Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202126Tuesday

പി കെ ബഷീർ 'മുഖ്യമന്ത്രി'; എൻ ഷംസുദ്ദീൻ 'സ്പീക്കർ'; അടിയന്തര പ്രമേയം അവതരിപ്പിച്ച് പി ടി തോമസ്; സത്യസന്ധത തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ക്യാപ്ടനും ദൈവവും ആകാമെന്ന് പി ടി; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ സമാന്തര നിയമസഭ

പി കെ ബഷീർ 'മുഖ്യമന്ത്രി'; എൻ ഷംസുദ്ദീൻ 'സ്പീക്കർ'; അടിയന്തര പ്രമേയം അവതരിപ്പിച്ച് പി ടി തോമസ്; സത്യസന്ധത തെളിയിച്ചാൽ മുഖ്യമന്ത്രിക്ക് ക്യാപ്ടനും ദൈവവും ആകാമെന്ന് പി ടി; നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിന്റെ സമാന്തര നിയമസഭ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഡോളർ കടത്തിയെന്ന സ്വർണക്കടത്ത് കേസിലെ പ്രതികളുടെ മൊഴി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന അടിയന്തരപ്രമേയം സ്പീക്കർ തള്ളിയതിന് എതിരെ പ്രതിപക്ഷ പ്രതിഷേധം. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം, നിയമസഭയ്ക്ക് മുന്നിൽ പ്രതീകാത്മകമായി നിയമസഭ നടത്തി. ബെൽ മുഴക്കിയും സമയനിയന്ത്രണം ഓർമിപ്പിച്ചുമായിരുന്നു പ്രതീകാത്മക അടിയന്തര പ്രമേയ അവതരണം. പി.കെ. ബഷീർ എംഎ‍ൽഎ. ആയിരുന്നു പ്രതീകാത്മക മുഖ്യമന്ത്രി.

എൻ. ഷംസുദ്ദീനാണ് പ്രതീകാത്മക സ്പീക്കർ ആയത്. തുടർന്ന് പി.ടി. തോമസ് അടയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുകയും ചെയ്തു. പി.ജെ. ജോസഫ്, അനൂപ് ജേക്കബ് തുടങ്ങിയവരും ഇതിനു പിന്നാലെ സംസാരിച്ചു. ഇതാദ്യമായാണ് പ്രതിപക്ഷം ഇത്തരത്തിൽ സഭയ്ക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത്. അടിയന്തര പ്രമേയം അവതിപ്പിച്ച പി ടി തോമസ് മുഖ്യമന്ത്രിക്ക് സത്യസന്ധത തെളിയിച്ചാൽ അങ്ങേക്ക് ക്യാപ്ടനും ദൈവവും ആകാം എന്നു പറഞ്ഞു. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതികളുടെ മൊഴികൾ മുഖ്യമന്ത്രിക്ക് എതിരാണെന്നും വിദേശ നാണയ ചട്ടം ലംഘിച്ചെന്നും പി ടി തോമസ് അടിയന്തര പ്രമേയത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നൽകിയ മൊഴി നിയമസഭ ചർച്ച ചെയ്യണമെന്ന് പി.ടി. തോമസ് പ്രതീകാത്മമായി ആവശ്യപ്പെട്ടു. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഡോളർ കടത്തിൽ പങ്കാളിയായെന്ന അതീവ ഗുരുതര സാഹചര്യമാണുള്ളത്. ഡോളർ കടത്ത് കേസിലെ പ്രതികൾ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയെ അസ്ഥിരപ്പെടുത്തുന്ന കേസാണിത്. അതിനാൽ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പി.ടി. തോമസ് ചൂണ്ടിക്കാട്ടി.

പി.ടി. തോമസ് പ്രതീകാത്മകമായി അടിയന്തര പ്രമേയം അവതരിപ്പിക്കുന്നു ഇടത് സർക്കാർ നിരന്തരമായി കേന്ദ്ര ഏജൻസികളുടെ അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഇതിനായി ആദ്യം ബാലാവകാശ കമീഷനെ പറഞ്ഞുവിട്ടു. പിന്നീട് നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി. ഏറ്റവും ഒടുവിൽ കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ അന്വേഷണം വരെ പ്രഖ്യാപിച്ചു. എന്നാൽ, ഹൈക്കോടതി ഈ അന്വേഷണം റദ്ദാക്കുകയായിരുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു.

കസ്റ്റംസ് ആക്ടിലെ 108ാം വകുപ്പ് പ്രകാരമാണ് സ്വപ്നയും സരിത്തും മൊഴി നൽകിയിരിക്കുന്നത്. ഈ ഗൗരവമുള്ള കാര്യമാണ്. നയതന്ത്ര പരിരക്ഷയുള്ള ഒരാളുടെ കൈവശം മുഖ്യമന്ത്രി യു.എ.ഇയിലേക്ക് പാക്കറ്റ് കൊടുത്തു വിട്ടത് എന്തുകൊണ്ടാണ്. വിമാനത്താവളം വഴി ആർക്കു വേണമെങ്കിലും ഇത്തരമൊരു പാക്കറ്റ് കൊണ്ടു പോകാമായിരുന്നു. എന്നിട്ടും നയതന്ത്ര പരിരക്ഷയുള്ളയാളുടെ കൈവശം ഇതുകൊടുത്ത് വിട്ടത് എന്തിനാണെന്ന് സതീശൻ ചോദിച്ചു.

കേസിൽ മുഖ്യമന്ത്രിക്ക് അനുകൂലമായി ശിവശങ്കർ മൊഴി നൽകിയിട്ടുണ്ടെന്നാണ് സിപിഎം വാദം. ശിവശങ്കറും സ്വർണക്കടത്ത് കേസിൽ പ്രതിയാണ്. എന്നാൽ, സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടേയും സരിത്തിൻേറയും മൊഴി വിശ്വാസത്തിലെടുക്കാൻ സംസ്ഥാന സർക്കാർ തയാറാവുന്നില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു. പ്രതിപക്ഷ കക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, മാണി സി. കാപ്പൻ, കെ.കെ. രമ എന്നിവരും സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP