർ പരിശ്രമിച്ചിട്ടുള്ളൂ. ആർക്കെങ്കിലും എതിരെ ഒരു കേസ് നിയമസഭയ്ക്കകത്തെ പ്രവർത്തനത്തിന്റെ പേരിൽ സർക്കാർ സ്വീകരിച്ചിട്ടില്ല.

കാലാകാലങ്ങളിലുണ്ടാവുന്ന പല പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തിൽ സമൂഹത്തിലും സ്ഥാപനങ്ങളിലും ചിലപ്പോൾ പാർലമെന്റിലും നിയമനിർമ്മാണ സഭകളിലും പ്രതിഷേധത്തിന്റെ അലകൾ ഉയരാറുണ്ട്. സമരങ്ങളും പ്രശ്‌നങ്ങളും തീരുമ്പോൾ സാധാരണഗതിയിൽ തന്നെ അതിനോടനുബന്ധിച്ചുണ്ടായ കേസുകൾ പിൻവലിക്കാൻ സർക്കാർ പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് അനുമതി നൽകുന്നതും അവ പിൻവലിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ കോടതിയുടെ അനുമതി തേടുന്നതും ഈ സംസ്ഥാനത്തിന്റെയോ രാജ്യത്തിന്റെയോ ചരിത്രത്തിൽ ആദ്യമായല്ല. ഇതൊരു പുതിയ സംഭവമാണെന്ന തരത്തിൽ പർവ്വതീകരിച്ച് ചിത്രീകരിക്കുന്നത് യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ല. നിയമസഭയെ സംബന്ധിച്ച് പൊതുവിൽ രാജ്യത്താകമാനം സ്വീകരിക്കുന്ന നയം കേരള നിയമസഭയ്ക്ക് ബാധകമാവേണ്ടതില്ലായെന്ന നയം നമ്മുടെ അന്തസ്സ് തകർക്കാനേ ഇടയാക്കുകയുള്ളൂവെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേലമയം അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് പി.ടി തോമസ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ആണ് ഉന്നയിച്ചത്. വിചാരണകോടതി വിധി മുതൽ സുപ്രീം കോടതി വരെയുള്ള വിധിയിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് കെ.എം മാണിയുടെ ആത്മാവായിരിക്കും ആന കരിമ്പിൽ കാട്ടിൽ കയറിയെന്ന വി. ശിവൻകുട്ടി സഭയിൽ കയറിയെന്ന് തിരുത്തിപ്പറയണം. ശിവൻകുട്ടിയെ പോലെ ഒരാൾക്ക് കേരളത്തിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വം ഏറ്റെടുക്കാനാകുമോയെന്നും പി.ടി തോമസ് ചോദിച്ചു. വി. ശിവൻകുട്ടിയെ പോലെ ഒരാൾ വിദ്യാഭ്യാസ മന്ത്രിയുടെ സ്ഥാനത്തിരിക്കുന്നത് എത്രമാത്രം ഗുണകരണമാകുമെന്ന ചോദ്യം പി.ടി തോമസ് ഉന്നയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP