Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓപ്പറേഷന് അമേരിക്കയിൽ പോകേണ്ടതാണെങ്കിലും അതുപോലും വകവയ്ക്കാതെയാണ് തന്റെ ഓഫീസിലിരുന്ന് അദ്ദേഹം പ്രളയ രക്ഷാപ്രവർത്തനം നടത്തിയത്; കേരളത്തിലെ ജനങ്ങൾക്ക് താങ്കളുടെ ജീവൻ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും ഞാൻ പോലും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്; ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ കഴിയില്ല; പിണറായിയോളം വർഗീയവാദി വേറെയില്ലെന്ന് പറഞ്ഞ നാവുകൊണ്ടുതന്നെ സ്തുതി പാടി എല്ലാവരെയും അമ്പരിപ്പിച്ച് പി.സി.ജോർജ്

ഓപ്പറേഷന് അമേരിക്കയിൽ പോകേണ്ടതാണെങ്കിലും അതുപോലും വകവയ്ക്കാതെയാണ് തന്റെ ഓഫീസിലിരുന്ന് അദ്ദേഹം പ്രളയ രക്ഷാപ്രവർത്തനം നടത്തിയത്; കേരളത്തിലെ ജനങ്ങൾക്ക് താങ്കളുടെ ജീവൻ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും ഞാൻ പോലും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്;  ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ കഴിയില്ല; പിണറായിയോളം വർഗീയവാദി വേറെയില്ലെന്ന് പറഞ്ഞ നാവുകൊണ്ടുതന്നെ സ്തുതി പാടി എല്ലാവരെയും അമ്പരിപ്പിച്ച് പി.സി.ജോർജ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പി.സി.ജോർജിന്റെ നാവിന് എല്ലില്ലെന്ന് പറയാറുണ്ടെങ്കിലും ചില നേരങ്ങളിൽ നല്ല വാക്കുപറയാൻ മടിയില്ലാത്ത ആളാണ് പൂഞ്ഞാർ എംഎൽഎ. ഏതുകാര്യവും വെട്ടിത്തുറന്നുപറയുന്ന പ്രകൃതം പിസിയെ പലപ്പോഴും കുഴിയിൽ ചാടിച്ചിട്ടുണ്ട്. എന്നാൽ, അതൊന്നും വകവയ്ക്കുന്ന ആളല്ല അദ്ദേഹം. റബർ മരങ്ങൾ വെട്ടിക്കളയണമെന്നും, റബർ കർഷകർക്ക് നയാപ്പൈസ സർക്കാർ കൊടുക്കരുതെന്നും ആവശ്യപ്പെട്ട് സർവരെയും ഞെട്ടിച്ചത് ഒരുദിവസമേയാള്ളു. എന്നാൽ, പിസിയുടെ അത്ഭുതങ്ങൾ കേരളം കാണാനിരിക്കുന്നതേയുള്ളു എന്നാണ് ബുധനാഴ്ചത്തെ നിയമസഭയിലെ പെർഫോമൻസ് സൂചിപ്പിക്കുന്നത്. പ്രളയാനന്തര കേരളമെന്ന വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിൻ മേലുള്ള ചർച്ചയിലാണ് പിസി മനസ് തുറന്നത്. ഇതുവരെ സാക്ഷാൽ മുഖ്യമന്ത്രി പിണറായി വിജയനെ പഴി പറഞ്ഞുകൊണ്ടിരുന്ന പൂഞ്ഞാർ എംഎൽഎ വലത് രാഷ്ട്രീയത്തിലോട്ടുള്ള തന്റെ ചായ് വ് മറന്ന് പുകഴ്‌ത്തലിലേക്ക് കളം മാറ്റിച്ചവിട്ടിയത്. പ്രളയകാലത്ത് മുഖ്യമന്ത്രി ഒരുക്യാപ്റ്റനായി സർവതും ഏകോപിപ്പിച്ചതിനെ കുറിച്ച് പിസിക്ക് നല്ല വാക്കുമാത്രമേ പറയാനുള്ളു.

'പ്രളയ ദുരിതാശ്വത്തിൽ മുഖ്യമന്ത്രി ചെയ്ത കാര്യങ്ങൾ എങ്ങനെ മറക്കും! ഓപ്പറേഷന് അമേരിക്കയിലേക്ക് പോലും പോകാതെയാണ് അദ്ദേഹം തന്റെ ഓഫീസിലിരുന്ന് പ്രളയ രക്ഷാപ്രവർത്തനം നടത്തിയത്. കേരളത്തിലെ ജനങ്ങൾക്ക് താങ്കളുടെ ജീവൻ വിലപ്പെട്ടതാണെന്നും ചികിത്സ തുടരണമെന്നും താൻ പോലും മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ കഴിയില്ല'. ചെങ്ങന്നൂരിലെ പതിനായിരങ്ങളെ രക്ഷിക്കാൻ അവിടുത്തെ എംഎ‍ൽഎ കരഞ്ഞതും കാണാതെ പോകരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രളയകാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തിന് വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് രാഷ്ട്രീയം പറയാൻ തനിക്ക് സൗകര്യമില്ല. സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അദ്ദേഹം പ്രളയകാലത്ത് പ്രവർത്തിച്ചത്. മുഖ്യമന്ത്രിയെ ആരും കുറ്റപ്പെടുത്തേണ്ട. അദ്ദേഹം പരമാവധി ചെയ്തു. സർക്കാർ എന്ത് ചെയ്തു എന്ന് പരിശോധിക്കുന്നതിന് പകരം നമ്മൾക്കെല്ലാവർക്കും കൂടി എന്ത് ചെയ്യാൻ കഴിയുമെന്നാണ് ചിന്തിക്കേണ്ടതെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രളയാനന്തര കേരളത്തിന് വേണ്ടി എന്ത് ചെയ്യാൻ കഴിയുമെന്നാണ് രാഷ്ട്രീയം മാറ്റിവച്ച് എല്ലാവരും ചിന്തിക്കേണ്ടതെന്ന് പി.സി.ജോർജ് ആവശ്യപ്പെട്ടു. പ്രളയക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങളിലൊന്നാണ് തന്റെ മണ്ഡലമായ പൂഞ്ഞാർ. ഏഴ് പേരാണ് ഇവിടെ മരിച്ചത്. ഒറ്റപ്പെട്ട പ്രദേശത്ത് ഹെലിക്കോപ്ടർ വഴി ഭക്ഷണമെത്തിച്ചതും പൂഞ്ഞാറിലാണ്. പ്രളയ ദുരിതാശ്വത്തിൽ മുഖ്യമന്ത്രി ചെയ്ത കാര്യങ്ങൾ വിസ്മരിക്കാൻ ആവില്ലെന്നും പി.സി.ജോർജ് പറഞ്ഞു.

നിയമസഭയിൽ ഇനി ബിജെപിയുമായി സഹകരിച്ചു പ്രവർത്തിക്കുമെന്നു വ്യക്തമാക്കിയിട്ടുള്ള ജോർജിന്റെ പിണറായി സ്തുതി അക്ഷരാർഥത്തിൽ പ്രതിപക്ഷത്തെ ഞെട്ടിച്ചുകളഞ്ഞു. ജോർജിന്റെ പാർട്ടിയായ ജനപക്ഷം ബിജെപിയിൽ ചേരില്ലെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും, ബിജെപിയുടെ ഏക എംഎൽഎയായ ഒ.രാജഗോപാലിനൊപ്പം സഹകരിച്ചാണ് സഭയിൽ മുന്നോട്ട് പോകുന്നത്. ശബരിമല വിഷയത്തിൽ പ്രതിഷേധമറിയിക്കാൻ ഇരുവരും കറുപ്പണിഞ്ഞ് വന്നത് ശ്രദ്ധേയമായരുന്നു. ഇതോടെ, ഒ.രാജഗോപാലിനെ കൂടാതെ നിയമസഭയിൽ ബിജെപിക്കു വേണ്ടി ശബ്ദിക്കാൻ ഒരാൾ കൂടിയായി.

കേരള ജനപക്ഷം എന്ന സ്വതന്ത്രസംഘടനയുടെ നേതാവായി പ്രവർത്തിക്കുന്ന ജോർജ് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ്എൽഡിഎഫ്-ബിജെപി സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ചാണു പൂഞ്ഞാറിൽ ജയിച്ചത്. കേരള കോൺഗ്രസ് നേതാവായി ഇടതുവലതു മുന്നണികളിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഒടുവിൽ എൻഡിഎയുടെയും ഭാഗമായി.ശബരിമല വിഷയത്തിൽ ബിജെപിയോട് സ്‌നേഹം കൂടുതലാണെന്നാണ് ജോർജ് പറയാറുള്ളത്.

കോൺഗ്രസും സിപിഎമ്മും ചേർന്നു ബിജെപിയെ തോൽപ്പിക്കുന്ന രീതിക്ക് ഇനി കേരളത്തിൽ പ്രസക്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഇന്ത്യ ഭരിക്കുന്ന നരേന്ദ്ര മോദിയുടെ പാർട്ടിയെ അങ്ങനെ അപമാനിച്ചു മാറ്റിനിർത്തേണ്ട കാര്യമില്ല. ബിജെപി കുഴപ്പമാണെന്നു കരുതുന്നില്ല. ഹിന്ദുവർഗീയത വളർത്താൻ ശ്രമിക്കുന്ന പിണറായി വിജയനോളം വർഗീയവാദി വേറെയില്ല. നിയമസഭയിൽ യുഡിഎഫുമായും എൽഡിഎഫുമായും സഹകരിക്കാനൊരുക്കമായിരുന്നുവെങ്കിലും ആരും തയാറായില്ല. അതുകൊണ്ട് ബിജെപിയുമായി യോജിക്കുന്നുവെന്നാണ് ജോർജ് അടുത്തിടെ വ്യക്തമാക്കിയത്. ഏതായാലും പ്രളയത്തിന്റെ കാര്യത്തിൽ ഉള്ളതുതുറന്നുപറയാൻ തയ്യാറായതിലൂടെ ജോർജ് ഭരണപക്ഷത്തിന്റെ കൈയടി നേടിയിരിക്കുകയാണ്. ഒപ്പം തന്റെ പ്രതികരണങ്ങൾ പ്രവചനാതീതമാണെന്നും പൂഞ്ഞാർ എംഎൽഎ തെളിയിച്ചു. പി.സി. ജോർജിന്റെ ജനപക്ഷം ഇടതുപക്ഷവുമായുള്ള പ്രാദേശികമായ ബന്ധം അവസാനിപ്പിച്ചതിനു തൊട്ടുപിന്നാലെയാണ് ബിജെപിയുമായി നിയമസഭയിലും സഹകരിക്കാൻ ധാരണയായത്. നിയമസഭയിൽ ഒ.രാജഗോപാലിനൊപ്പം പ്രത്യേക ബ്ലോക്കായാണ ഇരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP