Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'മസാലാ ബോണ്ടിന്റെ വ്യവസ്ഥകൾ മറച്ചുവെക്കുന്നതെന്തിനെന്ന്' ചെന്നിത്തല; കൊള്ളപ്പലിശയാണ് ഈടാക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകൾക്ക് പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം; 'ചുരുങ്ങിയ പലിശ നിരക്കാണെന്ന് പറഞ്ഞിട്ടില്ലെന്നും ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്നും' തോമസ് ഐസക്ക്; മസാല ബോണ്ട് എൽഡിഎഫിന്റെ മരണമണിയെന്ന് ശബരീനാഥൻ; നിയമസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധവുമായി പ്രതിപക്ഷം

'മസാലാ ബോണ്ടിന്റെ വ്യവസ്ഥകൾ മറച്ചുവെക്കുന്നതെന്തിനെന്ന്' ചെന്നിത്തല; കൊള്ളപ്പലിശയാണ് ഈടാക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകൾക്ക് പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം; 'ചുരുങ്ങിയ പലിശ നിരക്കാണെന്ന് പറഞ്ഞിട്ടില്ലെന്നും ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്നും' തോമസ് ഐസക്ക്; മസാല ബോണ്ട് എൽഡിഎഫിന്റെ മരണമണിയെന്ന് ശബരീനാഥൻ; നിയമസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധവുമായി പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മത്സരചൂടിന് ശമിച്ചതിന് പിന്നാലെ ചേർന്ന ആദ്യ നിയമസഭാ സമ്മേളനത്തിൽ മസാലാ ബോണ്ട് ചൂടേറിയ ചർച്ചയായതിന് പിന്നാലെ സർക്കാരിന് നേരെ വിമർശന ശരവുമായി പ്രതിപക്ഷം. മസാലാ ബോണ്ടിന്റെ വ്യവസ്ഥകൾ സർക്കാർ എന്തിനാണ് മറച്ചുവെക്കുന്നതെന്നും കൊള്ളപ്പലിശയാണ് മസാലാ ബോണ്ടിന് ഈടാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഞ്ഞടിച്ചു. എൽഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അപചയമാണ് മസാലാ ബോണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പ്രതിപക്ഷ നേതാവിന്റെ ചോദ്യങ്ങൾക്ക് പ്രതികരണവുമായി ധനമന്ത്രി ഡോ. ടി.എം
തോമസ് ഐസക്ക് രംഗത്തെത്തി.

മസാലാ ബോണ്ടിന് ഏറ്റവും ചുരുങ്ങിയ പലിശ നിരക്കാണെന്ന് പറഞ്ഞിട്ടില്ലെന്നും കമ്പോളത്തിൽ നിന്നും വായ്പയെടുക്കണമെങ്കിൽ സിപിപിക്യുവിന് ലാവ്‌ലിൻ ബോർഡിൽ പ്രതിനിധിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തെങ്കിലും സംശയമുണ്ടെങ്കിൽ പ്രതിപക്ഷ നേതാവിനെ ബോധ്യപ്പെടുത്താമെന്നും ധനമന്ത്രി വ്യക്തമാക്കി.

കമ്മ്യൂണിസത്തിന്റെ മരണമണിയാണ് എൽഡിഎഫ് സർക്കാരിന്റെ മസാല ബോണ്ടെന്ന് കോൺഗ്രസ് നേതാവ് കെ.എസ് ശബരീനാഥൻ എംഎൽഎ അഭിപ്രായപ്പെട്ടു. നിയമസഭയിൽ കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ നടന്ന പ്രത്യേക ചർച്ചയ്ക്കിടെയാണ് അദ്ദേഹം സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ശബരീനാഥന്റെ വാക്കുകൾ: 'ലണ്ടൻ സ്റ്റോക്ക് എകസ്ചേഞ്ചിലെ മസാല ബോണ്ടുകളിൽ ഏറ്റവും കൂടുതൽ പലിശ കേരളത്തിന്റെ കിഫ്ബിയുടെ മസാല ബോണ്ടിനാണ്. അഞ്ച് വർഷം കൊണ്ട് വലിയ പലിശയാണ് കേരളം കൊടുക്കേണ്ടി വരിക.

മസാല ബോണ്ടുകളിൽ കൂടുതലും വാങ്ങിച്ചത് എസ്.എൻ.സി ലാവ്ലിന് നിക്ഷേപമുള്ള സി.ഡി.പി.ക്യു എന്ന കമ്പനിയാണ്. സി.ഡി.പി.ക്യുവിൽ 20 ശതമാനം ഓഹരിയുള്ള കമ്പനിയാണ് ലാവ്ലിൻ. സി.ഡി.പി.ക്യു എത്ര ശതമനം ബോണ്ട് വാങ്ങിയെന്ന് മന്ത്രി വ്യക്തമാക്കണം. മലയാളികളുടെ കണ്ണിൽ പൊടിയിടാനാണ് മുഖ്യമന്ത്രി ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ പോയി മണിയടിച്ചത്. മസാല ബോണ്ടിന്റെ ഭാഗമായുള്ള പദ്ധതികളിലും സുതാര്യതയില്ല.

കിഫ്ബിയുടെ ഭാഗമായുള്ള പദ്ധതികളിലെ കണ്ണൂർ ഇൻഡസ്ട്രിയൽ പാർക്കിന്റെ തുകയായി കാണിച്ചിരിക്കുന്നത് 12240 കോടിയാണ്. ഇത്ര വലിയ തുകയിൽ അസ്വാഭാവികതയുണ്ട്. ഇതും സി.ഡി.പി.ക്യുവിന്റ പ്രൈവറ്റ് ലിസ്റ്റിങും തമ്മിൽ ബന്ധമുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. മസാല ബോണ്ടിന് പിന്നിലുള്ള ദുരൂഹതകൾ നിയമസഭ ചർച്ച ചെയ്യണം. കിഫ്ബി പ്രവർത്തിക്കുന്നത് മൊസാദ് പോലെ. ഒരു രേഖയും കിഫ്ബിയിൽ നിന്ന് ലഭിക്കുന്നില്ല'. 

മസാലാ ബോണ്ട് പദ്ധതിക്കെതിരെ വിമർശനമുയർത്തിയാണ് പ്രതിപക്ഷം രംഗത്തുള്ളത്. കിഫ്ബി പദ്ധതികൾക്ക് ധന സമാഹരണത്തിനായി കേരള സർക്കാർ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്ന വിമർശനം പ്രതിപക്ഷം ആവർത്തിച്ചു. ഇക്കാര്യത്തിൽ നിയമസഭയിൽ പ്രത്യേക ചർച്ചക്ക് തയ്യാറാണെന്നാണ് സർക്കാർ നിലപാട്.മസാല ബോണ്ടിലെ വ്യവസ്ഥകൾ ദുരൂഹമാണെന്നും സംസ്ഥാന സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതക്ക് ഇടയാക്കുമെന്നും അതുകൊണ്ട് വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടത്.

കെഎസ് ശബരീനാഥൻ എംഎൽഎ നൽകിയ നോട്ടീസനുസരിച്ച് സഭയിൽ പ്രത്യേക ചർച്ച ആകാമെന്ന് സർക്കാർ നിലപാടെടുത്തു. ശ്രദ്ധ ക്ഷണിക്കലും സബ്മിഷനും ശേഷം വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം. കിഫ്ബി പദ്ധതികൾക്ക് പണം സമാഹരിക്കുന്നതിന് മസാല ബോണ്ട് ഇറക്കാനുള്ള സർക്കാർ തീരുമാനം തെരഞ്ഞെടുപ്പ് കാലത്ത് അടക്കം വലിയ വിവാദമായിരുന്നു. കക്ഷി നേതാക്കളെല്ലാം ചർച്ചയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയുടെ ലണ്ടൻ യാത്രയും സ്റ്റോക് എക്സചേഞ്ചിൽ മണി മുഴക്കിയതുമെല്ലാം വലിയ വിമർശനത്തിനും പരിഹാസത്തിനും ഇടയാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP